2020, ജനുവരി 17, വെള്ളിയാഴ്‌ച

രാഷ്ട്രീയമില്ലാത്ത തിരഞ്ഞെടുപ്പ്

രാഷ്ട്രീയമില്ലാത്ത തിരഞ്ഞെടുപ്പ്

ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഒരു പാർട്ടിയുടെ വിജയം നിശ്ചയിക്കുക  എന്നതിൽ അപ്പുറം  ആണ് എന്നാണ് വസ്തുത. സർക്കാരിന്റെ പ്രവർത്തനങ്ങൾ  ഒരു വശത്തും പൊള്ളയായ പ്രകടനങ്ങൾ  മറു വശത്തും. "ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിങ്ങൾ തൃപ്തരാണെങ്കിൽ വോട്ട് ചെയ്യൂ. അല്ല എങ്കിൽ നിങ്ങൾ വോട്ടു ചെയ്യണ്ട" എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ ഒരു മുഖ്യമന്ത്രി ഇതിനു മുൻപ് ഉണ്ടാകുമോ ആവോ. നിങ്ങൾ ഏതു പാർട്ടിയിലാണോ അവിടെ നിന്നുകൊള്ളൂ എന്ന് കൂടി പറയാൻ കേജ്രിവാൾ മറന്നിട്ടില്ല.

വൈദ്ദ്യുതി സൗജന്യമായി ലഭിക്കുന്ന,  വെള്ളം സൗജന്യമായി ലഭിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനം ഉണ്ടാകില്ല. സ്ത്രീകൾക്ക് പൊതു ഗതാഗതം സൗജന്യം ആയിട്ടുള്ളത് മറ്റെവിടേയാണ്?  സർക്കാർ  സേവനങ്ങൾ വീട്ടു പടിക്കൽ നൽകുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല. റിസോർട് പോലെ തോന്നിക്കുന്ന സർക്കാർ  സ്‌കൂളുകൾ. സ്വകാര്യാ സ്കൂളുകൾ ഇതിനു മുൻപിൽ തോറ്റുപോകും. ഒപ്പം ഹാപ്പിനസ് പാഠ്യ പദ്ധതിയും.  സൗജന്യമായി ചികിത്സ ലഭ്യമാകുന്ന നൂറു കണക്കിന് മൊഹല്ല ക്ലിനിക്കുകൾ. കൂടുതൽ ചികിത്സക്കായി പൊളി ക്ലിനിക്കും സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളും. കേന്ദ്രത്തിന്റെ ആയുഷ് മാന് പദ്ധതിയെപ്പോലെ വരുമാന പരിധി ഇല്ലാത്തതാണ് ഇത് എന്നും അറിയണം.
ജനങ്ങളുടെ സുരക്ഷക്കായി നഗരവും ഗല്ലികൾക്കും മുഴുവൻ സമയം കണ്ണായി CCTV ക്യാമറകൾ. ഇരുട്ടില്ലാത്ത നഗരത്തിനായി സ്ട്രീറ്റ് ലൈറ്റുകൾ. നിരവധി സ്ഥലങ്ങളിൽ സൗജന്യ വൈഫൈ. സൗജന്യ വിദ്യാഭാസവും സ്കൊളർ ഷിപ്പുകളും. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിയന്ത്രണം. സൗജന്യ തീർത്ഥയാത്ര.  രാജ്യത്തെ ഏറ്റവും കൂടുതൽ വാർദ്ധക്യ പെന്ഷൻ ലഭ്യമാക്കുന്നത് ഡൽഹിയിൽ ആണ്. മിനിമം വെജിലും രാജ്യത്തു മുന്നിൽ നിൽക്കുന്ന സംസ്ഥാനവും ഡൽഹി തന്നെ. കഴിഞ്ഞ അഞ്ച് വർഷത്തിൽ 43% വർദ്ധനവ്.  ഭവന നിർമ്മാണ പദ്ധതികൾ മാതൃകാപരം. എന്നിട്ടും  സർപ്ലസ് ബഡ്ജറ്റ്.

സർക്കാർ ഖജനാവിൽ അധിക പണം ഉള്ളത് ഏതു സംസ്ഥാനത്തു ആണ് .വെള്ളം സൗജന്യം ആക്കിയിട്ടും ലാഭത്തിൽ ആയ ജല ബോർഡ്‌ മറ്റെവിടെ എങ്കിലും ഉണ്ടോ?  ഡൽഹിയിൽ AAP വന്നതിനു ശേഷം ആണ് സർപ്ലസ് ബജറ്റ് ആകുന്നത് എന്നതാണ് ശ്രദ്ധേയം . കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരു അഴിമതി ആരോപണം ഇല്ല എന്ന് പറയുമ്പോൾ ഒന്ന് അമ്പരക്കും. അഴിമതി കുറഞ്ഞാൽ ജനം രക്ഷപെടും എന്നതിന് ഉത്തമ ഉദാഹരണം ആണ് ആം ആദ്മി സർക്കാർ.

MLA മാരെ ഓരോന്നായി വിവിധ കേസുകളിൽ കുടുക്കാൻ ശ്രമിച്ചു എങ്കിലും എല്ലാത്തിലും തന്നെ കോടതി NO പറഞ്ഞു. ഒരു പ്യൂണിനെ പോലും ട്രാൻസ്ഫർ ചെയ്യിക്കാൻ പോലും അധികാരം ഇല്ലാത്ത ഡൽഹി സർക്കാർ ആണെന്ന് കൂടി ഓർക്കണം. പോലീസ് സേനയും വിജിലൻസും എല്ലാം കേന്ദ്രത്തിന്റെ കയ്യിൽ. എല്ലാ കാര്യത്തിനും കേന്ദ്ര ഗവർണ്ണറുടെ കടാക്ഷം ആവശ്യവും. നിരവധി പരാധീനതകൾക്ക് മധ്യേയാണ് ആപിന്റെ പോരാട്ടം . ഞാൻ ആദ്യമായി കെജ്‌രിവാളിനെ കണ്ടപ്പോൾ ചോദിച്ച ചോദ്യം ഇതാണ്. ലോകത്തിനു മാതൃകയായ  ഈ വികസനം എന്നാണ് മറ്റു സംസ്ഥാനങ്ങളിൽ പൂവണിയുക എന്ന്.

ഇന്ന് രാജ്യത്ത് വികസനം ചർച്ച ചെയ്യുന്നില്ല. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിലും ജനകീയ വിഷയങ്ങൾ ചർച്ച ആയില്ല. ജാതി, മതം,  വർഗീയത, അതി ദേശീയത എന്നിവായിലേറിയ തിരഞ്ഞെടുപ്പ് ആയിരുന്നു. കോൺഗ്രസ്‌ വോട്ടുകളാണ് കഴിഞ്ഞ തവണ ആപ്പ് പാർട്ടിയിലേക്ക് ഒഴുകിയത്. അങ്ങനെ കോൺഗ്രസ്‌ കൂപ്പു കുത്തി. ഇപ്പോൾ കോൺഗ്രസ്‌ സജീവ സാന്നിധ്യം അല്ല. എന്നിരുന്നാലും മുമ്പത്തേക്കാൾ നില മെച്ചപ്പെടുത്തിയേക്കാം. NRC വിഷയത്തിൽ AAP നിശബ്ദത പാലിക്കുന്നതിനാൽ മോഡി  അനുഭാവികളായ ബിജെപിക്കാർ  കെജ്‌രിവാളിന് വോട്ട് ചെയ്യാൻ സാധ്യതയുണ്ടോ എന്ന് കണ്ടറിയണം. എന്നാൽ അതുകൊണ്ട് തന്നെ പണ്ട് ആപിന് വോട്ടു ചെയ്ത കോൺഗ്രസ്‌കാർ  എല്ലാം ആപിന് വോട്ടു ചെയ്യണം എന്ന് നിര്ബന്ധമില്ല. അങ്ങനെ ആയാൽ ആപ്പ് വോട്ട് ഭിന്നിക്കാനും വഴി ഉണ്ട്.  എങ്ങനെ വന്നാലും ആപ്പിനാണ് നഷ്ടം.

ഡൽഹിയിൽ കേജ്രിവാൾ കേന്ദ്രത്തിൽ മോഡി എന്നാണ് ഇവിടെ പല BJP ക്കാരും പറയുന്നത്. കെജ്‌രിവാളിന് പകരം ഒരു മുഖ്യമന്ത്രി സ്ഥാനര്തിയെ ഉയർത്തി കാണിക്കാൻ ബിജെപിക്ക് ഇല്ല എന്നതും ഒരു വസ്തുതയാണ്. പ്രീ പോളുകൾ എല്ലാം തന്നെ ആപിന് വിജയം ഉറപ്പിക്കുന്നു. ഇനി അറിയേണ്ടത് ജനാധിപത്യത്തെക്കുറിച്ചു ജനങ്ങൾ എങ്ങനെ ചിന്തിക്കും എന്നാണ്. വികസനം ആണോ വിഭാഗീയതയാണോ വിജയിക്കുന്നത് എന്ന് കാത്തിരുന്നു കാണാം. നോട്ട് നിരോധനവും പൗരത്വവും  ജാതീയതയും ജനകീയ വിഷയങ്ങളേക്കാൾ ഇവിടുത്ത ജനങ്ങൾ പരിഗണിച്ചാൽ ബിജെപി ഭരണത്തിൽ വന്നത് തന്നെ. അങ്ങനെ സംഭവിക്കാതിരുന്നാൽ ഇനിയും നമുക്ക് പ്രതീക്ഷയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ