2020, മാർച്ച് 30, തിങ്കളാഴ്‌ച

ദില്ലിയിലെ നല്ല ശമര്യക്കാർ

വിശക്കുന്നവനു ആഹാരവും രോഗിക്ക് വൈദ്യനും മനസ്സ് തകർന്നവർക്ക് ആശ്വസവും ആണ് ദൈവം. കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ ലോക് ഡൗണിൽ പട്ടിണി മരണം ഭയന്ന് നിലവിളിക്കുന്നവർക്ക് സഹായം നൽകി മാതൃകയാവുകയാണ്  ഡൽഹി സെയിന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ പ്രവർത്തകർ. വൈറസ് ഭീതിയെ വകവയ്ക്കാതെ ദിവസവും അഞ്ഞൂറിൽപരം ആളുകൾക്കാണ് പ്രവർത്തകർ ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നത് .


വികാരി ഷിജു ജോർജ് , ബിനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആണ് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡൽഹിയിൽ സമീപ കാലത്തു ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും പ്രവർത്തകർ വിവിധ സേവനങ്ങൾ എത്തിച്ചിരുന്നു. രാജ്യവ്യാപകമായി അടച്ചിടലിനെത്തുടർന്ന് ലക്ഷകണക്കിന് ആളുകളാണ് ദില്ലിയുടെ വിവിധ ഭാഗത്തു അകപ്പെട്ടു പോയത്. ഉപജീവനമാർഗ്ഗം നഷ്ട്ടപ്പെട്ട അന്യസംസ്ഥാനക്കാർ പട്ടിണി മരണം ഭയന്ന് സ്വന്തം വീട്ടിൽ എത്താൻ പലായനം തുടരുകയാണ്. ഭീതി ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്.

ലോക് ഡൌൺ അവസാനിക്കുന്നത് വരെ ഭക്ഷണ വിതരണം തുടരാനാണ് ആലോചന. ഇപ്പോൾ പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ വഴിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.  ദിവസവും പള്ളിയോടു ചേർന്നുള്ള സ്ഥലത്തു ആവശ്യക്കാർക്കായി ഭക്ഷണം നൽകുന്നുമുണ്ട് . ആവശ്യക്കാരന്റെ മുന്നിൽ അഭയമായി എത്തുന്ന നല്ല ശമര്യക്കാരാനാണ് ദൈവം. നിരവധി സഹായ മനസ്കരായവരുടെ സഹകരണത്തോടെയാണ്  സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു ആറായിരത്തിൽ അധികം തുകയാണ് ചിലവ്‌ . ഫാ. ഷിജു ജോർജ് പറയുന്നു. ജസ്റ്റിസ് കുരിയൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ഡൽഹി ഡിസ്ട്രെസ്സ് മാനേജ്‌മന്റ്
കളക്റ്റീവിന്റെ  ശ്കതമായ ഇടപെടലുകളാണ് ഇത്തരം വിവിധ സന്നദ്ധ  പ്രവർത്തനങ്ങളുടെ ഊർജ്ജം.
സഹകരിക്കാൻ താല്പര്യം ഉള്ളവർക്ക് പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്. ഫാ. ഷിജു 8527649020, 8527649020

2020, മാർച്ച് 11, ബുധനാഴ്‌ച

കൊറോണ തടയുക

കൊറോണ ഒരു ചെറിയ മീനല്ല! പൊതുജനങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.
〰️〰️🔹〰️〰️🔹〰️〰️🔹〰️〰️
ഡോ . രാജീവ് ജയദേവൻ
പ്രെസിഡൻറ് IMA കൊച്ചി
10.3.20

വെറും മൂന്നു മാസം മുൻപ്  ചൈനയിൽ ഏതോ ഒരു വ്യക്തിയിൽ പ്രവേശിച്ച ഈ വൈറസ്, ഇന്ന് ലോകത്തെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്കിടയാക്കിക്കഴിഞ്ഞു, സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു, പ്രതീക്ഷിച്ചതു പോലെ ഇതാ കേരളത്തിലും എത്തിക്കഴിഞ്ഞു. വെറും ജലദോഷമാണ്, ഉടൻ മാറും, നമ്മൾ സ്‌ട്രോങ്ങല്ലേ , നിപ്പയെ തുരത്തിയില്ലേ എന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കാൻ വരട്ടെ.

ഇന്ന്, ഇപ്പോൾ നാം ഓരോരുത്തരും ഇതിനായി എന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്നതനുസരിച്ചിരിക്കും വരും മാസങ്ങളിൽ എന്തു നടക്കാൻ പോകുന്നു, പോകുന്നില്ല എന്നുള്ളത്.

വളരെ ഗൗരവമേറിയ വിഷയമാണ്.    രാജ്യം ഇന്നു വരെ നേരിടാത്ത  ഒരു അടിയന്തിര സാഹചര്യമാണ്, സംശയമില്ല. നിർദ്ദേശങ്ങൾ പാലിക്കാത്ത ഒന്നോ രണ്ടോ വ്യക്തികളുടെ മണ്ടത്തരം (stupidity) പോലും രാജ്യത്തിനു ഭീഷണി ആയേക്കാവുന്ന അവസ്ഥയാണിത്.

ഈ ഘട്ടത്തിൽ വേണ്ടത് വീമ്പും അഭ്യൂഹവുമല്ല , മറിച്ച് ശാസ്ത്രീയമായ അറിവും സാമാന്യബുദ്ധിയുമാണ്.

കൃത്യതയോടെയുള്ള ഈ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുക.

🟩 വിദേശത്തു നിന്നും നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വരാനിടയായാൽ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ:

1. COVID ബാധിത രാജ്യങ്ങളിൽ നിന്നും വന്നവരുമായി നേരിട്ടുള്ള  സമ്പർക്കം 28 ദിവസത്തേക്ക് ഒഴിവാക്കുക. എത്ര അടുപ്പമുള്ളവരായാലും ഒരു കാര്യം ഓർക്കുക: എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചത്, പുറമെ നിന്നും വിമാനത്തിലും കപ്പലിലും വന്നവരിൽ നിന്നുമാണ്.  ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും ധാരാളം മലയാളികൾ കേരളത്തിൽ എത്താറുണ്ട്.

ഈ വൈറസിന്റെ വ്യാപന ശേഷി (R-0) കൂടുതലാണ്. R-0 എന്നാൽ ഒരാളിൽ നിന്നും എത്ര പേർക്ക് രോഗം പകരുന്നു എന്നതാണ്. ഒന്നിൽ കൂടുതലായാൽ സമൂഹത്തിൽ അതിവേഗം പടർന്നു പിടിക്കും. COVID ന്റേത് 2 മുതൽ 4 വരയത്രേ. എന്നു വച്ചാൽ ഒരാളിൽ നിന്ന് രണ്ടു പേർക്ക്, അവരിൽ നിന്നും നാലു പേർക്ക്, ആ നാലു പേരിൽ നിന്നും എട്ടു പേർ, പിന്നെ പതിനാറു പേർ, പിന്നെ 32, 64, 128 അങ്ങിനെ അതിവേഗം സമൂഹത്തിലേക്ക് വൈറസ് വ്യാപിക്കുന്നതാണ് ചൈന , ജപ്പാൻ, ഇറാൻ, ഇറ്റലി ഇവിടങ്ങളിൽ കാണാൻ കഴിഞ്ഞത്.

ഇവരിൽ ചിലർ 'സൂപ്പർ spreaders' ആണെന്ന് പറയപ്പെടുന്നു, ഒരാൾ തന്നെ അനേകം പേർക്ക് അണുബാധ വരുത്തുന്ന അവസ്ഥയാണിത്. കാരണങ്ങൾ വ്യക്തമല്ല.

സമൂഹത്തിൽ  നൈസർഗികമായ പ്രതിരോധത്തിൻറെ (immunity) അഭാവം ഈ വൈറസിനെ ഏറെ അപകടകാരിയാക്കുന്നു. കാരണം, കൊറോണാ family യിൽ പുതിയ അംഗമായി എത്തിയ ഈ COVID19 ആർക്കും ഇതിനു മുൻപു വന്നിട്ടില്ല എന്നതു തന്നെ.

ചുരുക്കിപ്പറഞ്ഞാൽ, ആദ്യത്തെ കേസ് "index case" മാത്രമുള്ള സ്റ്റേജിൽ പിടിച്ചു കെട്ടാനായാൽ രക്ഷപെട്ടു, ഇല്ലെങ്കിൽ പ്രയാസമാണ്.  ലോകമെമ്പാടുമുള്ള  അനുഭവം ഇതു സാക്ഷ്യപ്പെടുത്തുന്നു.

🔴ഒരുദാഹരണം പറയാം. ചുവന്ന മഷിയുടെ ഒരു തുള്ളി ഒരു ഗ്ലാസ് വെള്ളത്തിൽ വീഴുന്നതു പോലെയാണ് COVID 19 പുതുതായി ഒരു ദേശത്ത് എത്തിച്ചേരുന്നത്.

ആദ്യം ഒറ്റ തുള്ളിയായിരിക്കും (index കേസ്). അതിനെ തക്ക സമയത്തു കണ്ടെത്തി മാറ്റി നിർത്തിയാൽ വെള്ളം മുഴുവൻ ചുകപ്പാകാതെ രക്ഷപ്പെടാം. നാമിപ്പോൾ കേരളത്തിൽ കാണുന്ന അവസ്ഥ, ആ മഷിത്തുള്ളി വെള്ളത്തിലേക്ക് പതിക്കാൻ പോകുന്ന, നിർണായകമായ ആ നിമിഷം ആണ്. ഈ ഘട്ടത്തിൽ തടഞ്ഞു നിർത്താനായാൽ നാം വിജയിച്ചു.

ഇപ്പോൾ തടയാനായില്ലെങ്കിൽ പിന്നെ, index case സ്റ്റേജ് എന്നത്‌ community spread സ്റ്റേജിലേക്കു പോകുന്നു. അതായത് ഗ്ലാസിലെ  വെള്ളം മൊത്തം ചുകപ്പായ അവസ്ഥ. അങ്ങനെ സംഭവിച്ചാൽ, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പരിമിതികൾ ഏറെയുള്ള നമ്മുടെ ആരോഗ്യമേഖലയ്ക്ക് ഒരു പക്ഷേ കാര്യമായൊന്നും ചെയ്യാൻ സാധിച്ചെന്നു വരില്ല.

2. COVID ബാധിത രാജ്യങ്ങളിൽ നിന്നും അടുത്ത ദിവസങ്ങളിൽ നാട്ടിൽ വന്നവർ സമൂഹത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.

ഇവർക്കു നൽകപ്പെട്ടിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങൾ കർശനമായി ഇവർ പാലിക്കേണ്ടവരാണ്, അല്ലാതെ അവരവർക്ക് തോന്നിയതു പോലെ അലഞ്ഞു നടക്കുകയില്ല വേണ്ടത്‌.
ഇവരിൽ ഒരാളിൽ നിന്നും അനേകായിരം ആൾക്കാർക്ക് വൈറസ് പകരാം എന്നത് പാവം ഇറ്റലിയുടെ ദുരനുഭവം നമ്മെ പഠിപ്പിക്കുന്നു.

മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പഠിക്കുന്നതാണല്ലോ  സ്വയം അപകടത്തിൽ ചാടുന്നതിലും നല്ലത്. ഇന്നു നമ്മൾ സൂക്ഷിച്ചാൽ ഇറ്റലിയുടേതു പോലെയുള്ള ദുരവസ്ഥ നമുക്ക് ഒരു പക്ഷെ ഒഴിവാക്കാൻ സാധിച്ചേക്കും.

COVID-19-ൻറെ case fatality rate ആയ 3.5% അല്പം കുറവല്ലേ എന്നു ചിലർക്ക് തോന്നാമെങ്കിലും, (നൂറു പേർക്കു രോഗം വന്നാൽ എത്ര പേർ മരണപ്പെടും എന്ന കണക്ക്) പിടി വിട്ടു പോയാൽ മൂന്നേകാൽ കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൊച്ചു കേരളത്തിൽ മാത്രം എത്ര ജീവൻ ഈ വൈറസ് അപഹരിച്ചേക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മാത്രവുമല്ല, പ്രായം ചെന്നവരിൽ മരണ സാധ്യത 15% വരെ ഏറുന്നു, അതായത് ആറു പേരിൽ ഒരാൾ മരണപ്പെടാം. പ്രമേഹരോഗികളിലും, ശ്വാസകോശരോഗമുള്ളവരിലും ഹൃദ്രോഗമുള്ളവരിലും മരണസാധ്യതയേറുന്നു.

🟩 പൊതുജനങ്ങൾ ഈ ഘട്ടത്തിൽ കണിശമായും ചെയ്യേണ്ട കാര്യങ്ങൾ:

1. ഓരോരുത്തരും, ഒഴിവാക്കാവുന്ന പൊതു ചടങ്ങുകൾ ഒഴിവാക്കുക. തിരക്കുള്ള എല്ലാ സ്ഥലത്തു നിന്നും വിട്ടു നിൽക്കുക.

2. ഹസ്‌തദാനം ഒഴിവാക്കുക; പനി സീസണിൽ ഷേക്ക് ഹാൻഡ് കൊടുക്കുന്നത് മറ്റൊരാളുടെ വിരലുകളിൽ പറ്റിയിരിക്കുന്ന രോഗാണുക്കൾ നമ്മുടെ കയ്യിൽ വന്നെത്താനുള്ള എളുപ്പ മാർഗമായാണ് വൈദ്യശാസ്ത്രം കാണുന്നത്.

3. പൊതുസ്ഥലങ്ങളിൽ പോകുന്നവർ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകാൻ ശ്രദ്ധിക്കണം. ഇരുപതു സെക്കണ്ടെങ്കിലും എടുത്തു വേണം കഴുകാൻ. യാത്ര, ജോലി എന്നിവയ്ക്കിടയിൽ Alcohol based ആയിട്ടുള്ള hand sanitisers ഉപയോഗിക്കാവുന്നതാണ്. നിരന്തരം നാം സ്പർശിക്കുന്ന മൊബൈൽ ഫോൺ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാനും മറക്കരുത്.

4. വിരലുകൾ കൊണ്ട് മുഖത്ത് ഇടയ്ക്കിടയ്ക്ക് സ്‌പർശിക്കാതിരിക്കുക.

5. അനേകം പേർ പിടിക്കാനിടയുള്ള ഡോർ ഹാൻഡിലുകളിലും ഗോവണിപ്പടിയുടെ റൈലിങ്ങുകളിലും പൊതു സ്ഥലത്തുള്ള ടാപ്പുകളിലും മറ്റും കഴിവതും  സ്‌പർശിക്കാതിരിക്കുക

6. ചുമ, തുമ്മൽ മുതലായവ ഉള്ളവരിൽ നിന്നും പരമാവധി (മൂന്നടിയെങ്കിലും) അകലം പാലിക്കുക. അഥവാ പനി ചുമ ജലദോഷം എന്നിവ പിടിപെട്ടാൽ വീട്ടിൽ ഒതുങ്ങിക്കഴിയുക. പനി മാറി രണ്ടു ദിവസം കഴിയാതെ സ്‌കൂളിലോ ജോലിസ്ഥലത്തോ പൊതുസ്ഥലത്തോ പോകരുത്.

7. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടു മടക്കി അതിലേക്കു തുമ്മുക, നമ്മുടെ ഉള്ളിലെ സ്രവങ്ങൾ മറ്റുള്ളവരുടെ ദേഹത്തോ നമ്മുടെ വിരലുകളിലോ പറ്റിയിരിക്കാതിരിക്കാൻ ഇതുപകരിക്കും. ഏതു വൈറൽ പനി വന്നാലും പാലിക്കേണ്ട ശീലങ്ങളാണിവ.

8. രോഗലക്ഷണങ്ങൾ ഇല്ലാത്ത പൊതുജനങ്ങൾ mask ധരിക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല. മാത്രമല്ല , മാസ്ക് ഇടയ്ക്കിടകയ്ക്ക് അഡ്‌ജസ്‌റ് ചെയ്യുന്നതു മൂലം കൂടുതൽ തവണ മുഖത്തും  മറ്റും വിരലുകൾ സ്‌പർശിക്കാനിടയാകും, അതു വൈറസ് കയറാനുള്ള റിസ്‌ക് കൂട്ടുകയും ചെയ്യും.

9. എന്നാൽ, സാധാരണ പനി ജലദോഷം ചുമ ഉള്ളവർ പൊതുസ്ഥലത്തു പോകാൻ ഇടയായാൽ  സാധാരണ സർജിക്കൽ മാസ്ക് ധരിക്കുന്നത് മറ്റുള്ളവർക്ക് ഒരു സുരക്ഷയാണ്. രോഗിയുടെ droplets മറ്റുള്ളവർ ശ്വസിക്കാതിരിക്കാൻ ഉപകരിക്കും. ഇതിന്റെ നിറമുള്ള ഭാഗം പുറത്തു കാണത്തക്ക രീതിയിലാണ് ധരിക്കേണ്ടത്. Reuse ചെയ്യാൻ പാടുള്ളതല്ല.

10. COVID ബാധിത രോഗികളെ ശുശ്രൂഷിക്കുന്നവർ N 95 mask ധരിക്കേണ്ടതാണ്, PPE personal protective equipment -ൻറെ കൂടെ. നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകുന്നതാണ്. ഈ മാസ്‌ക്കുകളുടെ പ്രത്യേകത, അടുത്തു നിൽക്കുന്ന രോഗി ചുമയ്ക്കുമ്പോഴും മറ്റും പുറപ്പെടുവിക്കുന്ന droplets അഥവാ കണങ്ങൾ ഉള്ളിൽ കടത്തി വിടുകയില്ല എന്നതാണ്.

🟩 വിദേശത്തു നിന്നും വന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. COVID ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ കൃത്യമായി യാത്രാ വിവരം എയർപോർട്ട് സ്‌ക്രീനിങ്ങിലും പിന്നീട് ആരോഗ്യ പ്രവർത്തകരെ കാണുമ്പോഴും വെളിപ്പെടുത്തുക. നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും നിർബന്ധമായും 28 ദിവസം വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയുക. ഇതിന് home quarantine എന്നു പറയും. ഇവർ വീട്ടിലെ   കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോൾ  കുറഞ്ഞത് മൂന്നടി  അകലം  പാലിക്കാൻ ശ്രദ്ധിക്കണം. ഈ കാലയളവിൽ വീട്ടിൽ പൊതു പരിപാടികൾ സംഘടിപ്പിക്കുകയോ അത്തരം പരിപാടികളിൽ പെങ്കടുക്കുകയോ  ചെയ്യരുത്. വീട്ടിൽ എത്തിയ വിവരം ജില്ലാ  കണ്ട്രോൾ  റൂമിൽ അറിയിക്കണം.

മാത്രവുമല്ല, ഒരു മുൻകരുതലായി ഈ വീടുകളിൽ താമസിക്കുന്ന കുട്ടികൾ 28 ദിവസത്തേക്ക് സ്‌കൂളിൽ പോകരുത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

3.COVID ബാധിത രാജ്യങ്ങളിൽ നിന്നും രോഗ ലക്ഷണങ്ങളോടെ വന്നവർക്ക് എയർപോർട്ടിൽ നിന്നും ഉടൻ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശങ്ങളുണ്ട്. പരിശോധനയ്ക്കു ശേഷം അഡ്മിറ്റ് ചെയ്യുകയോ സ്വന്തം വീട്ടിൽ 28 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിനു (home quarantine) വിടുകയോ ചെയ്യും. ടെസ്റ്റിംഗ് ഫലം ആലപ്പുഴ വൈറോളജി ഇന്സ്ടിട്യൂട്ടിൽ നിന്നും അടുത്ത ദിവസം തന്നെ ലഭിക്കും.

4. COVID രോഗിയുമായി സമ്പർക്കം വരാനിടയായ വ്യക്തികൾക്ക് 28 ദിവസത്തെ home quarantine വേണ്ടതാണ്.

5. COVID ബാധിത രാജ്യങ്ങളിൽ നിന്നും നല്ല ആരോഗ്യത്തോടെ, രോഗ ലക്ഷണങ്ങളില്ലാതെ നാട്ടിൽ വന്നവരിൽ പിന്നീട് രോഗ ലക്ഷണങ്ങൾ (പനി, ചുമ, ശ്വാസം മുട്ട്) പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുക, നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കുക.

വൈറസ് ബാധയുള്ളവരാണെങ്കിൽ സാധാരണ ഗതിയിൽ യാത്ര ചെയ്തത് 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും, എങ്കിലും 28 ദിവസം വരെ ജാഗ്രത വേണ്ടതാണ്.

മേല്പറഞ്ഞ രോഗ ലക്ഷണങ്ങൾ വന്നാൽ പ്രൈവറ്റ് ക്ലിനിക്കുകളിൽ ചെന്ന് സമയം കളയരുത്, ആരോഗ്യ വകുപ്പിൻറെ നിർദ്ദേശപ്രകാരം സജ്ജീകരിച്ചിട്ടുള്ള ആശുപത്രികളിലാണ് പോകേണ്ടത്. അല്ലാതെ പല സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞാൽ പിന്നീട് track ചെയ്യേണ്ട contacts - ൻറെ  പട്ടിക ഏറെ നീണ്ടതാകും , പിടിച്ചാൽ കിട്ടാത്തയത്രയും ദൂരം വൈറസ് വ്യാപിക്കാനും ഇടയാകും.

ഈ നിർദ്ദേശങ്ങൾ ഉണ്ടാക്കിയത്, തങ്ങളേക്കാൾ ഏറെ അറിവും വൈദഗ്‌ധ്യവും ഉള്ളവരാണെന്നു മറക്കരുത്. അവനവൻറെ സൗകര്യത്തിനു വളച്ചൊടിക്കാനുള്ളതല്ല ഈ നിർദ്ദേശങ്ങൾ. രാജ്യത്തിൻറെ സുരക്ഷയാണ് ഇവിടെ വിഷയം എന്ന് ഓർമ വേണം.

പുതിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് വിദേശയാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ മാറാനിടയുണ്ട് എന്നോർക്കുക.

🟩 COVID ബാധിത രാജ്യങ്ങളിൽ നിന്നും വരാത്തവർ, അത്തരം വ്യക്തികളുമായി യാതൊരു സമ്പർക്കവും ഇല്ലാത്തവർ ഈ അവസരത്തിൽ ആശങ്കപ്പെടേണ്ടതില്ല. എല്ലാ വർഷവും പനിയും ജലദോഷവും വരുന്ന പോലെ ഈ വർഷവും വന്നു പോകും. ശ്വാസം മുട്ട് , നിർത്താതെയുള്ള ചുമ ഇവ ഉണ്ടെങ്കിൽ മാത്രം ഡോക്ടറുടെ പക്കൽ  പോകുക.

🟩 Please note:

1.  UNICEF മുതലായ പേരുകൾ ചേർത്തുള്ള വ്യാജ സന്ദേശങ്ങൾ നിരാകരിക്കുക, ഫോർവേഡ് ചെയ്യാതിരിക്കുക.

2. DHS (Kerala Directorate of Health Services) CDC, WHO  വെബ്‌സൈറ്റിൽ എല്ലാ വിവരങ്ങളും ലഭ്യമാണ്.

3. COVID19 ന് മരുന്നോ വാക്‌സിനോ പ്രതിരോധമോ ഇന്നേ വരെ കണ്ടെത്തിയിട്ടില്ല, അഥവാ കണ്ടെത്തിയാൽ ആരോഗ്യവകുപ്പ് അന്നേ ദിവസം ജനങ്ങളെ അറിയിച്ചിരിക്കും. ഇല്ലാത്ത ചികിത്സയെ പറ്റി അഭ്യൂഹങ്ങൾ പരത്തുന്നത് വലിയ തെറ്റാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

🟩 അതിവേഗം പ്രചരിക്കുന്ന വ്യാജവാർത്തകൾ ഒരു പ്രശ്നം തന്നെ. വാസ്തവം ഇപ്രകാരം:

1. വെളുത്തുള്ളി, രസം, മദ്യം എന്നിവ ഫലപ്രദമല്ല

2. തൊണ്ട നനച്ചു കൊണ്ടിരുന്നാൽ യാതൊരു ഗുണവുമില്ല

3. ചൂടു കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ വൈറസ് വരില്ല എന്നുള്ളത് വ്യാജ പ്രചാരണമാണ്. COVID 19 ധാരാളം കണ്ടു വരുന്ന  സിങ്കപ്പൂർ മലേഷ്യ ഇവിടങ്ങൾ  കേരളത്തേക്കാൾ ചൂടുള്ള സ്ഥലങ്ങൾ ആണ് എന്നോർക്കുക

4. 'പ്രതിരോധം കൂട്ടാൻ' ഒരു മരുന്നും ഇന്നേ വരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല, അവകാശവാദങ്ങൾ അനവധിയുണ്ടെങ്കിലും.

5. ചൈനയിൽ നിന്നുമുള്ള പാക്കേജുകൾ കൈപ്പറ്റുന്നത് വൈറസ് ബാധ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. 

6. ആന്റിബയോട്ടിക്കുകൾ കൊറോണയ്ക്ക് ഫലപ്രദമല്ല

🟩 ചില പ്രധാനപ്പെട്ട നമ്പറുകൾ:

Ernakulam District monitoring cell COVID19 04842368802
Ernakulam DMO Dr NK Kuttappan   9496545066
Ernakulam DSO Dr Sreedevi 9447811295
EKM Nodal Officer Dr A. Fathahudeen 98472 78924
DISHA helpline 1056 അല്ലെങ്കിൽ 0471 2552056