2019, ഡിസംബർ 14, ശനിയാഴ്‌ച

ഋഷികേശ് റിവർ റാഫ്റ്റിങ്

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എങ്കിൽ ദൈവങ്ങളുടെ നാടാണ് ഉത്തരാഖണ്ഡ്. ഹിമാചൽ പ്രദേശ് ആകട്ടെ ദൈവത്തിന്റ ഭൂമിയും. ഉത്തരാഖണ്ഡിലെ ഋഷികേശ് ലോകത്തിന്റ യോഗ ക്യാപിറ്റൽ ആണ്, ഇന്ത്യയുടെ റാഫ്റ്റിങ് ക്യാപിറ്റലും. ചുരുങ്ങിയത് മൂന്നു ദിവസത്തെ കാഴ്ചകൾ ഉണ്ട് ഉത്തരാഖണ്ഡിൽ. കുരങ്ങ്,  കഴുത,  പശു, പട്ടി, സന്യാസിമാർ ഇവരാണ് തെരുവുകൾ കീഴടക്കിയിരിക്കുന്നത്.

ലക്ഷ്മൺ ജൂല,  രാം ജൂല, പർമർത് നികേതൻ, ബെറ്റീൽസ് ആശ്രമം, ത്രിവേണി ഘട്ട് ഇവയാണ് പ്രധാന കേന്ദ്രങ്ങൾ. എന്നാൽ റിവർ റാഫ്റ്റിംഗും ബഞ്ചി ജമ്പിങ്മാണ് ആവേശകരമായ അനുഭവം. പുണ്യഭൂമിയായി കരുതുന്ന ഋഷികേശിൽ എത്തുന്നവരിൽ നല്ല ഭാഗവും ഭക്തന്മാരാണെന്ന് പറയാം. ഉത്തരാഖണ്ഡിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗാ നദിയാണ് സുപ്രധാന കാഴ്ച. അവിടെ ഗംഗാ മതായാണ്. ഋഷികേശിന്റെ   ജീവനാഡിയും ആത്മാവും ആണ് ഗംഗാ മാ.

പുലർച്ചെ തന്നെ ഞാൻ ലക്ഷ്മൺ ജൂലയിൽ എത്തി. ഗംഗാ നദി കുറുകെ കടക്കാൻ ഒരു സസ്പെന്ഷന് ബ്രിഡ്ജ്. പണ്ട് ലക്ഷമണൻ ഗംഗാ നദി മുറിച് കടന്ന സ്ഥലം ആണത്രേ ഇത് . കുറച്ചു താഴെയാണ് രാം ജൂല. ഇതേപോലെ ഒരു ബ്രിഡ്ജ് തന്നെയാണ്. രാവണനെ വധിച്ച ശേഷം ശ്രീരാമൻ പ്രാശ്ചിത്തം കഴിച്ച സ്ഥലം ആണിത് എന്ന് പറയപ്പെടുന്നു. ലക്ഷമൺ ജൂല പാലം ഒരിക്കൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയിട്ടുണ്ട്.

രാവിലെ തന്നെ ഗംഗാ തീരത്ത് നിന്ന് മണലും കല്ലുമായി പോകുന്ന നൂറു കണക്കിന്  കഴുതകൾ ആണ് ഞങ്ങളെ എതിരേറ്റത്. പതിയെ ഞങ്ങൾ ഗംഗാ തീരത്തേക്ക് നടന്നു നീങ്ങി . ചില താപസന്മാരെപ്പോലെ തോന്നിപ്പിക്കുന്ന ആളുകൾ എന്തെല്ലാമോ പൂജകൾ ചെയ്യുന്നുണ്ട്. അതിരാവിലെ തന്നെ ഗംഗയുടെ തണുത്തുറഞ്ഞ ജലത്തിൽ സ്നാനം ചെയ്യുന്ന സ്ത്രീകൾ. ഇതിനിടയിൽ ഒരു കുരങ്ങൻ മറ്റൊരു കുരങ്ങനെ അടിച്ചു അവശനാക്കി ഇട്ടിരിക്കുന്ന കാഴ്ചയും. മരിച്ചു എന്നാണ് എനിക്ക് തിന്നിയത്.  കഴുതകളെ മേയ്ക്കുന്നവർ വന്നു അതിനു വെള്ളം കൊടുത്തും മറ്റും ഒരു വിധത്തിൽ കുറെ കഴിഞ്ഞപ്പോൾ അതിനെ നടക്കുമാറാക്കി. അക്രമകാരിയായ കുരങ്ങനെ അവർ ആട്ടിപ്പായിച്ചു അതിനെ സംരക്ഷിക്കാനും ശ്രമിച്ചു.

ആദ്യം റിവർ റാഫ്റ്റിങ് ചെയ്യാം എന്ന ഒരു തീരുമാനത്തിൽ എത്തി . ഒരാൾക്കു ആയിരം രൂപ  വരെ വരും. 10-15 km ഉള്ള റാഫ്റ്റിങ് ആണ്.  വിവിധ റാപിഡ്‌സുകൾ. എന്നോടപ്പം ലോക്കി എന്ന പേരുള്ള ഒരു ഓസ്ട്രേലിയക്കാരൻ ഉണ്ട്.  ഇന്ത്യ കറക്കം ആണ് അയാളുടെ ലക്ഷ്യം. ക്രിക്കറ്റ് താരം സച്ചിനെ വല്യ ഇഷ്ടം ആണ്. കേരളത്തിലേക്ക് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ ഇല്ല, തന്റെ ഗേൾ ഫ്രണ്ട് വന്നിട്ടുണ്ട് എന്നായിരുന്നു മറുപടി. ഋഷികേശിൽ നിന്ന് 10-15 km ജീപ്പിൽ പോയാലാണ് സ്റ്റാർട്ടിങ് പോയിന്റിൽ എത്തുക. ലൈഫ് ജാക്കറ്റ്, പങ്കായം എല്ലാം ഞങ്ങൾക്ക് കിട്ടി. അവർ ആ വലിയ ബോട്ടിൽ കാറ്റ് അടിച്ചു നിറക്കുകയാണ്. പിന്നീട് അതും ചുമന്നുകൊണ്ട് താഴെ നദിയിലേക്ക്. കയ്യിലോ പോക്കറ്റിലോ ഒന്നും വേണ്ട. എല്ലാം ഞാൻ സൂക്ഷിച്ചുകൊള്ളാം . അല്ലെങ്കിൽ വെള്ളത്തിൽ എല്ലാം നഷ്ടമാകും. ഗൈഡ് പറഞ്ഞു. പേഴ്‌സ്, വാച്ച്, ഫോൺ, പൈസ എല്ലാം കൊടുത്തു. ഭദ്രമായി ഒരു സഞ്ചിയിൽ അയാൾ വച്ചു. ബോട്ട് നീങ്ങി തുടങ്ങി. അഡ്‌വെന്ററിന്റെ ലെവലുകൾ സാധാരണ 6 ആണ്. 4 എണ്ണം നമുക്ക് പോകാം. 5, 6 മികച്ച പരിശീലനം ഉള്ളവർക്ക് മാത്രം. തുടക്കത്തിലേ തന്നെ പണി പാളി എന്ന് തോന്നിപ്പോയി.


പാറക്കെട്ടുകൾക്കിടയിലൂടെ പൊങ്ങിയും താണും മുങ്ങിയും പൊങ്ങിയും ചാഞ്ഞും ചെരിഞ്ഞും. വയറിൽ തീ ആളി. ഇടയ്ക്ക് കണ്ണുകൾ അടച്ചു. ചിലപ്പോൾ ഒരു തിരമാല പോലെ വെള്ളം ബോട്ടിലേക്ക്. വശങ്ങളിൽ ഇരിക്കുന്ന ഞങ്ങൾ ഇപ്പോൾ വീഴും എന്ന് തോന്നിപ്പോകും. വീട്ടുകാരെക്കുറിച്ച തീർച്ചയായും ഓർക്കും. ഇതിനു മുൻപ് ഇവിടെ  പലരും അപകടത്തിൽ മരിച്ചിട്ടുണ്ട്. എന്റെ സുഹൃത്തിനു ഹണി മൂൺ ട്രിപ്പിൽ ഭർത്താവിനെ നഷ്ട്ടപ്പെട്ടത് ഇവിടെ വച്ചാണ്. കർത്താവെ കാത്തോളിൻ മനസ്സിൽ പ്രാർത്ഥിച്ചു.

ഞങ്ങളുടെ ബോട്ടിൽ 8 പേര് ഉണ്ട്. ഒരാൾ ക്യാപ്റ്റൻ. മറ്റയാൾ സഹായി. ക്യാപ്റ്റൻ അപാര കക്ഷി ആണ്. ഇത്രയും പ്രോസ്ത്സാഹനം നൽകാൻ ഇവർക്ക് എങ്ങനെ ആകുന്നു. ഇഗ്ലീഷിലും ഹിന്ദിയിലും വ്യക്തവും കൃത്യവും സമയോചിതവുമായ വിവരണങ്ങൾ. അയാളുടെ കഴിവ് അംഗീകരിക്കേണ്ടത് തന്നെ. ആദ്യ റാപിഡ് കഴിഞ്ഞതോടെ ഏതാണ്ട് കിടപ്പ് പിടികിട്ടി. പിന്നെ എനിക്ക് പേടി തോന്നിയില്ല. പക്ഷെ കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീ വല്ലാതെ നിലവിളിക്കുന്നുണ്ടായിരുന്നു. ശരിക്കും ചില സമയത്ത് നാം വീഴും എന്ന് തന്നെ തോന്നിപ്പോകും. ആ കുതിച്ചൊഴുകുന്ന വെള്ളത്തിൽ പാറക്കെട്ടിൽ വെല്ലോം വീണാൽ തല പൊട്ടി തകർന്നത് തന്നെ. ഞാൻ ധൈര്യം സംഭരിച്ചു തുഴഞ്ഞു.

ഇടയ്ക്ക് ആഴം ഉള്ള ഒരു സ്ഥലത്ത് എത്തിയപ്പോൾ ഞങ്ങളോട് ചാടിക്കോളാൻ പറഞ്ഞു. അമ്മോ ! പേടിച്ചിട്ട് മേല, നീന്താൻ ശരിക്കും അറിയാമോ? വല്ല മുതലയോ മറ്റോ? ഒഴുകി പോകുമോ? തണുത്ത മരക്കുമോ? രണ്ടു കല്പിച്ചു ഒറ്റ ചാട്ടം. സൂപ്പർ !അതി ഗംഭീരം. പുണ്യനദിയായ ഗംഗയിൽ സ്നാനം ചെയ്തതിന്റെ സംതൃപ്തി. വീരകൃത്യം ചെയ്ത പ്രതീതി. അങ്ങകലെ ഹിമവാന്റെ തുറിച്ചു നോട്ടം. ഹിമാലയത്തിന്റെ മടിത്തട്ടിലെ ഗംഗയുടെ ആദ്യപാതങ്ങളിലാണല്ലോ എന്ന ആശ്വസത്തോടെ മുങ്ങി. തീർച്ചയായും ശുദ്ധ ജലം ആയിരിക്കണം. എന്നാൽ താഴേക്ക് മാലിന്യ കൂമ്പാരം ആണെന്ന് വായിച്ചിട്ടുണ്ട്.

ബോട്ട് വിവിധ റാപിഡുകൾ പിന്നിട്ടു നീങ്ങുകയാണ്. ഓരോന്നിനും പല പേരുകളാണ്. ബട്ടർഫ്‌ളൈ, ഡബിൾ ട്രബിൾ, ബ്ലാക്ക് മണി, റിട്ടേൺ ടു സെന്റെർ. ഏതോ സിനിമ പേരും ഗെയിം പേരുമെല്ലാം ആണ്. ഒരു സായിപ്പ് ഇട്ടണാതത്രെ. പേരുകൾ പോലെ തന്നെയാണ് അനുഭവവും...

അതാ.. അവിടെ ഒരു കൂറ്റൻ പാറക്കെട്ട്. മുകളിൽ ആളുകൾ നിൽക്കുന്നത് കാണാം.  ക്ലിഫ് ജമ്പ് ആണത്രേ. ശ്രമിക്കുന്നോ?  ക്യാപ്റ്റൻ ചോദിച്ചു. ആദ്യം മനസ്സിലായില്ലെങ്കിലും സമ്മതിച്ചു.
അങ്ങനെ ആ പാറക്കെട്ടിന്റെ മുകളിൽ കയറി. താഴേക്ക് നോക്കിയപ്പോൾ താഴെ നിന്ന് മുകളിലേക്ക് ഒരു ആന്തൽ. ചാടിയാൽ തിരിച്ചു കയറാൻ പറ്റുമോ?മുങ്ങിയാൽ പിന്നെ പൊങ്ങുമോ? താഴേക്ക് ചാടുന്നവർ ഒരു അലമുറയോടെയാണ് പോകുന്നത്. നോക്കി നിന്നാൽ പുറകിൽ നിൽക്കുന്നവർ തളളി ഇടുമെന്നു ഉറപ്പാണ്. അത് അപകടം ആണ് താനും. ഒരു ശ്വാസം എടുത്ത് താഴേക്ക് ചാടി. ശൂ.... വെള്ളത്തിൽ മുങ്ങി പൊങ്ങി. എക്കും പൂക്കും തിരിയും ! നേരെ ബോട്ടിലേക്ക് നീന്തി അടുത്തു. ഒരു മീനിനെ വലിച്ചിടുന്നത് പോലെ അവന്മാർ എന്നെ ബോട്ടിനുള്ളിലേക്ക് വലിച്ചിട്ടു. അപാരം തന്നെ. ക്ലിഫ് ജമ്പ് എന്തായാലും ഒഴിവാക്കരുത്. ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ ചില സാഹസങ്ങൾ.

ഞങ്ങളുടെ ബോട്ട് അവസാന റാപിഡ്‌കൾ അടുക്കുകയാണ്. ഫോട്ടോയും വിഡിയോയും എടുക്കാൻ ക്യാപ്റ്റനോട് പറഞ്ഞിരുന്നു. ആയിരം രൂപയാണ് നിരക്ക്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഫോട്ടോ എടുക്കാൻ അയാൾ ശ്രദ്ധിക്കുന്നുമുണ്ട്. ഇതിനിടയിൽ ഒരു ബോട്ട് മറിഞ്ഞു. ആളുകൾ നാലു പാടും ഒഴുകുകയാണ്. കൂട്ട നിലവിളി. പങ്കായങ്ങൾ എല്ലാം പലവഴി. ആളുകൾ നിലവിളിച്ചുകൊണ്ട് വേറെ വഴി. ഒരു നിമിഷം എല്ലാവരിലും ഭീതി പരന്നു. ബോട്ടുകൾക്ക് മുന്നിലായി ഒരാൾ കയാക്ക് പോലെ /ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഒരു ബോട്ടിൽ പോകുന്നുണ്ട്. സേഫ്റ്റിക്ക് വേണ്ടിയാണ്. അയാൾ വളരെ വേഗത്തിൽ എല്ലാവരെയും രക്ഷിക്കാൻ പായുകയാണ്. സമീപത്തുണ്ടായിരുന്ന എല്ലാ ബോട്ടുകളും കയർ ഇട്ടു നൽകി ആളുകളെ രക്ഷിക്കാൻ ശ്രമിക്കുണ്ടായിരുന്നു. മറിഞ്ഞ ബോട്ട് നിവർത്താനാണ്‌ പാട്. അടിയിൽ പെട്ടാൽ അപകടമാണ്. അതുകൊണ്ട് തന്നെ വശങ്ങളിലേക്ക് ചെരിഞ്ഞു ഇരിക്കാൻ അവർ പറയും. ഒരു വിധത്തിൽ എല്ലാവരെയും ബോട്ടിൽ കയറ്റി. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസവും മരണത്തെ നേരിൽ കണ്ട നിമിഷങ്ങളുടെ ഭീതിയും ചിലരുടെ കണ്ണുകളിൽ ഞാൻ കണ്ടു.

 എല്ലാവരോടും നന്ദി പറഞ്ഞു റാഫ്റ്റിങ് അവസാന റൈഡും പൂർത്തിയാക്കി. നേരെ ഹോട്ടലിലേക്ക് വിട്ടു. ഇനി ഒരു പരിപാടിയും ഇന്നില്ല. ഇതിൽപ്പരം ത്രില്ലിംഗ് എക്സ്പീരിയൻസ് ഇനി ആസ്വദിക്കാനില്ല തന്നെ . അതിനാൽ ഇനി ഇന്ന് മറ്റു കാഴ്ചകൾക്ക് പ്രസക്തി ഇല്ലാ എന്ന് തോന്നി. മാത്രമല്ല നല്ല ക്ഷീണവും.

ഇനി പട്ന വാട്ടർ ഫാൾ, നീർഘ വാട്ടർഫാൾ, ബീറ്റിൽസ് ആശ്രമം, ഗംഗാർത്ഥി, പർമർത് നികേതൻ, ത്രിവേണി ഘട്ട്, കുഞ്ഞാപ്പൂരി ടെംപിൾ, ബഞ്ചി ജമ്പിങ് എല്ലാം ഉണ്ട്. എല്ലാം വീഡിയോ ആക്കിയിട്ടുണ്. എന്നാലും എഴുതാൻ ഇഷ്ടമാണ്. നിങ്ങൾക്ക് ഇഷ്ടമായാൽ ഇനിയും എഴുതാം. നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ