2019, ഏപ്രിൽ 20, ശനിയാഴ്‌ച

ചാലക്കുടി ചിന്തിക്കുമ്പോൾ


പൊതുവെ കോൺഗ്രസ്‌ അനുഭാവം പുലർത്തുന്ന മണ്ഡലമാണ് ചാലക്കുടി. സാധാരണ ഗതിയിൽ ശരാശരി 50000 ഭൂരിപക്ഷത്തിൽ എങ്കിലും കോൺഗ്രസ്‌ സ്ഥാനാർത്ഥികൾ ജയം നേടാൻ സാഹചര്യമുണ്ട്. 2014ൽ പി സി ചാക്കോ പരാജയപ്പെട്ടത് കേവലം പതിനായിരത്തിൽ പരം വോട്ടിനാണ്. അന്ന് പാർട്ടി  തന്നെ അയാളെ  കാല് വാരുകയായിരുന്നു. എന്നാൽ വെറും 'കന്നാസ് ' എന്ന നിലയിൽ എത്തിയ ഇന്നസെന്റ് അപ്രതീക്ഷിതമായ വിജയം നേടിയതിനൊപ്പം വളരെ പെട്ടെന്നാണ് ഒരു രാഷ്ട്രീയ നേതാവായി ഭാവ പകർച്ച ആർജിച്ചത്.

 2014ലെ പോലെ കോൺഗ്രസ്‌ വിരുദ്ധ വികാരം ഇന്നില്ല. ബെന്നി ബഹനാൻ ശക്തനായ കോൺഗ്രസ്‌ നേതാവാണ് ഒപ്പം വൻ ജനകീയ അടിത്തറയും ഉണ്ട്. യാക്കോബായ സഭാംഗം എന്ന നിലയിൽ ചാലക്കുടി മണ്ഡലം അദ്ദേഹത്തിനു പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ തവണ പതിനായിരത്തിൽ പരം വോട്ട് നേടിയ വെൽഫെയർ പാർട്ടി ഇത്തവണ കോൺഗ്രസിന് പിന്തുണ നൽകുന്നുണ്ട്.

ഈഴവ വോട്ടുകൾ നിർണ്ണായകമാണ് ചാലക്കുടിയിൽ. ഇത് ഇടതിന് തുണ ആകാനാണ് സാധ്യത. യാക്കോബായ സഭ ബെന്നിയെ അനുകൂലിക്കുന്നെങ്കിലും വിശ്വസികളെ സംബന്ധിച്ചിടത്തോളം പള്ളി കേസുകളിൽ സർക്കാർ എടുത്ത സൗഹൃദ  നിലപാടുകൾ വോട്ടായി മാറാം.  കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി ഇരുപത്തിനായിരത്തിൽ പരം വോട്ടാണ് നേടിയത്. പാർട്ടി ഇപ്പോൾ എൽ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ് വോട്ടുകൾ അന്ന് കോൺഗ്രസ്‌ വേണ്ട എന്ന് ആഗ്രഹിച്ചവരുടെതായിരുന്നു എന്നത് കൂടി കൂട്ടി വായിക്കണം. ശബരിമല വിഷയം കാര്യപ്രസക്തമല്ല എന്ന് തന്നെ പറയാം. കഴിഞ്ഞ തവണ ബി ജെ പി ഒരു ലക്ഷത്തോളം വോട്ടാണ് നേടിയത്.ഇത്തവണ അത് കുറയാൻ തരമില്ല. അത് ഇടതിനും വലതിനും ഒരു പോലെ ബാധകമാകും.

തെരെഞ്ഞെടുപ്പ് എപ്പോഴും അവസാന നിമിഷ ട്വിസ്റ്റുകളെ ആശ്രയിച്ചാണ് എന്ന് വേണമെങ്കിൽ പറയാം. ട്വന്റി ട്വന്റി എന്ന സംഘടന ആ ട്വിസ്റ്റിനു വഴിവെക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. സ്ഥാനാർത്ഥിയുടെ ചിലസമയങ്ങളിലെ ജാഗ്രത ഇല്ലായ്മ അതിനു ഇടയാക്കിയേക്കാം. കാൻസർ രോഗികളെ സഹായിക്കാൻ നടത്തിയ പരിപാടിയ്ക്ക് ഇന്നസെന്റ് പണം വാങ്ങി എന്ന വ്യക്തത ഇല്ലാത്ത ആരോപണത്തിനു പുറമെ ട്വന്റി ട്വന്റി ക്കെതിരെ അന്വചത്യപൂർവ്വം ബെന്നി പടച്ചു വിട്ട വാക്കുകൾ കൂടി ആകുമ്പോൾ ചിത്രം മാറിയേക്കാം. ഇരുപതിനായിരത്തോളം വോട്ടർമാർ (ഒരു പഞ്ചായത്തിലെ ബഹു ഭൂരിപക്ഷം ) വിശ്വസിച്ച ഒരു പ്രസ്ഥാനത്തിനെതിരെയുള്ള വാക്കുകൾ വോട്ടിനു സ്വാധീനിക്കാതെ പോവുകയില്ല എന്ന് വേണം കരുതാൻ. ബെന്നിയെ പരാജയപ്പെടുത്തും എന്ന ഉറച്ച നിലപാടിലാണ് ട്വന്റി ട്വന്റി.

തികച്ചു അപ്രസക്തനായായിരുന്ന ഇന്നസ്ന്റ് 2014ൽ വിജയിച്ചെങ്കിൽ ഇന്ന് അദ്ദേഹം ഒരു രാഷ്‌ടീയ നേതാവാണ് എന്നതാണ് വസ്തുത..

2019, ഏപ്രിൽ 19, വെള്ളിയാഴ്‌ച

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

വിജനമായ വഴികളിലൂടെ യാത്ര ചെയ്യാൻ ഇടവരുന്ന സഞ്ചാരിയിലെ യാത്രികർക്ക് പ്രയോജനം ആകുമെന്ന് കരുതി ഈ ദിവസങ്ങളിൽ മനസ്സിലാക്കിയ ചില അറിവുകൾ പങ്ക് വയ്ക്കട്ടെ. ഒരു പക്ഷെ പലർക്കും ഇത് അറിവുള്ളതായിരിക്കും.

വിജനമായ പാതകൾ കൊള്ളക്കാരുടെ താവളമാകാം.അതുകൊണ്ട് വാഹനം നിർത്താതിരിക്കാൻ വളരെ അധികം ശ്രദ്ധിക്കുക എന്നതാണ് സുപ്രധാനം.  ഇത്തരം പ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നതിനു മുമ്പ്  എവിടെയെങ്കിലും വാഹനം നിർത്തേണ്ടി വരികയാണെങ്കിൽ (പ്രത്യേകിച്ച് ഭക്ഷണം കഴിക്കാൻ) കൊള്ളസംഘങ്ങൾ ടയറിൽ അള്ളു (ചെറിയ മൂർച്ചയുള്ള അല്പം പരന്ന ഇരുമ്പ് കഷണം ) വെക്കാൻ സാധ്യതയുണ്ട്. ഏതാനും ദൂരം കഴിയുമ്പോൾ ടയർ പഞ്ചറാവുകയും നിങ്ങൾ വണ്ടി നിർത്തുമ്പോൾ കൂട്ടമായി ആക്രമിച്ച് കവർച്ച നടത്തുകയും ചെയ്യുക എന്നതാണ് ഗൂഢ ലക്ഷ്യം. അതുകൊണ്ട് തന്നെ എല്ലാ ടയറുകളും സൂക്ഷ്മമായി പരിശോധിക്കുക. ഇനി പഞ്ചറായാൽ തന്നെ വണ്ടി നിറുത്താതെ പോവുക.
മുട്ടകൾ വണ്ടിയുടെ ഗ്ലാസിലേക്ക് എറിയുന്നത് മറ്റൊരു തന്ത്രമാണ്. സ്വാഭാവികമായി നാം വൈപ്പർ ഇടാനാണ് സാധ്യത. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം നമുക്ക് വാഹനം ഓടിക്കാൻ കഴിയാതെ ഗ്ലാസ്‌ മങ്ങുകയും വണ്ടി നിർത്തേണ്ടതായും വരും. അതുകൊണ്ട് വൈപ്പർ ഇടാതിരിക്കുക

2019, ഏപ്രിൽ 15, തിങ്കളാഴ്‌ച

ലിഫ്റ്റ് കൊടുത്തു വെട്ടിലാകരുത്


വഴിയിൽ കാണുന്ന പലർക്കും വണ്ടിയിൽ ലിഫ്റ്റ് കൊടുക്കാൻ മഹാമനസ്കത കാണിക്കാൻ മടിക്കാത്തവരാണ് നമ്മിൽ പലരും. ഏതാനും നാളുകൾക്കു മുംബൈയിൽ ഒരു യുവാവ് പെട്ടന്ന് വന്ന മഴയിൽ നിസ്സഹായരായ ചിലർക്ക് ലിഫ്റ്റ് കൊടുത്തു പെട്ടുപോയ സംഭവം നാം വായിച്ചിരിക്കും. പുറകെ വന്ന പോലീസ് 2000 രൂപ ഫൈൻ ഇട്ടു എന്ന് മാത്രമല്ല ലൈസൻസ് കൂടി കൈപ്പറ്റി. ലൈസൻസ് തിരികെ ലഭിക്കാൻ സ്റ്റേഷനിൽ എത്തിയ യുവാവിന് പിന്നീട് കോടതി  വരാന്ത നിരങ്ങേണ്ട ഗതിയും വന്നു. പ്രൈവറ്റ് വാഹനം കൊമേർഷ്യൽ ആവശ്യത്തിന് ഉപയോഗിച്ചു എന്നായിരുന്നു വകുപ്പ്. 

ഇനി നോക്കാം. ഇന്നു വായിച്ച വാർത്തയാണ്. സ്ഥിരമായി കഞ്ചാവ് കടത്തുന്ന ഒരാൾ ഒന്നരകിലോ കഞ്ചാവുമായി അറിയാതെ കയറിയത് എക്സ്സൈസിസിന്റെ  വാഹനത്തിൽ. രൂക്ഷ ഗന്ധം മണത്ത ഉദ്യോഗസ്ഥർ കയ്യോടെ പൊക്കി. ഇയാൾക്ക് ഇത് സ്ഥിരം പതിവായിരുന്നത്രേ. അറിയില്ലാത്ത ആളുകളുടെ വണ്ടിയിൽ കയറും. പിടിക്കപ്പെട്ടാൽ വണ്ടിയിൽ (ബൈക്കിലുൾപ്പടെ )കഞ്ചാവ് കൊളുത്തിയിട്ട് /ഉപേക്ഷിച്ച് താനറിഞ്ഞില്ല രാമനാരായണ എന്ന് പറഞ്ഞു കടന്നു കളയും. രാത്രിയിൽ ലിഫ്റ്റ് ചോദിച്ചു കൂടെ കൂടി പിന്നീട് കൊള്ളയടിക്കപ്പെട്ട നിരവധി സംഭവങ്ങൾ നാം കേട്ടിട്ടെങ്കിലും ഉണ്ടാകും. വിജനമായ വഴികളിൽ അവശരായി കിടന്നും, വഴിചോദിച്ചും, പെണ്ണിന്റെ വശീകരണ വേഷം കെട്ടിയും, ഗ്ലാസിൽ മുട്ടിയും നമ്മെ ആകർഷിക്കാൻ ചിലർ ശ്രമിച്ചേക്കാം. വണ്ടി നിർത്താതെയും ഗ്ലാസ് ഉയർത്താതെയും ഇരിക്കുന്നതാവും ബുദ്ധി. ഇതിനർത്ഥം എല്ലാം ചതിക്കിഴികളാണ് എന്നല്ല.യാത്രകളിൽ അപരിചിതർക്ക് മുഖം കൊടുക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കുക.

മറ്റൊരു സംഭവം കൂടെ പറയാം. ലിഫ്റ്റ് ചോദിച്ചുക്കുന്ന സ്കൂൾ കുട്ടികളെ നാം വഴിനീളെ കാണാറുണ്ട്. അപ്രകാരം വഴി ചോദിച്ച ഒരു കുട്ടി പാഠം പഠിച്ചതെങ്ങനെയെന്നോ? ഒരിക്കൽ ലിഫ്റ്റ് നൽകിയ വണ്ടിക്കാരൻ നിർത്താതെ പോയി. ചെന്ന് നിന്നതോ പോലീസ് സ്റ്റേഷനിൽ. സ്ഥലത്തെ എസ് ഐ ആയിരുന്നു തരാം. പിന്നീട് രക്ഷിതാക്കളെ വിളിച്ചു ഈ പ്രവണത അവസാനിപ്പിക്കണം എന്ന് താക്കീത് നൽകി കുട്ടിയെ വിട്ടയച്ചു. ഭിക്ഷാടന, അവയവ മാഫിയകൾ വിരിച്ച വലയിൽ നാം അറിയാതെ പോലും പെടാതിരിക്കുക. അപരിചിതരുടെ വാഹങ്ങളിൽ കയറുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഇനി ആർക്കെങ്കിലും ലിഫ്റ്റ് കൊടുക്കുമ്പോഴും അല്ല വഴിയെ പോകുന്ന വണ്ടിയിൽ കൈ കാണിച്ച് ചാടി കയറുമ്പോഴും ഈ എഴുത്തു മറക്കരുത്. 

2019, ഏപ്രിൽ 13, ശനിയാഴ്‌ച

ഞാൻ കണ്ട ബാബു പോൾ സാർ

ഒരു അതികായനായിരുന്നു ഡോ ബാബു പോൾ ഐഎസ്. സമയത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വ്യത്യസ്തമായി അദ്ദേഹം എന്നെ പലപ്പോഴും ചിന്തിപ്പിപ്പിച്ചിട്ടുണ്ട്.  എന്റെ ജീവിതം വഴിതിരിച്ച് വിടാൻ നിർണ്ണായകമായ ഒരു പങ്ക് വഹിച്ച വ്യക്തിയാണ് ബാബു പോൾ സാർ.

2009ൽ ആണ് ഞാൻ ആദ്യമായി സാറിനെ കാണുന്നത്. അന്ന് തിരുവനന്തപുരം പള്ളിയിൽ അദ്ദേഹം മാസത്തിൽ രണ്ടു തവണ എങ്കിലും പ്രസംഗിക്കുമായിരുന്നു. ഓരോ പ്രാവശ്യവും അദ്ദേഹത്തിന്റെ വാക്കുകൾ കാതോർക്കാൻ  കൊതിയോടെ കാത്തിരിക്കും.പിന്നീട് ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകുവാൻ ഇടയായി.

ഒരുപക്ഷെ ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരാളുമായി നേരിൽ സംസാരിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ വളരെ ആശങ്കാകുലനായിരുന്നു. ക്രത്യ സമയത്തിന് മുമ്പേ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. എന്നാൽ വാതിൽ അടച്ചിട്ടിരിക്കുകയാണ്. ബെല്ലടിക്കാമെന്ന് വിചാരിച്ചു മുന്നോട്ട് കാൽ വച്ചപ്പോഴാണ് അത് വായിച്ചത്. "ബെൽ അടിക്കേണ്ടതില്ല. അകത്തിരിക്കുന്നവൻ എല്ലാം അറിയുന്നു. ആഗോള തപനം തടയുക. മരം നടുക". ഞാൻ ആകെ വിയർക്കാൻ തുടങ്ങി.

എന്നാൽ കൃത്യസമയം ആയപ്പോൾ അദ്ദേഹം പേര് പറഞ്ഞു എന്നെ അകത്തു വിളിച്ചു. പഠനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിച്ചു. പിന്നീട് വളരെ നാളുകൾ ആ ആശയവിനിമയം സജീവമായി. ഞാൻ എഴുതുന്നതിലെ ഭാഷ പിശകുകൾ അദ്ദേഹം തിരുത്തി നൽകിയതും ഹിന്ദു ദിനപത്രം നിരന്തരം വായിക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടക്കദിവസങ്ങളിൽ ഞാൻ പലപ്പോഴും ആറു മണിക്കൂർ വരെ പത്രം വായിക്കാൻ സമയം ചെലവഴിച്ചിരുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും അറിയാത്ത വാക്കുകൾ എഴുതി വച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. ഏകദേശം ആറു മാസം ആ പ്രവർത്തി തുടർന്നു. അങ്ങനെ പതിയെ പതിയെ എനിക്ക് മനസിലാക്കാം എന്ന നിലയിൽ എത്തി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, ആ കാലങ്ങളെല്ലാം മറക്കാൻ ആകാത്തതായിരുന്നു എനിക്ക്.

ഞാൻ എന്ന അൽപ പ്രാണിയെ പരിഗണിക്കാൻ ആ മഹാപ്രതിഭ എന്തുകൊണ്ട് മനസ്സ് കാണിച്ചു എന്നത് ഇന്നും ഇനിക്ക് ഊഹിക്കാനാകുന്നില്ല.  എങ്കിലും ബാബു പോൾ സാർ എന്ന ആ വലിയ മനുഷ്യന്റെ പരപ്പും ആഴവും മനസ്സിലാക്കുന്നതിനും  ആശയവിനിമയം നിലനിർത്തുന്നതിനും ആ പ്രായത്തിൽ ഞാൻ പക്വത ആർജിച്ചില്ല എന്ന കുറ്റബോധവും എനിക്ക് ഉണ്ട്‌. വിജ്ഞാനസാഗരമായ ബാബു പോൾ സാർ മറക്കാനാകാത്ത ബഹുമുഖ പ്രതിഭയ്ക്ക് ഹൃദയത്തിൽ നിന്നും ആദരാഞ്ജലികൾ. 

2019, ഏപ്രിൽ 7, ഞായറാഴ്‌ച

ജനാധിപത്യം ഇല്ലാത്ത (ഞാൻ കണ്ട) ദില്ലി

ജനാധിപത്യം ഇല്ലാത്ത ദില്ലി (ഞാൻ കണ്ട ദില്ലി )

ആയുധം ഇല്ലാത്ത വേട്ടക്കാരൻ പോലെയാണ് ദില്ലി സർക്കാർ. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതെ വന്നാൽ വെട്ടിലാവുന്നത് ജനങ്ങൾ തന്നെയാണ് ഒപ്പം ജനങ്ങൾ വിശ്വാസം അർപ്പിച്ച പാർട്ടിയും. അത്തരം ഒരു പണിയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കിട്ടിയത്. 

ബി ജെ പി അധികാരത്തിൽ വരാൻ ഇദ്ദേഹത്തിന്റെ സംഭാവന നിർണ്ണായകമായിരിന്നിട്ടും മോദി ദയ കാണിച്ചില്ല എന്ന് വേണം പറയാൻ. മൃഗീയ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ ഭരണത്തിൽ വന്ന സാഹചര്യത്തിൽ  മുഴുവൻ സന്നാഹങ്ങൾ ഇറക്കിയിട്ടും  ദില്ലിയിൽ നിഷ്പ്രഭമായി പോയ മോദിക്ക്,  പിന്നീട് കോൺഗ്രസ്‌ സഹായത്തോടെയും തുടർന്ന് തനിച്ചും അധികാരത്തിൽ  വന്ന  കെജ്‌രിവാൾ സർക്കാരിന് ഇതിനപ്പുറം ഒരു മധുര പ്രതികാരം ചെയ്യാൻ ഇല്ല. ഒരു വിധത്തിൽ പറഞ്ഞാൽ ദില്ലിയിൽ ആപ്പ് സർക്കാർ ആപ്പിൽ ആയി എന്ന് പറഞ്ഞാലും അത്ഭുതമില്ല. എല്ലാം അറിഞ്ഞു കൊണ്ട് വാഗ്ദാനങ്ങൾ നൽകി എന്നാൽ പലതും നടപ്പാക്കാനാവാതെ നിരന്തര ശീത സമരങ്ങളിലൂടെ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും  കണ്ണിൽ കരടാകേണ്ടി വരുന്ന ദയനീയത.

 ഒരു വശത്ത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കണം മറുവശത്തു പാർട്ടിയെ വളർത്തണം, ഒരു പക്ഷെ നിലനിൽപ്പിന്റെ രാഷ്ട്രീയമാണ് ആപ്പിന് ഡൽഹി. ദില്ലിക്ക് പുറമേ ഏതെങ്കിലും സംസ്ഥാനത്തു ആയിരുന്നു ആപ് പാർട്ടിക്ക് ഭരണം ലഭിച്ചിരുന്നെതെങ്കിൽ കെജ്‌രിവാൾ ഇന്ത്യയുടെ മാന്ത്രിക മനുഷ്യൻ ആകുമായിരുന്നു എന്ന  കാര്യം നിസ്സംശയം പറയാം.

ഫൈറ്റർ എന്ന വിശേഷണം ആയിരിക്കും കെജ്‌രിവാളിന് കൂടുതൽ ചേരുക. അഴിമതിക്കെതിരെ പോരാടിയാണ് കെജ്‌രിവാൾ 2014 ൽ ആദ്യമായി ദില്ലിയിൽ അധികാരത്തിൽ വന്നത്. ദിവസങ്ങൾക്കകം അഴിമതിക്കാരെ തുറങ്കലിൽ അടക്കാൻ നടപടി എടുത്ത അദ്ദേഹത്തിന്  ഒരു ദേശീയ  നേതാവ് എന്ന പരിവേഷം ലഭിച്ചു. എന്നാൽ തുടർന്ന് അങ്ങോട്ട്‌ കേന്ദ്ര സർക്കാർ ദില്ലി ഭരണത്തിന് ആമം വയ്ക്കുന്ന കാഴ്ച ആണ് ജനം കണ്ടത്. അഴിമതി റിപ്പോർട്ട്‌ ചെയ്യാൻ ആരംഭിച്ച ടോൾ ഫ്രീ നമ്പർ വൻ  വിജയം ആയപ്പോൾ ആന്റി കറപ്‌ഷൻ ബ്യൂറോ എന്ന തുറപ്പ് ഗുലാനിൽ കൈവച്ചാണ് മോദി തുടങ്ങിയത്. പിന്നെയങ്ങോട്ട് കെട്ടിയിട്ട് നീന്താൻ വിട്ടവന്റെ അവസ്ഥയായിരുന്ന കെജ്‌രിവാളിന്. 

ഉദ്യോഗസ്ഥരുടെ മേൽ ജനം തിരഞ്ഞെടുത്ത മന്ത്രി സഭയ്ക്കുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റി, പോലീസ് സമൂലമായി കേന്ദ്രം ഏറ്റെടുത്തു, എന്തിനും ഏതിനും എൽ ജിയും കേന്ദ്രവും കനിയേണ്ട ഗതികേടിലായി ദില്ലി സർക്കാർ. ഇത് കെജ്‌രിവാളിനെ കൂടുതൽ രോഷാകുലനാക്കി എന്ന് വേണം പറയാൻ. തുടർന്ന് കാര്യങ്ങൾ എല്ലാ നിലയിലും ആരോഗ്യകരമല്ലാത്ത നിലയിൽ വളർന്നു എന്നതാണ്  ശരി. പരസ്പരം വെല്ലുവിളികൾ,  നിയമപോരാട്ടം,  പട്ടിണി സമരങ്ങൾ തുടങ്ങി കയ്യാങ്കളിയിൽ വരെ കാര്യങ്ങൾ എത്തി. എവിടെയും കെജ്‌രിവാളിന് ജയിക്കാനായില്ല എന്നതാണ് സത്യം. ആപ്പ് ജനപ്രതിനിധികളെ വെട്ടിലാക്കാൻ മോദി നിരവധി റെയ്ഡുകൾ നടത്തിയെങ്കിലും വേണ്ട ഫലം കണ്ടില്ല താനും.

ഇതിനിടയിൽ വിദ്യഭ്യാസം, വെള്ളം, ആരോഗ്യം എന്നീ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ കെജ്‌രിവാളിന് കഴിഞ്ഞു എന്ന് തന്നെ പറയാം. വെള്ളം സൗജന്യമാക്കി, വൈദ്യുതി നിരക്ക് പകുതി ആക്കി, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ മുക്കിലും മൂലയിലും സ്ഥാപിച്ചു,  ടാക്സ് പിരിയ്ക്കൽ ഇരട്ടിച്ചു, എല്ലാത്തിനും അപ്പുറം വിദ്യാഭ്യാസ മേഖലയിൽ വൻ  കുത്തിച്ചി ചാട്ടം നടത്തി, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു, ബഡ്ജറ്റ് അടങ്ങൽ തുക ഇരട്ടി ആക്കി, പാർക്ക് പുനരുദ്ധാരണം,  CCTV സ്ഥാപിക്കൽ തുടങ്ങി നിരവധി ഇടത്തു പറയേണ്ട നേട്ടങ്ങൾ അവകാശപ്പെടാൻ ആപ് സർക്കാരിന് ഉണ്ട്‌. ഒരു പക്ഷെ ലോകത്തിൽ  തന്നെ ഏറ്റവും കൂടുതൽ തുക (ശതമാനം ) വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവക്കുന്നത് ആപ് സർക്കാരായിരിക്കും. അസ്ഥിപഞ്ജരമായിരുന്ന ദില്ലി സ്‌കൂളുകളെ ആകര്ഷകമാക്കി ദില്ലി സർക്കാർ രാജ്യത്തിനു മാതൃകയായി. മൊഹല്ല സഭ മെഗാ പി ടി  ഏ എന്നിങ്ങനെ ജനപങ്കാളിത്തം ഉറപ്പിക്കാനും ആപ് സർക്കാരിനായിട്ടുണ്ട്. 

ദില്ലിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് കെജ്‌രിവാളല്ല. 1952 മുതൽ 1956 വരെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ കീഴിൽ ഭരണം നടന്ന ദില്ലി തുടർന്ന്  കേന്ദ്ര ഭരണ പ്രദേശം എന്ന പദവിയിലേക്ക്‌ മാറുകയും 1966 മുതൽ മുഖ്യമന്ത്രിക്ക് പകരം ഡൽഹി മെട്രാപോലിറ്റൻ കൗണ്സിലിന്റെ ഭരണത്തിലായി. 1993 ൽ നാഷണൽ ക്യാപിറ്റൽ ടെറിറ്റോറി ആയ നാൾ മുതൽ എല്ലാ പാർട്ടികളും ആവശ്യപ്പെടുകയും ഒപ്പം വാഗ്ദാനം ചെയ്യുകയും ചെയ്തുവരുന്ന സംഗതിയാണ് സമ്പൂർണ്ണ സംസ്ഥാന പദവി. എന്നാൽ നാളിതുവരെ ഒരു സർക്കാരിനും അത് നടപ്പിലാക്കാനോ നേടിയെടുക്കാനോ ആയിട്ടില്ല. അവസാനമായി,  ഇത് നടപ്പാക്കാമെന്ന് ഉറപ്പ് നൽകുന്ന ഏതു സർക്കാരിന് ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാം എന്ന നിലയിൽ വരെ എത്തിയിരിക്കുകയാണ് കെജ്‌രിവാൾ. 

എന്തായിരിക്കാം ഇത് സാധ്യമാകാത്തത്? സാധ്യമാകാത്തത് ആണെങ്കിൽ എന്തിനാണ് വിവിധ പാർട്ടികൾ വാഗ്ദാനങ്ങൾ  ചെയ്യുന്നത്? ഇത് തന്നെയാണ് ദില്ലി ജനതയുടെ നിസ്സഹായത. കേവലം 7 അംഗങ്ങൾ മാത്രം ഉള്ള  ഇവരുടെ ശബ്ദത്തെ പാർലമെന്റിൽ പ്രതിനിധീകരിക്കാൻ ആർക്കും ആകുന്നില്ല എന്ന് തന്നെയാണ് ഒരു കാരണം.

രണ്ടു കോടിയോളം ആളുകൾ അധിവസിക്കുന്ന പ്രദേശമാണ് ദില്ലി എൻ സി ടി. രാജ്യത്തിന്റെ മൊത്തം ജിഡിപി യുടെ 4 ശതമാനം വരും. എന്നാൽ ഭരണ നിർവഹണം അതി സങ്കീർണ്ണവുമാണ്. പോലീസ്, സിവിക് ബോഡീസ്, ലോ ആൻഡ് ഓർഡർ, ലാൻഡ്, PWD, ഡ്രൈനസ്, സീവേജ്, വാട്ടർ പൈപ്പ് ലൈൻസ് ഇവയെല്ലാം കേന്ദ്ര സർക്കാരിന്റെ കീഴിൽ വരും (1, 2, 18 സ്റ്റേറ്റ് ലിസ്റ്റ് സെവൻത് ഷെഡ്യൂൾ). ഉദ്യോഗസ്ഥ സമൂഹം മുഴുവൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾക്കു കീഴിലും എൽ ജിയുടെ ഭരണത്തിലുമാണ്. എൽ ജി പൊതുവെ കേന്ദ്ര സർക്കാർ  നയം നടപ്പുലാക്കാൻ ബാധ്യസ്ഥനുമാണ്. ഒരു വിധത്തിൽ സർക്കാരിന് ചെറുവിരൽ അനക്കണമെങ്കിൽ എൽ ജി കനിയണം എന്ന് ചുരുക്കം. 

ഒട്ടു മിക്ക സ്ഥലങ്ങളും കേന്ദ്ര സർക്കാരിന് കീഴിലുള്ള DDA യുടെ അധീനതയിലാണ്. അതുകൊണ്ട് തന്നെയാണ് കെജ്‌രിവാളിന് പുതിയ സ്‌കൂളുകളും ആശുപത്രികളും അധികം സ്ഥാപിക്കാൻ കഴിയാത്തത്. പകരം ഉള്ള സ്ഥലങ്ങൾ വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുനിസിപ്പൽ കോര്പറേഷനുകൾ ഒരു വിധത്തിൽ സ്വയം ഭരണവും കേന്ദ്ര സർക്കാരിന്റെ നിഴലിലുമാണ്. ലോ ആൻഡ് ഓർഡർ കയ്യിലില്ലാതെ ജനങ്ങളുടെയും സ്ത്രീകളുടെയും  സുരക്ഷയ്ക്ക് കാര്യമായി എന്ത് ചെയ്യാൻ കഴിയും? ഭരണ നിർവഹണത്തിന്റെ കുരുക്ക് കൂടുതൽ മുറുകുകയാണ് ചെയ്തത്. .

അപ്പോൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു  സർക്കാരിനോടും ആ ജനതയോടും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വിധേയത്വം എത്ര. മാത്രം ഉണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ജനഹിതം നടപ്പിലാക്കാനും ഇവർക്ക് ആവുകയില്ല. എന്നാൽ  ഈ വിഷമ സാഹചര്യത്തിൽ  നയപരമായി ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വസത്തിൽ എടുക്കുകയും സഹകരണം ഉറപ്പിക്കാനും കെജ്‌രിവാൾ സർക്കാർ  വേണ്ടത്ര വിജയിച്ചില്ല എന്നുകൂടി പറയാം. 

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിന് ഭരണ നിർവഹണം സാധ്യമാക്കുക എന്നത് ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെ അവകാശമാണ്. നികുതി ദായകർ എന്നതിലപ്പുറം തങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം,  സുരക്ഷ, വികസനം എന്നിവ കണക്കിലെടുത്തുകൊണ്ടാണ് രണ്ടു കോടിയോളം വരുന്ന ജനങ്ങൾ തങ്ങളുടെ സംവിദായകാവകാശം രേഖപ്പെടുത്തുന്നത്. അത് നിഷേധിക്കാൻ ആർക്കും ആവില്ല. അതിനാൽ തന്നെ സമ്പൂർണ്ണ സംസ്ഥാന പദവി എന്ന ആവശ്യം നിഷേധിക്കാൻ നിരത്തുന്ന കാരണങ്ങൾക്ക് ന്യായീകരണവും ഇല്ല.

പ്രധാനമായും രണ്ട് കാരണങ്ങളാണ് സമ്പൂർണ്ണ സംസ്ഥാന ആവശ്യത്തിന്  അപവാദം. എന്നാൽ അവയെ മറികടക്കുന്നതാണ് കെജ്‌രിവാളിന്റെ പുതിയ ആവശ്യം. ഒന്നാമതായി രാജ്യത്തിന്റെ തലസ്ഥാനമാണ് ദില്ലി.രാജ്യസുരക്ഷ കണക്കിലെടുത്തു ലോകത്തിലെ ഒട്ടു മിക്ക ഫെഡറൽ രാജ്യതലസ്ഥാനങ്ങളും കേന്ദ്ര ഗവണ്മെന്റുകളുടെ കീഴിലാണ് എന്നതാണ്. എന്നാൽ ഇന്ത്യയുടെ തലസ്ഥാനം ന്യൂ ഡൽഹി ആണ്. അതിൽ ഭൂരിഭാഗവും ന്യൂ ഡൽഹി മുനിസിപ്പൽ കോര്പറേഷൻ (NDMC) ഭാഗമാണ്. ദില്ലി സ്റ്റേറ്റ്ന്റെ കേവലം അഞ്ച് ശതമാനം മാത്രമാണ് NDMC ഏരിയ വരുന്നത്.  മറ്റ്  രാജ്യങ്ങളെപ്പോലെയല്ല,  ഇന്ത്യയുടെ രാജ്യം തലസ്ഥാ പ്രദേശം വലിയ ജനസാന്ദ്രമാണ്. അതുകൊണ്ട് തന്നെ NDMC ഏരിയ വേണ്ട ഡിമാർകേഷൻ നടത്തി കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാം. ഇതിൽ പെടാത്ത ഏതേലും അതീവ  സുരക്ഷ മേഖല ഉണ്ടെങ്കിൽ വത്തിക്കാനോ  ന്യൂയോർക്കോ പോലെ സ്പെഷ്യൽ പോലീസിനെ നിയമിക്കുകയും ആകാം. 

രണ്ടാമതായി ദില്ലിക്ക് വികസനത്തിനു ആവശ്യമായ വരുമാനം ലഭ്യമാവുകയില്ല എന്നാണ്. എന്നാൽ കണക്കുകൾ അനുസരിച്ച് ഇത് തികച്ചും വാസ്തവം വിരുദ്ധം ആണ്. ഏകദേശം അൻപതിനായിരം കോടി രൂപയാണ് ദില്ലി സർക്കാരിന്റെ വരുമാനം, വാർഷിക ബഡ്ജറ്റ് അറുപതിനായിരം  കോടി വരും. ഏകദേശം ഒരു ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതി ഇനത്തിൽ ആയി കേന്ദ്ര സർക്കാരിന് ലഭ്യമാകുന്നുമുണ്ട്,  പതിനഞ്ച് ശതമാനത്തോളം സംഭാവന . ഫിനാൻസ് കമ്മീഷൻ നിർദ്ദേശം പ്രകാരം
ഡൽഹിക്ക് നാലായിരത്തിൽ അധികം കോടി രൂപ കേന്ദ്ര ബഡ്ജറ്റിൽ വകയിരുത്തേണ്ടതാണെങ്കിലും ലഭിക്കുന്നത് ആയിരം കോടിയോളവും. പൂർണ്ണ സംസ്ഥാനം പദവി ലഭിക്കുമ്പോൾ സബ്‌സിഡി ഇനത്തിൽ ലഭിക്കുന്ന ഇളവ് നഷ്ടമാകുമെങ്കിലും പ്രത്യക്ഷ നികുതിയിൽ ഉണ്ടാകുന്ന നേട്ടം കൊണ്ട് സർപ്ലസ് നിലനിർത്താൻ ആകും. അത് ദില്ലിയുടെ വികസനത്തിന്‌ മുതൽക്കൂട്ടാണ്. 

ഇനി ദില്ലിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകാൻ ആകില്ലെങ്കിലും കൂടുതൽ സ്വയംഭരണാവകാശം (ഗ്രെയ്റ്റർ ഓട്ടോണോമി )  നൽകിയേ മതിയാവൂ. ഇത് ജനാധിപതിപത്യത്തിൻറെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.  തീർച്ചയായും കെജ്‌രിവാൾ കഴിവുറ്റ ഭരണാധികാരിയാണ്, അത് നാം വിസ്മരിച്ചു കൂടാ. ഒപ്പം തന്നിൽ  ജനങ്ങൾ അർപ്പിച്ച വിശ്വാസവും നൽകിയ അവസരവും  അദ്ദേഹം നഷ്ടപ്പെടുത്തരുത്.  പ്രായോഗിക സമീപനങ്ങളിലൂടെ ജനഹിതം നടപ്പിലാക്കാനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കേണ്ടത്. ഒരു പക്ഷെ ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്. ഒപ്പം  സമ്പൂർണ്ണ സംസ്ഥാന പദവിയുള്ള പ്രദേശങ്ങളിൽ ഭരണം പിടിച്ചെടുത്തു വികസനത്തിന്റെ മാതൃക ലോകത്തിനു കാണിക്കാനുള്ള ശ്രമവും. 

( ഡോ. പോൾ വി മാത്യു, രാഷ്ട്രീയ നിരീക്ഷകനും, പോളിസി അനലിസ്റ്റുമാണ്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നു )

2019, ഏപ്രിൽ 6, ശനിയാഴ്‌ച

ഇനി നീലക്കുറിഞ്ഞി പൂക്കുമോ?

ഇനി നീലക്കുറിഞ്ഞി പൂക്കുമോ?
ആശങ്കപ്പെടുന്നത് വന്യ ജീവി വകുപ്പ് വിദഗ്ധരാണ്. കുറിഞ്ഞി സാങ്ങ്‌ചുരി പരിധിയിൽ നിന്ന് ഒഴിവാക്കപ്പെടാൻ 1000 ഹെക്ടർ നീലക്കുറിഞ്ഞി പ്രദേശമാണത്രേ അഗ്നിക്കിരയാക്കിയത്. നീലക്കുറിഞ്ഞി വിത്തുകൾ പൂർണ്ണമായും അഗ്നി വിഴുങ്ങിയിരിക്കുന്നു. മൂന്നാർ അടക്കി വാഴുന്നവർ ഇതിനു ഉത്തരം പറയുമോ?

വെള്ളപ്പൊക്കത്തിന് ശേഷം ഭൂഗർഭ ജലം 6 മീറ്ററോളം താഴുന്നു എന്ന വെളുപ്പെടുത്താൽ ആശങ്കാജനകമാണ്.  കുന്നത്ത്നാടിനെ കുന്നില്ലാത്ത നടക്കിയതുപോലെ പ്രകൃതിയെ ചൂഷണം ചെയ്ത് നാം എല്ലാം മനുഷ്യ നിർമ്മിതം  ആക്കുന്നു. നമുക്ക് നാമത് പണിവതു നാകവും നരകവും ഒരുപോലെ...... 

ബി ജെ പിയും കേരളവും

ജാതി രാഷ്‌ടീയത്തിന്റെയും വികസനമുരടിപ്പിന്റെയും പേരിൽ കേരള ജനത എങ്കിലും മറന്ന ബി ജെ പി എന്ന വർഗീയ പാർട്ടിയെ  ശബരിമല  സമരത്തിലൂടെയും തുടർന്ന് നടന്ന അറസ്റ്റ്,  ജയിൽ വാസം,  മുട്ടായി മോഷണക്കേസുകൾ എന്നിങ്ങനെയുള്ള വീണ്ടു വിചാരം കുറഞ്ഞ നടപടികളൂടെ അനാവശ്യ   പ്രശസ്തി നേടിക്കൊടുത്ത്  മുഖ്യധാരയിൽ എത്തിച്ച് വർഗീയത ആളിക്കത്തിക്കാൻ  ഈ സർക്കാരിന് കഴിഞ്ഞോ എന്ന് അറിയാൻ ഇനി കേവലം ദിവസങ്ങൾ.

 നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നാലിടത്ത് എങ്കിലും ബി ജെ  പി നിർണ്ണായക ശക്തി ആയി മാറി കഴിഞ്ഞു. വികസനത്തിനും മാനവികതയ്ക്കും അപ്പുറം ഇന്ത്യക്കാരുടെ വിചാരങ്ങൾ ജാതി ദേശീയതയിൽ ഉറച്ചതാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തിയ ബാബ്‌റി മസ്ജിദും ഗോദ്രയും  പോലെ വീണ്ടും  എൻ ഡി എ സർക്കാർ അധികാരത്തിൽ വരും എന്നാണ് കേൾവി

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

അമിക്കസ് ക്യൂറിയും പ്രളയവും

അമിക്കസ് ക്യൂറിയും  പ്രളയവും

അമിക്കസ്  ക്യൂറി  റിപ്പോർട്ട്‌ അന്തിമവാക്കല്ല  എന്ന് ഓർക്കുമ്പോഴും, പ്രളയം ചിന്തകൾ പ്രസക്തമാണ്. പ്രബുദ്ധരായ ജനതയുടെ ഒത്തൊരുമയുടെ പേരിൽ സർക്കാർ കയ്യടി വാങ്ങിയതിന് പുറമേ ശബരിമല വിഷയത്തിൽ വെള്ളപ്പൊക്കം ഒലിച്ചു പോയി എന്നതാണ് സത്യം.

എന്നിരുന്നാലും സർക്കാർ പ്രതി സ്ഥാനത്തു തന്നെയാണ്. പ്രളയം മനുഷ്യ നിർമ്മിതം ആണെന്ന് ഉറപ്പിക്കുമ്പോൾ അത് മുൻകണ്ട് മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നത്  വാസ്തവമാണ്. ഓരോ സമയം മുഴുവൻ അണക്കെട്ട് തുറന്ന് വിട്ടതു  ഉദ്യോഗസ്ഥ സമൂഹത്തിന്റെ പിഴവാണ്  എന്ന് പറഞ്ഞാൽ എതിര് പറയാൻ ആവില്ല. ഗാഡ്ഗിൽ റിപ്പോർറ്റിനെതിരെ പട  നയിച്ചവരും മൂന്നാറിലെ കയ്യേറ്റത്തിന് കൂട്ട് പിടിച്ചവരും മറക്കരുത് മഴയെക്കാൾ വില്ലനായത് തുടർന്ന് വന്ന മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ആയിരുന്നെന്ന്.

പ്രളയാനന്തര പ്രകടനം ആണ് വിലയിരുത്തേണ്ടത്. സർക്കാർ ഉദ്യോഗസ്ഥരിൽ  നിന്നുള്ള നിർബന്ധ പിരിവ്  വലിയ വിവാദം ആയിരുന്നു. എന്നാൽ ഈ പണം എങ്ങനെ ചിലവഴിച്ചു, അർഹർക്ക്  ലഭ്യമാക്കിയോ, പുനർ നിർമ്മാണം എവിടെ എത്തി
നിൽക്കുന്നു  തുടങ്ങി ദുരന്ത നിവാരണ പ്രോഗ്രസ്സ്  കാർഡ് സർക്കാർ നൽകാൻ ഈ സാഹചര്യത്തിൽ സർക്കാർ ബാദ്ധ്യസ്ഥരാണ്.

അതിവർഷത്തിന് ശേഷം കൊടും ചൂടിലേക്ക് കേരളം വഴുതി വീഴുമ്പോൾ എല്ലാവരും ഒന്ന് ഓർത്താൽ നന്ന്. അധികാരവും പണവും മാത്രം  ലക്ഷ്യമാക്കി മുന്നോട്ട് പോയാൽ ഇവയൊന്നും നാളെ നമുക്ക് തുണയാകില്ല എന്ന്....