2011, നവംബർ 30, ബുധനാഴ്‌ച

തുടരെത്തുടരെയുള്ള ഭൂകമ്പങ്ങള്‍ ഇടുക്കി ഉള്‍പ്പെടുന്ന കേരളത്തിന്റെ കിഴക്കന്‍ മലനിരയേയും സമതലത്തേയും കുലുക്കുന്നത് വരാനിരിക്കുന്ന ഭൗമദുരന്തങ്ങളുടെ മുന്നറിയിപ്പായി കാണണമെന്ന് വിദഗ്ദ്ധാഭിപ്രായം. അറബിക്കടലിന് അടിയില്‍കൂടി പോകുന്ന സമുദ്ര മധ്യ വരമ്പിന്റെ ഭാഗം അടുത്തകാലത്ത് സജീവമായത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് ഭീഷണിയാണെന്ന് ഭൗമശാസ്ത്രജ്ഞനും ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മൂന്‍ റിസോഴ്‌സസ് അനാലിസിസ് മേധാവിയുമായ ഡോ. കെ. സോമന്‍ പറയുന്നു.

ഭൗമപാളികളുടെ ചലനം ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിനെയും സുനാമി മേഖലയാക്കി മാറ്റുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊളംബോയ്ക്ക് തെക്ക് പടിഞ്ഞാറ് കടലില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂചലനം തെക്കന്‍ കേരളത്തില്‍ വരെ എത്തിയത് ഇതിന്റെ സൂചനയാണെന്ന് കരുതണം. കേരള തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ മാത്രമായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം. ഇതേ ദിശയില്‍ (ലക്ഷദ്വീപ് - മാലിദ്വീപ് ചാഗോസ്) മൗറീഷ്യസിന്റെ വടക്കുകിഴക്ക് ചൊവ്വാഴ്ചയും 4.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്.

അറബിക്കടലില്‍ ഭൗമപാളികള്‍ സജീവമായാല്‍ തുടക്കത്തില്‍ ഉണ്ടാകുന്ന ഊഷ്മാവുവര്‍ദ്ധനയും കടല്‍ പ്രതിഭാസങ്ങളും കേരളതീരത്ത് നാശം വിതയ്ക്കാം. ഇതിന്റെ തോത് അനുസരിച്ച് ഭൂചലനവും സുനാമി പോലുള്ള മറ്റ് ദുരന്ത സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറയുന്നു. പസഫിക് സമുദ്രമേഖലയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതാ മേഖല. അത് കഴിഞ്ഞാല്‍ അത്‌ലാന്റിക് സമുദ്രമാണ്. പസഫിക് പാര്‍ശ്വങ്ങളില്‍ കഴിഞ്ഞ 2500 വര്‍ഷത്തിനിടെ 300 ല്‍ അധികം അതിശക്തമായ സുനാമികള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സുനാമികള്‍ ആന്റമാന്‍ ദ്വീപുകളും കടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിക്കുന്നതാണ് അടുത്തകാലത്ത് കാണുന്ന പ്രവണത.

സഹ്യപര്‍വത നിര കഴിഞ്ഞ മുപ്പത് വര്‍ഷമായി ഭൂകമ്പ സാധ്യതയുള്ള മേഖലയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തെ വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയും പാലക്കാടും ആണ് പശ്ചിമ ഘട്ടത്തിലെ ഭ്രംശമേഖലകള്‍.കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ ജനസാന്ദ്രതയേറിയ വീതിയേറിയ സമതലം ഉള്ളത് പശ്ചിമ തീരത്ത് കേരളത്തില്‍ മാത്രമാണ്. ഇതുകാരണം കിഴക്കന്‍ മലനിരയിലും പടിഞ്ഞാറന്‍ കടലിലും ഉണ്ടാകുന്ന ഭൗമവ്യതിയാനങ്ങള്‍ കേരളത്തിനുണ്ടാക്കുന്ന നഷ്ടം പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

എണ്‍പതുകളില്‍ കോട്ടൂളിയില്‍ ഉണ്ടായ ഭൂചലത്തിന് ശേഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കന്‍ മുനമ്പിനെ ഏറെത്തവണ ഭൂകമ്പം വിറപ്പിച്ചിട്ടുണ്ട്. അവ വിനാശകരമല്ലായിരുന്നുവെന്ന് മാത്രം. എന്നാല്‍ ഭൂകമ്പം പ്രതിരോധിക്കാനോ ശാസ്ത്രീയമായി വിലയിരുത്താനോ ഉള്ള സംവിധാനത്തിന്റെ കാര്യത്തില്‍ നാം തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

ഏതെങ്കിലും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കൃത്യമായി കണ്ടെത്തണമെങ്കില്‍ കുറഞ്ഞത് മൂന്ന് സീസ്‌മോഗ്രാഫുകളില്‍ നിന്നുള്ള വിവരം വിലയിരുത്തണം. സീസ്‌മോഗ്രാഫുകളുടെ എണ്ണം അഞ്ചാക്കിയാല്‍ പ്രഭവ കേന്ദ്രം കൂടുതല്‍ കൃത്യമായി കണ്ടെത്താനാകും. സംസ്ഥാനത്ത് പീച്ചിയിലുള്ള ആധുനിക സീസ്‌മോഗ്രാഫില്‍ നിന്നുള്ള വിവരം ഉപയോഗിച്ചാണ് ഭൗമശാസ്ത്ര പഠനകേന്ദ്രം മിക്കപ്പോഴും ഭൂകമ്പം വിലയിരുത്തുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ വിവിധ അണക്കെട്ടുകളില്‍ സീസ്‌മോഗ്രാഫുകള്‍ ഉണ്ടെങ്കിലും അവയില്‍ മിക്കതും പഴയ അനലോഗ് മോഡലുകളാണ്. ഇടുക്കി മേഖലയില്‍ ഭൂകമ്പങ്ങള്‍ ആവര്‍ത്തിച്ചിട്ടും അവ ആധുനിക വത്കരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. അടുത്തിടെ ഡിജിറ്റല്‍ സീസ്‌മോഗ്രാഫുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡിന് മൂന്നുകോടി രൂപ അനുവദിച്ചത് മാത്രമാണ് ഈ മേഖലയില്‍ ചെയ്തത്. കേരളത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ള ഭ്രംശ മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സീസ്‌മോഗ്രാഫുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഭൂചലനം വിലയിരുത്തുന്നതിനുള്ള കണക്ടിവിറ്റിയും ആധുനിക സോഫ്റ്റ്‌വേറും വിദഗ്ദ്ധ പരിശീലനം ലഭിച്ച ജീവനക്കാരും ആവശ്യമാണ്. വിദേശ രാജ്യങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ തേടാവുന്നതാണ്. ഭൂതല ചലനം അളക്കുന്നതിനുള്ള ആക്‌സിലറോഗ്രാഫും വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ആക്‌സിലറോഗ്രാഫില്‍ നിന്നുള്ള വിവരം കണക്കാക്കി ഭൂകമ്പ മേഖലകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ബില്‍ഡിങ് കോഡ് രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ