2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ഗാഡ്ഗില്‍ മതി

ഗാഡ്ഗില്‍ മതി: കസ്തൂരിരംഗന്‍ പശ്ചിമഘട്ടത്തെ ഇല്ലാതാക്കും
ഡോ. എ. ലത 
Mathrubhumi 25 Mar 2014 
ഭരണത്തിലിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിച്ച അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം ചിന്തിക്കാത്ത, ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പരിപ്രേക്ഷ്യമില്ലാത്ത സര്‍ക്കാറുകളാണ് നാം കാലാകാലങ്ങളായി കണ്ടുവരുന്നത്. 200 വര്‍ഷത്തെ വിനാശ ചരിത്രമുള്ള പശ്ചിമഘട്ടമെന്ന അതീവ ലോലമായ പ്രകൃതിയുടെ അദ്ഭുത പ്രതിഭാസം 2050 ആകുമ്പോഴേക്കും എങ്ങനെയിരിക്കണം (അല്ലെങ്കില്‍ എങ്ങനെയിരിക്കും എന്നെങ്കിലും) എന്ന് ഏതെങ്കിലും ഭരണകര്‍ത്താക്കള്‍ സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ എന്ന് സംശയം. ഉണ്ടെങ്കില്‍ നമുക്ക് പ്രത്യാശയ്ക്കു വകയുണ്ട് എന്നു വേണം കരുതാന്‍. കേരളം അടങ്ങുന്ന ആറു സംസ്ഥാനങ്ങളുടെ ജീവാത്മാവും പരമാത്മാവുമായ ഈ അതിപുരാതന മലനിരകളും അവ കാരണം നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്ന നല്ല കാലാവസ്ഥയും ഒഴുകുന്ന പുഴകളും കൃഷിക്കനുയോജ്യമായ മണ്ണും ഫലഭൂയിഷ്ഠതയും എത്രനാള്‍കൂടി ഇതുപോലെ നിലനില്ക്കണം എന്നു പറയാന്‍ ഇനി സാധിക്കില്ല. കാരണം കാലാവസ്ഥ മാറിത്തുടങ്ങിയിട്ട് കാലങ്ങളായി. പുഴകള്‍ പലതും വേനല്‍ക്കാലങ്ങളില്‍ നീരൊഴുക്ക് കുറഞ്ഞ് മൃതപ്രായരായി ഒഴുകാന്‍ ബുദ്ധിമുട്ടുന്നതു കാണാം. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കാടില്ല. കേരളത്തിന്റെ അഭിമാനമായിരുന്ന മലയോര വാണിജ്യവിളകളായ തേയില, കാപ്പി, ഏലം, കുരുമുളക് എന്നിവ നിലനിര്‍ത്താന്‍ കര്‍ഷകര്‍ പാടുപെടുന്നു. കടക്കെണിയില്‍ മുങ്ങുന്നു. മലയിറങ്ങി മറ്റു ജോലികള്‍ തേടി പോകുന്നു. വയനാട്ടിലെ വയലുകള്‍ റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ ടൂറിസം എന്ന പേരില്‍ നാള്‍ക്കുനാള്‍ നികത്തി വരുന്നു, ചുരുങ്ങി വരുന്നു. ഖനനവും ടൂറിസവും കെട്ടിടങ്ങളും മലമുകള്‍വരെ കാര്‍ന്നുതിന്നുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. പുഴമണല്‍ കുറഞ്ഞതുകൊണ്ട് മണല്‍ വാരലും മലകയറി കൊച്ചു നീര്‍ച്ചാലുകള്‍ വരെയെത്തിക്കഴിഞ്ഞു. ഓരോ മഴക്കാലവും കഴിയുമ്പോള്‍ ഉരുള്‍പൊട്ടി മലകള്‍ ഇറങ്ങിവരുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. അതേസമയം പരിസ്ഥിതിനാശം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന അവലോകനംപോലും നാം ശരിയായ രീതിയില്‍ നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. അവശേഷിക്കുന്ന ആവാസവ്യവസ്ഥകളുടെയും പരിസ്ഥിതിയുടെയും സംരക്ഷണവും പരിരക്ഷണവും കുറച്ചെങ്കിലും മെച്ചപ്പെടുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ വരേണ്ടതുണ്ട് എന്ന് അംഗീകരിക്കാന്‍ ആരും തയ്യാറല്ലതാനും. ഈയൊരു പശ്ചാത്തലത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്ന വികസന വീക്ഷണവും അതിനെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്തിട്ടുള്ള ശിപാര്‍ശ പ്രസക്തമാവുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലവും പ്രസക്തിയും

1987 കാലഘട്ടത്തില്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയെക്കുറിച്ചറിയാത്ത പരിസ്ഥിതി- പൊതുപ്രവര്‍ത്തകര്‍ കേരളത്തില്‍ ഉണ്ടാകാനിടയില്ല. 21 വര്‍ഷത്തിന് ശേഷം 2009 ഫിബ്രവരിയില്‍ അന്നത്തെ നേതൃത്വത്തിലെ ചിലരും ഇളംതലമുറയിലെ കുറച്ചുപേരും ചേര്‍ന്ന് പശ്ചിമഘട്ട സംരക്ഷണത്തിന് വീണ്ടും ഊര്‍ജം പകരേണ്ട സമയമായി എന്ന തിരിച്ചറിവോടെ ഗോവയില്‍ ഒത്തുചേര്‍ന്നു. ഗോവയില്‍ വര്‍ധിച്ചുവരുന്ന ഇരുമ്പയിര്‍ ഖനനവും മഹാരാഷ്ട്രയിലെ രത്‌നഗിരി സിന്ധുദുര്‍ഗ് ജില്ലകളില്‍ വിഭാവനം ചെയ്യുന്ന താപനിലയങ്ങളും ജയ്താപുര്‍ ആണവനിലയവും ഖനനവും കേരള പശ്ചിമഘട്ടത്തില്‍ വര്‍ധിച്ചുവരുന്ന പാറമടകളും അതിരപ്പിള്ളി, ഗുണ്ടിയ ജലവൈദ്യുത പദ്ധതികള്‍ വരുത്തിവെക്കാന്‍ പോകുന്ന പാരിസ്ഥിതികനാശവും പശ്ചിമഘട്ടം അടങ്ങുന്ന എല്ലാ സംസ്ഥാനങ്ങളിലും പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു കയറുന്ന ടൂറിസവും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും മറ്റും നേരിടാന്‍ പുതിയ കൂട്ടായ്മകള്‍ ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മയുടെ പുനരുജ്ജീവനത്തിന് പ്രചോദനം.

നിലവില്‍ പശ്ചിമഘട്ടത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ നടന്നുവരുന്ന വികസന-ഭരണ രീതികളിലും അപാകങ്ങള്‍ ഏറെയുണ്ട്. ആ പ്രദേശത്തിന്റെ ആവാസവ്യവസ്ഥാ പ്രത്യേകതകള്‍, ഭൂപ്രകൃതി, ചെരിവ്, സൂക്ഷ്മ കാലാവസ്ഥ (Micro climate), ജൈവവൈവിധ്യം, ജലസ്രോതസ്സുകള്‍, ചതുപ്പുകള്‍, കാടിന്റെ അവസ്ഥ, മനുഷ്യരും കാടും തമ്മിലുള്ള ബന്ധം എന്നിവയെല്ലാം കണക്കിലെടുത്തിട്ടല്ല മിക്ക വികസനപ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്നത്/വിഭാവനം ചെയ്യപ്പെടുന്നത്. ഒരു പഞ്ചായത്തില്‍ അല്ലെങ്കില്‍ പഞ്ചായത്തിന്റെ മലഞ്ചെരുവില്‍ എത്ര പാറമടകള്‍ ആവാം? കുത്തനെ ചെരിവുള്ള ഭൂപ്രദേശങ്ങളില്‍ എത്രമാത്രം മണ്ണിളക്കി കൃഷി ചെയ്യാം? ഒരു പുഴയില്‍ എത്ര അണക്കെട്ടാകാം? ഇത്തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വികസനരീതിയാണ് നാം പശ്ചിമഘട്ടം പോലുള്ള അതീവലോലമായ മലനിരകളില്‍ വരുത്തിവെക്കുന്നത്. നിയമങ്ങളുടെ അഭാവമല്ല പ്രശ്‌നം എന്നതും എല്ലാവര്‍ക്കും അറിയാം. ഓരോ പശ്ചിമഘട്ട പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും ജനസമൂഹങ്ങളും സ്വന്തം ഇടങ്ങളില്‍ നടത്തിവരുന്ന ഇത്തരം തെറ്റായ ഇടപെടലുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് ഒരു ഭൂപ്രദേശത്തിന്റെ മൊത്തം പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് എങ്ങനെ കാരണമാകുന്നു എന്നു വായിക്കാന്‍ ശ്രമിച്ചാല്‍ എത്തിനില്ക്കുന്ന രണ്ട് ഉത്തരങ്ങളുണ്ട്.

കഴിഞ്ഞ ഇരുന്നൂറ് വര്‍ഷത്തിന്റെ ചരിത്രമുള്ള മനുഷ്യന്റെ തെറ്റായ ഇടപെടലിന്റെ ഫലമായി പശ്ചിമഘട്ടത്തില്‍ മിക്കയിടങ്ങളിലും വികസനത്തിന്റെ വഹനശേഷിയും (Carrying capacity for development) പരിസ്ഥിതിനാശത്തിന്റെ അതിരുകളും (Limits to ecological destruction)നമ്മള്‍ കടന്നുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് ഈയൊരു കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണ നിയമം (ഋി്ശീൃിാലിമേഹ ജൃീലേരശേീി അരേ 1986) 1986 ന്റെ കീഴില്‍ വരുന്ന സെക്ഷന്‍ (3) ഉം, EPA Rules (EPR 1986)ന്റെ കീഴില്‍ വരുന്ന സെക്ഷന്‍ 5(1)- ഉം ഉപയോഗിച്ചുകൊണ്ട് പശ്ചിമഘട്ടത്തിനെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളായി (Ecologically Sensitive Areas)തിരിച്ചുകൊണ്ട്, ഭൂപ്രദേശത്തിനനുയോജ്യമായ മേല്‍സൂചിപ്പിച്ച രണ്ടു പ്രധാന ഘടകങ്ങള്‍ (Carrying capacity and Ecological limits) കണക്കിലെടുത്തുകൊണ്ടുള്ള വികസനപ്രക്രിയ തുടങ്ങിവെക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഉണ്ടായത്. 2010-ല്‍ നീലഗിരിയിലെ കോത്തഗിരിയില്‍ വെച്ചു നടന്ന രണ്ടാമത്തെ പശ്ചിമഘട്ട രക്ഷാകൂട്ടായ്മയില്‍ അന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് ഈയൊരു വസ്തുത ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഉടന്‍തന്നെ പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട പരിസ്ഥിതി പ്രാധാന്യ മേഖലകളെ നിയമപരമായി ഋടഅ ആയി നോട്ടിഫൈ (Notification) ചെയ്യുന്നതിന് വേണ്ടിയുള്ള തുടക്കം കുറിച്ചത്. പ്രൊഫ. മാധവ് ഗാഡ്ഗില്‍ നേതൃത്വം വഹിച്ച 14 അംഗ കമ്മിറ്റിയെയാണ് ഈ ദൗത്യം ഏല്പിച്ചത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍

ഫണ്ടുണ്ടെങ്കില്‍ ഏതു തരത്തിലുള്ള വികസനവും നടപ്പിലാക്കാം എന്നുള്ളതാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന നയം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന വികസന പരിപ്രേക്ഷ്യം തീര്‍ത്തും വ്യത്യസ്തമാണ്. ഫണ്ട് ലഭ്യമാണെങ്കില്‍പ്പോലും ഒരു പഞ്ചായത്തിന്റെയോ പ്രദേശത്തിന്റെയോ വികസനപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്ന പ്രധാന ഘടകം അവിടത്തെ പരിസ്ഥിതി വിലോലതയും പരിസ്ഥിതിനാശത്തിന്റെ അളവും ആ പ്രദേശത്തിന്റെ വികസന വഹനശേഷിയുമായിരിക്കണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെ ഈയൊരു പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ മനസ്സിലാകും, കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിരുദ്ധ ചര്‍ച്ചകള്‍ക്കു പിന്നിലുള്ള ശരിയായ രാഷ്ട്രീയം എന്താണെന്ന്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി ലോല പ്രദേശമാണെങ്കിലും പാരിസ്ഥിതിക ലോലതയുടെ തീവ്രതയ്ക്കനുസൃതമായി ESZ I, II, III എന്നിങ്ങനെ മൂന്നു സോണുകളായി തരംതിരിച്ചിരിക്കുന്നു. നിലവില്‍ സംരക്ഷിതമേഖലകളായ (Protected Area) ദേശീയ ഉദ്യാനങ്ങളും വൈല്‍ഡ് ലൈഫ് സാങ്ച്വറിയും ഉള്‍പ്പെടെ പശ്ചിമഘട്ടത്തിലെ 142 താലൂക്കുകള്‍ ഏതെങ്കിലും ഒരു സോണില്‍ പെടുന്നതായിരിക്കും. എന്നാല്‍ ഓരോ ESAയുടെ അതിരുകളും അവിടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശചെയ്യപ്പെട്ട രീതിയില്‍ നടപ്പിലാക്കേണ്ട വികസന-പരിരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‌കേണ്ടത് ഗ്രാമസഭയും വികേന്ദ്രിത പഞ്ചായത്ത് സംവിധാനത്തിലൂടെയും ആയിരിക്കും. പത്ത് സൂചികകളുടെ (Attributes) അടിസ്ഥാനത്തിലാണ് ഒരു പ്രദേശം ഏറ്റവും പരിസ്ഥിതി വിലോലമായ ESZ കല്‍ പെടുത്തണമോ അത്രയും വേണ്ടാത്ത ESZ II മേഖലയില്‍ പെടുത്തണമോ അതോ മൂന്നാമത്തെ മേഖലയായ (നിയന്ത്രണങ്ങളുടെ അളവ് ഏറ്റവും കുറവുള്ള മേഖല) ESZ IIIയില്‍ പെടുത്തണമോ എന്ന് തീരുമാനിക്കേണ്ടത്. റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ശിപാര്‍ശകള്‍ ഇവയാണ്.

1. പശ്ചിമഘട്ടത്തിന്റെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും ബാധകമായവ - ജനിതക മാറ്റം വരുത്തിയ കൃഷിരീതി പാടില്ല, പ്ലാസ്റ്റിക്കിന്റെ ഉപയോഗം എല്ലായിടങ്ങളില്‍ നിന്നും മൂന്നു വര്‍ഷത്തിനകം ഘട്ടംഘട്ടമായി നിരോധിക്കണം; പുതിയ ഹില്‍സ്റ്റേഷനുകള്‍ അനുവദിക്കരുത്; പൊതുഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി മാറ്റാന്‍ അനുവദിക്കുന്നതല്ല (ഈ ശിപാര്‍ശയാണ് പട്ടയ വിതരണത്തിന് തടസ്സമാകും എന്ന വിമര്‍ശം ഉയര്‍ത്തിയിരിക്കുന്നത്); കെട്ടിടങ്ങള്‍ക്ക് ഹരിത ബില്‍ഡിങ് കോഡുകള്‍ ഉണ്ടാകണം (സിമന്റ്, കമ്പി എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ട്). ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ പാടില്ല; ഗ്രാമപഞ്ചായത്ത് തലത്തില്‍ ജലവിഭവ പരിപാലന പ്ലാനുകള്‍ തയ്യാറാക്കണം. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളുടെ പുനരുദ്ധാരണം, പുഴകളിലെ നീരൊഴുക്ക് മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുക, ജലസംരക്ഷണം ജനകീയ അവബോധത്തോടെ നടപ്പിലാക്കുക.

2. ഭൂവിനിയോഗം - ഋടദ സോണ്‍ കല്‍ കാട് മറ്റാവശ്യങ്ങള്‍ക്കായി (കൃഷിയുള്‍പ്പെടെ) മാറ്റരുത്. എന്നാല്‍ തദ്ദേശീയ ജനസംഖ്യാവര്‍ധനയുടെ അടിസ്ഥാനത്തില്‍ ഭൂമി നീക്കിയിരിപ്പ് നടത്താവുന്നതാണ്.

3. റോഡുകളും മറ്റു നിര്‍മിതികളും പരിസ്ഥിതി ആഘാത പഠനത്തിന് വിധേയമായ ശേഷം മാത്രം നടപ്പിലാക്കുക (ESZ I, I-I)

4. ESZ സോണ്‍ I, II മേഖലകളില്‍ മാരകമായ വിഷവസ്തുക്കള്‍ ഉണ്ടാകാനിടയുള്ള വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പാടില്ല.

5. കൃഷി: അഞ്ചുവര്‍ഷത്തിനുള്ള രാസകൃഷി ഘട്ടംഘട്ടമായി ഇല്ലാതാക്കണം. അതേസമയം രാസവളങ്ങളുടെ ഉപയോഗം ഇല്ലാതാക്കാന്‍ 'positive incentives' കര്‍ഷകര്‍ക്കു നല്‌കേണ്ടതാണ്.

6. വനാവകാശനിയമം കര്‍ശനമായി നടപ്പിലാക്കണം.

7. രാസവസ്തുക്കളോ ഡൈനാമിറ്റുകളോ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല.

8. വനപരിപാലനം: യൂക്കാലിപ്റ്റസ് പോലുള്ള ഏകവിള തോട്ടങ്ങള്‍ കാട്ടില്‍ ഇനി അനുവദിക്കുന്നതല്ല (എല്ലാ സോണുകളിലും ബാധകമാണ്).

9. കാട്ടില്‍നിന്ന് മരുന്നുചെടികള്‍ ശക്തമായ നിയന്ത്രണങ്ങളോടെ മാത്രമേ എടുക്കാന്‍ അനുവാദമുള്ളൂ.

10. വന്‍കിട ഖനനം(Mining): സോണ്‍ ക, കക എന്നിവയില്‍ പുതിയ മൈനിങ് ലൈസന്‍സ് അനുവദിക്കുന്നതല്ല. നിലവില്‍ ഖനനം നടക്കുന്നയിടങ്ങളില്‍ 5 വര്‍ഷങ്ങള്‍ക്കകം നിര്‍ത്തലാക്കണം. അനധികൃത ഖനനം ഉടനടി നിര്‍ത്തലാക്കണം.

11. ചെറുകിട ഖനനവും (Quarrying) മണല്‍ വാരലും: സോണ്‍ കല്‍ പുതിയ ലൈസന്‍സ് അനുവദിക്കുന്നതല്ല. നിലവില്‍ ഉള്ള ഇടങ്ങളില്‍ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങള്‍ക്ക് വിധേയമാക്കി നിയന്ത്രിക്കുക.

12. ഊര്‍ജം: വികേന്ദ്രീകൃത ഊര്‍ജസ്രോതസ്സുകള്‍ പ്രോത്സാഹിപ്പിക്കുക, ആഡംബരത്തിനായുള്ള (Luxury demands) ഊര്‍ജ ഉപയോഗം കുറച്ചുകൊണ്ട് ഊര്‍ജ ഉത്പാദനത്തിന്റെ പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുക.

13. സോണ്‍ I, II എന്നിവയില്‍ വലിയ അണക്കെട്ടുകള്‍ അനുവദനീയമല്ല. 3 മീറ്ററിനു മുകളിലുള്ള 'Run of the River' പദ്ധതികള്‍ (എന്നുവെച്ചാല്‍ ജലസംഭരണം വേണ്ടാത്തവ) പരിസ്ഥിതി-സാമൂഹിക ആഘാതം പഠനങ്ങള്‍ക്കും അനുമതിക്കും വിധേയമായും ഗ്രാമസഭയുടെ അനുമതിയോടുകൂടിയും മാത്രം അനുവദിക്കാം.

14. സോണ്‍ I, IIല്‍ പുതിയ താപനിലയങ്ങള്‍, വലിയ കാറ്റാടി പദ്ധതികള്‍ എന്നിവ അനുവദനീയമല്ല.
ഇങ്ങനെ ഓരോ മേഖലയ്ക്കും അനുയോജ്യമായതും അനുവദനീയമല്ലാത്തതും ആയ പ്രവൃത്തികളാണ് ശിപാര്‍ശകളില്‍ പ്രതിപാദിക്കുന്നത്.

കസ്തൂരിരംഗന്‍ കമ്മിറ്റി ശിപാര്‍ശകള്‍

പശ്ചിമഘട്ടത്തില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള റിസര്‍വ് ഫോറസ്റ്റ്, ദേശീയ ഉദ്യാനങ്ങള്‍, വന്യജീവി സാങ്ച്വറീസ് എന്നിവയ്ക്ക് പുറമെ മനുഷ്യസമൂഹങ്ങള്‍ ജീവിക്കുന്ന ഒരുപാട് മേഖലകളുണ്ട്. വയനാടും ഇടുക്കിയുംപോലെ കാടും നാടും ഒരുമിച്ച് കാണുന്ന പ്രദേശങ്ങള്‍ ഉണ്ട്. ഇത്തരം പ്രദേശങ്ങളില്‍ നടക്കുന്ന അനിയന്ത്രിത പ്രകൃതിധ്വംസനത്തിനെ നിയന്ത്രിക്കാനും ഈ പ്രദേശങ്ങളുടെ പരിരക്ഷണം ഉറപ്പുവരുത്താനും പുനരുജ്ജീവനം നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുമാണ് ഗാഡ്ഗില്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. കസ്തൂരിരംഗന്‍ കമ്മിറ്റിയോട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടത്, പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടിനെ സമഗ്രമായി വിലയിരുത്തിയശേഷം കേന്ദ്രസര്‍ക്കാറിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ഇതില്‍നിന്നും ഒരു ആക്ഷന്‍ പ്ലാന്‍ (Implementable Action Plan) തയ്യാറാക്കാനുമാണ്. എന്നാല്‍ അവര്‍ക്ക് നല്കിയ ടേംസ് ഓഫ് റഫറന്‍സില്‍നിന്ന് പൂര്‍ണമായും വ്യതിചലിച്ചുകൊണ്ട് തീര്‍ത്തും പുതിയ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ചെയ്തത്. മാത്രമല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത മുഴുവന്‍ ഇല്ലാതാക്കുകയും ചെയ്തു.

ഘട്ടം ഘട്ടമായി മൂന്ന് തലത്തിലുള്ള നിയന്ത്രണ-പുനരുദ്ധാരണ ശിപാര്‍ശകള്‍ വഴി മൊത്തം പശ്ചിമഘട്ടത്തിനെ സംരക്ഷണ-പരിരക്ഷണ വലയത്തില്‍ കൊണ്ടുവരുന്ന ഒരു മാര്‍ഗരേഖയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. കസ്തൂരിരംഗന്‍ കമ്മിറ്റിയാകട്ടെ മൊത്തം പശ്ചിമഘട്ട പ്രദേശത്തെ (1,60,000 ച.കി.മീയില്‍ പരം വിസ്തൃതിയുള്ള പ്രദേശം) പരിസ്ഥിതിലോലമായ ഭൂപ്രദേശങ്ങളായും (Natural Landscape) സാംസ്‌കാരിക ഭൂപ്രദേശങ്ങളായും (Cultural Landscape) വേര്‍തിരിച്ചിരിക്കുകയാണ്. ഇതുവഴി പശ്ചിമഘട്ടത്തിന്റെ വെറും 37 ശതമാനം വിസ്തൃതി മാത്രമാണ് പാരിസ്ഥിതികലോല ഭൂപ്രദേശമായി കണക്കാക്കപ്പെടുന്നത്. ഇതില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിക്ക് പുറമെ എത്രമാത്രം മനുഷ്യവാസപ്രദേശങ്ങള്‍ പരിസ്ഥിതിലോല പ്രദേശത്തിനകത്ത് ഉള്‍പ്പെടും എന്ന് വിശദമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. വളരെ കുറച്ച് പ്രദേശം മാത്രമേ മനുഷ്യവാസമായിട്ടുള്ളൂവെങ്കില്‍, ഗാഡ്ഗില്‍ മുന്നോട്ടുവെച്ച സമഗ്ര സംരക്ഷണ-പരിരക്ഷണ മാതൃകയില്‍നിന്നുമുള്ള കാര്യമായ വ്യതിചലനമാണ്. മാത്രമല്ല, ബാക്കിയുള്ള സാംസ്‌കാരിക ഭൂപ്രദേശത്ത് (63%) യാതൊരു നിയന്ത്രണങ്ങളും കസ്തൂരിരംഗന്‍ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടില്ല.
കസ്തൂരിരംഗന്‍ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുള്ള ശിപാര്‍ശകളില്‍ മുഖ്യമായവ ഇവയാണ്. (പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്കു മാത്രം ബാധകമായവ):

1. പരിസ്ഥിതിക്ക് ഏറ്റവും ദോഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ.

2. ഖനനം, പാറ പൊട്ടിക്കല്‍, മണല്‍വാരല്‍ എന്നീ പ്രവൃത്തികള്‍ പരിസ്ഥിതിലോല പ്രദേശത്ത് പൂര്‍ണമായി നിരോധിക്കപ്പെടും. നിലവിലുള്ള ഖനനം നടക്കുന്ന പ്രദേശങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍/ഖനനത്തിന്റെ പാട്ടക്കാലാവധി തീരുമ്പോള്‍ ഇല്ലാതാക്കണം.

3. താപനിലയങ്ങള്‍ അനുവദിക്കുന്നതല്ല.

4. ജലവൈദ്യുത പദ്ധതികള്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി നടപ്പിലാക്കാം.

5. കാറ്റില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി പദ്ധതികള്‍ പരിസ്ഥിതി നിയമത്തിന്റെ (EIA Notification 2006) പരിധിയില്‍ കൊണ്ടുവരണം.

6. 'Red Category' യില്‍പ്പെട്ട വ്യവസായങ്ങള്‍ അനുവദിക്കില്ല.

7. 20,000 ച.മീ. (2,15,000 ച. അടി) വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ ആവാം!?

8. മറ്റെല്ലാ വികസന/അടിസ്ഥാന സൗകര്യം ഉതകുന്ന പദ്ധതികള്‍ പരിസ്ഥിതി നിയമത്തിന്റെ 'കാറ്റഗറി എ'യില്‍പ്പെടുത്തി പരിസ്ഥിതി അനുമതിക്കായി പോകേണ്ടതുണ്ട്.

9. പരിസ്ഥിതിലോല പ്രദേശങ്ങളുടെ 10 കി.മീ. ചുറ്റളവില്‍ വരുന്ന വികസന പദ്ധതികള്‍ പരിസ്ഥിതി അനുമതി പ്രക്രിയയ്ക്ക് വിധേയമാകണം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ച ഗ്രാമസഭകളെ ഉള്‍പ്പെടുത്തി പാരിസ്ഥിതിക ലോല മേഖലകളുടെ അതിര്‍ത്തികളും നിയന്ത്രണ-പരിരക്ഷണവും ഉറപ്പാക്കുന്ന പ്രക്രിയ കസ്തൂരിരംഗന്‍ കമ്മിറ്റി അട്ടിമറിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനോട് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ 128 വില്ലേജുകള്‍ ഉള്‍പ്പെടെ 4156 വില്ലേജുകള്‍ ഉടനടിഋടഅ ആക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള വകുപ്പ് സംവിധാനത്തിന്റെ പിന്‍ബലത്തോടെ ESA മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഭരണസംവിധാനമാണ് കസ്തൂരി രംഗന്‍ കമ്മിറ്റി നിര്‍ദേശിക്കുന്നത്. നിലവില്‍ കേരളത്തിലെ പല വികസന വകുപ്പുകളും പരസ്​പരബന്ധമില്ലാതെ യാതൊരു കോ-ഓര്‍ഡിനേഷനും ഇല്ലാതെയാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. ഉദാഹരണത്തിന് പശ്ചിമഘട്ടമെന്നാല്‍ പുഴകളുടെ വൃഷ്ടിപ്രദേശംകൂടിയാണ്. കാട് മുതല്‍ കടല്‍വരെയുള്ള പുഴയുടെ ഒഴുക്കും ഒഴുകേണ്ടതിന്റെ ആവശ്യവും അതില്‍ പല ആവാസവ്യവസ്ഥകളുടെ കണ്ണിചേര്‍ക്കലും (കാട്, പുഴയോര കാടുകള്‍, ചതുപ്പുകള്‍, തണ്ണീര്‍ത്തടങ്ങള്‍ പോലുള്ളവ) മറ്റും മനസ്സിലാക്കാതെ പുഴയെ പല വകുപ്പുകളും വീതിച്ചെടുത്ത് നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. ഇത്തരത്തിലുള്ള ഭരണസംവിധാനത്തില്‍ കാതലായ മാറ്റം വരാത്തയിടത്തോളം കാലം പശ്ചിമഘട്ടത്തിന്റെ പരിരക്ഷണത്തിന് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ഉപരിപ്ലവമായ ശുപാര്‍ശകള്‍കൊണ്ട് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ഉള്ളതുംകൂടി

ഇല്ലാതാക്കാനുള്ള ശ്രമമെന്തിന്?

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പ്രധാന വിമര്‍ശനം അത് കര്‍ഷകവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ മുഴുവന്‍ നിലവില്‍ വന്നാല്‍ കര്‍ഷകന്‍ മലയിറങ്ങേണ്ടിവരുമെന്നുമാണ്. ഇത് തീര്‍ത്തും തെറ്റായ നിഗമനമാണ്. മാറുന്ന കാലാവസ്ഥയും മണ്ണൊലിപ്പും മലയിടിച്ചിലും മറ്റും സൂചിപ്പിക്കുന്നത് കാലാകാലങ്ങളായി പശ്ചിമഘട്ട മലയോരമേഖലയില്‍ നടത്തിവരുന്ന തെറ്റായ ഭൂവിനിയോഗത്തിന്റെയും വനനശീകരണത്തിന്റെയും അനിയന്ത്രിതമായ കെട്ടിടം-റോഡുപണി-ടൂറിസം എന്നിവയുടെയും ബാക്കിപത്രമാണ്. കാര്‍ഷിക അഭിവൃദ്ധിയുടെ നട്ടെല്ല് ആരോഗ്യമുള്ള പരിസ്ഥിതി നല്കുന്ന സംരക്ഷണമാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പരിസ്ഥിതി പുനരുദ്ധാരണംവഴി കാര്‍ഷികാടിത്തറ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളാണ് ഗാഡ്ഗില്‍ കമ്മിറ്റിയില്‍ അടങ്ങിയിട്ടുള്ളത്. ഉദാഹരണത്തിന്,

1. ഗ്രാമപഞ്ചായത്തുതല ജലവിഭവപരിപാലന പ്ലാനുകള്‍ നടപ്പിലാക്കണം. മലയോര മേഖലയിലെ ഗ്രാമപഞ്ചായത്തുകള്‍പോലും വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന അവസ്ഥയാണ് കേരളത്തില്‍. മലയോരകൃഷിയായ കാപ്പി, ഏലം, തേയില എന്നിവയ്ക്ക് വേനല്‍ക്കാലത്ത് ജലസേചനം ആവശ്യമാണ്. ജല ലഭ്യതയിലും വിഭവപരിപാലനത്തിലും സ്വയംപര്യാപ്തത വരുത്തുകവഴി കൃഷിക്കും കുടിവെള്ളത്തിനുമുള്ള ജലലഭ്യത വര്‍ധിപ്പിക്കാം. നീര്‍മറിത്തട (Watershed) സംരക്ഷണവും പുനരുജ്ജീവനവും മാത്രമാണ് ഏക മാര്‍ഗം.

2. വൃഷ്ടിപ്രദേശങ്ങളുടെ പുനരുജ്ജീവനം നടപ്പിലാക്കുക (Catchment area Treatment Plan) കേരളത്തിലെ എല്ലാ ജലവൈദ്യുത പദ്ധതികളും സ്ഥിതിചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്. അവയുടെ വൃഷ്ടിപ്രദേശങ്ങള്‍ പലതും ജനവാസകേന്ദ്രങ്ങളാണ്. വ്യാപകമായി കൃഷിയും ചെയ്തുവരുന്നു. ഇത്തരം മേഖലകളില്‍ മണ്ണ്, ജല, ജൈവസമ്പത്ത് സംരക്ഷണം ഉറപ്പാക്കുന്ന പരിസ്ഥിതി പുനരുദ്ധാരണം വഴി അവിടെ ജീവിക്കുന്ന കര്‍ഷകര്‍ക്കും മറ്റു ജനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കും.

3. ഘട്ടംഘട്ടമായി രാസവള-കീടനാശിനി ഉപയോഗിച്ചുകൊണ്ടുള്ള കൃഷി ഇല്ലാതാക്കി, ജൈവകൃഷിയിലേക്ക് ചുവടുവെക്കുക. ഈ ശിപാര്‍ശ ഏതു കര്‍ഷകനാണ് അഭികാമ്യമല്ലാത്തത്? മാത്രമല്ല കൃഷിയില്‍നിന്ന് പിന്തിരിയുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്താനും ശിപാര്‍ശയുണ്ട്.

4. പരമ്പരാഗത വിത്തിനങ്ങളും കന്നുകാലിയിനങ്ങളും നിലനിര്‍ത്തുന്ന കൃഷിക്കാര്‍ക്ക് അവര്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ചെയ്യുന്ന മഹത്തായ സംഭാവന പരിഗണിച്ച് കിരലിശേ്‌ല ുമ്യാലി േനല്കാന്‍ ശിപാര്‍ശയുണ്ട്.

5. റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തില്‍ (പേജ് 36) മലയോര മേഖലകളില്‍ ജീവിക്കുന്ന തോട്ടം ഉടമകളും (Planters) ഗ്രാമപഞ്ചായത്തുകളും വനംവകുപ്പും കൂടിച്ചേര്‍ന്ന് തോട്ടങ്ങളുടെ ഇടയിലും ചുറ്റുമായി നിലകൊള്ളുന്ന തുടര്‍ച്ച നഷ്ടപ്പെട്ട കാടിന്റെ പുനരുദ്ധാരണം വഴി (Eco-restoration of forest fragments) നീര്‍ച്ചാലുകളും സൂക്ഷ്മകാലാവസ്ഥയും മെച്ചപ്പെടുത്താം. ജലലഭ്യതയും ജൈവസമ്പത്തിന്റെ ആവരണവും സമ്പുഷ്ടമാക്കാം എന്ന നിര്‍ദേശവുമുണ്ട്.

6. പാരിസ്ഥിതികമായ മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പശ്ചിമഘട്ടത്തിലെ എല്ലാ മേഖലകളിലും ഏറ്റെടുക്കണം (റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം സെക്ഷന്‍ 2.2).

7. സംരക്ഷിത മേഖലകള്‍ക്ക് (സാങ്ച്വറികള്‍, ദേശീയോദ്യാനങ്ങള്‍ മുതലായവ) പുറത്തു നിലകൊള്ളുന്ന പുല്‍മേടുകളും മേച്ചില്‍പ്പുറങ്ങളും കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാന്‍വേണ്ടി പുനരുജ്ജീവിപ്പിക്കുക. തേയില, കാപ്പി തോട്ടങ്ങളിലും ഇതുപോലെ ഉപയോഗിക്കാതെകിടക്കുന്ന തരിശുഭൂമിയില്‍ മേച്ചില്‍പ്പുറങ്ങളുണ്ടാക്കുകയും വിറകിനായുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യാം. ഇതുവഴി വിറകിനും കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാനും മറ്റും കാട്ടിലേക്ക് തോട്ടംതൊഴിലാളികളും നാട്ടുകാരും കയറുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കും.

ഇത്തരത്തില്‍ മലയോര കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്ന, അവരുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്ന ഒരുപാട് ശിപാര്‍ശകള്‍ അടങ്ങിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമെന്ന് മുദ്രകുത്തിയതെങ്ങനെ?

ഇനിയെങ്ങോട്ട്?

ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അപ്പാടെ തള്ളിക്കൊണ്ടും കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അതുപോലെ തത്ത്വത്തില്‍ അംഗീകരിച്ചുകൊണ്ടും തീരുമാനമുണ്ടായി.

പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടിയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ശിപാര്‍ശകള്‍ എന്ന് നാം ആരും തെറ്റിദ്ധരിക്കണ്ട. പശ്ചിമഘട്ടത്തിലെ സര്‍ക്കാറുകളെ പ്രീതിപ്പെടുത്താനുള്ള ഒരു ഫോര്‍മുല മാത്രമാണിത്. കാരണം വ്യക്തമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഛളളശരല ാലാീൃമിറൗാത്തില്‍ പറയുന്നു, 'ESAയുടെ അതിരുകളും നിയന്ത്രണചട്ടങ്ങളും സംസ്ഥാന സര്‍ക്കാറുകള്‍ അടക്കം എല്ലാ ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ ലഭിച്ചശേഷം Fine tuning-ന് വിധേയമാക്കുന്നതാണ്' (Section 3). എന്നുവെച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള 37 ശതമാനം ഏരിയകൂടി വെട്ടിച്ചുരുക്കുകയും ഉപരിപ്ലവമായ നിയന്ത്രണങ്ങള്‍കൂടി എടുത്തുകളയാന്‍ ആവശ്യപ്പെടുമെന്നും കൂട്ടിവായിക്കാം.
നമ്മള്‍ ആരെയാണ് കബളിപ്പിക്കുന്നത്? കുടിവെള്ളമില്ലാത്ത, ഒഴുകുന്ന പുഴയില്ലാത്ത, കാടിന്റെ ശാന്തതയും കുളിര്‍മയുമില്ലാത്ത, മാലിന്യക്കൂമ്പാരമായ, കൃഷിയുടെ പാരിസ്ഥിതിക അടിത്തറയില്ലാത്ത ഒരു കേരളം സങ്കല്പിക്കാനാകുമോ? ഒളിച്ചുകളികള്‍ നിര്‍ത്താന്‍ സമയമായി.

നദീജല കൈമാറ്റങ്ങള്‍


ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നു:
നദീജല കൈമാറ്റങ്ങള്‍ അനുവദിക്കുന്നതല്ല എന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആണയിട്ട് പറയുന്നു.

കസ്തൂരിരംഗന്‍ കമ്മിറ്റി പറയുന്നു:
നദീജല കൈമാറ്റം ആവാമെന്ന നിലപാടാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിലപാട്. വസ്തുതകളില്‍ വന്നിട്ടുള്ള വൈരുധ്യം കൂട്ടിവായിക്കേണ്ടതുണ്ട്. മറ്റൊരിടത്ത് പുഴകളിലെ പാരിസ്ഥിതിക നീരൊഴുക്ക് അപഗ്രഥിക്കണം (Ecological flow Assesment) എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അന്തര്‍സംസ്ഥാന നദീജല കൈമാറ്റത്തിന് വിധേയമായ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം ആറ്, ശിരുവാണി ആറ് എന്നീ നദികള്‍ അണക്കെട്ടുകള്‍ക്കു താഴെ ഉണങ്ങിക്കിടക്കുന്ന വസ്തുത കമ്മിറ്റി വിസ്മരിച്ചതായി കാണാം! പമ്പ-അച്ചന്‍കോവില്‍- വെപ്പാര്‍ നദീജല കൈമാറ്റം എന്ന മോഹം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് കേരളം ഓര്‍ക്കാത്തതെന്താണ്?
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കാള്‍ മെച്ചം എന്ന് പ്രസ്താവിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ അവസരം നഷ്ടമാകുകകൂടിയാണ് ചെയ്യുന്നത്. അണക്കെട്ടുകളുടെ ഡീകമ്മീഷനിങ്ങിനെ (Dam Decommissioning) എതിര്‍ത്തപ്പോള്‍ മുല്ലപ്പെരിയാറിന് അനുകൂലമായി അത് ഉപയോഗിക്കാനുള്ള അവസരം കൂടി നാം ഇല്ലാതാക്കി.

അതിരപ്പിള്ളി പദ്ധതി


ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറഞ്ഞത്:
അതിരപ്പിള്ളി പദ്ധതി യാതൊരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. ആ പ്രദേശം അതുപോലെ സംരക്ഷിക്കപ്പെടണം. മത്സ്യവൈവിധ്യം കണക്കിലെടുത്തുകൊണ്ട് ഫിഷ് സാങ്ച്വറിയായി പ്രഖ്യാപിക്കണം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പറയുന്നത്:
നിലവിലുള്ള രീതിയില്‍ അതിരപ്പിള്ളി നടപ്പിലാക്കാന്‍ സാധ്യമല്ല. എന്നാല്‍ വേണമെങ്കില്‍ Plant Load factor-ഉം (ഒരു ജലവൈദ്യുത പദ്ധതിയുടെ ക്ഷമത നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ പ്രധാനപ്പെട്ടത്) ഊര്‍ജ ഉത്പാദനശേഷിയും മാറ്റി അതിനെ 'സാധ്യമാക്കാം'.
പുഴയിലെ പാരിസ്ഥിതിക നീരൊഴുക്കിന്റെ (Ecological flows) കാര്യത്തില്‍ അവ്യക്തത നിലനില്ക്കുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പീക്കിങ് (Peak load Power) ഊര്‍ജാവശ്യം നിറവേറ്റാന്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആവശ്യമാണുതാനും!
ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു! കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതിനിലയങ്ങളില്‍നിന്ന് 'പിക്കീങ് പവര്‍' എത്രമാത്രമുണ്ടെന്ന അവലോകനം നടത്തിയിട്ടാണോ കമ്മിറ്റി ഈയൊരു നിഗമനത്തിലെത്തിയത്? വൈദ്യുതി ഉത്പാദിപ്പിക്കാമായിരുന്നിട്ടും പലപ്പോഴും പ്രവര്‍ത്തിപ്പിക്കാത്ത നിലയങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് കമ്മിറ്റി അറിഞ്ഞില്ലേ? നിലവിലുള്ള നിലയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കേരളം എന്താണ് ചെയ്യുന്നത്? 2001-ലെ കോടതിവിധിപ്രകാരം പ്രസരണ-വിതരണ നഷ്ടവും വൈദ്യുതി മോഷണവും ഒഴിവാക്കാന്‍ കേരളം കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണ്? ഇതൊക്കെ അന്വേഷിച്ചിട്ടാണോ കസ്തൂരിരംഗന്‍ കമ്മിറ്റി അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഈയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്?

(മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും എന്ന പുസ്തകത്തില്‍ നിന്ന്)