2019, മേയ് 25, ശനിയാഴ്‌ച

ഇടതു വലുതായി ചിന്തിക്കണം

മികച്ച സംഘടന സംവിധാനം കൊണ്ടും ഗ്രാമാന്തരങ്ങളിൽ വരെ ഉള്ള ശക്തമായ സാന്നിധ്യം കൊണ്ടും  വേറിട്ടു നിൽക്കുന്ന പ്രസ്ഥാനമാണ് ഇടത്. ജനാധിപത്യം, സോഷ്യലിസം,  സെക്കുലറിസം തുടങ്ങി പുരോഗമനപരമായ കമ്മ്യൂണിസ്റ്റ്‌ മുദ്രാവാക്യങ്ങൾ ജനശ്രദ്ധ ആകർഷിക്കാൻ പ്രാപ്യമാക്കുന്നു. ഒരു പക്ഷെ വർഗീയ ശക്തികളിൽ നിന്നും നമ്മെ കരം പിടിച്ചു ഉയർത്താൻ ഇന്ന് ഈ ആശയങ്ങൾക്ക് അതിസുപ്രധാനമായ സ്വാധീനമാണ് ഉള്ളത്.

എന്നാൽ 2019 ലോക സഭ ഇലക്ഷൻ പൂർത്തിയാകുമ്പോൾ ഇടതു പക്ഷം പൂർണ്ണമായും തകർന്നടിഞ്ഞിരിക്കുകയാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ഒരു സീറ്റ്‌ പോലും നേടിയില്ല എന്നു മാത്രമല്ല എല്ലാസ്ഥലത്തും കെട്ടിവച്ച പണം വരെ പോകുന്ന അവസ്ഥയിലെത്തി. കേരളത്തിൽ ആകട്ടെ ഒരു സീറ്റിൽ ഒതുങ്ങി. ഉത്തരേന്ത്യയിൽ പ്രതീക്ഷ വച്ച കനയ്യ കുമാർ വലിയ പോരാട്ടം കാഴ്ച വച്ചില്ല. ഇടതു സഹയാത്രികനായ ആപ് പാർട്ടിയും നിഷ്പ്രഭമായി. ആകെ ലഭിച്ച 5 സീറ്റിൽ നാലും തമിഴ് നാട്ടിൽ ആണ്. എന്നാൽ ഈ നാലും ഡിഎംകെ കോൺഗ്രസ്‌ എന്നിവരുടെ പിന്തുണയോടെ ആണെന്നും മാത്രം. 2004 ൽ 59 സീറ്റ്‌ ഉണ്ടായിരുന്ന പാർട്ടി ആയിരുന്നു കമ്മ്യൂണിസ്റ് പാർട്ടി കഴിഞ്ഞ തവണ രണ്ടും.

പശ്ചിമ ബംഗാൾ ആണ് ഇടതു തകർച്ചയുടെ കേസ് സ്റ്റഡി. നീണ്ട 35 വർഷം തുടർച്ചയയായി ഭരണം. പെട്ടന്നായിരുന്നു പരിവർത്തന നായികയായി മമതയുടെ കടന്നു വരവ്. പിന്നീട് ഇടതു അവിടെ അപ്രത്യക്ഷമാവുകയായിരുന്നു. 295 അംഗ അസ്സെംബ്ലിയിൽ വെറും 26 അംഗങ്ങൾ മാത്രമാണ് കമ്മ്യൂണിസ്റ് പാർട്ടിക്ക് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ലോക സഭ (2014) തിരഞ്ഞെടുപ്പിൽ 2 സീറ്റിൽ ഇടതു ഒതുങ്ങിയെങ്കിലും 30 ശതമാനത്തോളം വോട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ വെറും ഏഴു ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. മമത തന്റെ ഉരുക്കു മുഷ്ടി ഉപയോഗിച്ച ഇടതിനെ അടിച്ചു ഒതുക്കുകയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം ഭയന്നാണ്  ഇടത് സഖാക്കൾ ജീവിച്ചത് എന്നു തന്നെ വേണമെങ്കിൽ പറയാം. തിരഞ്ഞെടുപ്പിനു പ്രകടന പത്രിക സമർപ്പിക്കാൻ പോലും അവർക്ക് കഴിയാത്ത രീതിയിൽ വരെ തൃണമൂൽ ശക്തമായി. ഇടതു പാർട്ടി പ്രവർത്തകർക്ക് വോട്ട് ചെയ്യുന്നതിന് വരെ ഭീഷണി നേരിട്ടു. ഒരു ഘട്ടത്തിൽ കേന്ദ്ര സേന ഇവരുടെ സംരക്ഷനത്തിനു ഇറങ്ങി. ഒരു വിധത്തിൽ പറഞ്ഞാൽ ഇടതു ശൈലി തന്നെ ആയിരുന്നു മമത പിന്തുടർന്നത്. ഭീഷണി ആകുമെന്ന് തോന്നുന്നവരെ അടിച്ചു ഒതുക്കുക. എന്തിനു സിബിഐ ഉദ്യോഗസ്ഥരെ വരെ ആണ് തന്റെ പോലീസ് ഉപയോഗിച്ച് മമത അറസ്റ്റു ചെയ്തു. എന്നാൽ മമതയും ഇടതിന്റെ പാതയിൽ തകർച്ച നേരിടുന്നതാണ് ഇപ്പോൾ നാം കാണുന്നത്. ശാരദ ചിട്ടി കേസിൽ ഇനി അങ്ങോട്ട് പോർ മുഖങ്ങൾ തുറക്കാൻ പോകുന്നതേയുള്ളൂ.  എത്ര ജന പിന്തുണ ഉണ്ടായാലും രാഷ്ട്രീയ അക്രമവും ഭീഷണികളും അധികാരത്തിന്റെ അപ്രമാദിത്വവും പാർട്ടികളുടെ അടിവേര് ഇളക്കും എന്നാണ് കാലം നമ്മെ പഠിപ്പിക്കുന്നത്.

എന്നാൽ ബിജെപി ഈ അവസരം മികച്ച രീതിൽ മുതലെടുക്കുകയായിരുന്നു. ഇപ്പോൾ ഇടതു സഖാക്കൾ കൂട്ടമായി ബിജെപി യിലേക്ക് ചേക്കേറുകയാണ് എന്നതാണ് അലോസരപ്പെടുത്തുന്ന കാഴ്ച. ത്രിപുര മൊത്തമായും ബിജെപി പാളയമായി മാറി. മമതയുടെ ഭീഷണിക്ക് ഒരു മറുപടി എന്നോണം അവരെ വീഴ്ത്താനും തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും  ഇടതു പ്രവർത്തകർ തങ്ങളുടെ പാർട്ടി ഓഫിസുകൾ വരെ ബിജെപി ബൂത്തു കേന്ദ്രങ്ങളാക്കി മാറ്റി. മമതയ്ക്ക് ഒരു മധുര പ്രതികാരം ആയിരുന്നു അവർക്കു മുൻപിൽ. ഒരു വശത്ത് മമത ന്യൂനപക്ഷ പ്രീണനം നടപ്പിലാക്കിയപ്പോൾ ദിലീപ് ഘോഷ് എന്ന ബിജെപി നേതാവിന്റെ കീഴിൽ ഭൂരിപക്ഷത്തെ കയ്യിലെടുക്കുകയാണ് ബിജെപി. രാമ ജയന്തിയും നാഷണൽ സിറ്റിസൺ രജിസ്റ്ററും എല്ലാം ചർച്ച ആയി കഴിഞ്ഞു. ടി എം സിയുടെ മുകുൾ റോയിയോടൊപ്പം ഇനി ബിജെപി യിലേക്ക് വരാൻ എത്രയോ പേർ. വെറും രണ്ടു സീറ്റിൽ നിന്ന് 18 സീറ്റിലേക്കുള്ള വളർച്ച. പതിനേഴു ശതമാനം വോട്ട് ഷെയറിൽ നിന്ന് 40 ശതമാനത്തിലേക്കുള്ള അഭൂത പൂർവ്വമായ വളർച്ച. ഈ ലോക സഭ തിരഞ്ഞെടുപ്പ് ബിജെപി യുടെ വരവ് വ്യക്തമാക്കുന്നതായിരുന്നു പശ്ചിമ ബംഗാൾ. ഇടതു വലത്തേക്ക് ചാഞ്ഞതിന്റെ നേർ ചിത്രമാണ് ഇത്.

കേരളം പൊതുവെ ഇടതിനെ കൈവിടാൻ സാധ്യത ഇല്ലെങ്കിലും ഇത്തവണത്തെ പരാജയം പലതും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ബിജെപി അക്കൗണ്ട് തുറന്നില്ലങ്കിലും നല്ല മത്സരമാണ് കാഴ്ച വച്ചത്. പത്തു ശതമാനത്തിൽ നിന്ന് പന്ത്രണ്ട് ശതമാനം വോട്ട് നേടാനായി. ഇടതിന്റെ വോട്ടാണ് മറിഞ്ഞത്. ശബരിമല വിഷയത്തിലൂടെ ഉണ്ടാകുന്ന ബിജെപി മുന്നേറ്റത്തിലൂടെ ന്യൂന പക്ഷത്തെ കൂടെ തങ്ങളോട് അടുപ്പിക്കാം എന്ന രാഷ്ട്രീയ അടവ് നയമാണ് പാളിപ്പോയത്.

ഇടതിന് ഇനി ഒരു ഉണർവ്വ് ഉണ്ടാകണമെങ്കിൽ കേരള ഘടകത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നത് വാസ്തവമാണ്. എന്നാൽ അധികാരത്തിന്റെ മുഷ്ടി ചുരുട്ടി അത് നേടാമെന്ന് ആണെങ്കിൽ വെറും വ്യാമോഹം മാത്രം ആയിരിക്കുമെന്നാണ് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഒരു വശത്ത് ബിജെപി തീവ്ര ഹിന്ദുത്വ വാദികളായ  പ്രഖ്യാ സിംഗ് താക്കൂറിനെയും സാക്ഷി മഹാരാജിനെയും യോഗി ആദിത്യ നാഥിനെയും എല്ലാം പരീക്ഷിച്ചു വിജയിക്കുമ്പോൾ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായ എം എം മാണിയെയും ജയ രാജനെയും പരീക്ഷിക്കുകയാണ് ഇടതു കേരളം. അക്രമ രാഷ്ട്രീയം ഇടതിന്റെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ വരെ പ്രകടമാണ്. എതിർക്കുന്നവരെ തകർത്തെറിയിക എന്ന പ്രത്യയ ശാസ്ത്രം ഇന്നിന്റേതല്ല. കാരണം രാജ്യവും ജനങ്ങളും വളർന്നു. സോഷ്യൽ മീഡിയ സജീവമായി. അമിത യുക്തി ചിന്ത ഉൾക്കൊള്ളാൻ ജനങ്ങൾ പാകം ആയിട്ടുമില്ല. മത വികാരങ്ങളോടുള്ള മൃദു സമീപനമേ ഗുണം ചെയ്യൂ എന്നതും മറക്കരുത്. എന്തുകൊണ്ടും ഇടതിന്റെ ആശയങ്ങൾ ശക്തവും കാലിക പ്രസക്തി ഉള്ളതാണെങ്കിലും അധികാര അപ്രമാധിത്വത്തിന്റെ  പ്രവർത്തന രീതി സുസ്ഥിരമല്ല എന്നതാണ് വസ്തുത. ആശയങ്ങൾക്ക് ഒപ്പം പ്രവർത്തനവും സഞ്ചരിക്കണം എന്നു രത്‌നച്ചുരുക്കം. രാജ്യമെങ്ങും ബിജെപി വെല്ലുവിളി ആകുമ്പോഴും എല്ലാം പാർട്ടികൾക്കും ഇടതു ഒരു അനുഭവ പാഠമാണ്.
(ഡോ. പോൾ വി മാത്യു )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ