2019, ഡിസംബർ 14, ശനിയാഴ്‌ച

ഷിംല കൽക്ക ഹെറിറ്റേജ് ടോയ് ട്രെയിൻ യാത്ര പോകുന്നവർക്ക് വേണ്ടി.

ഷിംല കൽക്ക ഹെറിറ്റേജ് ടോയ് ട്രെയിൻ യാത്ര പോകുന്നവർക്ക് വേണ്ടി.

ക്വീൻ ഓഫ് ഹിൽസ് എന്ന ഹിമാചലിലെ ഷിംല ബ്രിട്ടന്റെ സമ്മർ ക്യാപിറ്റൽ ആയിരുന്നു. അവിടെ സന്ദർശിക്കുന്നവർ സാധാരണ പോകാറുള്ളതാണ് ഷിംല കാൽക്ക ഹെറിറ്റേജ് ടോയ് ട്രെയിൻ. 1800 കളിൽ തുടങ്ങിയ നാരോ ഗേജ് പാതയാണ്. ഏകദേശം 100 km. 103 ടന്നലുകൾ മുന്നൂറോളം ആർച്ചു ബ്രിഡ്ജ്. 18 സ്റ്റേഷൻ.  വഴിനീളം പൈൻ മരങ്ങൾ,  മുട്ടകുന്നുകൾ,  മലയോര പാതകൾ,  ഗ്രാമങ്ങൾ, പാറക്കെട്ടുകൾ. വ്യത്യസ്‍ത യാത്രനുഭവമാണ്. ഡിസംബർ പകുതിയോടെ പാതകൾ മഞ്ഞു നിറയും.

 നേരെത്തെ ടിക്കറ്റ് ബുക്ക്‌ ചെയ്യണം എന്നാണ് പറയുന്നത്. എന്നാൽ എനിക്ക് ബുക്ക്‌ ചെയ്യാൻ ആയില്ല. ഏകദേശം 9.30 നു ഷിംല സ്റ്റേഷനലിൽ എത്തി. മനോഹര കാഴ്ചകളാണ്. നിറയെ കുരങ്ങന്മാരും. സൂക്ഷിച്ചില്ലേൽ അടിച്ചു മാറ്റാൻ വിരുതൻമാരാണ് അവർ എന്ന് പറയുന്നു. മൂന്നു പ്രധാന ട്രെയിനുകൾ ഉണ്ട്. 10.40ന്റെ ട്രെയിന് പോകാൻ ടിക്കറ്റ്എടുത്തു. ജനറൽ കംപാർട്മെന്റിൽ ആരുമില്ല. അവിടെ ഇരുപ്പ് ഉറപ്പിച്ചു. 

ഷിംല കൽക്ക 90-100 km ഉണ്ട്. 5-6 മണിക്കൂറും. അത് നന്നാവില്ലെന്ന് തോന്നിയതുകൊണ്ട് കണ്ടാഘട് ടിക്കറ്റ് ആണ് എടുത്തത്. 30 രൂപ
രണ്ട് മണിക്കൂർ.

സ്റ്റേഷൻ വളരെ ക്ലീൻ ആണ്. ജനറൽ കംപാർട്മെന്റ് ടോയ്ലററ്റിൽ വെള്ളമില്ല. കുപ്പിവെള്ളത്തിൽ കൈയും മുഖവും കഴുകി. കയ്യിൽ ഉണ്ടായിരുന്ന ടിഷ്യൂ പേപ്പറിൽ കൈ തുടച്ചു വിൻഡോ സീറ്റിൽ ഇരുന്നു. വേസ്റ്റ് ബിന്നില്ലാ. താഴെ നോക്കിയപ്പോൾ ഒരു കുഴി. നിറയെ വേസ്റ്റ്. ആ പേപ്പർ അതിലേക്ക് ഇട്ടു. പൊടുന്നനെ ഒരു കനത്ത ശബ്ദം.ഒരാൾ എവിടെ നിന്നോ ഓടി വന്നു. ശകാരിച്ചു തുടങ്ങി. ക്ലീനിങ് ഇൻ ചാർജ് ആണെന്ന് മനസ്സിലായി.  ടിക്കറ്റ് എടുക്കാനും. പുറത്ത് ഇറങ്ങാനും പറഞ്ഞു. ന്യായീകരിക്കാൻ  ശ്രമിച്ചപ്പോൾ റെയിൽ വേ പോലീസിൽ പെറ്റീഷൻ ഫയൽ ചെയ്യുമെന്ന് പറഞ്ഞു. അങ്ങനെ 500 രൂപ ഫൈൻ കൊടുക്കാമെന്നു പറഞ്ഞു. പിന്നീട് ആ കുഴിയിൽ നിന്ന് ടിഷ്യൂ പേപ്പർ എടുത്ത് കൊണ്ട് വന്നു സ്റ്റേഷനിലെ ബിന്നിൽ ഇട്ടു. അപ്പോഴേക്കും ആളുകൾ കൂടി. എല്ലാവരും എന്നെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. അതിലൊരാൾ വളരെ വിനയത്തോടെ ഫൈൻ അടപ്പിക്കാൻ വന്ന ആളോട് എന്തെല്ലാമോ പറഞ്ഞു. അങ്ങനെ ഫൈൻ മേടിക്കാതെ അയാൾ പോയി. ആളുകൾ എല്ലാം എന്നെ നോക്കുന്നു. വലിയ കുറ്റബോധവും ഒപ്പം നാണക്കേടും. വല്ലാത്ത ടെൻഷനും. പരിസര ശുചീകരണത്തെക്കുറിച്ച് വാ തോരാതെ എപ്പോഴും പറയാറുള്ള എനിക്ക് തന്നെ ഈ പണി കിട്ടിയല്ലോ എന്ന ചിന്ത. കുറച്ചു കൂടി സൗമ്യമായി സംസാരിച്ചിരുന്നെങ്കിൽ ഈ പൊല്ലാപ്പ് ഒന്നും ഉണ്ടാകില്ലായിരുന്നു എന്ന തോന്നലും. അങ്ങനെ വിന്ഡോ സീറ്റിൽ ഇരുന്ന് നീലാകാശത്തെക്കും പടർന്നു കിടക്കുന്ന ഹിമാലയൻ പർവ്വത നിരകളിലേക്കും നോക്കി ഇരുന്നു. കംപാർട്മെന്റിൽ ആളുകൾ നിറഞ്ഞു. എന്നാലും ആരും നിൽക്കുന്നില്ല. ട്രെയിൻ പതിയെ ചലിച്ചു തുടങ്ങി.

ടണലുകളും ആർച് ബ്രിഡ്ജികളും ഗ്രാമങ്ങളും പാറക്കെട്ടുകളും കുന്നുകളും എല്ലാം കാഴ്ചയായി വനന്തരങ്ങളിലൂടെ ട്രെയിൻ നീങ്ങുകയാണ്. രണ്ട് സ്റ്റേഷൻ കഴിഞ്ഞതോടെ ആളുകൾ കാഴ്ച കാണുന്നത് നിർത്തി കഴിഞ്ഞു. കാരണം ആദ്യ പാതങ്ങളിലേ കാഴ്ചയുടെ ആവർത്തനമാണ് പിന്നീട്. പലരും ചീട്ട്, ഗെയിം, വർത്തമാനം ഇവയിൽ മുഴുകി. സ്റ്റേഷനുകളിൽ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്. രണ്ട്  സ്റ്റേഷൻ കഴിഞ്ഞപ്പോൾ തന്നെ തിരിച്ചുള്ള ട്രെയിൻ കേറാം എന്ന ചിന്ത തുടങ്ങി. പക്ഷെ എവിടെ നിന്ന് കേറും എന്ന് പിടിയില്ല. ഇറങ്ങി ടിക്കറ്റ് എടുക്കുമ്പോഴേക്കും രണ്ട് ട്രെയിനും പോയാൽ പണി പാളില്ലെ. ഹിമാചൽ എക്സ്പ്രസ്സിലെ ടോയ്ലറ്റുകൾ ഇപ്പോഴും ബയോ അല്ല എന്ന് കാര്യം ഞാൻ മനസ്സിലാക്കി. ഒരു വിധത്തിൽ ഇത്തരം ട്രെയിനുകൾ അല്ലെ ഏറ്റവും വലിയ ഓപ്പൺ ഡിഫെക്കേഷൻ നടത്തുന്നത് എന്നും സ്വച്ച് ഭാരതിൽ ഇതിനു എത്ര പ്രാധാന്യം ഉണ്ട് എന്നും ഞാൻ ചിന്തിക്കാതിരുന്നില്ല.

12.40 ഓടെ ട്രെയിൻ കണ്ടഘട് എത്തി. എന്റെ കണക്കു അനുസരിച് 3.30 നാണു തിരിച്ചു ട്രെയിൻ. ആ സ്ഥലത്തെ കാഴ്ച കണ്ടു ഒന്നുകിൽ ടാക്സി പിടിച്ചോ അല്ലേൽ മറ്റൊരു ട്രൈനോ തിരിച്ചു പോകാമെന്നാണ് ഞാൻ പ്ലാൻ ചെയ്തത്. പക്ഷെ അതാ മറ്റൊരു ട്രെയിൻ, ഷിംല സൈഡിലേക്ക് കിടക്കുന്നു. ഓടി ഇറങ്ങി ടിക്കറ്റ് എടുക്കാൻ പാഞ്ഞു. പക്ഷെ ടിക്കറ്റ് വെൻഡിങ് മെഷീൻ വർക്ക്‌ ചെയ്യുന്നില്ല. എന്ത് ചെയ്യും. 20 രൂപ തരൂ. അടുത്ത സ്റ്റേഷനിൽ എത്തുമ്പോൾ ടിക്കറ്റ് തരാം എന്ന് പറഞ്ഞു. സ്റ്റേഷനിലേ ഒരു ഉദ്യോഗസ്ഥനാണെന്നു തോന്നുന്നു ഒപ്പം കയറി. ചാടി പിടച്ചു ട്രൈനിൽ കയറി. ടിക്കറ്റ് ഇല്ലാത്തതു കൊണ്ട് TTE പിടിക്കുമോ എന്നായി ഭയം. കൂടെ കയറി ആൾ നല്ല ഉറക്കവും. കംപാർട്മെറ്റിൽ നല്ല ബഹളമാണ്. ജോലിക്കാർ ആണെന്ന് തോന്നുന്നു. പാട്ടും ചീട്ടുകളിയും വലിയ ഒച്ചയിൽ സംസാരവും.

ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി. കൂടെ ഉണ്ടായിരുന്ന ആൾ അവിടെ ഇറങ്ങി. ഞാൻ അയാളുടെ പുറകെ ഓടുകയാണ്. അപ്പോൾ ഒരാൾ എതിർ ദിശയിൽ ഓടി വരുന്നു. ഒരു ടിക്കറ്റ് അയാൾക്ക് കൊടുത്തു. തങ്ങൾ അവിടെ ഇരുന്നാൽ പോരായിരുന്നോ ഞാൻ കൊണ്ട് വന്നു തരില്ലായിരുന്നോ. ഇത് പറഞ്ഞു അയാൾ ടിക്കറ്റ് എനിക്ക് തന്നു. വീണ്ടും ട്രൈനിൽ തൂങ്ങി കയറി. ചൂളം വിളിച്ചു കുഴലിലൂടെയും കാനനാന്തരങ്ങളിലൂടെയും ട്രെയിൻ പായുകയാണ്. ഈ വിജനമായ കാടുകളിലേ ആർച്ചു ബ്രിഡ്ജുകളിൽ ധാരാളം കമിതാക്കൾ ആണെന്ന് തോന്നുന്നു ഇരിക്കുന്നത് കാണാം. ഇതിന് അകത്തു എത്താൻ എങ്ങനെ സാധിച്ചു എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. മുൻപിലത്തെ  കംപാർട്മെന്റ് ആയതു കൊണ്ട് തന്നെ പുക വരുന്നത് കാണാം. ടണലുകൾ കടക്കുമ്പോൾ ആ പുക കംപാർട്മെന്റിൽ കയറും. ലൈറ്റ് ഇല്ലാത്തതുകൊണ്ട് ഇരുട്ടും പുകയും. ചില ടന്നലുകൾ വളരെ നീളം ഉണ്ട്. എന്തായാലും തിരിച്ചുള്ള യാത്ര വളരെ വേഗത്തിൽ എന്ന പോലെ തോന്നി. പാട്ടും മേളവും ഒച്ചയുമെല്ലാം.

അങ്ങനെ ടോയ് ട്രെയിൻ ഷിംലയിൽ തിരിച്ചു എത്തി. ക്ലീനിങ് കാര്യത്തിൽ കർക്കശക്കാരനായ ആ ഉദ്യോഗസ്ഥനെ ഒന്ന് കാണാം എന്നും ക്ഷമാപണം നടത്തി അഭിനന്ദനം അറിയിക്കണം എന്നും തോന്നി. സ്റ്റേഷനിൽ ഇറങ്ങി നടക്കുമ്പോൾ അതാ അയാൾ കുറച്ചു പേരോടൊപ്പം നടന്നു വരുന്നു. പക്ഷെ ധൈര്യം വന്നില്ല. അയാൾ കാണാതെ ഞാൻ വഴി മാറി.

സ്റ്റേഷനിൽ ഒരു സസ്യാഹാര പുരയുണ്ട്. അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ഇതിനിടയിലേ സ്റ്റേഷനിലേ ശുചിത്വ ക്രമീകരണത്തിന്റെ വീഡിയോ എല്ലാം ഞാൻ പകർത്തി. നല്ല രുചികരമായ താലി. ചോറ്,  പൂരി, പരിപ്പ്, തൈര്, അച്ചാറ്. നല്ല ചൂടൻ ഊണ്. ഷിംലയിലെ തണുപ്പിൽ ആ ചൂടൻ ഭക്ഷണം വളരെ രുചി ഉള്ളതായി തോന്നി.

ഷിംല ടോയ് ട്രൈനിൽ പോകുന്നവർ ഷോർട് റൈഡ് എടുക്കുന്നതാണ് ഉചിതം എന്ന് ഒരു അഭിപ്രായവും പറയാൻ ഞാൻ മടിക്കുന്നില്ല. നമ്മുടെ നിലമ്പൂർ ഷൊർണൂർ, കൊല്ലം ശാസ്താംകോട്ട, പുനലൂർ, പിറവം റോഡ് അവിടത്തെ കാഴ്ചകൾ എത്ര സുന്ദരം ആണ് എന്നാണ് എന്റെ തോന്നൽ.

റിഡ്ജ്, ക്രൈസ്റ്റ് ചർച്, കുഫ്‌റി, നൈറ്റ്‌ പർച്ചേസ്, ഗ്രീൻ വാലി, നാർക്കണ്ട ഹിൽസ് ഇതെല്ലാമാണ് ഇനി എന്റെ ലക്ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ