2019, ഡിസംബർ 15, ഞായറാഴ്‌ച

കുഫ്രി കിടുവാണു

കുഫ്രിയോട് യാത്ര പറയുമ്പോൾ കുഫ്രി ഞങ്ങളെ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു.ഇനിയും വരണം എന്ന തോന്നൽ. 


കുഫ്രി ഇല്ലാതെ ഷിംലയില്ല . ടൂറിസ്റ്റ് ആക്ടിവിറ്റിയുടെ കൾമിനേഷൻ ആണ് കുഫ്രി എന്ന് പറഞ്ഞാൽ തെറ്റില്ല . മഞ്ഞു കാലത്തും ചൂടുകാലത്തും ഇപ്പോഴും കുഫ്‌റി സജീവമാണ് . കുഫ്രി താഴ്‌വരയിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ടതാണ് .  ആയിരകണക്കിന് കുതിരകളാണ് അവിടെ നമ്മെ കാത്തിരിക്കുന്നത് . മഞ്ഞിലൂടെയും ചെളിയിലൂടെയും പാറക്കെട്ടുകൾക്ക് ഇടയിലൂടെയും നമ്മെ വഹിച്ചു കൊണ്ട് അവർ അനായാസം കുന്നുകൾ കയറും . കുഫ്രിയുടെ അടിവാരത്തിൽ എത്തുമ്പോൾ തന്നെ അഡ്വഞ്ചർ ആക്ടിവിറ്റീസിന്റെ വിവിധ പാക്കേജുകളുമായി  നിരവധി പേര് നമ്മെ സമീപിക്കും.കുതിര സവാരിക്ക് 500 രൂപയാണ് . ഒരു കുന്നിന്റെ മുകളിൽ എത്തിയാൽ തുടർന്ന് ഒരു താഴ്‌വരയിൽ എത്തും.അവിടെയാണ് ടൂറിസ്റ്റ് ആക്ടിവിറ്റികൾ . കുഫ്രി പഞ്ചായത്തിന്റെ കീഴിലാണ് ഈ താഴ്വര.

സാധാരണ കുതിര സവാരി പോലെയല്ല.മുറുക്കി പിടിച്ചിരുന്നില്ലെങ്കിൽ താഴെ കിടക്കും.താഴെ വീണാൽ കുതിരകളുടെ ചവിട്ടും കിട്ടിയേക്കാം. അത്രക്ക് തിങ്ങി ഞെരുങ്ങിയാണ് കുതിരകൾ പോകുന്നത് . പോകുന്ന  വഴി ഒരു ചെങ്കുത്തായ കുന്നാണ് . മുഴുവൻ കല്ലും പാറയും ചെളിയും . അല്ലെങ്കിൽ നിറഞ്ഞ മഞ്ഞു . ഒരു വിധത്തിൽ ഇതൊരു അഡ്വഞ്ചർ ആക്ടിവിറ്റി ആണെന്ന് തന്നെ പറയാം. ഏകദേശം ഒരു മണിക്കൂറിനു അടുത്തായി കാണും ഞങ്ങൾ ആ കുന്നിന്റെ മണ്ടയ്ക്ക് എത്തി . ചാഞ്ഞും ചെരിഞ്ഞും കുലുങ്ങിയുമുള്ള ആ യാത്ര തീർച്ചയായും ത്രില്ലിംഗ് ആണ്.ആളുകൾ ചിലർ കണ്ണടച്ച് ഇരിക്കുന്നു.ചിലർ വീഴുമോ എന്ന് ഭയന്ന് നിലവിളിക്കുന്നത് കാണാം. ചില സ്ഥലങ്ങളിൽ എത്തുമ്പോഴ് കുതിരകൾ എല്ലാം കൂടി കൂട്ടി ഇടി തുടങ്ങും.ഇടുങ്ങിയ ആ കയറ്റത്തിൽ നാം തീർച്ചയായും ഒന്ന് ഭയക്കും .

മൂന്നും നാലും കുതിരകളെ മൂക്കോട് മൂക്ക് ബന്ധിച്ചിരിക്കുകയാണ് .
മുന്നിലത്തെ കുതിര നടക്കുമ്പോൾ പിന്നാലെ എല്ലാം താനെ പോകും. ഇടയ്ക്ക് കുതിരക്കാരന്റെ ചവിട്ടും തൊഴിയും നന്നായി കിട്ടും. ശരിക്കും പാവം തോന്നും. രണ്ടായിരത്തോളം കുതിരകൾ ഉണ്ടത്രേ.ഏതക്കയോ മുതാളിമാരുടേതാണ് ഈ കുതിരകൾ. മൂക്ക് കീറുന്ന വേദന ഉള്ളതുകൊണ്ട് തന്നെ പേടിച്ചാണ് ഇവയുടെ പോക്ക്. നല്ല അനുസരണയും. ഞങ്ങളോടൊപ്പം രണ്ട് സീനിയർ സിറ്റിസൺസ്  ഉണ്ട്. എനിക്ക് വളരെ അത്ഭുതം തോന്നി . ഒരു കൂസലും ഇല്ലാതെയാണ് അവരുടെ യാത്ര.പിന്നീട് എല്ലാ സാഹസിക ആക്ടിവിറ്റികളും അവർ ചെയ്യുക ഉണ്ടായി. ഒരു ഫോട്ടോഗ്രാഫറും കൂടെ ഉണ്ട്. ഏതോ ഉയർന്ന ജോലിയിൽ നിന്ന് വിരമിച്ച ആളാണ് അദ്ദേഹം. യഥാർത്ഥത്തിൽ കുഫ്രിയിൽ വരുമ്പോൾ നമ്മുടെ പ്രായം കുറയും എന്ന് പറയുന്നതിൽ അതിശയോക്തിയില്ല . പോകുന്ന വഴിയിൽ ചില പാസും ടിക്കറ്റും എല്ലാം ഉണ്ട്.

കുന്നുകയറി ഒരു താഴ്വരയിലേക്കാണ് പോയത് . എല്ലാ ആക്ടിവിറ്റികളും നടക്കുന്നത് അവിടെയാണ് . ഒരു വിശാലമായ താഴ്വര. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ആക്ടിവിറ്റികൾ ആണ് പലതും. ആദ്യമായി കണ്ടത് കൂറ്റൻ യാക്കുകളെയാണ് . കണ്ടാൽ പേടി തോന്നും . കൂറ്റൻ കൊമ്പ്, നിറയെ രോമം, വലിയ രൂപം . പക്ഷെ തീർത്തും ശാന്തനാണ് . മൂക്ക് തുളച്ചു ബലമുള്ള കയറുകൊണ്ട് നിയന്ത്രിച്ചിരിക്കുകയാണ് . അതിന്റെ മുകളിൽ കയറാം . ചിത്രം എടുക്കാം. തണുപ്പ് കാലത്തു താഴ്‌വരയിൽ മുഴുവൻ ഐസ് ആയിരിക്കും . അപ്പോൾ ധാരാളം ഐസ് ആക്ടിവിറ്റീസും ഉണ്ടാകും. ഹിമമുയലുകൾ ധാരാളം ഉണ്ട്.അതിനെ എടുത്തുകൊണ്ട് ഫോട്ടോയെടുക്കാം . ധാരാളം വെള്ളം രോമം ഉള്ള എന്നാൽ ഒട്ടും കനമില്ലാത്ത സാധു ജീവി . കണ്ടാൽ തീർച്ചയായും എടുക്കാൻ തോന്നും. ഇതുകൂടാതെ ഷൂട്ടിംഗ് , അമ്പ് എയ്യാൽ എന്നിവയുമുണ്ട് . മുൻപതും അൻപതും മാത്രം ചെലവ് വരുന്ന കാര്യങ്ങൾ ആണിവ .

ഹിമാചൽ പ്രദേശിലെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു ഫോട്ടോയെടുക്കാനുള്ള നിരവധി ആളുകൾ നമ്മെ സമീപിക്കും. ധാരാളം ചെറുകടകളും ഭക്ഷണ പുരകളും ഉള്ള ആ താഴ്വര തികച്ചും സജീവമാണ് . ഫോട്ടോ പോയിന്റാണ് മറ്റൊരു ആകർഷണം . അവിടെ നിന്ന് നോക്കിയാൽ ഹിമാലയൻ മല നിരകൾ കാണാം . പല ടെലിസ്കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് . ചൈനയുടെ അതിർത്തിയും ബ്രിട്ടീഷ് രാജാവിന്റെ കോട്ടയും അങ്ങനെ എന്തക്കയോ കാട്ടിത്തരാമെന്നു അവർ പറയുന്നുണ്ട് . 200 രൂപയോളം ഇതിനെല്ലാം വരും.നിരവധി യാത്രികർ ഈ കാഴ്ചകൾ ആസ്വദിക്കുന്നുണ്ട് .

കുഫ്രിയിൽ ആപ്പിൾ തോട്ടവും ഫൺ സിറ്റിയും വളരെ പേരുകേട്ടതാണ് . ആപ്പിൾ ഗാർഡൻ കാണിക്കാമെന്നു പറഞ്ഞു ചിലർ ഞങ്ങളെ സമീപിച്ചു. ഇരുന്നൂറോ നാന്നൂറോ രൂപയാണ് എന്ന് തോന്നുന്നു. ജീപ്പിൽ കൊണ്ട് പോകും ആപ്പിൾ തോട്ടവും, ഫൺ സിറ്റിയും ,ഗ്രാമങ്ങളും കാണാം എന്നാണ് പറയുന്നത്. പോകുന്ന വഴിയിൽ ആപ്പിളും കുങ്കുമവും കളിപ്പാട്ടവും കമ്പിളിയും തൊപ്പിയും  എല്ലാം വിൽക്കുന്ന ആളുകളെ കാണാം. എന്തോ ഒരു കറുത്ത സാധനം സ്വർണ്ണം തൂക്കുന്നതു പോലെ തൂക്കി  വിൽക്കുന്നത് കാണാം . ചോദിച്ചെങ്കിലും എനിക്ക് മനസ്സിലായില്ല. എന്തോ ശർക്കര ആയിരിക്കാം.

അങ്ങനെ പിക്ക് അപ്പ് വാനിൽ ഞങ്ങൾ താഴേക്ക് ഇറങ്ങി.ഒരു അന്പത് മീറ്റർ എത്തി കാണും . ഇറങ്ങിക്കോളാൻ പറഞ്ഞു . ഇതാണ് ആപ്പിൾ തോട്ടം. മറുവശത്തു ഫൺ സിറ്റി . കുറച്ചു അകലെയായി ഒരു ക്ഷേത്രവും ഉണ്ടത്രേ . ടിക്കറ്റ് കാണിച്ചു ആപ്പിൾ തോട്ടത്തിൽ കയറി. ഒറ്റ ആപ്പിൾ ഇല്ല . പല മരങ്ങളും നെറ്റുകൊണ്ട് മൂടിയിരിക്കുകയാണ്  . ആപ്പിൾ സീസൺ അല്ല , പിന്നെ എവിടുന്ന് ആപ്പിൾ കാണാൻ? . പോരെങ്കിൽ ആപ്പിൾ തോട്ടം  കാണിക്കാമെന്നല്ലേ പറഞ്ഞത് . വഴിയിൽ ആപ്പിൾ വിൽക്കുന്നവരെയും കണ്ടു.ആശ്വസം !

ആ തോട്ടത്തിൽ ഏതാനും അഡ്വഞ്ചർ ആക്ടിവിറ്റി ഉണ്ട് . ഏതെങ്കിലും ഒന്ന് ചെയ്യാൻ അവസരം ഉണ്ട്.ഞങ്ങൾ ഒരു സിപ് ലൈനിൽ പോയശേഷം തിരികെ പൊന്നു. അപ്പുറത്തുള്ള ഫൺ സിറ്റിയിൽ നിരവധി പരിപാടികൾ ഉണ്ടത്രേ.അതൊന്നും കാണാൻ നിന്നില്ല. ഞങ്ങൾക്ക് അടുത്ത ലൊക്കേഷനലിലേക്ക് പോകാനുള്ളതുകൊണ്ട് തിടുക്കത്തിൽ നടന്നു. കുതിരക്കാരൻ തയ്യാറായി കഴിഞ്ഞു . ഞങ്ങളോടൊപ്പം ഉള്ള രണ്ട് പേരും ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവരും തികച്ചും ഹാപ്പി ആണ് എന്ന് മനസ്സിലായി. പക്ഷെ കുതിരകൾ സന്തോഷവാന്മാരാണോ ആണോ ആവൊ? .വെള്ള കുതിരയും കറുത്ത കുതിരയും ഉണ്ട്.വെള്ള കുതിരകളാണ് കേമന്മാർ.ചില കുതിരകളെല്ലാം ഓടിച്ചു പോകുന്നത് കാണാം.തിരിച്ചിറക്കം കുതിരകള്ക്കും ഞങ്ങൾക്കും തികച്ചും ദുസ്സഹമായിരുന്നു. അങ്ങനെ ദുർഘടമായ വഴിയിലൂടെ ഞങ്ങൾ താഴെ പാർക്കിംഗ് പോയിന്റിൽ എത്തി.കേവലം മൂന്നോ നാലോ മണിക്കൂർ മാത്രമാണ് അവിടെ ചെലവിട്ടത് . ഡ്രൈവർ തയ്യാറാണ് .

കുഫ്രിയോട് യാത്ര പറയുമ്പോൾ കുഫ്രി ഞങ്ങളെ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു.ഇനിയും വരണം എന്ന തോന്നൽ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ