രാമനും ജങ്കാറും ഒഴുകിപ്പോയി
1907 ഒക്ടോബറില്‍ അതിശക്തമായ വെള്ളപ്പൊക്കമാണ് മുല്ലപ്പെരിയാറില്‍ ഉണ്ടായത്. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേ തുറന്നുവിട്ടു. തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വണ്ടിപ്പെരിയാര്‍ പാലത്തില്‍ നില്‍ക്കുകയായിരുന്ന രാമന്‍ എന്ന തൊഴിലാളി ഒലിച്ചുപോവുകയായിരുന്നെന്ന് കാര്‍ഡമം ഹില്‍സ് എസ്‌റ്റേറ്റ് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. വണ്ടിപ്പെരിയാറിലെ ജങ്കാര്‍ ഒഴുകിപ്പോയതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.അണക്കെട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരവെ, തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവു അവിടം സന്ദര്‍ശിച്ചിരുന്നു. 144 അടി ഉയരത്തില്‍ മാത്രം ജലം സംഭരിക്കാന്‍ കരാറുണ്ടായിരുന്ന സംഭരണിയില്‍ അടിത്തട്ടും പാറയും താഴ്ത്തി വീണ്ടും നാല് അടികൂടി വെള്ളം സംഭരിക്കാന്‍ നടക്കുന്ന ശ്രമം അദ്ദേഹം മനസ്സിലാക്കുകയും തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ സമ്മതമില്ലാതെ നടക്കുന്ന ഈ പ്രവൃത്തിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബെസ്‌റ്റോവിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്. സംഭരണിയുടെ ആഴം കൂട്ടുന്നത് അണക്കെട്ടിന് ദോഷമായി മാറുമെന്നും സ്പില്‍വേകടന്ന് വെള്ളം വരാതിരുന്നാല്‍ ആലുവയിലും മറ്റും ജലക്ഷാമം അനുഭവപ്പെടുമെന്നും ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. മാത്രമല്ല, അമിതമായി വെള്ളത്തിന്റെ സമ്മര്‍ദത്താല്‍ അണക്കെട്ടിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വലിയ ദുരന്തമായിരിക്കും ഫലമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ഇതൊന്നും മദ്രാസ് ഭരിച്ചിരുന്ന അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നില്ല.
പേടിപ്പിച്ച പ്രളയം
മൂന്ന് വലിയ വെള്ളപ്പൊക്കങ്ങളെ അതിജീവിച്ചിട്ടുണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട്. 1924, 1943, 1961 വര്‍ഷങ്ങളില്‍. പ്രധാന അണക്കെട്ടില്‍ വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗമില്ല. അണക്കെട്ടിന് അനുബന്ധമായാണ് സ്പില്‍വേയുള്ളത്. ജലസംഭരണി നിറഞ്ഞ് സ്പില്‍വേയിലൂടെ താഴേക്കെത്തിയ ജലപ്രവാഹം ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കി. 1961ലുണ്ടായ വെള്ളപ്പൊക്കം കനത്ത നാശമാണ് വിതച്ചത്. ആ വര്‍ഷം ജൂലായ് മൂന്നാം തീയതി 50,000 ക്യുസെക്‌സ് വെള്ളം താഴേക്കൊഴുകിയെത്തിയെന്നാണ് കണക്ക്. ഈ വെള്ളത്തിനൊപ്പം മുതിരപ്പുഴയിലെ പ്രളയവും കൂടിച്ചേര്‍ന്ന് അന്ന് നിര്‍മാണം നടന്നുകൊണ്ടിരുന്ന നേര്യമംഗലം പവര്‍സ്‌റ്റേഷന് വലിയ നാശം വരുത്തി. ഇവിടത്തെ സ്വിച്ച്‌യാര്‍ഡിനും മറ്റും കേടുപാടുണ്ടായി. ജീവനക്കാരും നാട്ടുകാരും പോലീസുമൊക്കെ ചേര്‍ന്ന് അക്ഷീണം പരിശ്രമിച്ചാണ് മണ്ണ് നിറച്ച ചാക്കുകള്‍കൊണ്ട് ജനറേറ്റര്‍സ്ഥാനത്തേക്കുള്ള പ്രവാഹം തടഞ്ഞത്. ഈ സംഭവത്തിനുശേഷം കേന്ദ്ര ജല കമ്മീഷന്‍ അണക്കെട്ട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് പരമാവധി ജലനിരപ്പ് 152 അടിയായി കുറയ്ക്കുകയും ചെയ്തു. 1978ല്‍ ഇത് 145 അടിയായി കുറച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ