2019, ജൂലൈ 7, ഞായറാഴ്‌ച

കടന്നു പോയത് നാടിന്റെ ഗുരുനാഥൻ..

കടന്നു പോയത് നാടിന്റെ ഗുരുനാഥൻ.. .. 


 മനസ്സിൽ എന്നും മായാത്ത ഓർമ്മയാണ് വി ജെ മാത്യു സാർ. പ്രായത്തെ വെല്ലുന്ന പ്രൗഢ ഗംഭീരതയുടെ ഉടമയായിരുന്നു അദ്ദേഹം.  നാട്ടിലെങ്ങും മലയാളത്തിലും  ഇംഗ്ലീഷിലും ഇത്ര പ്രാവീണ്യമുള്ള ആരെയും ഞാൻ പരിചയപ്പെട്ടിട്ടില്ല. 

എന്റെ ആദ്യ ഗ്രന്ഥരചനയിൽ നട്ടെല്ലായിരുന്നു വി ജെ മാത്യു സാർ. ഒരിക്കൽ നാടിന്റെ ചരിത്രാന്വേഷണവുമായി ബന്ധപ്പെട്ടാണ് സാറുമായി അടുത്തു ഇടപഴകുന്നത്. അന്ന് പ്രായത്തിന്റെ ക്ഷീണത്തെ അതിജീവിച്ചും നൂറോളം പേജുള്ള ഒരു ലേഖനം എഴുതിയതും അത് പല തവണ തിരുത്തി എഴുതിയതുമെല്ലാം ഓർക്കുന്നു. പിന്നീട് പതിവായി ഞാൻ സാറിനെ സന്ദർശിക്കുമായിരുന്നു. എപ്പോഴും സ്നേഹവായ്‌പോടെ കരുതലും സ്നേഹവും പകർന്നു നൽകിയ അദ്ദേഹം എന്റെ മനസ്സിൽ ഒരു ആരാധന പത്രമായി മാറി. 

പ്രായത്തിന്റെ അവശതകൾ അവഗണിച്ചുകൊണ്ട് പള്ളിയിൽ നിരന്തരമായി വരുന്ന വ്യക്തി ആയിരുന്നു വി ജെ മാത്യു സാർ. വ്യക്തമായ ആത്മീക കാഴ്ചപ്പാട് ഉണ്ടായിരുന്ന അദ്ദേഹം യുവ തലമുറയ്ക്ക് ഒരു ഉത്തമ മാതൃകയായിരുന്നെന്ന് പറയാം. എന്റെ പഠനത്തിലും ജീവിതത്തിലും വളരെ താല്പര്യം കാണിച്ച അദ്ദേഹം എന്നും ഒരു പ്രോത്സാഹനമായിരുന്നു. പള്ളിനടയിൽ എപ്പോഴെല്ലാം കാണുമ്പോഴും സാറിന്റെ അനുഗ്രഹം നേടാൻ ഞാൻ മറക്കാറില്ലായിരുന്നു.

നാടിന്റെ വികസനത്തിനു പങ്ക് വഹിച്ച എൻ വി ജോസഫ്, എൻ വി ചാക്കോ, എൻ വി വർഗീസ്, വർക്കി വർക്കി എന്നിവരോടൊപ്പം അവസാന കണ്ണിയിൽ ഇടം നേടുന്ന വ്യക്തി കൂടിയാണ് വി ജെ മാത്യു സാർ. പൂത്തൃക്ക സ്കൂളിന്റെ നിർണ്ണായകമായ മുന്നേറ്റങ്ങൾക്കും നാട്ടിൽ വായനശാല സമാരംഭിക്കുന്നതിനും അദ്ദേഹം ചെയ്ത സേവനം വില മതിക്കാൻ ആകാത്തതാണ്. വായനശാല പ്രസ്ഥാനത്തിന്റെ നേടും തൂണായിരുന്നു വി ജെ മാത്യു സാർ. പൂത്തൃക്കയിൽ ഒരു പോസ്റ്റ്‌ ഓഫീസ് ആരംഭിക്കാൻ അദ്ദേഹം അനുകൂലമായ ഇടപെടലുകൾ നടത്തി എന്നതും ശ്രദ്ധേയമാണ്. 

വി ജെ മാത്യു എന്ന മഹാത്മാവ് നാട് നീങ്ങുമ്പോൾ പകരം വയ്ക്കാൻ ഇല്ലാത്ത ഒരു അദ്ധ്യാപക ശ്രേഷഠനും അതുല്യ വ്യക്തിത്വവും ആണ് നമുക്ക്  നഷ്ടമാകുന്നത്. കാലങ്ങൾ കഴിഞ്ഞാലും എന്റെ ഓർമ്മകളിൽ എന്നും പച്ച പിടിച്ചു നിൽക്കുന്ന ഓർമ്മകളായിരിക്കും  ആ നല്ല  ഗുരുനാഥന്റെ  വാത്സല്യവും കരുതലും. 

ഒരായിരം കണ്ണുനീർ പൂക്കളോടെ.

ആത്മാവിന് നിത്യ ശാന്തി നേരുന്നു..