അണക്കെട്ട് പൊട്ടും; പൊട്ടില്ല
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ തമിഴ്‌നാട് ഉന്നയിക്കുന്ന വാദങ്ങളും അതിനുള്ള കേരളത്തിന്റെ മറുപടിയും. തമിഴ്‌നാട്: 100 വര്‍ഷത്തിലേറെ പഴക്കമുള്ള 37 അണക്കെട്ടുകള്‍ ഇപ്പോഴും സക്രിയമായി പ്രവര്‍ത്തിക്കവെ, പ്രായമേറിയതെന്ന കാരണം കൊണ്ട് മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത് ?കേരളം: നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ് 2002 രേഖപ്രകാരം 100 വര്‍ഷത്തിന്മേല്‍ പഴക്കമുള്ള 37 അണക്കെട്ടുകള്‍ രാജ്യത്തുണ്ടെന്നത് ശരിതന്നെ. പക്ഷേ, ഇവയില്‍ 30 എണ്ണവും 20 മീറ്ററോളം മാത്രം ഉയരമുള്ള ചെറിയ മണ്ണണകളാണ്. ഇവയിലെ ശരാശരി ജലസംഭരണശേഷി ഒരു ദശലക്ഷം ഘനയടിയില്‍ താഴെയും. ചെറിയ മണ്ണണ എന്ത് ഭീഷണിയുയര്‍ത്താനാണ് ? അവശേഷിക്കുന്ന ഏഴെണ്ണത്തില്‍ മുല്ലപ്പെരിയാറിന്റെ ഉയരം 53.64 മീറ്ററാണ്; സംഭരണശേഷി 15.66 ദശലക്ഷം ഘനയടിയും. ബാക്കിയുള്ളവയെല്ലാം താരതമ്യേന ചെറുതാണ്. ഒരുപാട് പ്രത്യേകതയുള്ള മുല്ലപ്പെരിയാറിനെ മറ്റ് അണക്കെട്ടുകളുമായി താരതമ്യം ചെയ്യുന്നതുതന്നെ വിഡ്ഢിത്തമാണ്.
തമിഴ്‌നാട്: മുല്ലപ്പെരിയാറിന്റെ വര്‍ഗത്തില്‍പ്പെടുന്ന മേസണ്‍റി ഗ്രാവിറ്റി അണക്കെട്ട് ഇതുവരെ തകര്‍ന്നിട്ടില്ല. അതിനാല്‍ മുല്ലപ്പെരിയാറിനെച്ചൊല്ലിയുള്ള കേരളത്തിന്റെ പേടി അസ്ഥാനത്താണ്. കേരളം: ഇത് സത്യമല്ല, ലോകത്തൊട്ടാകെ പല മേസണ്‍റി ഗ്രാവിറ്റി അണക്കെട്ടുകളും തകര്‍ന്നിട്ടുണ്ട്. 1900ത്തില്‍ യു.എസ്.എ.യിലെ ഓസ്റ്റിന്‍ ഡാം, 1917ല്‍ ഇന്ത്യയിലെ ടിഗ്ര ഡാം, 1961ല്‍ ഇന്ത്യയിലെതന്നെ കടക്‌വാസ്‌ല, 1986ല്‍ ശ്രീലങ്കയിലെ കണ്ടാലൈ എന്നീ അണക്കെട്ടുകള്‍ തകര്‍ന്നു. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് പുറത്തിറക്കിയ 'കോണ്‍ക്രീറ്റ്, മേസണ്‍റി അണക്കെട്ടുകളുടെ തകര്‍ച്ച: അവലോകനം' എന്ന രേഖപ്രകാരം ലോകത്തൊട്ടാകെ ഇതുവരെ 21 മേസണ്‍റി ഡാമുകള്‍ തകര്‍ന്നിട്ടുണ്ട്.
1870 മുതല്‍ 1890 വരെയുള്ള കാലത്ത് കമ്മീഷന്‍ ചെയ്ത അണക്കെട്ടുകളാണ് തകര്‍ന്നതിലേറെയുമെന്നും ഈ രേഖ വെളിപ്പെടുത്തുന്നു. (മുല്ലപ്പെരിയാര്‍ കമ്മീഷന്‍ ചെയ്തത് 1895ലാണെന്ന് ഓര്‍ക്കണം.) മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി, 15 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള അണക്കെട്ടുകളാണ് തകര്‍ന്നതെന്നും ഈ രേഖയില്‍ പറയുന്നുണ്ട്. (മുല്ലപ്പെരിയാറിന്റെ ഉയരം 53.64 മീറ്ററാണ്.) തമിഴ്‌നാട്: ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷി 70 ദശലക്ഷം ഘനയടിയാണ്. ഇനി മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഇടുക്കിക്ക് ആ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയും. കേരളം: മുല്ലപ്പെരിയാറില്‍ നിന്ന് 36 കിലോമീറ്റര്‍ ദൂരമുണ്ട് ഇടുക്കി അണക്കെട്ടിലേക്ക്. ഈ ദൂരത്തിനിടയില്‍ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പടെ പെരിയാര്‍ നദീതീരപ്രദേശത്ത് മുക്കാല്‍ ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇത്രയും ജനങ്ങള്‍ ഒഴുകിപ്പോകും.
വെള്ളം കൂടുതലുള്ള സമയത്താകും അണക്കെട്ട് തകരാന്‍ സാധ്യത. ആ സമയത്ത് ഇടുക്കി റിസര്‍വോയറും പരമാവധി നിറഞ്ഞുകിടക്കുകയാവും. മുല്ലപ്പെരിയാര്‍ വെള്ളം ഇടുക്കി ജലാശയം താങ്ങില്ല. ഇടുക്കി ആര്‍ച്ച് ഡാം ചിലപ്പോള്‍ നിലനിന്നേക്കാം. പക്ഷേ, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍ തകരും. തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്തിയില്ലെങ്കില്‍ വെള്ളം വെറുതേ ഒഴുകി പാഴായിപ്പോകും.
കേരളം: ജലനിരപ്പ് 152 അടിയായി നിജപ്പെടുത്തിയിരുന്ന 1911'79 കാലത്ത് ശരാശരി 18.14 ദിവസമാണ് പ്രതിവര്‍ഷം മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേയിലൂടെ ഒഴുകിയിട്ടുള്ളത്. 136 അടിയായി ജലനിരപ്പ് നിശ്ചയിച്ച 19802005 കാലത്താകട്ടെ, ഇത് പ്രതിവര്‍ഷം 8.62 ദിവസം മാത്രമായിരുന്നു. വെള്ളം തമിഴ്‌നാടിന് കിട്ടാതെ കേരളത്തിലേക്ക് ഒഴുകുന്നത് തുലോം കുറവാണെന്ന് സാരം. മാത്രമല്ല, തമിഴ്‌നാട്ടില്‍ ധാരാളം മഴ കിട്ടി, മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുപോകേണ്ട ആവശ്യമില്ലാത്ത സമയത്താണ് കേരളത്തിലേക്ക് വെള്ളം ഒഴുകിയിട്ടുള്ളതും. ഏറ്റവും രസകരം, ഈ സമയത്തൊക്കെ തമിഴ്‌നാട്ടില്‍, മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന വൈഗൈ അണക്കെട്ട് നിറഞ്ഞ് വെള്ളം ഒഴുകി പാഴാകുകയായിരുന്നു എന്നതാണ്. പെരുമഴക്കാലത്ത് ഇതൊക്കെ എവിടെയും സാധാരണം.
തമിഴ്‌നാട്: ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്താത്തത് തമിഴ്‌നാടിന്റെ ജലസേചനത്തിനും കൃഷിക്കും പ്രശ്‌നമുണ്ടാക്കുന്നു. കേരളം: ഇതും ശരിയല്ല. ജലനിരപ്പ് 136 അടിയായി കുറച്ച ശേഷം, 1980ലെ പെരിയാര്‍വൈഗൈ ജലസേചന പദ്ധതിപ്രകാരം 55,962 ഏക്കറോളം ആയക്കെട്ട് പുതിയതായി കൃഷിചെയ്തു. ലോകബാങ്കിന്റെ സഹായത്തോടെയുള്ള പദ്ധതിയായിരുന്നു ഇത്. യഥാര്‍ഥത്തില്‍ വെള്ളത്തിന്റെ ലഭ്യത കുറവായിരുന്നെങ്കില്‍ കൃഷിയുടെ അളവ് കൂടുമായിരുന്നോ ? തമിഴ്‌നാട്:മുല്ലപ്പെരിയാറില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് വെള്ളത്തിന്റെ പാഴാകലാണ്.
കേരളം: തെറ്റായ വാദം. മുല്ലപ്പെരിയാര്‍ സംഭരണിയില്‍നിന്ന് അത്യപൂര്‍വമായി ഒഴുകിവരുന്ന വെള്ളം വലിയ സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടിലേക്കാണ് വരുന്നത്. വേനല്‍ക്കാലത്ത് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി പ്രദേശങ്ങളില്‍ ഈ വെള്ളംകൂടി പ്രയോജനപ്പെടുത്താനാവും. 1886 മുതല്‍ ഇന്നുവരെ കേരളത്തിനുള്ള വെള്ളത്തിന്റെ ആവശ്യം ആറ് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. കുടിവെള്ളക്ഷാമം രൂക്ഷമാണിവിടെ. കൃഷിക്കും ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല. ഈ സാഹചര്യത്തില്‍, കേരളത്തിലേക്കൊഴുകുന്ന വെള്ളം പാഴായി കടലില്‍ പോകുകയാണെന്ന് പറയുന്നതില്‍ എന്താണ് യുക്തി ? തമിഴ്‌നാട്: 140 അടിയോടടുത്ത് വെള്ളമുയര്‍ന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒന്നും പറ്റിയിട്ടില്ല. ഭൂചലനങ്ങള്‍കൊണ്ടും കുഴപ്പമുണ്ടായിട്ടില്ല. അതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം പറയുന്നതില്‍ കഴമ്പൊന്നുമില്ല.
കേരളം: വലിയ തീവ്രതയുള്ള ഭൂചലനങ്ങളൊന്നും അണക്കെട്ട് പ്രദേശത്തെ സജീവമായ ഭ്രംശമേഖലയില്‍ ഉണ്ടായിട്ടില്ല. 142 അടി വെള്ളം നിറഞ്ഞുകിടക്കുകയും റിക്ടര്‍ സെ്കയിലില്‍ 66.5 തീവ്രതയുള്ള ഭൂചലനമുണ്ടായാല്‍ പഴയ അണക്കെട്ട് തകരുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ഭാഗ്യംമാത്രം. അപകടമുണ്ടാകാതെ മുന്‍കരുതലെടുക്കുകയാണ് ഇന്നത്തെ പ്രബുദ്ധസമൂഹം ചെയ്യുന്നത്. ഇതുവരെ അണക്കെട്ടിന് കുഴപ്പമുണ്ടാകാത്തതിനാല്‍ ഇനിയെന്നും അങ്ങനെ തുടര്‍ന്നാല്‍ മതിയെന്നത് അംഗീകരിക്കാനാവില്ല.തമിഴ്‌നാട്: കേന്ദ്ര ജല കമ്മീഷന്റെയും വിദഗ്ധരുടെയും ഉപദേശപ്രകാരം അണക്കെട്ട് ബലപ്പെടുത്തിയിട്ടുള്ളതാണ്. 142 അടിവരെ ജലനിരപ്പുയര്‍ത്തിയാലും സുരക്ഷയ്ക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.കേരളം: ജല കമ്മീഷന്റെ പരിശോധനയിലെ അപാകങ്ങള്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഭൂചലനസാധ്യതയുടെ കാര്യത്തില്‍ മൂന്നാം സോണിലാണ് മുല്ലപ്പെരിയാര്‍ പ്രദേശം. പരിശോധന നടത്തുമ്പോള്‍ ഈ സോണിന്റെ മാനദണ്ഡമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. അവിടെ അതുണ്ടായില്ല.
പൊള്ളയായ ഇടങ്ങള്‍
ചുണ്ണാമ്പും സുര്‍ക്കിയും ചേര്‍ത്തുണ്ടാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് ഊറല്‍ജലത്തിലൂടെ ഒരു വര്‍ഷം ശരാശരി 30 ടണ്‍ ചുണ്ണാമ്പ് ലീച്ചിങ് പ്രക്രിയമൂലം നഷ്ടമായിക്കൊണ്ടിരിക്കുന്നു. അണക്കെട്ട് എന്നും ബലവത്തായിരിക്കുന്നു എന്നവകാശപ്പെടുന്ന തമിഴ്‌നാടിന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഇതനുസരിച്ച്, 1896 മുതല്‍ 1965 വരെയുള്ള 69 വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ ആകെ 2,070 ടണ്‍ ചുണ്ണാമ്പ് അണക്കെട്ടില്‍നിന്ന് ഒലിച്ചുപോയിട്ടുണ്ട്. ഈ നഷ്ടം പരിഹരിക്കാനായി തമിഴ്‌നാട് 1932'35 കാലത്തും 1961'65 കാലത്തും സിമന്റുപയോഗിച്ച് ഗ്രൗട്ടിങ് നടത്തി. ഈ വിധം അണക്കെട്ടിനുള്ളില്‍ പ്രവേശിച്ചത് 543 ടണ്‍ സിമന്റ് മാത്രം. അണക്കെട്ടിനുള്ളിലെ പൊള്ളയായ എത്രയോ ഇടങ്ങളില്‍ ഗ്രൗട്ട് എത്തിയിട്ടില്ലെന്ന് ഉറപ്പ്. അണക്കെട്ടില്‍ ഇപ്പോഴും പൊള്ളയായ ഇടങ്ങള്‍ അനേകമുണ്ടെന്ന് സാരം. 1965 വരെയുള്ള സ്ഥിതിയാണ് മേല്‍പ്പറഞ്ഞത്. ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നറിയണമെങ്കില്‍ അണക്കെട്ടിന്റെ പല സ്ഥലങ്ങളില്‍ നിന്ന് പലതരത്തിലുള്ള സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയപഠനത്തിന് വിധേയമാക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ