പാഴായിപ്പോയ മുന്നറിയിപ്പ്
എ.എച്ച്. ബെസ്‌റ്റോവിന്റെ മുന്നറിയിപ്പ് വന്നിട്ട് 104 വര്‍ഷമായി. ഓരോ ഒക്ടോബറും കടന്നുപോകുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വലിയ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ വാര്‍ഷികവുമായാണ്. പക്ഷേ, പുതിയ അണക്കെട്ടിനുവേണ്ടി അക്ഷീണം യത്‌നിക്കുന്ന കുറച്ചുപേരൊഴികെ അതാരും അറിയുന്നില്ല. ശ്രദ്ധിക്കുന്നുമില്ല.മുല്ലപ്പെരിയാര്‍ സുരക്ഷാഭീഷണി ഉയര്‍ത്തുമ്പോഴെല്ലാം, ചര്‍ച്ചകളില്‍ നിറയുമ്പോഴെല്ലാം ബെസ്‌റ്റോവിന്റെ വാക്കുകള്‍ ഭീതിയോടെ ഓര്‍ക്കുന്ന വളരെക്കുറച്ച് പേരുണ്ടാകും. അണക്കെട്ട് സംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയിലും പുറത്തും ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായി തുടരുമ്പോള്‍ 104 വര്‍ഷം മുമ്പ് തിരുവിതാംകൂറിന്റെ ബ്രിട്ടീഷുകാരനായ ചീഫ് എന്‍ജിനീയര്‍ എ.എച്ച്. ബെസ്‌റ്റോവ് നല്‍കിയ മുന്നറിയിപ്പ് അശ്രദ്ധമായി തള്ളാന്‍ കഴിയുന്നതല്ല. സ്ഥിതിഗതികള്‍ മനസ്സിലാക്കാതെ, മുല്ലപ്പെരിയാര്‍ ജലസംഭരണിയില്‍ അമിതമായി വെള്ളം സംഭരിച്ച്, അണക്കെട്ടിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ താഴെ പാര്‍ക്കുന്ന ജനങ്ങള്‍ക്കും അവരുടെ വസ്തുവകകള്‍ക്കും വന്‍നാശമുണ്ടാകുമെന്നായിരുന്നു ഈ മുന്നറിയിപ്പ്. നിശ്ചിത അളവിനപ്പുറം വെള്ളം നിറയ്ക്കുന്നത് അണക്കെട്ടിന് നന്നല്ലെന്ന് അദ്ദേഹം കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132 അടിയില്‍നിന്ന് 142 ആയും അവിടെനിന്ന് 152 അടിയായും കൂട്ടാന്‍ വാശിപിടിക്കുന്നവര്‍ ഈ മുന്നറിയിപ്പിന്റെ വില അറിയുന്നേയില്ല.
മുന്നറിയിപ്പ് അടങ്ങിയ റിപ്പോര്‍ട്ട് വന്ന് 104 വര്‍ഷത്തിനുശേഷവും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അണക്കെട്ടിന് വലിയ ബലമൊന്നും ഇല്ലെന്നും ശക്തമായ വെള്ളപ്പൊക്കമോ ഭൂചലനമോ മറ്റ് സമ്മര്‍ദമോ ഉണ്ടായാല്‍ അത് നിലംപരിശായി വലിയ ദുരന്തമുണ്ടാകുമെന്നുമായിരുന്നു ബെസ്‌റ്റോവിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.മുല്ലപ്പെരിയാറിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പഠനം നടത്തിയ ഡല്‍ഹി ഐ.ഐ.ടി.യിലെ വിദഗ്ധരുടെ റിപ്പോര്‍ട്ടിനൊപ്പം, ബെസ്‌റ്റോവിന്റെ മുന്നറിയിപ്പും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ