2019, ഏപ്രിൽ 13, ശനിയാഴ്‌ച

ഞാൻ കണ്ട ബാബു പോൾ സാർ

ഒരു അതികായനായിരുന്നു ഡോ ബാബു പോൾ ഐഎസ്. സമയത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വ്യത്യസ്തമായി അദ്ദേഹം എന്നെ പലപ്പോഴും ചിന്തിപ്പിപ്പിച്ചിട്ടുണ്ട്.  എന്റെ ജീവിതം വഴിതിരിച്ച് വിടാൻ നിർണ്ണായകമായ ഒരു പങ്ക് വഹിച്ച വ്യക്തിയാണ് ബാബു പോൾ സാർ.

2009ൽ ആണ് ഞാൻ ആദ്യമായി സാറിനെ കാണുന്നത്. അന്ന് തിരുവനന്തപുരം പള്ളിയിൽ അദ്ദേഹം മാസത്തിൽ രണ്ടു തവണ എങ്കിലും പ്രസംഗിക്കുമായിരുന്നു. ഓരോ പ്രാവശ്യവും അദ്ദേഹത്തിന്റെ വാക്കുകൾ കാതോർക്കാൻ  കൊതിയോടെ കാത്തിരിക്കും.പിന്നീട് ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകുവാൻ ഇടയായി.

ഒരുപക്ഷെ ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരാളുമായി നേരിൽ സംസാരിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ വളരെ ആശങ്കാകുലനായിരുന്നു. ക്രത്യ സമയത്തിന് മുമ്പേ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. എന്നാൽ വാതിൽ അടച്ചിട്ടിരിക്കുകയാണ്. ബെല്ലടിക്കാമെന്ന് വിചാരിച്ചു മുന്നോട്ട് കാൽ വച്ചപ്പോഴാണ് അത് വായിച്ചത്. "ബെൽ അടിക്കേണ്ടതില്ല. അകത്തിരിക്കുന്നവൻ എല്ലാം അറിയുന്നു. ആഗോള തപനം തടയുക. മരം നടുക". ഞാൻ ആകെ വിയർക്കാൻ തുടങ്ങി.

എന്നാൽ കൃത്യസമയം ആയപ്പോൾ അദ്ദേഹം പേര് പറഞ്ഞു എന്നെ അകത്തു വിളിച്ചു. പഠനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിച്ചു. പിന്നീട് വളരെ നാളുകൾ ആ ആശയവിനിമയം സജീവമായി. ഞാൻ എഴുതുന്നതിലെ ഭാഷ പിശകുകൾ അദ്ദേഹം തിരുത്തി നൽകിയതും ഹിന്ദു ദിനപത്രം നിരന്തരം വായിക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടക്കദിവസങ്ങളിൽ ഞാൻ പലപ്പോഴും ആറു മണിക്കൂർ വരെ പത്രം വായിക്കാൻ സമയം ചെലവഴിച്ചിരുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും അറിയാത്ത വാക്കുകൾ എഴുതി വച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. ഏകദേശം ആറു മാസം ആ പ്രവർത്തി തുടർന്നു. അങ്ങനെ പതിയെ പതിയെ എനിക്ക് മനസിലാക്കാം എന്ന നിലയിൽ എത്തി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, ആ കാലങ്ങളെല്ലാം മറക്കാൻ ആകാത്തതായിരുന്നു എനിക്ക്.

ഞാൻ എന്ന അൽപ പ്രാണിയെ പരിഗണിക്കാൻ ആ മഹാപ്രതിഭ എന്തുകൊണ്ട് മനസ്സ് കാണിച്ചു എന്നത് ഇന്നും ഇനിക്ക് ഊഹിക്കാനാകുന്നില്ല.  എങ്കിലും ബാബു പോൾ സാർ എന്ന ആ വലിയ മനുഷ്യന്റെ പരപ്പും ആഴവും മനസ്സിലാക്കുന്നതിനും  ആശയവിനിമയം നിലനിർത്തുന്നതിനും ആ പ്രായത്തിൽ ഞാൻ പക്വത ആർജിച്ചില്ല എന്ന കുറ്റബോധവും എനിക്ക് ഉണ്ട്‌. വിജ്ഞാനസാഗരമായ ബാബു പോൾ സാർ മറക്കാനാകാത്ത ബഹുമുഖ പ്രതിഭയ്ക്ക് ഹൃദയത്തിൽ നിന്നും ആദരാഞ്ജലികൾ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ