2011, നവംബർ 18, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍: അടിത്തട്ടില്‍ ചോര്‍ച്ച

മുല്ലപ്പെരിയാര്‍: അടിത്തട്ടില്‍ ചോര്‍ച്ച
Posted on: 19 Nov 2011

മൂന്നിടത്തുകൂടി വിള്ളല്‍
കൂടുതലിടങ്ങളില്‍ ചോര്‍ച്ച
ഭൗമശാസ്ത്രജ്ഞര്‍ ഇന്നെത്തും



തൊടുപുഴ: വെള്ളിയാഴ്ച പുലര്‍ച്ചെ ഇടുക്കി ജില്ലയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അടിത്തട്ടില്‍നിന്ന് ശക്തമായ ജലപ്രവാഹം. ഗാലറിയോടു ചേര്‍ന്ന ഭാഗത്തുകൂടിയാണ് വെള്ളം ക്രമാതീതമായി പുറത്തേക്കൊഴുകുന്നത്. അണക്കെട്ടിനു മുകളില്‍ വിള്ളലും രണ്ടിടത്ത് ചോര്‍ച്ചയും പുതുതായി രൂപപ്പെട്ടിട്ടുണ്ട്. പുറത്തേക്കുവരുന്ന വെള്ളത്തില്‍ ഡാം നിര്‍മ്മിക്കാനുപയോഗിച്ചിട്ടുള്ള സുര്‍ക്കിയുടെ അംശവും കണ്ടെത്തിയത്, ഭൂചലനത്തില്‍ അണക്കെട്ടിന് സാരമായ കേടുപാട് സംഭവിച്ചു എന്ന സംശയം ബലപ്പെടുത്തുന്നു.

ഭൂചലനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ നടത്തിയ പരിശോധനയിലാണ് ഒഴുക്കും വിള്ളലുകളും കണ്ടെത്തിയത്. ജലപ്രവാഹം അതീവ ഗുരുതരമാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അണക്കെട്ടിനോടു ചേര്‍ന്ന് അടിത്തട്ടില്‍നിന്ന് മുകളിലേക്ക് മണ്ണിനടിയില്‍നിന്നാണ് ജലം ശക്തമായി പുറത്തേക്കൊഴുകുന്നത്. അടിയില്‍നിന്ന് 35 അടി ഉയരത്തിലുള്ള ഗാലറിയോടുചേര്‍ന്ന ഭാഗത്താണ് ചോര്‍ച്ച എന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ നവംബര്‍ 8ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള ജലപ്രവാഹം ഉണ്ടായിരുന്നില്ല. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടോമി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ജലപ്രവാഹത്തിന്റെ ഉറവിടം കണ്ടെത്താന്‍ കുറച്ചിടത്തെ മണ്ണ് നീക്കിയെങ്കിലും ഫലമുണ്ടായില്ല. പരിശോധനാ സംഘത്തോടൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് പി.ഡബ്ല്യു.ഡി. വകുപ്പ് ജീവനക്കാരന്‍ ഈ സമയം സ്ഥലംവിട്ടു. ഭൂചലനത്തെക്കുറിച്ച് പഠനം നടത്താന്‍ തിരുവനന്തപുരം സെസ് കേന്ദ്രത്തിലെ ഭൗമശാസ്ത്രജ്ഞര്‍ ശനിയാഴ്ച ഇടുക്കിയിലെത്തും.

1 അഭിപ്രായം:

  1. ഒരു ദുരന്തത്തിനുമുകളില്‍ എത്ര കൂളായിട്ടാണ് മനുഷ്യര്‍ കഴിഞ്ഞു കൂടുന്നത്....!! .... ഇനി അത് സംഭവിച്ചു കഴിയുമ്പോള്‍ ആകും ബോധം വരണത്....
    ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു.

    മറുപടിഇല്ലാതാക്കൂ