2020 ഏപ്രിൽ 18, ശനിയാഴ്‌ച

പ്രവചനവും പാഴ് വാക്കും

2020 റീഇൻസ്ടാൾ ചെയ്യാൻ പ്രാര്ഥിക്കുന്നവരാണ് പലരും. ഭീതിപ്പെടുത്താനല്ല. ഒരുപക്ഷെ ചില തയ്യാറെടുപ്പുകൾ നമ്മെ സഹായിക്കുമെന്ന് കരുതിയാണ്.

ഈ കഴിഞ്ഞ ദിവസം The Nature ജേർണൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നതും ആ പാളികൾ ലോകം കണ്ടതിൽ വച്ചു ഏറ്റവും നേർത്തതും ആയതായി രേഖപ്പെടുത്തിയിരിക്കുന്നു.  ഇത് സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരാൻ ഇടയാക്കിയേക്കാം എന്ന് മുന്നറിയിപ്പ് നൽകുന്നു.  തമിഴ്നാട്ടിലെ വെതർമാൻ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ കൊണ്ട് പേരുകേട്ട ആളാണ്. കേരളത്തിൽ ഈ വർഷം വെള്ളപ്പൊക്കം ഹാട്രിക് നേടുമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. വര്ഷങ്ങളുടെ കാലാവസ്ഥ കണക്കുകൾ നിരത്തി വെതർമാൻ പറയുന്നു, 1920 നുശേഷം 100 ആണ്ടു തികയുന്ന 2020ൽ 1920 കാലം  ആവർത്തിച്ചേക്കാം. 2300-2500 mm മഴ കേരളത്തെ മുക്കാൻ പ്രാപ്തമാണ്.  1922, 1923, 1924 ഇപ്രകാരം സംഭവിച്ചിരുന്നു.

പ്രവചനകൾക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും നിരവധി കാര്യങ്ങൾ ക്രത്യമായി പ്രവചിച്ച  പ്രവചനങ്ങളുടെ രാജാവായ നൊസ്റ്റാർഡമാസ്‌ ആണ് നമ്മെ ഇപ്പോൾ ഭയപ്പെടുത്തുന്നത്. 2020ൽ കൊടുങ്കാറ്റ്, ഭൂമികുലുക്കം, സമുദ്രനിരപ്പ് ഉയരുന്നത് തുടങ്ങിയ ചിലത് അദ്ദേഹം പ്രവചിച്ചിട്ടുണ്ട് അത്രേ. ഇതിൽ ഒന്നു കേരളത്തെക്കിറിച്ചു ആണെന്നാണ് നോസ്ട്രഡാമസ് ഭക്തരുടെ വാദം.
 "ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും . പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും." (1577). ഇതു ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളെക്കുറിച്ചാണെന്നും വെള്ളത്തിന്റെ ആധിക്യത്താൽ കുറവൻ കുറത്തി മലകൾക്ക് അത് താങ്ങാൻ സാധിക്കുകയില്ല എന്നും ഭൂമികുലുക്കത്തോടെ അത് പ്രവഹിച്ചു ഉയർന്നു വന്ന പുതുനഗരമായ കൊച്ചിയെ ഇല്ലാതാക്കി രക്തനദിയായി ഒഴുകുമത്രേ.

കൊറോണയുടെ ഭീതിയിൽ കഴിയുന്ന കേരള ജനതയ്ക്ക് ഇതു താങ്ങാവുന്നതിൽ അപ്പുറം ആണ് എന്ന് മനസ്സിലാക്കുമ്പോഴും വെള്ളപൊക്കത്തിന്റെ ശാസ്ത്രീയത കൂടി ചിന്തിക്കുവാനാണ് ഇത്തരം ഒരു പോസ്റ്റ്‌ ഇട്ടത്.  വളരെ ചെറിയ മഴയിൽ പോലും നാട് മുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. പണ്ട് കാലത്തു ഇല്ലാത്ത ഒരു പതിവാണ് ഇതു. ഏറ്റവും ചെരിഞ്ഞ ഭൂമിയുള്ള കേരളത്തിൽ സമുദ്രത്തിലേക്ക് വെള്ളം ഒഴികിപ്പോകാൻ കഴിയാതെ അശാസ്ത്രീയമായ പല നിർമ്മിതികളൂം ഉയർന്നു വന്നു എന്നതാണ് ഒരു കാരണം. പാടശേഖരങ്ങൾ മണ്ണിട്ട് നികത്തി കുന്നുകൾ  ഇടിച്ചു നിരത്തി അങ്ങനെ വെള്ളം കുടിക്കുന്ന ഉറവകളെ മനുഷ്യൻ അടച്ചു. എന്നിട്ട് ഭൂമിയെ കുഴിച്ചു കുഴൽ കിണറിൽ നിന്ന് വെള്ളം എടുക്കുകയാണ്. എത്ര മഴ പെയ്തിട്ടും കുടിക്കാൻ വെള്ളം കിട്ടാത്തതിന്റെ കാരണം ലാഭക്കൊതിയന്മാരായ നമ്മുടെ പാവങ്ങൾക്ക് ഒന്ന് മനസ്സിലായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്.

ഇനി ഈ വരുന്ന കാലവർഷത്തിൽ വെള്ളപൊക്കം തടയാൻ എന്താണ് ചെയ്യുവാൻ സാധിക്കുക എന്നത് ചിന്തിക്കാൻ ഉള്ള സമയം ഇനിയും കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ.  കുളം, ചാൽ, പുഴ എന്നിവയിലെ ചെളി നീക്കണമോ? ഓവുചാലുകൾ വൃത്തി ആക്കണമോ? അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമോ? പ്രകൃതിയുടെ ഒഴുക്കിനെ തടയുന്ന പ്രതിബന്ധങ്ങൾ നീക്കം ചെയ്യണമോ? മാലിന്യം വലിച്ചെറിയൽ അവസാനിപ്പിക്കണമോ?

കൊറോണയിൽ തകർന്ന ഗ്രാമീണ സമ്പത് വ്യവസ്ഥയ്ക്ക് കരുത്തേകാൻ ഇത്തരം ചില പ്രവർത്തനങ്ങളിൽ നമുക്ക് നിക്ഷേപിക്കാൻ സാധിക്കുമോ? . കുടുംബശ്രീയും തൊഴിലുറപ്പുമെല്ലാം നേരം പോക്കിന് പലതും ചെയ്യുമ്പോൾ ഇതു കൂടി പരിഗണിക്കാൻ സാധിക്കുമോ? രണ്ടു മഴക്കുഴി കുഴിക്കാൻ, കുറച്ചു കുളങ്ങൾ വൃത്തിയാക്കാൻ, കുറച്ചധികം മഴവെള്ള സംഭരണികൾ പണിയാൻ, ജലാശയങ്ങൾ ശുചിയാക്കാൻ, പുഴയിലെയും ഡാമിലെയും എല്ലാം ചെളി നീക്കി കുറച്ചു പച്ചക്കറി നടാൻ. ഒന്നു ആശിച്ചു പോയി എന്നെ ഉള്ളൂ !

നിപ്പയെയും കൊറോണയെയും തുരത്തിയ നാടെന്നു പേരുകേട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം മക്കൾ ഉണർന്നില്ലായെങ്കിൽ ദുരന്തങ്ങളെ നേരിടുവാൻ വിധിക്കപ്പെട്ടവരായി നാം മാറിയേക്കാം. ദുരന്തങ്ങൾ ഒന്നു നമുക്ക് വരല്ലേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കാം.

(ഡോ. പോൾ വി മാത്യു )

2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

കോവിഡ് കാലത്തെ ലോകം

കോവിഡ് കാലത്ത് ചിന്തിക്കാൻ...
എപ്പോഴും നാം അതിജീവിക്കാറാണ് പതിവ്. കോവിഡും അങ്ങനെ തന്നെ ആകും എന്ന് നമുക്ക് ആശിക്കാം. ലോക്ക് ഡൌൺ സമാനമായ സാഹചര്യം എന്ന് വരെ നിലനിൽക്കും എന്നതിൽ  ആർക്കു വ്യക്തതയില്ല. എന്നാൽ അധികം കാലം ഇതു വഹിക്കാൻ നമുക്ക് ആവുകയില്ല.

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്നാണല്ലോ. ഇത് അതിജീവന്റെ പ്രശ്നമാണ്. വിശപ്പിനോടുള്ള മല്ലിടൽ ആണ്.  എന്തിനും അപ്പുറം നിലനിൽപ്പിന്റെ പോരാട്ടമാണ്.  സഹിക്കുന്നതിനു അതിരുണ്ട്, അതിരു വിട്ടാൽ ചിന്തകൾക്ക് അപ്പുറമായ പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത്. ഈ പോരാട്ടത്തിൽ നാം പരാജയപ്പെട്ടുകൂടാ.

അതിജീവനത്തിന്റെ ആശയങ്ങൾ ആണ് നമ്മെ വഴി കാണിക്കേണ്ടത്. ചില കാര്യങ്ങൾ എങ്കിലും ഈ സമയത്ത് നമുക്ക് നന്നാക്കുവാൻ കഴിയും.

1. ഇതു വരെ നാം ജോലി ചെയ്തിരുന്നത് സമയത്തിനാണ്. എന്നാൽ   ഇനി ജോലി അളക്കാനാണ് ശ്രമിക്കേണ്ടത്. ബയോമെട്രിക് പഞ്ചിങ്ങിൽ മാത്രം ഒതുങ്ങുന്ന ജോലികൾ പുനർവിചിന്തനം ചെയ്യണം.  ഒട്ടുമിക്ക പ്രൈവറ്റ് സ്ഥാപനങ്ങളും ഇത് സ്വായത്തമാക്കി കഴിഞ്ഞു. ഇപ്പോൾ ലോഗിൻ ID യും പാസ്സ്‌വേർഡും എല്ലാവർക്കും ഉണ്ട്. എത്ര ജോലി ചെയ്തു എന്ന് ക്രത്യമായി വേണ്ടപ്പെട്ടവർക്ക് വിലയിരുത്തുവാൻ കഴിയും. സർക്കാർ സ്ഥാപനങ്ങൾ ആണ് ഈ കാര്യത്തിൽ കൂടുതൽ പ്രവർത്തിക്കേണ്ടത്. ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഓരോരുത്തരും എത്രമാത്രം ജോലി ചെയ്തു എന്നത് വിലയിരുത്തിയാൽ കാര്യങ്ങൾ വ്യക്തമാകും. അക്കൗണ്ടബിലിറ്റി ഇല്ലാത്തതാണ് പല സർക്കാർ ഉദ്യോഗങ്ങളും എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. എന്നാൽ പണിയെടുക്കാത്തപ്പോഴും ശമ്പളം ലഭിക്കും എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

2. ഈ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്നെ വർക്ക്‌ ഫ്രം ഹോം (WFH) വളരെ സജീവമായി കഴിഞ്ഞു. ഏതെല്ലാം ജോബ് റോളുകൾ WFH ആക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് വ്യക്തമായ  ധാരണ ആയി കഴിഞ്ഞു. WFH എഫക്റ്റീവ് ആയാൽ വലിയ നേട്ടമാണ് കൈ വരുന്നത്. സ്ഥാപനങ്ങൾക്ക് സ്പേസ് കോൺസ്ട്രയിന്റ്സ് മികച്ച രീതിയിൽ പരിഹരിക്കാൻ സാധിക്കും. അത് വഴി ഉണ്ടാകുന്ന റിസോഴ്സ് യൂട്ടിലൈസഷൻ (Power, water, supporting staff and infrastructure, conveyance etc. ) വളരെ അധികം നിയന്ത്രിക്കുവാൻ സാധിക്കുന്നു. നിരത്തുകളിലെ തിരക്ക്, വായു മലിനീകരണം, അപകടങ്ങൾ എന്നിവയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും.
ഹോം ഡെലിവറി എന്ന ആശയം സജീവമാണ്. ഒട്ടുമിക്ക സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കാൻ സാധ്യമായി. എന്തിനു നീണ്ട ക്യു നിൽക്കേണ്ടി വരുന്ന സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ഒട്ടും ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കാം. സർക്കാർ വൃത്തങ്ങൾ ഇത് സജീവമായി പരിഗണിക്കേണ്ടത് ആണ്.

3. വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കുള്ള സാധ്യതയാണ് കാണുന്നത്. പുതിയ തരം ഒരു ലേർണിംഗ് സ്റ്റൈൽ തന്നെ രൂപപ്പെടുന്നു എന്ന് പറയാം. ഫുൾ ടൈം കോഴ്സുകളെക്കാൾ മികച്ച ഫലം ഇത്തരം വെർച്യുൽ ഇടങ്ങൾ നൽകുന്നു എന്നതാണ് യാഥാർഥ്യം. ഏറ്റവും മികച്ച ഓൺലൈൻ കോൺടെന്റ് (CONTENT) രൂപപ്പെടുത്താനും മോണിറ്ററിങ് & Evaluation ഡിജിറ്റിലൈസ് ചെയ്യുവാനും പരീക്ഷകൾ പ്രോക്ടറെഡ് (Proctored) ആക്കുവാനുമുള്ള സുവർണ്ണാവസരം ആണിത്. കുട്ടികളെ നാലു ചുവരുകൾക്ക് അപ്പുറം ഉള്ള ക്ലാസ്സ്‌ മുറികളിൽ നിന്ന് പുറത്ത് കൊണ്ട് വരുവാൻ ഈ ഡിജിറ്റൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. വളരെ പ്രഗൽഭ്യമുള്ള  സർക്കാർ സ്കൂൾ അധ്യാപകരെ ഇതിനു സജ്ജമാക്കാൻ ഭരണാധികാരികൾ മുൻകൈ എടുക്കണം. ചിലവുകളെക്കാൾ മികച്ച നേട്ടമാണ് ഈ മേഖലയിൽ നമ്മെ കാത്തിരിക്കുന്നത്.

4. വലിയ തോതിൽ ഉള്ള പ്രവാസി തിരുച്ചു വരവിനു (റിവേഴ്‌സ് മൈഗ്രേഷൻ ) നാം ഒരുങ്ങുകയാണ്. ഇവർ ഇനി എന്ത് ചെയ്യും എന്നുള്ളതിനുള്ള ഉത്തരം സർക്കാരിന്റെ കയ്യിൽ തന്നെയാണ്. പല പ്രവാസികളും പണം കൊണ്ടും കഴിവ് കൊണ്ടും പ്രാപ്തരാണ് എന്ന വസ്തുത വിലയിരുത്തുമ്പോൾ അതിനു അനുയോജ്യമായ സാഹചര്യം ഒരുക്കാൻ സർക്കാർ മുന്നോട്ട് വരേണ്ടതാണ്. നമ്മെ സ്വയം പര്യാപ്തരാക്കുന്ന നിരവധി സംഭരംഭങ്ങൾ വളർന്ന് വരണം.  ഒപ്പം തന്നെ ഗ്രാമീണ മേഖലയിൽ താറുമാറായിരിക്കുന്ന സമ്പത് വ്യവസ്ഥയെ പുനർജീവിപ്പിക്കേണ്ടത് ഉണ്ട്. ഈ കോവിഡ് കാലം കഴിയുമ്പോൾ അത് പ്രാവർത്തികമാക്കാൻ സർക്കാരിനു ആകണം. ഉദ്യോഗസ്ഥ സമൂഹത്തോടും പൊതുജനങ്ങളിൽ നിന്നും വൻ തോതിൽ അതിജീവനത്തിന്റെ ആശയങ്ങൾ  ശേഖരിക്കാൻ സർക്കാർ വൃന്ദങ്ങൾ ശക്തമായ ശ്രമം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

5. കോവിഡിന്റെ സാഹചര്യത്തിൽ കടുത്ത തദ്ദേശവൽക്കരണവും വികേന്ദ്രീകരണവും അനിവാര്യമാവുകയാണ്. രാജ്യങ്ങൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും കടുത്ത നിയന്തണങ്ങൾ വളരെ നാൾ തുടരാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ചിന്തിക്കേണ്ടത് ആണ്. നാട്ടിൽ ഉല്പാദിപ്പിക്കാൻ കഴിയുന്ന എല്ലാ വിഭവങ്ങളും ഉണ്ടാക്കുവാൻ നമുക്ക് ആകണം. അതിനു ആവശ്യമായ സാങ്കേതിക വിദ്യയും പരിശീലനവും ആർജ്ജിക്കണം. അന്യസംസ്ഥാന തൊഴിലാളികളുടെ അഭാവത്തിലും കാര്യങ്ങൾ  എങ്ങനെ സാധ്യമാകും എന്നതും പ്രസക്തമായ ചിന്തയാണ്. കാർഷിക മേഖല ഒട്ടും തള്ളി കളയാൻ പാടില്ല എന്ന തിരിച്ചറിവും ഉണ്ടായാൽ നന്ന്.

6. തൊഴിലാളികൾ കൂട്ടമായി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. പലരും മടങ്ങി വരാൻ ധൈര്യപ്പെടുകയില്ല. ഏത് നിർമ്മാണ മേഖലയിലും മറ്റും കടുത്ത പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോൾ പട്ടിണിയിൽ ആയിരിക്കുന്നവരെ സുരക്ഷിതമായി അവരുടെ നാടുകളിൽ എത്തിക്കാൻ എത്രയും പെട്ടന്ന് ക്രമീകരങ്ങൾ ചെയ്യണം. അതുപോലെ തന്നെ തൊഴിലാളികളുടെ തിരിച്ചുവരവിനു വേണ്ട കോൺഫിഡൻസ് measures സർക്കാർ പരിഗണിക്കണം.

7. പൊതുഗതാഗതവുമായി ബന്ധപ്പെട്ട നിരവധി ജോലികൾ തടസ്സപ്പെട്ടിരിക്കുന്നു. എന്നാൽ അത് പൂർത്തിയാക്കുവാൻ  ഒരു പക്ഷെ ഇപ്പോൾ സാധ്യമായേക്കും. പാലാരിവട്ടം പാലം പോലെയുള്ള നിർമ്മാണങ്ങൾ തിരക്കൊഴിഞ്ഞ ഈ സമയത്ത് നടത്താൻ സാധിക്കുമോ എന്ന് ചിന്തിക്കണം. 

8. വിനോദ സഞ്ചാര മേഖലയുടെ നട്ടെല്ല് ഒടിഞ്ഞു എന്ന് തന്നെ പറയാം. കോവിഡിന് ശേഷം അതിനെ അതിജീവിച്ച 'God's Own Country' എന്ന ഖ്യാതി നാം നേടണം. സഞ്ചാരപ്രേമം വളർത്താൻ വേണ്ട ഉത്തേജകങ്ങൾ പ്രയോഗിക്കണം.

9. നിർമ്മിത ബുദ്ധിയുടെ കാലമാണ്. കടുത്ത അകലം പാലിക്കാൻ നാം നിര്ബന്ധിതർ ആകുമ്പോൾ AI യുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. റോബോട്ടും ഓട്ടോമേഷനും നാം പ്രയോഗത്തിൽ വരുത്തണം. മനുഷ്യന് എത്തിപ്പെടാൻ  കഴിയാത്ത മേഖലകളിൽ അവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇനി അങ്ങോട്ട് മനുഷ്യരേക്കാൾ റോബോട്ടുകളെ ആശ്രയിക്കുവാൻ സോഷ്യൽ ഡിസ്റ്റൻസിങ് മനുഷ്യനെ പ്രേരിപ്പിക്കും എന്നതും തള്ളിക്കളയാൻ ആകില്ല.

10. കോവിഡ് കാലത്തു സന്നദ്ധ പ്രവർത്തനത്തിന്  തയ്യാറായി മുന്നോട്ട് വന്നവർ ലക്ഷകണക്കിന് പേരാണ്. ആ സുമനസ്സുകളുടെ സേവന മനോഭാവും സന്നദ്ധതയും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കണം. കേവലം ശുചീകരണം സാമൂഹിക സേവനം അവയിൽ ഒതുങ്ങാതെ രാജ്യത്തിന്റെ വികസനത്തിന്‌ അവരെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കാം. ഈ അമൂല്യ വിഭവം ഒരിക്കലും നഷ്ടം ആക്കരുത്.

ഓരോ ദുരന്തങ്ങൾക്ക് ശേഷവും ലോകം അത്ഭുതപൂർവ്വം ഉയർത്തെഴുന്നേറ്റട്ടുണ്ട്. ഭാഗ്യവശാലോ നിര്ഭാഗ്യവശാലോ ആ ഒരു  ട്രാന്സിഷന് ഭാഗഭാക്കാകുവാൻ നിര്ണയിക്കപ്പെട്ടവരാണ് നാം. തളർന്നരുന്നാൽ നഷ്ടം മാത്രം ഒന്ന് ഉണർന്ന് പ്രവർത്തിച്ചാൽ എല്ലാം മറികടക്കാം.

(ഡോ. പോൾ വി മാത്യു, Chief Minister  Fellow,  Govt of Delhi)

2020 ഏപ്രിൽ 5, ഞായറാഴ്‌ച

യഥാർത്ഥ ഈസ്റ്റർ

ഒന്നു വായിക്കൂ
------------

ഇന്നലെ സ്റ്റേറ്റ്സിൽ നിന്ന് വന്നതേയുള്ളു ഭയങ്കര തലവേദന ഒന്നു കിടക്കാമെന്ന് കരുതി കിടന്നതാണ്  കോരിച്ചൊരിയുന്ന മഴ കൂട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായിട്ട് ഉറങ്ങി... ഉണർന്നപ്പോൾ സമയം പതിനൊന്നര...  കണ്ണൊക്കെ വലിച്ചു തുറന്ന് പയ്യെ ഹാളിലോട്ട് ചെന്നപ്പോൾ അവിടെയെങ്ങും മമ്മിയെ കാണാൻ ഇല്ല. തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പുകാലത്ത് ഈ ഉച്ച സമയത്ത് അടിച്ചു വാരുന്നോ എന്നും പിറുപിറുത്ത് അങ്ങോട്ട് ചെന്നപ്പോൾ മമ്മി അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചു വരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു...  പുറകുവശത്ത് കുറച്ചു ഉള്ളിലോട്ട് മുഴുവൻ വാഴ കൃഷിയാണ്. ഇന്റർലോക്ക് ഇടാൻ സമ്മതിക്കാതെ പപ്പ സൂക്ഷിച്ച സ്ഥലം. അതുകൊണ്ട് ഇപ്പോ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്നു..

 "ആരാ മമ്മി അത്..."

"അതോ...  അത് അവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണിയമ്മയാ..."

മമ്മി ഇത് പറയുമ്പോൾ വാഴയിലയിൽ നിന്നും ദേഹത്ത് പറ്റിയ വെള്ള തുള്ളികൾ തുടച്ചു കൊണ്ട്, ഒരു എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴകൾക്ക് ഇടയിൽ നിന്നും ഇറങ്ങി വന്നു. ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടും ആയിരുന്നു വേഷം... തല മുഴുവൻ നരച്ചിട്ടുണ്ട്. ചുക്കി ചുളിഞ്ഞ തൊലി പ്രായകൂടുതൽ കൊണ്ട് കൂനിക്കൂടിയ ഉണങ്ങിയ ശരീരം. 

"ഇതാണല്ലേ മരുമോള്. ഞാൻ ആദ്യമായിട്ട് കാണുന്നതാ... എന്നും പറഞ്ഞു കൊണ്ട് ആ അമ്മൂമ്മ ഞങ്ങളടുത്തേയ്ക്ക് വന്നു. 

ഉം...  മരുമോളല്ല മോൾ തന്നെയാ..." എന്ന് മമ്മി പറഞ്ഞു... അതും കേട്ട് ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്ക് വന്നു.

"മക്കളെ പോലുള്ള മരുമക്കളെ കിട്ടാനും ഭാഗ്യം വേണം."

ഞാൻ അവരെ നോക്കി ചിരിച്ചു.

"ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്.  അപ്പോഴൊന്നും മോള് ഇവിടെ ഇല്ലായിരുന്നു.  ഇവിടത്തെ മോൻ വന്നില്ലേ..."

"ഇല്ല... ഞാനും മോനും മാത്രമേ വന്നുള്ളൂ..."

"പോവാറായോ... "
"ഇല്ല ഒരുമാസം കൂടെ കാണും..."

"ഞാൻ വെള്ളം എടുത്തിട്ട് വരാം... എന്ന് പറഞ്ഞു മമ്മി അടുക്കളയിലേക്ക് കയറി പുറകെ ഞാനും... "എന്തിനാ മമ്മി അവരെ കൊണ്ട് അവിടെ വൃത്തിയാക്കിപ്പിക്കുന്നെ... പാവം... "ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടെ....  രാവിലെ വന്നതാ.. എന്തെങ്കിലും സഹായിക്കണം എന്നും പറഞ്ഞു. ഞാൻ നൂറുരൂപ കൊടുത്തു പക്ഷെ വെറുതെ വേണ്ട എന്തെങ്കിലും ചെയ്തു തരാമെന്നും പറഞ്ഞു നിർബന്ധത്തിൽ ചെയ്യുന്നതാണ്‌..."

"കണ്ടോ നിങ്ങളെ കൊണ്ട് ഞാനാ ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നും പറഞ്ഞു ഇവളെന്നെ വഴക്ക് പറയുവാ...

മമ്മി വെള്ളം കൊണ്ട് കൊടുത്തു കൊണ്ട് പറഞ്ഞു...

"മമ്മി വേണ്ടെന്ന് പറഞ്ഞതാ മോളെ... ഞാനായിട്ട് ചെയ്യുന്നതാണ്‌...  വെറുതെ പൈസ വാങ്ങിച്ചു ശീലമില്ല...  അതാ... എനിക്ക് സന്തോഷമേ ഉള്ളൂ...  എന്നെകൊണ്ട്‌ ആവുന്നത് ചെയ്യും അത്രയേ ഉള്ളൂ...
ഞാൻ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി. 

ഞാൻ ഹാളിൽ ചെന്നപ്പോൾ മുൻവശത്തെ ഡോറിൽ ചാരി നിന്ന് ഒരു കുട്ടി അകത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ അവൻ പുറകുവശത്തേയ്ക്ക് ഓടി. 

ഞാനും അവനു പുറകെ പോയി... അവൻ ആ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി. 

"അതാരാ മമ്മി... ആ കുട്ടി..."

"അത് അവരുടെ ചെറുകുട്ടിയാ.... അവരുടെ കൂടെ വന്നതാ..."

ഞാൻ അങ്ങോട്ട് ചെന്ന് അവനെ വിളിച്ചു...

എന്നെ കണ്ടപ്പോൾ അവൻ അവരുടെ പുറകിൽ ഒളിച്ചു.

"ഇങ്ങ് വന്നേ ചോദിക്കട്ടെ..."

"മോനേ ചെല്ല് വിളിക്കുന്നത് കണ്ടില്ലേ..."

അവൻ മടിച്ചു നിൽക്കുന്നത് കണ്ട്‌ ആ അമ്മൂമ്മ അവനോട് പറഞ്ഞു...

മടിച്ചു മടിച്ചു അവൻ എന്റടുത്തേയ്ക്ക് വന്നു. 

എല്ലും തോലുമായ ഒരു കുട്ടി... എണ്ണയില്ലാതെ പാറിപ്പറന്നു കിടക്കുന്ന തലമുടി... ബട്ടൻസ് എല്ലാം പോയി പിന്നുകൊണ്ട് രണ്ടറ്റവും കോർത്ത്‌ ഇട്ടിരിക്കുന്ന ഷർട്ട്.  മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു നിക്കർ.. ഇതായിരുന്നു അവന്റെ രൂപം.

"മോന്റെ പേരെന്താ..." ഞാൻ അവനോട് ചോദിച്ചു...

"വിഷ്ണു..."

"വിഷ്ണു വന്നേ നമുക്ക് അങ്ങോട്ട്‌ പോകാം...  ഇവിടെ ഒക്കെ ഭയങ്കര കൊതുക് അല്ലേ... അത് കടിച്ചാൽ പനി വരും.. "

ഞാൻ അവന്റെ കൈയും പിടിച്ചു നടന്നു.

"വിഷ്ണു എന്താ ചെരുപ്പ് ഇടാതെ അവിടെ ഇറങ്ങിയത്... കാലിൽ എന്തെങ്കിലും കൊള്ളില്ലേ... "

"എനിക്ക് ചെരുപ്പ് ഇല്ല..."

അവൻ അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഷൂ റാക്കിൽ നിറഞ്ഞിരിക്കുന്ന മോന്റെ ചെരുപ്പുകളിലേയ്ക്ക് ആണ് നീണ്ടത്... ന്നാട്ടിൽ വന്ന് ഒന്നോ രണ്ടോ മാസം തങ്ങാനായി വാങ്ങിക്കൂട്ടുന്നതാണ് അത്.
 ഇന്റർലോക്ക് ഇട്ട തറയിൽ ഇറങ്ങുമ്പോൾ പോലും ചെരുപ്പിടാതെ ഇറങ്ങിയാൽ വഴക്ക് പറയുന്നത് ഓർത്ത്‌ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...

"വിഷ്ണു പഠിക്കാൻ പോകുന്നില്ലേ..."

"ഇല്ല അടുത്ത വർഷം മുതൽ സ്കൂളിൽ വിടാമെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..."

"വിഷ്ണുവിന് എത്ര വയസ്സായി... "

"നാല്..."

"ഉം..."

ഞാൻ അവനെയും കൊണ്ട് ഹാളിലേക്ക് പോയി...

"വിഷ്ണു വല്ലതും കഴിച്ചോ..."

"വെള്ളം കുടിച്ചു... വീട്ടിൽ പോകുമ്പോൾ അമ്മാമ്മ ചോറ് വാങ്ങി തരും..."

"അപ്പോ നീ രാവിലെ ഒന്നും കഴിച്ചില്ലേ..."

"ഇല്ല....  അമ്മാമ്മ പറഞ്ഞു ഉച്ചയ്ക്ക് ചോറും മീൻപൊരിച്ചതും വാങ്ങി തരാമെന്ന്...

ഞാൻ അടുക്കളയിൽ പോയി രണ്ടു അപ്പവും മുട്ടകറിയും എടുത്തുകൊണ്ട് വന്ന് അവനു കൊടുത്തു... 

"എനിക്ക് വേണ്ട .... എന്നേ എന്ത് വിളിക്കണം എന്നറിയാതെ ആ കുഞ്ഞ് വിഷമിക്കുന്നുണ്ടന്ന് എനിക്ക് മനസ്സിലായി മോൻ എന്നേ ആന്റി എന്നു വിളിച്ചോട്ടോ എന്നു ഞാൻ പറഞ്ഞപ്പോ എന്നേ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു
ആന്റി ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നാ അമ്മാമ്മ പറഞ്ഞത്... "

"അമ്മാമ്മയുടെ അടുത്ത് ഞാൻ പറഞ്ഞോളാം വിഷ്ണു ഇപ്പോ ഇത് കഴിക്ക്..."

നിർബന്ധിച്ചു അത് അവന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി... 

നാണിയമ്മേ.... ഒന്നിങ്ങു വന്നേ... "

കൈയ്യിൽ ഇരുന്ന മൺവെട്ടി അവിടെ ഇട്ട് മുണ്ടിന്റെ തുണ്ടിൽ കൈയും തുടച്ചു അവർ എന്റടുത്തേയ്ക്ക് വന്നു.

"എന്താ മോളെ....

"അമ്മ വല്ലതും കഴിച്ചാരുന്നോ..."

അവർ ഒന്നും മിണ്ടിയില്ല... ഞാൻ ഒന്നൂടെ ചോദിച്ചപ്പോൾ തലതാഴ്ത്തി...
ഒരു മൂളലിൽ ഉത്തരം ഒതുക്കി.

"എന്തിനാ കള്ളം പറയുന്നേ....  നിങ്ങൾ രണ്ട് പേരും ഒന്നും കഴിച്ചില്ല എന്ന് മോൻ പറഞ്ഞല്ലോ... "

"അത് മോളെ...."

"ഒന്നും പറയണ്ട... അമ്മ അതൊക്കെ അവിടെ ഇട്ടിട്ട് കൈയും കാലും ഒക്കെ കഴുകിയിട്ട് വന്നേ..."

"എന്തിനാ മോളെ...  എനിക്ക് ഒന്നും വേണ്ട..."

 "അമ്മ ഇങ്ങോട്ട് ഒന്നും പറയണ്ട...  വേഗം കൈയൊക്കെ കഴുകിയിട്ട് വരൂ...

ഞാൻ അകത്തേയ്ക്ക് പോയി മമ്മി കാര്യം പറഞ്ഞു...

"എന്റെ ദൈവമേ... വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കഴിച്ചെന്നാണ് അവർ പറഞ്ഞത്... നീ ഇങ്ങോട്ട് വിളിക്ക് അവരെ..."

"ഞാൻ വിളിച്ചു മമ്മി... ഇരുന്ന അപ്പം ഞാൻ അവന് കൊടുത്തു."

 "ഫ്രിഡ്ജിൽ മാവ് ഉണ്ട്... നീ അത് ഇങ്ങ് എടുത്തേ..." മമ്മി പറഞ്ഞു...

മമ്മി അപ്പം ചുടാൻ തുടങ്ങിയപ്പോഴേയ്ക്കും ആ അമ്മ കൈയ്യൊക്കെ കഴുകി അങ്ങോട്ട്‌ വന്നു. 

"അയ്യോ എനിക്ക് വേണ്ടി ഉണ്ടാക്കണ്ട...  ഉണ്ടെങ്കിൽ മോന് എന്തെങ്കിലും കൊടുത്താൽ മതി..."

"അവന് ഞാൻ കൊടുത്തു...  നാണിയമ്മ ഇങ്ങോട്ട് കയറി വരൂ..."

"വേണ്ട മോളെ...  ഇനി ഒന്നും ഉണ്ടാക്കണ്ട... നോമ്പും പിടിച്ചു നിങ്ങൾ കഷ്ടപ്പെടണ്ട..."

"നമുക്ക് ഒരു കഷ്ടപ്പാടും ഇല്ല... ഞാൻ നേരത്തെ ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞേ... " മമ്മി അവരോടു ചോദിച്ചു...

"അത് മോളെ...  നീ പൈസ തന്നല്ലോ... പോകുമ്പോൾ അവന് വല്ലതും വാങ്ങി കൊടുക്കാം എന്ന് കരുതി..."

"അമ്മ ഇങ്ങോട്ട് കയറി വന്നേ..."

"വേണ്ട മോളെ ഞാൻ ഇവിടെ ഇരുന്നോളാം എന്നും പറഞ്ഞു അവർ അവിടെ അടുക്കളയുടെ പടിയിൽ ഇരിക്കാൻ ഒരുങ്ങി..."

വേണ്ട അവിടെ ഇരിക്കണ്ട എന്നും പറഞ്ഞു മമ്മി നാണിയമ്മയെ പിടിച്ചു കൊണ്ട് പോയി ഡൈനിങ്ങ്‌ ടേബിളിൽ ഇരുത്തി. ഞാൻ അപ്പവും കറിയും കൊണ്ട് പോയി ആ അമ്മയ്ക്ക് കൊടുത്തു.  ഓരോ ഗ്ലാസ്‌ ചായയും അവർക്ക് കൊടുത്തു. അപ്പോഴേയ്ക്കും അവൻ കഴിച്ചു തീർന്നിരുന്നു.. നിറകണ്ണുകളോടെ ആ അമ്മ അവനെ നോക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. അവന്റെ ചായ ചൂടാറ്റി അവന് കൊടുത്തു.  അതും കുടിച്ച് അവൻ ഹാളിൽ കിടന്ന ഒരു ബോളും എടുത്ത് പുറത്തേയ്ക്ക് പോയി.

"ഇവൻ ഒരാളെ ഉള്ളോ... ഞാൻ ആ അമ്മയുടെ അടുത്ത് ചോദിച്ചു..."

"ഓ... മോളെ ഒരാളെ ഉള്ളൂ... "

"ഇവന്റെ അമ്മയും അച്ഛനുമോ...."

നിറഞ്ഞു നിന്ന കണ്ണീർ തുള്ളികൾ ആ കണ്ണിൽ നിന്നും തുളുമ്പി ഒഴുകി...

"ക്ഷമിക്കണം... ഞാൻ അറിയാതെ..."

"അവന് ആരുമില്ല മോളെ അവന്റെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെ... ഇവനെ പ്രസവിച്ചു ആറുമാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നു ഞങ്ങളെ വിട്ട് പോയതാ എന്റെ മോള്... അവൾ മരിച്ചു രണ്ട് മാസം കഴിയും മുന്നേ കൂലിപ്പണിക്ക് വരുമായിരുന്ന ഏതോ പെണ്ണുമായി നാട് വിട്ടതാ ഇവന്റെ അച്ഛൻ... പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്തെങ്കിലും വീട്ട് ജോലികൾ ഒക്കെ  ചെയ്തു കൊടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് അവനെ ഇത്രയും ആക്കിയത്. പ്രായം കൂടിയത് കാരണം ആരും ഇപ്പൊ ജോലിക്ക് വിളിക്കാറുമില്ല... പിന്നെ ആരെങ്കിലും തരുന്ന കാശ് കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്..."
         
"അവിടെ ആ മുക്കിലെ വീട്ടിൽ രാവിലെ പോയി മുറ്റവും വൃത്തിയാക്കി ചന്തയിൽ പോയി സാധനങ്ങളും വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ അവർ അമ്പതുരൂപ തരും അതും കൊണ്ട് പോയി ഒരു ഊണ് വാങ്ങും.  രാവിലെയും വൈകിട്ടുമായി ഞാനും അവനും കൂടെ അത് കഴിക്കും. രണ്ട് ദിവസമായി അവർ എവിടെയോ പോയി. അതും കിട്ടിയില്ല. കഴിഞ്ഞ ദിവസം അമ്പലത്തിൽ കല്യാണം ഉണ്ടായിരുന്നു അവിടെ പോയി ഭക്ഷണം കഴിച്ചു.  അവിടുന്ന് കിട്ടിയ രണ്ട് പഴം മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂ...  ഇന്നും എങ്ങനെ അതിനെ പട്ടിണിക്കിടും എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നേ..."

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.  കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാതെ മമ്മി അടുക്കളയിലേക്ക് പോയി.

"എന്റെ പൊന്നുമോൻ പാവമാണ് മോളെ... വിശക്കുന്നെന്ന് എന്റെടുത്ത് ഇതുവരെയും പറഞ്ഞിട്ടില്ല.  വീട്ടിനടുത്തുള്ള പൈപ്പിൽ പോയി അവൻ വെള്ളം കുടിച്ച് വിശപ്പടക്കുന്നത് കണ്ട്‌ സഹിക്കാൻ കഴിയാതെ ആണ് ഞാൻ അവനെയും കൊണ്ട് വന്നത്.  എന്റെ മോൻ എത്ര ദിവസം പട്ടിണി കിടക്കും മോളെ..."

ഇതും പറഞ്ഞു അവർ പൊട്ടി കരയാൻ തുടങ്ങി...

"എന്റെ മോൻ ഒരു പരിധി എത്തിയിട്ടേ എന്റെ ജീവൻ എടുക്കാവോളെ... എന്ന ഒരു അപേക്ഷയെ എനിക്ക് സർവേശ്വരനോട്‌ ഉള്ളൂ... " "എല്ലാം ശരിയാകും... അമ്മ കരയാതെ ഇത് കഴിക്ക്..."  എന്നും പറഞ്ഞു ഞാൻ അവന്റടുത്തേയ്ക്ക് പോയി... ആ കരച്ചിൽ കാണാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം...

ഞാൻ ചെല്ലുമ്പോൾ ബോൾ തട്ടി കളിക്കുവായിരുന്നു അവൻ..

"വിഷ്ണു..."

ഞാൻ വിളിച്ചപ്പോൾ ഒട്ടും ആശങ്കപ്പെടാതെ അവൻ എന്റടുത്തേയ്ക്ക് വന്നു. 

"വിഷ്ണു ഇങ്ങ് വന്നേ..."

ഞാൻ അവനെ വിളിച്ചു കൊണ്ട് പോയി മോന്റെ കളിപ്പാട്ടങ്ങളിൽ നിന്നും രണ്ട് മൂന്നെണ്ണം എടുത്ത് കൊടുത്തു.  മടിച്ചു നിന്ന അവനെ കൈയിൽ ഞാൻ അത് വെച്ചു കൊടുത്തു.

"വേണ്ട ആന്റി...  അമ്മാമ്മ വഴക്ക് പറയും .."

"അമ്മാമ്മ ഒന്നും പറയില്ല.. "

അവൻ അതും കൊണ്ട് ആ അമ്മയുടെ അടുത്ത് പോയി...

"അമ്മാമ്മ ആ ആന്റി തന്നതാ...."

"നീ അത് തിരിച്ചു കൊടുക്ക് മോനെ..."

"തിരിച്ചു വാങ്ങിക്കാനല്ല ഞാൻ അവന് കൊടുത്തത്...  അമ്മ വഴക്ക് പറയണ്ട അത് അവൻ എടുത്തോട്ടെ... നീ പോയി കളിച്ചോ മോനെ....  "

അവൻ അതും കൊണ്ട് സിറ്റൗട്ടിൽ പോയിരുന്നു കളിച്ചു. ആ അമ്മ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി...  മമ്മി അത് വാങ്ങി കഴുകി വെച്ചു... അവർ വെളിയിൽ ഇറങ്ങി വീണ്ടും ജോലി ചെയ്യാൻ പോയി.

ഞാൻ അലമാര തുറന്ന് മോന് ഈസ്റ്റർ പ്രമാണിച്ച് കിട്ടിയ പുതിയ ഉടുപ്പുകളിൽ നിന്നും രണ്ട് പാന്റും രണ്ട് ഷർട്ടും എടുത്ത് അവന് പുതിയതായി വാങ്ങിയ ചെരുപ്പും എടുത്ത് മമ്മിയുടെ അടുത്തേയ്ക്ക് ചെന്നു. 

"മമ്മി ഞാൻ ഇത് അവന് കൊടുത്തോട്ടെ..."

"എന്റെ പൊന്നുമോളെ ഞാൻ ഇത് നിന്റെടുത്ത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു..  ദാ ഇതും കൂടെ കൊടുക്ക് മോളെ..."

എന്നും പറഞ്ഞു കുറച്ചു പൈസ മമ്മി എന്റെ കൈയിൽ തന്നു.

"ഇത് അയ്യായിരം രൂപ ഉണ്ട്... പള്ളിയിൽ കൊടുക്കാൻ വെച്ചിരുന്നതാണ്...  നീ ഇതും കൂടെ അവർക്ക് കൊടുക്ക്... കഴിക്കാൻ ആഹാരം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്... ആ പുണ്യം മതി നമുക്ക്... ക്രിസ്തു ദേവനും അത് തന്നെയാ പറഞ്ഞേക്കുന്നത്.. "

ഞാൻ അതെല്ലാം ഒരു കവറിൽ ആക്കി അവിടെ വെച്ചിട്ട് ആ അമ്മയെ വിളിച്ചു കൊണ്ട് വന്നു.. എന്നിട്ട് ആ കവർ ആ അമ്മയുടെ കൈയ്യിൽ കൊടുത്തു..

"എന്താ മോളെ ഇത്..."

"ഇത് അവന് രണ്ട് ഡ്രെസ്സും ഒരു ചെരുപ്പുമാണ്...  വേണ്ടെന്ന് മാത്രം പറയരുത്.. അമ്മയുടെ മകൾ തരുന്നതാണെന്ന് കരുതിയാൽ മതി..."

ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..

"അമ്മ കരയണ്ട.... എന്തിനാ കരയുന്നേ.... ദാ ഇത് കുറച്ചു പൈസ ഉണ്ട്..  വീട്ടിലേക്ക്  സാധനങ്ങൾ ഒക്കെ വാങ്ങിച്ചു മോന് എന്തെങ്കിലും ഒക്കെ വെച്ചു കൊടുക്കണം... "

ആ അമ്മ അതും വാങ്ങി അവിടെ ഇരുന്ന് കരയാൻ തുടങ്ങി... മമ്മി അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു.

"കരയണ്ട...  നമുക്ക് ഉള്ളതിൽ ഒരു പങ്ക് കഷ്ടപ്പെടുന്നവർക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയാണ് അത് വാങ്ങിക്കേണ്ട അർഹത നിങ്ങൾക്കും ഉണ്ട്. വിഷമിക്കണ്ട..."

"നിങ്ങളുടെ നല്ല മനസ്സിന് നല്ലതേ ഉണ്ടാകൂ..."

"മോനെയും കൂട്ടി ഈസ്റ്ററിനു വരണം... അത് മാത്രമല്ല എന്ത് ആവിശ്യമുണ്ടെങ്കിലും വരണം... " മമ്മി പറഞ്ഞു.... പെട്ടന്ന് ഞാൻ ഇടയിൽ കേറി പറഞ്ഞു ഇനി ഇവനെ ഞങ്ങൾ പഠിപ്പിച്ചോളാം അതോർത്ത് നാണിയമ്മ വിഷമിക്കേണ്ട കേട്ടോ .അതും കൂടി കേട്ടപ്പോൾ നാണിയമ്മയുടെ കരച്ചിൽ കൂടി.അവർ തൊഴുതു ഞാൻ ആ കൈകൾ കൂട്ടി പിടിച്ചു ഇനി ഈ കൈകൾ അരുടെ നേരേയും കൂപ്പണ്ടാട്ടോ.

അവർ ഡ്രസ്സുകളുമെടുത്തു കൊണ്ട് അവന്റടുത്തേയ്ക്ക് ചെന്നു അവനെ കെട്ടിപിടിച്ചു അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു..

അവർ അവനുമായി പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനടുത്ത് എത്തിയ അവൻ തിരിച്ചു വന്ന് എന്റെ കൈ പിടിച്ചു മുത്തിയപ്പോൾ ആയിരം ഈസ്റ്ററുകൾ ഒന്നിച്ചു വന്ന സന്തോഷമാണ് തോന്നിയത്.

" ഈസ്റ്ററിനു പുതിയ ഉടുപ്പുമിട്ട് രാവിലെ ഇങ്ങ് വരണം കേട്ടോ... "
എന്നും പറഞ്ഞു  അവന്റെ നെറ്റിയിൽ മമ്മി ഉമ്മവെച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ നടന്നകലുന്നതും നോക്കി കുറേ നേരം ഞാൻ ഗേറ്റിന് മുന്നിൽ നിന്നു.... നാല് വയസ്സുകാരന്റെ പക്വതയല്ല അവനിൽ പ്രകടമായത് പതിനാല് വയസ്സുകാരന്റെ പക്വതയാണ് അവന്റെ കണ്ണുനീരിൽ എനിക്ക് കാണാൻ കഴിഞ്ഞത്...
അവർ പോയപ്പോ മമ്മി എന്നേകിട്ടി പിടിച്ചു മോളേ ഞാൻ വർഷങ്ങളായി അവരെ കാണുന്നതാ അവർ ഇതുപോലെ വരും ഞാൻ അവർ ചോദിക്കുന്ന പൈസ കൊടുക്കും അവർ എന്തെങ്കിലുമൊക്കെ ചെയ്യു.കയും ചെയ്യും പക്ഷെ ഇന്ന് നീയാണ് എന്റെ ഉള്ള് തുറപ്പിച്ചത് നമ്മൾ അറിയണം എന്തിന് അവർ ഇങ്ങനെ വരുന്നു ഈ ചെറിയ തുകകൾ വാങ്ങുന്നു എന്നൊക്കെ ഇന്ന് നിന്റെ ഈ നല്ല മനസ്സ് കൊണ്ട് ആ കുഞ്ഞിനും ആവയസ്സായ സ്ത്രീക്കും എന്ത് ആശ്വാസമാണ് ഉണ്ടായത് നന്ദി മോളെ
************

 ജീവിത യാഥാർത്യങ്ങളെ തൊട്ടുണർത്തുന്ന ഒരു കഥ മാത്രമാണ് ഇത്  പക്ഷെ ഇതിലെ കഥാപാത്രങ്ങൾ ആയ ആ അമ്മയും മരുമകളുമായി താരതമ്യം ചെയ്യുവാൻ നമ്മളിൽ എത്ര പേർക്ക് അർഹതയുണ്ടാവും സ്വയം വിചിന്തനം ചെയ്യൂ എന്നിട്ട് അൽപ്പം നന്മയുടെ കണികൾ ഒരു നേരത്തെ അന്നത്തിന് കഷ്ടപെടുന്നവർക്കായി മാറ്റിവെക്കൂ
  .  വില കൂടിയ ഭക്ഷണവും ഡ്രസ്സ് എടുക്കാനും, അടിച്ചുപൊളിക്കാനും നമ്മൾ മാറ്റി വയ്ക്കുന്ന പണത്തിന്റെ ഒരംശം ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവന് വേണ്ടി മാറ്റി വെക്കൂ
ജീവിതയാത്രയിൽ നാമെല്ലാവരും വഴിയാത്രക്കാരാണ്... കൂട്ടി വെച്ച സമ്പാദ്യവും ,പണവും ,ആർക്കും ഉപകരിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം..

.😰ഈ സ്റ്റോറി ഷെയർ ചെയ്താൽ ഒരു പക്ഷെ നിങ്ങൾ കാരണം പലർക്കും  ഒരു നേരത്തെ അന്നം കിട്ടാൻ അത് സഹായം ആകും... Share..
കടപ്പാട് - Whatsapp forward 

2020 ഏപ്രിൽ 2, വ്യാഴാഴ്‌ച

നന്മ മരിച്ചിട്ടില്ല

സമൂഹമാധ്യമങ്ങളിൽ വന്നൊരു ന്യൂസ്‌ അത് ഞാൻ ശ്രദ്ധിച്ചിരുന്നു.. ഫോൺ പിടിച്ച് അവൾ ആർത്തു കരയുന്നത് ഞാൻ കണ്ടു.. പിനീട് ഞാൻ അവളെ തിരക്കിയിറങ്ങി..ഭർത്താവിനെ ചികിൽസിക്കാൻ മക്കളെ പഠിപ്പിക്കാൻ കുടുംബം രക്ഷിക്കാൻ പണം കണ്ടെത്താൻ ദുബായിലേക്ക് പോയതാണ് ബിജി എന്ന ആ യുവതി. ലോകമൊട്ടാകെ കോവിഡ് 19  സമൂഹ വ്യാപനം തടയാൻ ലോകമൊട്ടാകെ സമ്പൂർണ ലോക്കഡ് ഡൌൺ നടന്നത് ബിജിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ബിജി ദുബായിൽ ആയിരിക്കെ ബിജിയുടെ മക്കളെ തനിച്ചാക്കി അവരുടെ ഭർത്താവ് ശ്രീജിത്ത്‌ യാത്രയായി. ബിജിക്കു വീഡിയോ കോളിലൂടെ അന്ത്യ ചുംബനം നൽകേണ്ടി വന്നു. ആ പിക്ചർ എന്റെ മനസ്സിൽ പതിഞ്ഞു..  കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ദുബായ് വാർത്തയിൽ പിന്നെയും ഞാൻ ബിജിയെ കണ്ടു.. ഭർതൃ വിരഹത്തിനപ്പുറം ആ സ്ത്രീക്ക് ആഹാരമോ താമസ സൗകര്യമോ ഒന്നുമില്ലാതെ പോയി എന്ന്

Distress Management Collective എന്ന ഞങ്ങളുടെ ഗ്ലോബൽ ഗ്രുപ്പിൽ ഇക്കാര്യം ഞാൻ post ചെയ്യുകയും ഞങ്ങളുടെ ഗ്ലോബൽ കോർഡിനേറ്റർ ശ്രീ സൈനുദ്ധീൻ അവരുടെ നിലവിലെ സാഹചര്യവും അഡ്രസ്സും തിരഞ്ഞു പിടിച്ച് ഗ്രുപ്പിൽ അറിയിക്കുകയും അതുവഴി അവരെ സംരക്ഷിക്കാൻ ഞങ്ങളുടെ ഗ്രുപ്പ് തന്നെ വേണ്ട കാര്യങ്ങൾ ചെയ്യുകയും ഉണ്ടായി. 

പിന്നെയും എന്റെ മനസ്സിൽ ബിജിയുടെ മുഖമായിരുന്നു.. അവരുടെ കൂടുതൽ വിവരങ്ങൾ സൈനുദ്ധീൻ ജി വഴി അറിഞ്ഞപ്പോൾ ഞാൻ തന്നെ അവരുമായി നേരിട്ട് സംസാരിക്കുകയും വിവരങ്ങൾ ഗ്രൂപ്പിൽ അറിയിക്കുകയും ചെയ്തു. അവളുടെ കരച്ചിൽ പതിച്ചത് എന്റെ ഹൃദയത്തിൽ ആണ്. ഇത്രയും സംഭവങ്ങൾക്കു ശേഷം അവളോട്‌ നേരിട്ട് നീ ആരാണ്, നിനക്ക് എന്ത് വേണം എന്ന് ആദ്യമായി ചോദിച്ച ആളെ ഞാൻ മാഡം എന്ന് വിളിക്കില്ല ചേച്ചി എന്ന് വിളിക്കും എന്ന് പറഞ്ഞു കരഞ്ഞ അവളുടെ വേദനകൾ അവൾ ഏങ്ങിയേങ്ങി എന്റെ മുന്നിൽ തീർത്തതുപോലെ.

അങ്ങനെ അവൾക്ക് ഏറ്റവും ആവശ്യം ഒരു വീടാണെന്ന് മനസ്സിലാക്കിയ ഞാൻ അക്കാര്യം ഞങ്ങളുടെ അഡ്മിൻ പാനലിലെ ജസ്റ്റിസ് കുര്യൻ ജോസഫ് സർ അൽഫോൻസ് സർ,  ബാബു പണിക്കർ, adv ദീപക്ജി, ജയരാജ്‌ ജി, Dr.K.C.ജോർജ്, സൈനുദ്ധീൻ ജി, ജോബി, ജോസഫ് സർ, പ്രൊഫ സഖി ജോൺ എന്നിവരെ അറിയിച്ചു.. ദീപ ധൈര്യമായിരിക്കൂ ബിജിക്കു ഒരു വീട് നമുക്ക് യാഥാർഥ്യമാക്കാം എന്ന കുര്യൻ ജോസഫ് സാറിന്റെ ഉറച്ച വാക്കുകൾ എന്റെ ആത്മവിശ്വാസം കൂട്ടി.. അങ്ങനെ ഞങ്ങൾ ഇതു DMC ഗ്ലോബൽ ഗ്രുപ്പിൽ അറിയിക്കുകയും ബിജിയുടെ ഇഷ്ടം മനസ്സിലാക്കി പഞ്ചായത്ത്‌ മെമ്പർ വഴി കളമശേരിയിൽ സ്ഥലത്തിന്റെ ലഭ്യത ആരായുകയും ചെയ്തു. സെന്റിന് 8 ലക്ഷം പറഞ്ഞപ്പോൾ ചെറിയ നിരാശ തോന്നി എങ്കിലും  അങ്കമാലിയിൽ നസ്രത് ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ വകയായി ബിജിക്കു ഒരു വീട് വച്ചു തരാൻ 4 സെന്റ് സ്ഥലം സൗജന്യമായി നൽകാം എന്ന് ബഹ്റൈൻ ൽ നിന്നും പ്രിയപ്പെട്ട Francis Kaitharath ഗ്രുപ്പിൽ അറിയിക്കുകയും ഇനി വീട് വെക്കാൻ ഉള്ള പണം കണ്ടെത്തിയാൽ മതിയെന്നും പറഞ്ഞപ്പോൾ മനസ്സിൽ കുളിർമഴ പെയ്തു.. അതിനെ കുറിച്ചു ചർച്ച ഇന്നലെ തുടങ്ങി.. കേവലം അര മണിക്കൂറിനുള്ളിൽ ബിജിയുടെ വീട് WMF MIDDLE EAST യാഥാർഥ്യം ആക്കി.. പൗലോസ് സർ രണ്ടു ലക്ഷം ഇതിലേക്ക് സംഭാവന ചെയ്യുകയും വീട് നിർമാണത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു..  സഹോദരി ആനി Annie Libu ബിജിക്കു 21000/- താമസിക്കുന്ന വീട്ടിൽ എത്തിച്ചു കൊടുത്തു.. ഫ്രാൻസിസ് സർ  2000/ മാസം എന്ന നിരക്കിൽ 6 മാസത്തേക്ക് 12000/ രൂപ കുട്ടികളുടെ ആവശ്യത്തിന് അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.. അങ്ങനെ കുറെ ഏറെ നല്ല മനുഷ്യരെ സാക്ഷിയാക്കി ഇന്നലെ ആ അത്ഭുതം ബിജിയുടെ വീട് യാഥാർഥ്യമാകുന്നു.. ഒരു ചേച്ചിയുടെ കടമ നിർവഹിച്ചു എന്ന ചാരിതാർഥ്യം എനിക്ക്.. ഫ്രാൻസിസ് സാറിനും പൗലോസ് സാറിനും മറ്റ് ടീം അംഗങ്ങൾക്കും DMC യുടെയും എന്റെയും നന്ദിയും കടപ്പാടും.. ബിജിയുടെ മക്കൾ ചൈൽഡ് ലൈൻ ൽ ആണ്. Dr.K C ജോർജ് വഴി അവരുടെ ക്ഷേമം ഉറപ്പാക്കി..  അതുകൂടാതെ പലരും ചെറുതും വലുതുമായ സംഭാവന ഇക്കാര്യത്തിൽ ഉറപ്പ് തരുകയും ചെയ്തു. Raison, deepak ji, kurian joseph sir, Alphons sir, joby, samson, paulos ji, sainuddin ji അങ്ങനെ നന്മകൾ പൂത്തുലഞ്ഞു

നാലു മാസങ്ങൾ കൊണ്ടു ബിജിയുടെ വീടിന്റെ താക്കോൽദാനം നിർവഹിക്കാൻ കഴിയും എന്നാണ് പൗലോസ് ജി വാക്ക് തന്നിരിക്കുന്നത്.. ബിജിയുടെ മക്കൾ ഇനി അനാഥരല്ല.. അവർക്കും അവരുടെ അമ്മയ്ക്കും സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം പൂവണിയാൻ ഇനി 4 മാസങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. ഇതിന്റ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കലൂടെ നന്ദിയും കടപ്പാടും

ഈ സന്തോഷം നിങ്ങളുടെ മുന്നിൽ പങ്കു വെക്കുന്നു.. അതേ എനിക്ക് മറ്റൊരു അനിയത്തി കൂടി.. ബിജി എന്റെ സ്വന്തം അനിയത്തി ആയി..

ഒത്തിരി സ്നേഹത്തോടെ
ദീപ മനോജ്‌ കൺവീനർ DMC