2020, ജൂൺ 15, തിങ്കളാഴ്‌ച

കോവിടിനിടയിൽ കാണാതെ പോകരുത് .


കോവിടിനിടയിൽ രാജ്യത്ത് പലതും സംഭവിക്കുന്നുണ്ട്. അതിർത്തി പ്രശ്നങ്ങളും നുഴഞ്ഞു കയറ്റങ്ങളും ചാക്കിട്ടുപിടുത്തവും എല്ലാം വലിയ കാര്യങ്ങൾ ആണെങ്കിലും കൊറോണ എന്ന വില്ലൻ അതെല്ലാം മറയ്ക്കു കയാണ് . മനസ്സിൽ ഉണ്ടായിരുന്ന പല തൊട്ടുകൂടായ്മയും ഇപ്പോൾ പ്രവർത്തിയിലും കാണിക്കേണ്ടതായി വന്നു എന്ന വസ്തുതയും കാണാതിരിക്കാൻ വയ്യ.
ലോകം ചിന്തിക്കേണ്ട മറ്റൊരു മുന്നേറ്റമാണ് അമേരിക്കയിലും ബ്രിട്ടനിലും എല്ലാം നടക്കുന്നത്. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കുലപാതകത്തിനു ശേഷം വർണ്ണ വെറിക്കെതിരെ വലിയ മുറവിളിയാണ് കേൾക്കുന്നത് . തിരിച്ചു വരുന്ന വർണ്ണ വിവിചനത്തെ എതിർക്കാൻ , കോവിട് ഭീഷണി പോലും വകവയ്ക്കാതെ  ജനം തെരുവിൽ ഇറങ്ങി. കൊളോണിയൽ മനോഭാവം ഇപ്പോഴും വച്ച് പുലർത്തുന്നവർക്ക് ബ്രിട്ടന്റെ പോരാളിയായ ചർച്ചിലിന്റെ പ്രതിമ വരെ മറച്ചു സംരക്ഷിക്കേണ്ട അവസ്ഥ വന്നു.
അടുത്ത കാലത്തായി ഇന്ത്യ ഉൾപ്പെടെ പല  രാജ്യങ്ങളിലും അനാരോഗ്യകരമായ ഒരുവിധത്തിലുള്ള ഏകീകരണം അല്ലെങ്കിൽ  മതം , ജാതി , വർഗ്ഗം, തുടങ്ങി ഭൂരിപക്ഷ - ന്യൂനപക്ഷ പ്രീണനകൾ വിവിധ തരത്തിൽ പ്രകടമാണ്. ഇത് പുരോഗമന സമൂഹത്തിനു ഒരിക്കലും യോജിച്ചതല്ല . അതിനെ തച്ചുടയ്ക്കുവാൻ പുതിയ നേതാക്കന്മാർ ഉണർന്ന് വരേണ്ട സമയം അതിക്രമിച്ചു. ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി കഴിഞ്ഞ ദിവസം എഴുതിയത് ഇങ്ങനെയാണ് .  ''വര്‍ണ്ണ വിവേചനമാണ് അമേരിക്കയുടെ മഹാമാരി. കഴിഞ്ഞ 400 കൊല്ലമായി ഇതിനൊരു വാക്സിന്‍ നമ്മള്‍ കണ്ടുപിടിച്ചിട്ടില്ല.''
ഒരു വിധത്തിലുമുള്ള വിവേചനവും വകവെക്കാത്ത ഒരു സമൂഹമാണ് നമുക്ക് ആവശ്യം. ഗാന്ധിക്കുശേഷം ഇന്ത്യ കണ്ട മഹാന്മാരിൽ ഒന്നാമനാണ് ഡോ. ബി.ആര്‍.അംബദ്കര്‍. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സേവനം വിപ്ലവകരമായ മാറ്റമാണ് രാജ്യത്ത് ഉണ്ടാക്കിയത് . എബ്രഹാം ലിംകനും അബ്ദേക്കറും എല്ലാം തുറന്നു വച്ച പോരാട്ടമുഖം ഫലം കണ്ട് തുടങ്ങാൻ  കാലങ്ങൾ എടുത്തു എന്നതാണ് ഒരു യാഥാർഥ്യം. ആരെല്ലാം അടിച്ചമർത്താൻ ശ്രമിച്ചാലും ഉയർന്നു വരാൻ ശക്തിയുള്ള ധീരനായിരുന്നു അംബ്ദേക്കർ എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് .എല്ലാ  വിവേചനകൾക്കെതിരെയും  പോരാടുന്ന മനുഷ്യനെ മനുഷ്യനായി കാണുന്ന  നേതാക്കന്മാർ നമ്മെ രക്ഷിക്കുവാൻ കടന്നു വരുമെന്ന്  പ്രതീക്ഷിക്കാം 

2020, ജൂൺ 7, ഞായറാഴ്‌ച

കോവിഡ് മാപ്പ് പറയിപ്പിക്കുമോ?

ദുരന്തം നമുക്ക് വരുന്നത് വരെ അതൊന്നും നമുക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്നവർ ആണ് മനുഷ്യർ എന്ന് പറഞ്ഞത് ഖലീൽ ജിബ്രാൻ ആണ്. ഏതാനും നാളുകൾക്കകം തന്നെ ഇന്ത്യ കോവിഡ് വ്യാപനത്തിൽ ലോകത്തിൽ ഒന്നാമത് എത്തും എന്ന ഒരു യാഥാർഥ്യം ആണ് നാം തിരിച്ചറിയുന്നത്. കേവലം ചില നാളുകൾ രാജ്യം അടച്ചിടപ്പെട്ടപ്പോൾ പട്ടിണിയിൽ നട്ടം തിരിഞ്ഞത് ലക്ഷകണക്കിന് ആളുകൾ ആണ്. ഇതിനോടകം തന്നെ ഒട്ടുമിക്ക വ്യവസായങ്ങളുടെയും നട്ടെല്ല് ഒടിഞ്ഞു ബഹുഭൂരിപക്ഷം കടത്തിലേക്ക് കൂപ്പു കുത്തി കഴിഞ്ഞു. സമ്പത് വ്യവസ്ഥ ചിന്തകൾക്കപ്പുറം തകർന്നടിഞ്ഞു. ഇനിയും ലോക്ക് ഡൌൺ തുടർന്നാൽ കോവിഡിനെക്കാൾ അധികം ആളുകൾ പട്ടിണി കൊണ്ട് മരിച്ചു വീഴും. ഗതിയില്ലാതെ ആളുകൾ പരക്കം പായും. സാമൂഹിക അരക്ഷിതാവസ്ഥയും അക്രമങ്ങളും ഉണ്ടായേക്കാം. എന്നാൽ ഈ സ്ഥിതി തുടർന്നാൽ കോവിഡ് എന്ന മഹാമാരി ഇല്ലാതാക്കാൻ പോകുന്നത് നിരവധി ജീവിതങ്ങളാണ്. ഇപ്പോൾ തന്നെ പല നഗരങ്ങളിലും ഹോസ്പിറ്റൽ ഫുൾ ആകുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേൾക്കുന്നത്. എപ്പോൾ  വേണമെങ്കിലും ഞാൻ കോവിഡ് ബാധിതൻ ആകാം എന്ന ചിന്ത ഡെമോക്ലീസിന്റെ വാൾ പോലെ നമ്മുടെ മുകളിൽ ഉണ്ട്. ഇനി എന്ത് എന്ന ചോദ്യത്തിന് ഭരണ പക്ഷത്തിനോ പ്രതി പക്ഷത്തിനോ ശാസ്ത്രത്തിനോ മതങ്ങൾക്കോ ഉത്തരം ഇല്ല എന്നതാണ് ഒരു സത്യം !

സമ്പത് വ്യവസ്ഥയെ പിടിച്ചു നിർത്തണമോ, ജനങ്ങളെ രോഗത്തിൽ നിന്ന് രക്ഷിക്കണമോ? പട്ടിണി വേണോ, രോഗം വേണോ?
എല്ലാവരെയും ഒരേ പോലെ ബാധിച്ച ഒരു മഹാ ബാധ! പബ്ലിക് ട്രാൻസ്‌പോർട് ഇല്ലാതെ സാധാരണക്കാരന് ജോലിക്ക് പോകാൻ സാധിക്കില്ല. പബ്ലിക് ട്രാൻസ്‌പോർട് ഉണ്ടായാൽ രോഗം അതിവേഗം വ്യാപിക്കും. എന്തായാലും കാര്യങ്ങൾ നിയത്രണാതീതം ആണെന്ന് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. എങ്ങനെ ആലോചിച്ചാലും നാം കോവിഡ് ഭയത്തിൽ നിന്ന് വിമുക്തരല്ല.
രാവിലെ വീട്ടിൽ എത്തുന്ന പത്രം? 
വാങ്ങുന്ന പാൽ?
പഴം പച്ചക്കറി? 
ഹോം ഡെലിവറി ഐറ്റംസ്?
ഏതെങ്കിലും സ്റ്റേഷനറി ഐറ്റംസ് കൊണ്ട് വരുന്ന പോളിത്തീൻ കവർ....?

ഇങ്ങനെ നിരവധി. ഇതിൽ ഏതെങ്കിലും ഒന്നിൽ കോവിഡ് വൈറസ് ഇല്ല എന്ന് ഉറപ്പിക്കാൻ നമുക്ക് ആകില്ല.

ഇനിയിപ്പോൾ ഇതിനൊരു മരുന്ന് കണ്ടു പിടിക്കുക എന്നല്ലാതെ വേറെ ഒരു അവസാനം ഇല്ല എന്ന് ഒറ്റവാക്കിൽ പറയാം. അല്ലെങ്കിൽ അപോകലിറ്റി പറയുന്നത് പോലെ നൂറ്റാണ്ടുകൾ കൂടുമ്പോൾ ഉണ്ടാകുന്ന ഇത്തരം വ്യാധികൾ ഒരുപറ്റം ജീവിതങ്ങൾ ഭൂമിയിൽ നിന്ന് തുടച് നീക്കും എന്ന് വിശ്വസിക്കാം. 'Survival of the Fittest".

നഗര ജീവിതം സാധ്യമല്ല എന്ന ഒരു തിരിച്ചറിവ് നന്നാകും. ഇനി ഗ്രാമങ്ങളിലേക്ക് പോവുക. ജോലികൾ വീട്ടിൽ ഇരുന്ന് ചെയ്യുക. നല്ല ബാൻഡ് വിഡ്ത് ഉള്ള വൈഫൈ സ്ഥാപിക്കുക. ജോലിക്കായി നഗരങ്ങളിലേക്ക് ചേക്കേറേണ്ട. വീട് വാടകയ്ക്ക് എടുക്കണ്ട. കെട്ടിടങ്ങൾ പണിയേണ്ട. ട്രാഫിക് കൂട്ടേണ്ട. ഇന്ധനം ചിലവാക്കേണ്ട. മലിനീകരണം കൂട്ടണ്ട. അസ്വസ്ഥം ആകേണ്ട. പതിയെ പതിയെ നഗരങ്ങൾ ഗ്രാമങ്ങളിൽ അപ്രത്യക്ഷo ആകട്ടെ. എന്നാൽ നഗര സ്വഭാവം നാട്ടിൽ തുടർന്നാൽ കാര്യങ്ങൾ പന്തിയല്ല എന്നും ഓർത്തിരിക്കുക. ഒരു പാലിയോ മനുഷ്യൻ ആകാൻ നമുക്ക് ആകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഞാൻ കോവിഡ് ബാധിതൻ ആകും എന്ന് മനസ്സിലാക്കുമ്പോഴും,  ഇതിനു ഒരു മരുന്ന് കണ്ടു പിടിക്കാൻ നമുക്ക് ആയില്ല എന്ന് തിരിച്ചറിയുമ്പോഴും, ഓരോ ദിവസവും പ്രതീക്ഷകൾ കുറഞ്ഞ വരുമ്പോഴും "ഞാൻ പിഴയാളി "എന്ന ചിന്ത നമ്മെ വേട്ടയാടണം. ഞാൻ യുക്തിവാദി ആണെങ്കിൽ മനസ്സിലാക്കണം, "Every action has equal and opposite reaction". വിശ്വസി ആണെകിൽ ഓർക്കണം "നിന്റെ പാപം നിന്നെ കണ്ടെത്തും ", ഒരു ആശയവും ഇല്ലാത്തവൻ അറിയണം "ഞാൻ നിസ്സഹായൻ ".

-പച്ചയായ ഭൂമിയെ പറിച് തിന്നത് ഞാനാണ്.
-ശുദ്ധമായ ഭൂമിയുടെ ശ്വസകോശത്തിലേക്ക് പുക തള്ളിയത് ഞാനാണ്.
-കാട്ടിലും കടലിലും പ്ലാസ്റ്റിക്കും കുപ്പിയും നിറച്ചത് ഞാൻ ആണ്.
-മലയും കുന്നും ഇടിച്ചു നിരത്തി സൗധങ്ങൾ നിർമ്മിച്ചത് ഞാനാണ്.
-വയലും വെള്ളവും മണ്ണും മാലിന്യവും കൊണ്ട് മൂടിയത് ഞാനാണ്.
-വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു കെട്ടിടങ്ങൾ പണിതുയർത്തത് ഞാനാണ്..
-ലാഭക്കൊതി മൂത്ത മായം ചേർത്തത് ഞാനാണ്.
-ഭക്ഷണത്തിലും പാലിലും പൊടിയിലും തുടങ്ങി ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള എല്ലാത്തിലും വിഷം ചേർത്തത് ഞാനാണ്.
-രോഗം ഉണ്ടാകാൻ മരുന്ന് ഉണ്ടാക്കിയതും മനുഷ്യന് നൽകിയതും ഞാനാണ്.
-ചെവിപൊട്ടുന്ന രീതിയിൽ ക്ഷമയില്ലാതെ ഹോൺ മുഴക്കിയത് ഞാനാണ്
-ലാഭം ഉണ്ടാക്കാൻ മത്സരിച്ചതും മനുഷ്യ ജീവന് വില കല്പിക്കാത്തതും ഞാനാണ്.
-കാട് കയറിയതും ജീവനെ വേട്ടയാടിയതും ഞാനാണ്.
-കുഴൽ കിണർ കുത്തി വെള്ളം ചൂഷണം ചെയ്തത് ഞാനാണ്.
-പാവപ്പെട്ടവന്റെ അന്നത്തിൽ കയ്യിട്ട് വാരി അഴിമതിയും ചൂഷണവും നടത്തിയത് ഞാനാണ്.
-നിലക്കാത്ത അഹങ്കാരത്തിൽ എല്ലാം ചെയ്തത് ഞാനാണ്.
-പണമാണ് വലിയത് എന്ന് കരുതിയത് ഞാനാണ്

ഞാൻ ചെയ്തതൊന്നും മാപ്പര്ഹിക്കാത്തതാണ്.

അവനവൻ ചെയ്തത് നല്ലതാകിലും തീയതാകിലും തക്കതായത് പ്രാപിപ്പാൻ ന്യായാസനത്തിന് മുൻപിൽ നിൽക്കുക. 

"ഇനിയും മരിക്കാത്ത ഭൂമിക്ക് ആത്മശാന്തി"
(ഡോ. പോൾ വി മാത്യു )