2012, ജനുവരി 5, വ്യാഴാഴ്‌ച

പെണ്‍കുതിപ്പുകള്‍

പെണ്‍കുതിപ്പുകള്‍
കെ.വി.കല


ലോകം പ്രക്ഷോഭച്ചൂടില്‍ തിളച്ചുമറിയുകയായിരുന്നു, പോയവര്‍ഷം. ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള അറബ് ജനതയുടെ പോരാട്ടം, അഴിമതിക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള ചെറുത്തുനില്‍പ്പുകള്‍... ഈ സമരങ്ങളിലാകെ ഒപ്പത്തിനൊപ്പം, ചിലപ്പോള്‍ ഒരുപടി മുന്നിലായി സ്ത്രീകള്‍. അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ച 2011 അതുകൊണ്ടുതന്നെ സ്ത്രീ മുന്നേറ്റങ്ങളുടെ കൂടി വര്‍ഷമാണ്...




മൂടുപടത്തിനുള്ളില്‍ മുഖം മറച്ച് അകത്തളങ്ങളിലിരുന്നു മാത്രം ലോകം കണ്ട സ്ത്രീകള്‍ തെരുവുകളിലെ സമരപ്പന്തലുകളിലേക്ക് ഒഴുകുന്ന അവിശ്വസനീയമായ കാഴ്ചയാണ് അറബ് നാടുകളില്‍ കണ്ടത്. സമരം ജയിച്ചേ വീടുകളിലേക്ക് മടങ്ങുവെന്ന് പ്രഖ്യാപിച്ച സ്ത്രീകളുടെ നിശ്ചയ ദാര്‍ഢ്യം കൊണ്ട് കൂടിയാണ് ടുണീഷ്യയില്‍, ഈജിപ്തില്‍, ലിബിയയില്‍ ഏകാധിപതികള്‍ കടപുഴകി വീണത്. യെമനിലെ

സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ തവാക്കൂല്‍ കര്‍മന് ലഭിച്ച സമാധാന നൊബേല്‍ അറബ് വസന്തത്തിലെ പെണ്‍കുതിപ്പിനുള്ള അംഗീകാരം കൂടിയായി. സ്വേച്ഛാഭരണകൂടങ്ങളുടെ തോക്കിനും ലാത്തിക്കും മുന്നില്‍ ഒട്ടും പതറാതെ പോരാട്ടം തുടരുന്ന ഈജിപ്തിലെ സ്ത്രീകളുടെ അണയാത്ത സമരവീര്യം കണ്ടാണ് 2011 വിട പറഞ്ഞത്.

ഈജിപ്തില്‍ ഹുസ്‌നി മുബാരക്കിനെതിരായ പ്രക്ഷോഭത്തിനായി കയ്‌റോയിലെ തഹ്‌രീര്‍ ചത്വരത്തില്‍ തമ്പടിച്ച യുവതികള്‍ക്ക് കന്യകാത്വ പരിശോധന നടത്തിക്കൊണ്ടാണ് പട്ടാള ഭരണകൂടം വനിതാ പ്രക്ഷോഭകര്‍ക്കെതിരായ അവഹേളന നടപടികള്‍ക്കു തുടക്കം കുറിച്ചത്. സമരത്തിനെന്നു പറഞ്ഞു വീടുവിട്ടിറങ്ങുന്ന പെണ്ണുങ്ങള്‍ മറ്റെന്തെല്ലാമോ ആണ് ചെയ്യുന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള യാഥാസ്ഥിതിക പദ്ധതിയായിരുന്നു ഇതിനു പിന്നില്‍. കന്യകാത്വ പരിശോധന നിര്‍ത്തിവെക്കാന്‍ ഒടുവില്‍ കോടതി ഉത്തരവു വേണ്ടി വന്നു. മുബാരക്ക് ഒഴിഞ്ഞു പകരം വന്ന പട്ടാള ഭരണകൂടത്തിനെതിരെ പെണ്ണുങ്ങള്‍ സമരം തുടര്‍ന്നപ്പോള്‍ അധികാരികളുടെ തനിനിറം പുറത്തുവന്നു. പ്രക്ഷോഭത്തിനിറങ്ങിയ വനിതയെ മൂടുപടം വലിച്ചു ചീന്തി ക്രൂരമായി ചവിട്ടിമെതിക്കുന്ന പട്ടാളക്കാരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചു. ക്രൂരമായ ഈ പീഡനം ജനാധിപത്യ പ്രക്ഷോഭകാരികളുടെ വീര്യം വര്‍ധിപ്പിച്ചതേയുള്ളൂ.

നൊബേലിന്റെ ആദരം

സമാധാന നൊബേലിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് വനിതകള്‍ പുരസ്‌കാരം പങ്കിട്ട അപൂര്‍വതയ്ക്ക് പോയ വര്‍ഷം സാക്ഷിയായി.



ലൈബീരിയയിലെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലൈബീരിയിയലെ സ്ത്രീ -സമാധാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലീമ ബോവി, യെമനിലെ ജനാധിപത്യ പ്രക്ഷോഭനായിക തവാക്കൂല്‍ കര്‍മന്‍ എന്നിവരാണ് നൊബേലില്‍ ചരിത്രം കുറിച്ചത്.

മുതലാളിത്ത ആര്‍ത്തിക്കെതിരെ

സമ്പത്തിന്റെ 99 ശതമാനവും കൈയടക്കിവെച്ചിരിക്കുന്ന ഒരു ശതമാനം വരുന്ന വരേണ്യ വര്‍ഗത്തിനെതിരെ അമേരിക്കയില്‍ തുടങ്ങി ലോകമാകെ പടര്‍ന്ന പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

99 ശതമാനത്തിന്റെ പ്രതിനിധികളായി തൊഴിലില്ലായ്മകൊണ്ട് ജീവിതം വഴിമുട്ടിയ യുവതികളും വിദ്യാഭ്യാസ വായ്പയാല്‍ പഠനം തന്നെ വഴിമുട്ടിയ വിദ്യാര്‍ഥിനികളും അടുക്കളയിലെ ഇല്ലായ്മ അറിഞ്ഞ വീട്ടമ്മമാരും വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ മാതൃകയിലുള്ള സമരത്തിലണിചേരാന്‍ തെരുവുകളിലേക്കൊഴുകി.

മമതയെന്ന പോരാളി

പോയ വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ താരമായി മാറിയതും ഒരു വനിതയാണ്. ഒറ്റയാള്‍ പോരാട്ടത്തിലൂടെ പശ്ചിമ ബംഗാളിലെ മൂന്നര പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച അവര്‍ ദേശീയ രാഷ്ട്രീയത്തിലും അവഗണിക്കാനാവാത്ത സാന്നിധ്യമായി.



കേന്ദ്രഭരണത്തില്‍ പങ്കുകൊണ്ട് തന്നെ ഭരണമുന്നണിയിലെ തിരുത്തല്‍ ശക്തിയായി മമത സമരം തുടരുകയാണ്.

തൊഴിലുറപ്പിലെ നിശ്ശബ്ദ വിപ്ലവം

കേരളത്തിന്റെ സാമൂഹിക മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച കുടുംബശ്രീക്ക് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയിലും സ്ത്രീകള്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. പദ്ധതിക്ക് കീഴെ സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്.

അതായത് ലക്ഷം സ്ത്രീകള്‍ പണിയായുധങ്ങളുമായി വീടിന് പുറത്തിറങ്ങി സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി മാറുന്നു. സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക സ്വാതന്ത്ര്യം നിശ്ശബ്ദമായൊരു വിപ്ലവത്തിന് വഴിയൊരുക്കുകയാണ്.

അരുന്ധതിയുടെ തിരുത്തുകള്‍

എഴുത്തുകാരും സാംസ്‌കാരിക നായകരും പറയാന്‍ അറയ്ക്കുന്ന വിഷയങ്ങളില്‍ ചങ്കുറപ്പോടെ നിലപാട് വ്യക്തമാക്കി അരുന്ധതി വഴി മാറി മുമ്പേ നടന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോവാദി വേട്ടയുടെ മറവില്‍ നടക്കുന്ന ആദിവാസി ചൂഷണവും ജമ്മുകശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും ലോകശ്രദ്ധയിലെത്തിച്ചത് ഈ ബുക്കര്‍ ജേതാവിന്റെ വാക്കുകളും അക്ഷരങ്ങളുമാണ്.

ഐ.എം.എഫ് തലപ്പത്തും

അന്താരാഷ്ട്ര നാണയ നിധി (ഐ.എം. എഫ്.) മേധാവിയായി ആദ്യമായൊരു വനിത അധികാരമേറിയതും 2011ലാണ്. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ക്രിസ്റ്റീന ലഗാര്‍ദെയെന്ന മുന്‍ ധനകാര്യമന്ത്രിയില്‍ മുതലാളിത്തം പ്രതീക്ഷ അര്‍പ്പിച്ചത്.

ലീലാകുമാരി അമ്മയുടെ വിജയം

എന്‍ഡോസള്‍ഫാന്‍ എന്ന വിഷം മണ്ണില്‍ കണ്ണീരായി പെയ്തിറങ്ങുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ലീലാകുമാരി അമ്മയെന്ന കൃഷി ഓഫീസറായിരുന്നു. ഈ മാരക കീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് ലീലാകുമാരി അമ്മ തുടങ്ങിവെച്ച പോരാട്ടം വിജയം കണ്ട വര്‍ഷമാണ് കടന്നുപോയത്. കാസര്‍കോട്ടെ അമ്മമാരുടെ ദൈന്യത രാജ്യത്തെ പരമോന്നത നീതിപീഠം തിരിച്ചറിഞ്ഞ വര്‍ഷം.

നാല് മുഖ്യമന്ത്രിമാര്‍

നാല് സംസ്ഥാനങ്ങളില്‍ വനിതകള്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്തിയെന്ന അപൂര്‍വതയും 2011ന് സ്വന്തം.

രാജ്യ തലസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുന്ന ഷീല ദീക്ഷിതിനും യു.പി. മുഖ്യമന്ത്രിയായ മായാവതിക്കും കൂട്ടായി തമിഴ്‌നാട്ടില്‍ ജയലളിതയും വംഗനാട്ടില്‍ മമത ബാനര്‍ജിയും അധികാരമേറി.

ജയലക്ഷ്മിയുടെ നേട്ടം

ആദിവാസി വനിത ആദ്യമായി സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ ചരിത്രത്തിനും 2011 സാക്ഷ്യം വഹിച്ചു.

രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാരവും കുടുംബ പിന്തുണയുമൊന്നുമില്ലാതെ തന്നെ പി.കെ. ജയലക്ഷ്മിയെന്ന വയനാട്ടുകാരി വനിത, യുവജനക്ഷേമ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മാലാഖമാരും പോരാട്ട വഴിയില്‍

ആത്മഹത്യയും ആത്മാഹൂതിയും തമ്മിലുള്ള വലിയ അന്തരം ഓര്‍മിപ്പിച്ചുകൊണ്ട് മുംബൈയിലെ മലയാളി നഴ്‌സായ ബീന ബോബി വിടപറഞ്ഞത് പോയ വര്‍ഷമാണ്.



താനടക്കമുള്ള ആയിരക്കണക്കിന് നഴ്‌സുമാരുടെ തൊഴില്‍ ദുരിതങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ബീന കണ്ടെത്തിയ വഴിയായിരുന്നു മരണം.

സഹപ്രവര്‍ത്തകയുടെ മരണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ നഴ്‌സുമാര്‍ തുടങ്ങിയ സമരം രാജ്യമാകെ പടരാന്‍ താമസമുണ്ടായില്ല. തുച്ഛശമ്പളത്തിന് രാപകല്‍ അടിമപ്പണി ചെയ്യേണ്ടിവരുന്ന പതിനായിരങ്ങള്‍ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങള്‍ക്കായി സമരരംഗത്തിറങ്ങി.

കൊല്‍ക്കത്തയിലെ രവീന്ദ്രനാഥ ഇന്റര്‍നാഷണല്‍ആസ്പത്രിയിലെ ആയിരത്തോളം നഴ്‌സുമാര്‍ രാജിക്കത്ത് എഴുതി നല്‍കിയാണ് സമരത്തിന്റെ ഭാഗമായത്. കേരളവും അപവാദമായിരുന്നില്ല.

കൊച്ചി അമൃത ആസ്പത്രിയിലെ നൂറ് കണക്കിന് നഴ്‌സുമാര്‍ സമരരംഗത്തണിനിരന്നു. അസംഘടിതരായ വലിയ വിഭാഗം ജനങ്ങള്‍ തൊഴില്‍ ചൂഷണത്തിനെതിരെ സധൈര്യം മുന്നോട്ടുവന്നത് പോയവര്‍ഷത്തെ ആവേശകരമായ സമരക്കാഴ്ചയാണ്.

നിലവിളിയായി സൗമ്യയും ബംഗാളി പെണ്‍കുട്ടിയും

ഷൊറണൂര്‍ പാസഞ്ചറില്‍ ഒരു നിലവിളിയായി ഒടുങ്ങിയ സൗമ്യ കേരളത്തിലെ സ്തീകളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഓര്‍മപ്പെടുത്തലാണ്. സഹയാത്രികരുടെ ഇത്തിരി കാരുണ്യം ചങ്ങല വലിയായി സൗമ്യയുടെ ജീവിതം തന്നെ രക്ഷിക്കുമായിരുന്നു. എന്നാല്‍ ഈ വലിയ പിഴവ് കേരളം തിരുത്തിയത് സൗമ്യയുടെ ഘാതകന് ഏറ്റവും വേഗത്തില്‍ ശിക്ഷ ഉറപ്പാക്കിക്കൊണ്ടാണ്. സൗമ്യയുടെ മരണത്തെത്തുടര്‍ന്ന് കേരളം കണ്ട പ്രതിഷേധ, സമരപരമ്പരകള്‍ വേഗത്തില്‍ ശിക്ഷ നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

അരവയര്‍ നിറയാനായി തൊഴില്‍ തേടി എത്തിയ ബംഗാളി പെണ്‍കുട്ടിക്കുമുമ്പില്‍ കേരളം തലതാഴ്ത്തി നിന്ന ദിവസമായിരുന്നു ഡിസംബര്‍ അവസാനം. പിച്ചിച്ചീന്തി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഈ പെണ്‍കുട്ടി ബോധം നഷ്ടപ്പെട്ട് ആസ്പത്രിക്കിടക്കയിലാണ്. മലയാളിയല്ലാത്തതിനാല്‍ ആരുടെയും ധാര്‍മിക രോഷം പതഞ്ഞുപൊങ്ങിയില്ല. മൂന്നുനേരം ഭക്ഷണത്തിന് വകയില്ലാതെ ആസ്പത്രിയില്‍ കഴിയുന്ന കുട്ടിക്കും ബന്ധുക്കള്‍ക്കും എത്രയുംവേഗം ഈ നാടുവിട്ട് പോയാല്‍ മതിയെന്ന് മാത്രമാണ് ആഗ്രഹം. പെണ്‍കുട്ടി മടങ്ങുന്നതോടെ ഈ ക്രൂരകൃത്യം നടത്തിയ പ്രതികള്‍ രക്ഷപ്പെടുന്ന സ്ഥിതിവരും. സൗമ്യയുടെ കാര്യത്തില്‍ കാണിച്ച ജാഗ്രത ഈ പെണ്‍കുട്ടിയും കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ