രണ്ടാം കരാര്‍ എന്ന തമാശ
തിരുവിതാംകൂര്‍ സര്‍ക്കാറും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ ഒപ്പിട്ട ആദ്യത്തെ കരാര്‍ പലതുകൊണ്ടും തിരുവിതാംകൂറിന്റെ താത്പര്യങ്ങള്‍ക്കെതിരായിരുന്നു. പക്ഷേ, രാജ്യം സ്വതന്ത്രയായതിനുശേഷം ഈ കരാര്‍ പുതുക്കിയെഴുതിയതില്‍ വന്ന പാളിച്ചകള്‍ക്ക് കേരളം ആരെയാണ് കുറ്റപ്പെടുത്തുക ?ഒരു കരാറാകുമ്പോള്‍ ചില്ലറ വിട്ടുവീഴ്ചകളെല്ലാം വേണ്ടിവന്നേക്കാം. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയാത്തതിനാല്‍ വ്യവസ്ഥകള്‍ എതിരായിവന്ന് ദോഷമുണ്ടാകാം. പക്ഷേ, കരാര്‍ പുതുക്കുമ്പോഴോ ? ആ ദോഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരായാലും ശ്രദ്ധിക്കും. പക്ഷേ, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഉണ്ടായത് മറ്റൊന്നാണ്. തിരുവിതാംകൂര്‍ സര്‍ക്കാറും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ ഒപ്പിട്ട ആദ്യത്തെ കരാര്‍ പലതുകൊണ്ടും തിരുവിതാംകൂറിന്റെ താത്പര്യങ്ങള്‍ക്കെതിരായിരുന്നു. താത്പര്യമില്ലാതിരുന്നിട്ടുകൂടി കരാര്‍ ഒപ്പുവെക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് നിര്‍ബന്ധിതനായെന്നത് ദുഃഖകരമായ ചരിത്രം. അദ്ദേഹത്തെ നിര്‍ബന്ധിതനാക്കാന്‍ പോന്ന ശക്തി ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. പക്ഷേ, രാജ്യം സ്വതന്ത്രമായതിനുശേഷം ഈ കരാര്‍ പുതുക്കിയെഴുതിയതില്‍വന്ന പാളിച്ചകള്‍ക്ക് കേരളം ആരെയാണ് കുറ്റപ്പെടുത്തുക ?
കൃഷിക്കായി കൊണ്ടുപോയ വെള്ളമുപയോഗിച്ച് കരാറിന് വിരുദ്ധമായി തമിഴ്‌നാട് വൈദ്യുതി ഉത്പാദിപ്പിച്ചത് എതിര്‍ക്കാന്‍ കേരളം ശ്രമിച്ചെങ്കിലും നടന്നില്ല. വൈദ്യുതി ഉത്പാദനം തുടര്‍ന്നെങ്കിലും അതിന് നിയമസാധുത നേടിയെടുക്കാനായി പിന്നീട് തമിഴ്‌നാടിന്റെ ശ്രമം. അനുബന്ധ കരാറിനായി അവര്‍ മുന്നോട്ടുവന്നത് അങ്ങനെയായിരുന്നു. 1970 മെയ് രണ്ടാം തീയതി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അനുബന്ധ കരാറില്‍ കേരളം ഒപ്പുവെച്ചു. കേരളത്തിന്റെ താത്പര്യങ്ങള്‍ അടിയറവെച്ച് പുതുക്കിയ കരാര്‍ കൊണ്ട് ഏറ്റവും തുച്ഛമായ തുക പാട്ടക്കൂലിയില്‍ കൂട്ടാനായി. പക്ഷേ, നഷ്ടം എത്രയോ ഭീമമായിരുന്നു.
വ്യവസ്ഥയില്ല, പുനപ്പരിശോധിക്കാന്‍
പുതുക്കിയപ്പോഴും പഴയ കരാറിലെ വ്യവസ്ഥകള്‍ നിലനിര്‍ത്തി. തമിഴ്‌നാടിന് കൃഷിക്ക് വെള്ളം കൊണ്ടുപോകാം. അതോടൊപ്പം ഏതാവശ്യത്തിനും വൈദ്യുതിയുണ്ടാക്കാനും ഈ വെള്ളം ഉപയോഗിക്കാം. കരാര്‍കാലാവധിപോലും കുറയ്ക്കാനായില്ല; 999 വര്‍ഷം തന്നെ. വൈദ്യുതിയുത്പാദനത്തിന് നക്കാപ്പിച്ച പ്രതിഫലം കേരളത്തിനായി നിശ്ചയിച്ചു. ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.13 പൈസ. 350 ദശലക്ഷം യൂണിറ്റിനുവരെ ഈ വില നല്‍കിയാല്‍ മതി. അതിനുശേഷമുള്ള ഓരോ യൂണിറ്റിനും 0.19 പൈസ. ഈ നിരക്ക് പുതുക്കാനുള്ള വ്യവസ്ഥ പോലും കരാറില്‍ വെച്ചില്ലെന്നതാണ് ആശ്ചര്യകരം. അനുബന്ധ കരാറിന് 1954 മുതലുള്ള പ്രാബല്യമാണ് നല്‍കിയത്. വൈദ്യുതിയുത്പാദനത്തിന്റെ ഭാഗമായി തമിഴ്‌നാടിന് എന്ത് നിര്‍മാണപ്രവര്‍ത്തനവുമാകാം. മാത്രമല്ല, അതിന്റെ ആവശ്യത്തിനായി കുമളി വില്ലേജില്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് 42.17 ഏക്കര്‍ ഭൂമികൂടി കേരളം തമിഴ്‌നാടിന് പാട്ടത്തിന് നല്‍കി.അണക്കെട്ടിനായി നല്‍കിയ ഭൂമിയുടെ പാട്ടക്കൂലിയും 1970ല്‍ പുതുക്കി നിശ്ചയിച്ചു. ഏക്കറൊന്നിന് 30 രൂപ. 30 വര്‍ഷം കൂടുമ്പോള്‍ തുക പുതുക്കാം. പക്ഷേ, കരാര്‍ പുനപ്പരിശോധിക്കാന്‍ പഴുതൊന്നുമില്ല. കേരളത്തിന് ഏറെ ദോഷകരമായിരുന്നു അനുബന്ധ കരാര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ