2019, മേയ് 4, ശനിയാഴ്‌ച

കലാലയമോ കൊലയാലയമോ?

കലാലയമോ കൊലയാലയമോ?

ക്യാമ്പസ്‌ രാഷ്രീയത്തിന്റെ ഇരയായ ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച വാർത്ത കേരളം ചർച്ച ചെയ്യേണ്ടതാണ്. തനിക്ക് പഠിക്കാനുള്ള സാഹചര്യവും സുരക്ഷിതത്വവും ചില ക്യാമ്പസ്‌ രാഷ്ട്രീയ  സംഘടനകൾ മൂലം  നഷ്ടപ്പെടുന്നു എന്ന് ആത്മഹത്യാ കുറുപ്പ് എഴുതിയ പെൺകുട്ടിക്ക് എതിരെ കേസെടുത്താണ് കേരളം നവോത്ഥാനത്തിന്റെ മാതൃക കാട്ടിയത്. വിഷയത്തിന്റെ സത്യാവസ്ഥ എന്തായാലും യുവതയുടെ ദൈന്യതയുടെ കഥയാണ് ക്യാമ്പസ്‌ രാഷ്രീയം പറയുന്നത് എന്ന് പറയാതെ വയ്യ.

ഒന്നാം ക്ലാസ് മുതൽ ക്യാമ്പസ്‌ രാഷ്രീയം കാണാൻ വിധിയുണ്ടായി എന്ന് പറയുന്നതാകും നന്ന്. ഒരു കാലത്ത് സ്ട്രൈക്ക് വിളി കേൾക്കാൻ ആവേശമായിരുന്നു. കാരണം ക്ലാസ് ഉണ്ടാകില്ല എന്ന ആശ്വാസം. സ്കൂളിൽ വരുമ്പോൾ ആദ്യം അന്വേഷിക്കുന്നത് സ്ട്രൈക്ക് ഉണ്ടോ എന്നാണ്.

ഡിഗ്രി സമയം മുതലാണ് യഥാർത്ഥ ക്യാമ്പസ്‌ രാഷ്ട്രീയം കണ്ടു തുടങ്ങിയത്. അന്നൊന്നും എന്തിനാണ് സമരം എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ ചട്ടമ്പികൾ കാണിക്കുന്ന കോപ്രായത്തിന്റെ പേരിലായിരിക്കും സമരങ്ങൾ. വിദ്യാഭ്യാസമായോ കാമ്പുസുമായോ പൊതുവിഷയങ്ങളുമായോ യാതൊരു ബന്ധവുമുണ്ടാകില്ല. പരസ്പരം പോര് വിളിക്കാനും തെരുവിൽ തല്ലി തീരാനും ഒരു പറ്റം യുവാക്കൾ. വിദ്യാർത്ഥികൾക്ക് പുറമെ പുറത്തുനിന്നെത്തുന്ന രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയൻ പ്രവർത്തകരും തെരുവുഗുണ്ടകളും കലാലയം കലാപഭൂമി ആക്കും. വർഷത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ക്ലാസ്സ്‌. പിന്നെ സമരം ക്യാമ്പസ്‌ അടച്ചിടൽ...

ഒരു പറ്റം അധ്യാപകർ നിശബ്ദർ, നിരാശർ, നിസ്സംഗർ, നിഷേധികൾ എന്നീ വിഭാഗങ്ങളിൽ ഉള്ളവർ. തങ്ങളും സമാന രാഷ്ട്രീയ സംഘടനകളിൽ ഉള്ളവർ ആയതിനാൽ രഹസ്യമായി അനുകൂലിക്കുന്ന പ്രകൃതം. അപ്രകാരം ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമായിരുന്ന അധ്യാപകൻ ഒരിക്കലും ക്ലാസ് എടുക്കാൻ വരില്ലായിരുന്നു. മൂന്നു വർഷത്തെ കലാലയ കാലയളവിൽ അദ്ദേഹം വന്നത് വെറും രണ്ട് ക്ലാസിൽ മാത്രം. ആരും പരാതി പറയാനോ അന്വേഷിക്കാനോ തയ്യാറായത് പോലുമില്ല.
ടോയ്ലറ്റുകൾ ഇല്ലാത്ത ഒരു ക്യാമ്പസ്‌, അതീവ വൃത്തിഹീനമായ കാന്റീൻ, നാറുന്ന വിശ്രമമുറി. ഇവയൊന്നും പരിഹരിക്കാൻ ഒരു സംഘടനാ നേതാവും വിദ്യാർത്ഥി സംഘടനയും അന്ന് ശബ്ദം ഉയർത്തിയില്ല. കാരണം ഇതെല്ലാം അവരുടെ ചർച്ചയിടങ്ങളും,  ആയുധ ശേഖരവും,  റാഗിങ് കേന്ദ്രങ്ങളും,  കഞ്ചാവ് മണക്കുന്ന മറകളും ആയിരുന്നു.
ഇതെല്ലാം ഓർക്കുമ്പോൾ ഇന്ന് വല്ലാത്ത രോഷവും നീറുന്ന നിരാശയുമാണ് മനസ്സിൽ. ഇന്നായിരുന്നെങ്കിൽ നട്ടെല്ല് നിവർത്തി പ്രതികരിക്കാനുള്ള നിർണ്ണയം ഉണ്ട്ഒ. അന്ന് ഒന്ന് ചിന്തിക്കാനോ പ്രവർത്തിക്കാനോ പക്വതയോ പാകമോ ഉണ്ടായിരുന്നില്ല എന്നതാണ് നിരാശ.

ഉന്നത പഠനത്തിൽ എത്തിയപ്പോൾ ഹോസ്റ്റലുകൾ ആണ് ഇവരുടെ താവളം എന്ന് മനസ്സിലായി. അന്ന് ശക്തമായ ചെറുത്തുനിൽപ്പുകൾ നടത്താൻ തല്പരനായിരുന്നു. ഹോസ്റ്റൽ മുറികൾ പലതും വർഷങ്ങൾ മുൻപ് പഠിച്ചുപോയ സംഘടനാ പ്രവർത്തകർ ഇന്നും ഒഴിഞ്ഞിട്ടില്ല. കാന്റീൻ നടത്തിപ്പ് സഘടനയ്ക്ക് ഒരു വരുമാനം ആണെന്നായിരുന്നു കേട്ടുകേൾവി. റാഗിംഗ് നടത്തുന്നതിന്റെ നട്ടെല്ല് ഇത്തരം ഗ്രൂപ്പുകൾ ആയിരുന്നു. 
ഹോസ്റ്റൽ നവീകരണം പോലെയുള്ള വിഷയങ്ങൾ ഇവർക്ക് വിഷയമേ അല്ല. പരാതികൾ എല്ലാം കടലാസായി ശേഷിച്ചു.
തങ്ങളുടേതല്ലാത്ത സംഘടനയുമായി വന്നാൽ തല്ലിയൊടിക്കുമെന്നായിരുന്നു നയം. .

പിന്നീട് കോളേജിൽ ജോലിക്കായി എത്തിയപ്പോൾ ആണ് കുറേക്കൂടി കഠിനമായ അനുഭവങ്ങൾ ഉണ്ടായത്. ഗവണ്മെന്റ് കോളേജ് ആയിരുന്നതിനാൽ തന്നെ സംഘടനകൾ പ്രകടനം നടത്തിയിരുന്നത്  കോളേജ് വസ്തുവകൾ തല്ലി തകർത്തായിരുന്നു. പൊട്ടി തകർന്ന ജനലുകൾ എങ്ങും കാണാമായിരുന്നു. വടിയും വാളും കത്തിയുമായി തലങ്ങും വിലങ്ങും നീങ്ങുന്ന കിങ്കരന്മാരായ കുട്ടി രാഷ്രീയക്കാരോട് മുട്ടാൻ ആരും മടിക്കും. എതിർത്തു വല്ലതും പറഞ്ഞാൽ നിമിഷങ്ങൾക്കകം നാലുപാടും നിന്ന് നിഷ്പ്രഭമാക്കാൻ ശക്തിയുള്ളവർ രംഗത്തെത്തും. പരസ്പരം തല്ലിച്ചതക്കാൻ കൂട്ടമായി പുറത്ത് നിന്ന് ആളുകളെ എത്തിക്കാൻ അവർക്ക് നിഷ്പ്രയാസം കഴിയും. ഒരിക്കൽ ക്യാന്റീനിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു പറ്റം സാമൂഹിക വിരുദ്ധർ പാഞ്ഞു വന്നത്. ഏതോ ക്യാമ്പസ്‌ സംഘടനയുടെ ഗുണ്ടകളാണ്. കല്ലും കോലുമായി  നാലുപാടും ഏറു തുടങ്ങിയ അവർ അസഭ്യം ചൊരിഞ്ഞുകൊണ്ടിരുന്നു. ഒരു വിധത്തിൽ ഒരു കസേര തലയിൽ വച്ച് രക്ഷപെട്ടു. അന്ന് കുറേ അധ്യാപകർക്ക് നല്ല പരുക്കുകൾ പറ്റി. തുടർന്ന് കേസും, പ്രകടനവും, പരാതികളും എല്ലാം മുറയ്ക്ക് നടന്നു. വിദ്യാഭ്യാസ വകുപ്പോ പൊലീസോ അനങ്ങിയില്ല. തുടർന്ന് വിളിച്ച പേരന്റ്സ് മീറ്റിംഗിൽ ഭൂരിഭാഗം പേരും ക്യാമ്പസിൽ രാഷ്ട്രീയം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു ചെറു വിഭാഗം സംഘടനാ പ്രവർത്തകരായ അംഗങ്ങൾ അതിനു തടയിട്ടു. വിദ്യാർത്ഥികളുടെ നേതൃത്വഗുണം ചിന്താശേഷി രാഷ്ട്ര ചിന്ത എന്നിവ  വളർത്തുന്നതിന് ക്യാമ്പസ്‌ രാഷ്ട്രീയം ആവശ്യമാണ് എന്നായിരുന്നു അവരുടെ നയം. എന്നാൽ തങ്ങൾക്ക്  പോസ്റ്റർ ഒട്ടിക്കാനും കൊടി പിടിക്കാനും തമ്മിൽ തല്ലിനും ആളില്ലാതെ ആകുമെന്ന രഹസ്യമായ പരിഭവം ആണ് കാരണം എന്നായിരുന്നു പരക്കെ പറച്ചിൽ.

വിദ്യാർത്ഥികളുടെ വളർച്ചയിൽ ക്യാമ്പസ്‌ രാഷ്ട്രീയത്തിന്റെ പങ്ക് എന്ത് എന്ന ചെറിയ ചിന്ത കൂടി കോറിയിട്ടു  നിർത്താം. നാളത്തെ നിർണ്ണയ രാഷ്രീയ പദവികൾ MLA, MP, മന്ത്രി, മുഖ്യമന്ത്രി ഉൾപ്പടെ  ഏതെങ്കിലും ആകാൻ കഴിയും, നിങ്ങൾക്ക് എന്ത് പ്രശ്നം വന്നാലും ഞങ്ങൾ നോക്കും.,  ഈ രണ്ട് മോഹിപ്പിക്കുന്ന ഘടകങ്ങൾ ആണ് വിദ്യാർത്ഥികളെ ക്യാമ്പസ്‌ രാഷ്രീയത്തിലേക്ക് ആകർഷിക്കുന്നത്. ചില നേതാക്കന്മാരുടെ കഥ പറയും, സമരത്തിന്റെ മുന്നിൽ നിൽക്കുക, പോലീസിന്റെ അടി കൊള്ളുക, പിന്നെ പത്രത്തിൽ പടം വരിക. നമ്മുടെ കാലം തെളിഞ്ഞു എന്നാണ് പഠിപ്പിക്കൽ. എന്നാൽ സങ്കല്പങ്ങളിൽ നിന്ന് ഒത്തിരി അകലെയാണ് യാഥാർത്യം എന്നാണ് എന്റെ അനുഭവം. അതൊരു പഠനമായി പുറത്ത് വരുന്നത് കേരള യുവജനത്തിന്റെ കണ്ണ് തുറപ്പിക്കുന്നതായിരിക്കും.  സജീവ ക്യാമ്പസ്‌ രാഷ്ട്രീയമായി ജീവിച്ചവരിൽ ബഹുഭൂരിപക്ഷവും പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെട്ട ജീവിതത്തിൽ എങ്ങും എത്തിയില്ല എന്നാണ് വാസ്തവം. പഠനത്തിലോ രാഷ്ട്രീയത്തിലോ എങ്ങും എത്താനാകാതെ അവരെല്ലാം  സമൂഹത്തിൽ എവിടെയെല്ലാമോ മറഞ്ഞു. ചിലരെല്ലാം ഇന്ന് അത് ഒരാവേശമായി കൊണ്ട് നടക്കുന്നു.

ഇനി എന്തായിരിക്കണം ക്യാമ്പസ്‌ രാഷ്‌ടീയം എന്നതാണ്.  വിദ്യാർത്ഥികളുടെ നേതൃത്വ പാടവവും രാഷ്ട്രചിന്തയും വളർത്താൻ ഇപ്പോഴത്തെ സംവിധാനം ഉപകരിക്കുമോ?  അതിനു രാഷ്ട്രീയ പാർട്ടികൾ എന്ന ഒരു ആശയം ആവശ്യമാണോ ? ഒരു കാര്യം വ്യക്തമാണ്., ഒരു കാലത്തും ക്യാമ്പസ്‌ രാഷ്ട്രീയം ഇല്ലാതാകുമെന്ന് സ്വപ്നം കാണരുത്. കാരണം ഇന്ന് രാജ്യം ഭരിക്കുന്നത് ജനങ്ങളല്ല രാഷ്ട്രീയ പാർട്ടികളാണ്. ശക്തരായ രാഷ്രീയ നേതാക്കൾ രാജ്യത്തിനു ആവശ്യവുമാണ്.

രാഷ്ട്രീയ പാര്ടികളെക്കാൾ രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മുടെ യുവജങ്ങൾ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിനു ഇന്നത്തെ പാഠ്യ പദ്ധതിയിൽ ആവശ്യത്തിൽ അധികം അവസരങ്ങൾ ഉണ്ട്‌ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇനി ക്യാമ്പസ്‌ രാഷ്ട്രീയത്തെ കുറ്റം പറയുന്നതിന് മുമ്പേ ഈ കാര്യം നമ്മുടെ യുവജങ്ങൾക്ക് ബോധ്യമാണോ നാം ബോധവൽക്കരിംക്കുന്നുണ്ടോ എന്ന ചോദ്യവും നാം സ്വയം ഉന്നയിക്കേണ്ടതാണ് . റെഗുലേറ്ററി ബോഡികൾ ഇതിനു തയ്യാറാകണം. പലപ്പോഴും 18 വയസ്സ് പോലും പ്രായം ആകാത്ത കുട്ടികൾ ദിശാബോധം നഷ്ടപ്പെട്ടു സഞ്ചരിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കാം. കലാലയങ്ങളിൽ പൂർണ്ണമായും വിദ്യ അഭ്യസിപ്പിക്കപ്പെടുന്നു എന്നും അതിനു അനുകൂലമായ സാഹചര്യം ഉണ്ട്‌ എന്നും ഉറപ്പാക്കണം.രാഷ്ട്രീയ പാർട്ടികളുടെ വക്ര ദൃഷ്ടികളിൽ നിന്ന് വിദ്യാർത്ഥികളെ രാഷ്ട്രത്തിന്റെ  നന്മയിലേക്കുള്ള പ്രവർത്തനങ്ങളിലേക്ക് തിരിച്ചു വിടുന്ന പദ്ധതികൾ നടപ്പാക്കണം. 

വെറും മദ്യവും മയക്കുമരുന്നും  പോലെ ഉപയോഗിക്കുമ്പോൾ ആനന്ദവും പിന്നീട് നാശവും ആകുന്നത് ആകരുത്  ഇന്നത്തെ ക്യാമ്പസ്‌ രാഷ്ട്രീയം എന്നതാണ് സംക്ഷിപ്തം.

(ഡോ. പോൾ വി മാത്യു. രാഷ്ട്രീയ നിരീക്ഷകനും പോളിസി അനലിസ്റ്റും ആണ് )

(Picture :The Hindu )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ