2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

കോവിഡ് കാലത്തെ ലോകം

കോവിഡ് കാലത്ത് ചിന്തിക്കാൻ...
എപ്പോഴും നാം അതിജീവിക്കാറാണ് പതിവ്. കോവിഡും അങ്ങനെ തന്നെ ആകും എന്ന് നമുക്ക് ആശിക്കാം. ലോക്ക് ഡൌൺ സമാനമായ സാഹചര്യം എന്ന് വരെ നിലനിൽക്കും എന്നതിൽ  ആർക്കു വ്യക്തതയില്ല. എന്നാൽ അധികം കാലം ഇതു വഹിക്കാൻ നമുക്ക് ആവുകയില്ല.

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്നാണല്ലോ. ഇത് അതിജീവന്റെ പ്രശ്നമാണ്. വിശപ്പിനോടുള്ള മല്ലിടൽ ആണ്.  എന്തിനും അപ്പുറം നിലനിൽപ്പിന്റെ പോരാട്ടമാണ്.  സഹിക്കുന്നതിനു അതിരുണ്ട്, അതിരു വിട്ടാൽ ചിന്തകൾക്ക് അപ്പുറമായ പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത്. ഈ പോരാട്ടത്തിൽ നാം പരാജയപ്പെട്ടുകൂടാ.

അതിജീവനത്തിന്റെ ആശയങ്ങൾ ആണ് നമ്മെ വഴി കാണിക്കേണ്ടത്. ചില കാര്യങ്ങൾ എങ്കിലും ഈ സമയത്ത് നമുക്ക് നന്നാക്കുവാൻ കഴിയും.

1. ഇതു വരെ നാം ജോലി ചെയ്തിരുന്നത് സമയത്തിനാണ്. എന്നാൽ   ഇനി ജോലി അളക്കാനാണ് ശ്രമിക്കേണ്ടത്. ബയോമെട്രിക് പഞ്ചിങ്ങിൽ മാത്രം ഒതുങ്ങുന്ന ജോലികൾ പുനർവിചിന്തനം ചെയ്യണം.  ഒട്ടുമിക്ക പ്രൈവറ്റ് സ്ഥാപനങ്ങളും ഇത് സ്വായത്തമാക്കി കഴിഞ്ഞു. ഇപ്പോൾ ലോഗിൻ ID യും പാസ്സ്‌വേർഡും എല്ലാവർക്കും ഉണ്ട്. എത്ര ജോലി ചെയ്തു എന്ന് ക്രത്യമായി വേണ്ടപ്പെട്ടവർക്ക് വിലയിരുത്തുവാൻ കഴിയും. സർക്കാർ സ്ഥാപനങ്ങൾ ആണ് ഈ കാര്യത്തിൽ കൂടുതൽ പ്രവർത്തിക്കേണ്ടത്. ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഓരോരുത്തരും എത്രമാത്രം ജോലി ചെയ്തു എന്നത് വിലയിരുത്തിയാൽ കാര്യങ്ങൾ വ്യക്തമാകും. അക്കൗണ്ടബിലിറ്റി ഇല്ലാത്തതാണ് പല സർക്കാർ ഉദ്യോഗങ്ങളും എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. എന്നാൽ പണിയെടുക്കാത്തപ്പോഴും ശമ്പളം ലഭിക്കും എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

2. ഈ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്നെ വർക്ക്‌ ഫ്രം ഹോം (WFH) വളരെ സജീവമായി കഴിഞ്ഞു. ഏതെല്ലാം ജോബ് റോളുകൾ WFH ആക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് വ്യക്തമായ  ധാരണ ആയി കഴിഞ്ഞു. WFH എഫക്റ്റീവ് ആയാൽ വലിയ നേട്ടമാണ് കൈ വരുന്നത്. സ്ഥാപനങ്ങൾക്ക് സ്പേസ് കോൺസ്ട്രയിന്റ്സ് മികച്ച രീതിയിൽ പരിഹരിക്കാൻ സാധിക്കും. അത് വഴി ഉണ്ടാകുന്ന റിസോഴ്സ് യൂട്ടിലൈസഷൻ (Power, water, supporting staff and infrastructure, conveyance etc. ) വളരെ അധികം നിയന്ത്രിക്കുവാൻ സാധിക്കുന്നു. നിരത്തുകളിലെ തിരക്ക്, വായു മലിനീകരണം, അപകടങ്ങൾ എന്നിവയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും.
ഹോം ഡെലിവറി എന്ന ആശയം സജീവമാണ്. ഒട്ടുമിക്ക സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കാൻ സാധ്യമായി. എന്തിനു നീണ്ട ക്യു നിൽക്കേണ്ടി വരുന്ന സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ഒട്ടും ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കാം. സർക്കാർ വൃത്തങ്ങൾ ഇത് സജീവമായി പരിഗണിക്കേണ്ടത് ആണ്.

3. വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കുള്ള സാധ്യതയാണ് കാണുന്നത്. പുതിയ തരം ഒരു ലേർണിംഗ് സ്റ്റൈൽ തന്നെ രൂപപ്പെടുന്നു എന്ന് പറയാം. ഫുൾ ടൈം കോഴ്സുകളെക്കാൾ മികച്ച ഫലം ഇത്തരം വെർച്യുൽ ഇടങ്ങൾ നൽകുന്നു എന്നതാണ് യാഥാർഥ്യം. ഏറ്റവും മികച്ച ഓൺലൈൻ കോൺടെന്റ് (CONTENT) രൂപപ്പെടുത്താനും മോണിറ്ററിങ് & Evaluation ഡിജിറ്റിലൈസ് ചെയ്യുവാനും പരീക്ഷകൾ പ്രോക്ടറെഡ് (Proctored) ആക്കുവാനുമുള്ള സുവർണ്ണാവസരം ആണിത്. കുട്ടികളെ നാലു ചുവരുകൾക്ക് അപ്പുറം ഉള്ള ക്ലാസ്സ്‌ മുറികളിൽ നിന്ന് പുറത്ത് കൊണ്ട് വരുവാൻ ഈ ഡിജിറ്റൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. വളരെ പ്രഗൽഭ്യമുള്ള  സർക്കാർ സ്കൂൾ അധ്യാപകരെ ഇതിനു സജ്ജമാക്കാൻ ഭരണാധികാരികൾ മുൻകൈ എടുക്കണം. ചിലവുകളെക്കാൾ മികച്ച നേട്ടമാണ് ഈ മേഖലയിൽ നമ്മെ കാത്തിരിക്കുന്നത്.

4. വലിയ തോതിൽ ഉള്ള പ്രവാസി തിരുച്ചു വരവിനു (റിവേഴ്‌സ് മൈഗ്രേഷൻ ) നാം ഒരുങ്ങുകയാണ്. ഇവർ ഇനി എന്ത് ചെയ്യും എന്നുള്ളതിനുള്ള ഉത്തരം സർക്കാരിന്റെ കയ്യിൽ തന്നെയാണ്. പല പ്രവാസികളും പണം കൊണ്ടും കഴിവ് കൊണ്ടും പ്രാപ്തരാണ് എന്ന വസ്തുത വിലയിരുത്തുമ്പോൾ അതിനു അനുയോജ്യമായ സാഹചര്യം ഒരുക്കാൻ സർക്കാർ മുന്നോട്ട് വരേണ്ടതാണ്. നമ്മെ സ്വയം പര്യാപ്തരാക്കുന്ന നിരവധി സംഭരംഭങ്ങൾ വളർന്ന് വരണം.  ഒപ്പം തന്നെ ഗ്രാമീണ മേഖലയിൽ താറുമാറായിരിക്കുന്ന സമ്പത് വ്യവസ്ഥയെ പുനർജീവിപ്പിക്കേണ്ടത് ഉണ്ട്. ഈ കോവിഡ് കാലം കഴിയുമ്പോൾ അത് പ്രാവർത്തികമാക്കാൻ സർക്കാരിനു ആകണം. ഉദ്യോഗസ്ഥ സമൂഹത്തോടും പൊതുജനങ്ങളിൽ നിന്നും വൻ തോതിൽ അതിജീവനത്തിന്റെ ആശയങ്ങൾ  ശേഖരിക്കാൻ സർക്കാർ വൃന്ദങ്ങൾ ശക്തമായ ശ്രമം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

5. കോവിഡിന്റെ സാഹചര്യത്തിൽ കടുത്ത തദ്ദേശവൽക്കരണവും വികേന്ദ്രീകരണവും അനിവാര്യമാവുകയാണ്. രാജ്യങ്ങൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും കടുത്ത നിയന്തണങ്ങൾ വളരെ നാൾ തുടരാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ചിന്തിക്കേണ്ടത് ആണ്. നാട്ടിൽ ഉല്പാദിപ്പിക്കാൻ കഴിയുന്ന എല്ലാ വിഭവങ്ങളും ഉണ്ടാക്കുവാൻ നമുക്ക് ആകണം. അതിനു ആവശ്യമായ സാങ്കേതിക വിദ്യയും പരിശീലനവും ആർജ്ജിക്കണം. അന്യസംസ്ഥാന തൊഴിലാളികളുടെ അഭാവത്തിലും കാര്യങ്ങൾ  എങ്ങനെ സാധ്യമാകും എന്നതും പ്രസക്തമായ ചിന്തയാണ്. കാർഷിക മേഖല ഒട്ടും തള്ളി കളയാൻ പാടില്ല എന്ന തിരിച്ചറിവും ഉണ്ടായാൽ നന്ന്.

6. തൊഴിലാളികൾ കൂട്ടമായി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. പലരും മടങ്ങി വരാൻ ധൈര്യപ്പെടുകയില്ല. ഏത് നിർമ്മാണ മേഖലയിലും മറ്റും കടുത്ത പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോൾ പട്ടിണിയിൽ ആയിരിക്കുന്നവരെ സുരക്ഷിതമായി അവരുടെ നാടുകളിൽ എത്തിക്കാൻ എത്രയും പെട്ടന്ന് ക്രമീകരങ്ങൾ ചെയ്യണം. അതുപോലെ തന്നെ തൊഴിലാളികളുടെ തിരിച്ചുവരവിനു വേണ്ട കോൺഫിഡൻസ് measures സർക്കാർ പരിഗണിക്കണം.

7. പൊതുഗതാഗതവുമായി ബന്ധപ്പെട്ട നിരവധി ജോലികൾ തടസ്സപ്പെട്ടിരിക്കുന്നു. എന്നാൽ അത് പൂർത്തിയാക്കുവാൻ  ഒരു പക്ഷെ ഇപ്പോൾ സാധ്യമായേക്കും. പാലാരിവട്ടം പാലം പോലെയുള്ള നിർമ്മാണങ്ങൾ തിരക്കൊഴിഞ്ഞ ഈ സമയത്ത് നടത്താൻ സാധിക്കുമോ എന്ന് ചിന്തിക്കണം. 

8. വിനോദ സഞ്ചാര മേഖലയുടെ നട്ടെല്ല് ഒടിഞ്ഞു എന്ന് തന്നെ പറയാം. കോവിഡിന് ശേഷം അതിനെ അതിജീവിച്ച 'God's Own Country' എന്ന ഖ്യാതി നാം നേടണം. സഞ്ചാരപ്രേമം വളർത്താൻ വേണ്ട ഉത്തേജകങ്ങൾ പ്രയോഗിക്കണം.

9. നിർമ്മിത ബുദ്ധിയുടെ കാലമാണ്. കടുത്ത അകലം പാലിക്കാൻ നാം നിര്ബന്ധിതർ ആകുമ്പോൾ AI യുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. റോബോട്ടും ഓട്ടോമേഷനും നാം പ്രയോഗത്തിൽ വരുത്തണം. മനുഷ്യന് എത്തിപ്പെടാൻ  കഴിയാത്ത മേഖലകളിൽ അവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇനി അങ്ങോട്ട് മനുഷ്യരേക്കാൾ റോബോട്ടുകളെ ആശ്രയിക്കുവാൻ സോഷ്യൽ ഡിസ്റ്റൻസിങ് മനുഷ്യനെ പ്രേരിപ്പിക്കും എന്നതും തള്ളിക്കളയാൻ ആകില്ല.

10. കോവിഡ് കാലത്തു സന്നദ്ധ പ്രവർത്തനത്തിന്  തയ്യാറായി മുന്നോട്ട് വന്നവർ ലക്ഷകണക്കിന് പേരാണ്. ആ സുമനസ്സുകളുടെ സേവന മനോഭാവും സന്നദ്ധതയും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കണം. കേവലം ശുചീകരണം സാമൂഹിക സേവനം അവയിൽ ഒതുങ്ങാതെ രാജ്യത്തിന്റെ വികസനത്തിന്‌ അവരെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കാം. ഈ അമൂല്യ വിഭവം ഒരിക്കലും നഷ്ടം ആക്കരുത്.

ഓരോ ദുരന്തങ്ങൾക്ക് ശേഷവും ലോകം അത്ഭുതപൂർവ്വം ഉയർത്തെഴുന്നേറ്റട്ടുണ്ട്. ഭാഗ്യവശാലോ നിര്ഭാഗ്യവശാലോ ആ ഒരു  ട്രാന്സിഷന് ഭാഗഭാക്കാകുവാൻ നിര്ണയിക്കപ്പെട്ടവരാണ് നാം. തളർന്നരുന്നാൽ നഷ്ടം മാത്രം ഒന്ന് ഉണർന്ന് പ്രവർത്തിച്ചാൽ എല്ലാം മറികടക്കാം.

(ഡോ. പോൾ വി മാത്യു, Chief Minister  Fellow,  Govt of Delhi)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ