ജലനിരപ്പ് കുറച്ചത് സുരക്ഷിതത്വം മുന്‍നിര്‍ത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച് 13 വര്‍ഷത്തിനുശേഷം പൂര്‍ണ ജലനിരപ്പ് 152 അടിയാക്കി കൂട്ടിയത് തിരുവിതാംകൂറിന്റെ അനുമതിയോടെ ആയിരുന്നില്ല. ഇത് തെളിയിക്കുന്ന രേഖയുണ്ട്. അണക്കെട്ട് നിര്‍മിച്ച കാലത്ത് പൂര്‍ണ ജലനിരപ്പ് 152 അടിയായിരുന്നെന്നും അത് പിന്നീട് 136 അടിയാക്കി കുറയ്ക്കുകയായിരുന്നു എന്നുമുള്ള ധാരണ തെറ്റാണ്. 1895ല്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തപ്പോള്‍ പൂര്‍ണജലനിരപ്പ് 144 അടിയായാണ് നിജപ്പെടുത്തിയിരുന്നത്. ഇക്കാര്യം എ.ടി. മക്കന്‍സി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് എഴുതിയ ഗ്രന്ഥത്തില്‍ ഉണ്ട്. 1908ല്‍ അണക്കെട്ടിന്റെ വലതുഭാഗത്തുള്ള പാറ പൊട്ടിച്ച് 10 ഷട്ടറുകള്‍ ഉണ്ടാക്കി. ഇതേത്തുടര്‍ന്നാണ് ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയത്. ഇതിന് മദ്രാസ് പ്രസിഡന്‍സി തിരുവിതാംകൂറിന്റെ അനുമതി തേടിയിരുന്നില്ല. ജലനിരപ്പ് 144 അടിയില്‍ നില്‍ക്കുമ്പോള്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ 153.15 അടിവരെ വെള്ളം ഉയരുമെന്ന് അണക്കെട്ടിന്റെ നിര്‍മാണച്ചുമതലയുണ്ടായിരുന്ന ബ്രിട്ടീഷുകാരനായ കേണല്‍ പെന്നിക്വിക്ക് കണ്ടെത്തിയിരുന്നു. അത് അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാലാണ് പരമാവധി സംഭരണശേഷി 155 അടിയാക്കി നിജപ്പെടുത്തി അണക്കെട്ട് പണിതത്.നേര്യമംഗലത്തും മറ്റും ശക്തമായ വെള്ളപ്പൊക്കമുണ്ടായ 1961ല്‍ കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടറായിരുന്ന ഷൂറി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ആ വര്‍ഷം ഫ്രാന്‍സിലെ ഒരു അണക്കെട്ടും ഇന്ത്യയിലെ കടക്‌വാസ്‌ല എന്ന അണക്കെട്ടും തകര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. പിന്നീട് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കേരളവും തമിഴ്‌നാടും സംയുക്തപഠനം നടത്തി. ഇതേത്തുടര്‍ന്നാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി 155ല്‍നിന്ന് 152 അടിയാക്കി കുറച്ചത്. 1978ല്‍ ജല കമ്മീഷന്‍ അംഗം എ.എന്‍. ഹര്‍ക്കൗളി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. അതിനുശേഷം ജലനിരപ്പ് 145 അടിയാക്കി കുറച്ചു. പിന്നീട് 1979ല്‍ ജല കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തി. അതേത്തുടര്‍ന്നാണ് 136 അടിയാക്കിയത്. ഇങ്ങനെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഘട്ടംഘട്ടമായി ജലനിരപ്പ് കുറച്ചുകൊണ്ടുവരികയായിരുന്നെന്ന് സാരം. ഇതിന്റെ അര്‍ഥം, അണക്കെട്ടിന്റെ ശേഷി കുറഞ്ഞുവരികയാണെന്നുതന്നെയാണ്. എന്നാല്‍ ജലനിരപ്പ് ഇനിയും കൂട്ടണമെന്നാണ് തമിഴ്‌നാടിന്റെ വാദം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ