2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

ഇനിയും ഉദിക്കാത്ത സൗര വൈദ്യുതി

ഇനിയും ഉദിക്കാത്ത സൗര വൈദ്യുതി

എന്‍.എസ്. ബിജുരാജ്, ജി. രാജേഷ്‌കുമാര്‍


2530 മെഗാവാട്ടാണ് സംസ്ഥാനത്തെ വൈദ്യുതി ഉദ്പാദനത്തിന്റെ സ്ഥാപിതശേഷി. ഇതിനുപുറമേ കായംകുളം താപനിലയത്തിന്റെ വക 359 മെഗാവാട്ടുമുണ്ട്. വൈകുന്നേരത്തെ ശരാശരി ഉപഭോഗം 3120 മെഗാവാട്ടും. അതായത് കേരളത്തില്‍ ഏറ്റവും ആവശ്യമുള്ള ചരക്കാണ് വൈദ്യുതി. ആര് എത്ര ഉത്പാദിപ്പിച്ചാലും വാങ്ങാന്‍ തയ്യാറാണ് വൈദ്യുതി ബോര്‍ഡ്. കേരളത്തിന്റെ ഭാവി സൗരോര്‍ജ പദ്ധതികളിലാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. മറ്റു വൈദ്യുതി ഉത്പാദന പദ്ധതികള്‍ പണി തീര്‍ന്ന് കമ്മീഷന്‍ ചെയ്യാന്‍ പത്തുവര്‍ഷത്തോളം എടുക്കുമ്പോള്‍ സൗരപദ്ധതിക്ക് വേണ്ടത് പരമാവധി ആറുമാസം.
മൂന്നുവര്‍ഷം മുന്‍പുവരെ പാനലുകളുടെ ഉയര്‍ന്ന വില മൂലം സൗരോര്‍ജം ഉത്പാദിപ്പിക്കുക വളരെ ചെലവേറിയതായിരുന്നു. കനംകുറഞ്ഞ തിന്‍ ഫിലിമുകള്‍ വികസിപ്പിക്കാനായതും ചൈന അത് വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഇപ്പോള്‍ ചെലവ് അറുപത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇടത്തരക്കാരുടെ വീടുകളില്‍പോലും ഇപ്പോള്‍ കുറഞ്ഞ തുകയ്ക്ക് സൗരവൈദ്യുതി നിര്‍മിക്കാം.

ഇന്ത്യയിലിപ്പോള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദകരില്‍നിന്ന് യൂണിറ്റിന് ശരാശരി 9.50 രൂപ വരെ നല്‍കിയാണ് വൈദ്യുതിബോര്‍ഡുകളും വിതരണക്കമ്പനികളും സൗരവൈദ്യുതി വാങ്ങുന്നത്. ഇത് ലാഭകരമായ വിലയായതിനാല്‍ നിക്ഷേപകര്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ വലിയ താത്പര്യവും കാണിക്കുന്നുണ്ട്. ഇവര്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് കച്ചവടം നടത്തി അധികലാഭത്തിനുള്ള അവസരവും നല്‍കിയിട്ടുണ്ട്. (അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ പുറന്തള്ളല്‍ പരിസ്ഥിതി സൗഹൃദസാങ്കേതികവിദ്യയിലൂടെ കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സ്‌കോറാണ് കാര്‍ബണ്‍ ക്രെഡിറ്റ്. ഇത് ബോണ്ടുകളും മറ്റും വില്‍ക്കുന്നതുപോലെ അന്താരാഷ്ട്ര ധനവിപണിയില്‍ ട്രേഡുചെയ്യാം).
ഗുജറാത്ത്, ആന്ധ്രപ്രദേശ് കര്‍ണാടകം, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ സൗരവൈദ്യുതി ഉത്പാദനത്തില്‍ ഏറേ മുന്നോട്ടുപോയിക്കഴിഞ്ഞു. 2012 മെയിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോള്‍ 979.4 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തില്‍നിന്ന് ഉണ്ടാക്കുന്നത്. ഇതില്‍ 654 മെഗാവാട്ടും ഗുജറാത്തിലും. ദേശീയ സൗരോര്‍ജ ഉദ്പാദനത്തിന്റെ 66.9 ശതമാനം വരുമിത്. ഇടുക്കിയുമായി ഇതിനെ താരതമ്യം ചെയ്യുക. 780 മെഗാവാട്ടാണ് ഇടുക്കിയിലെ സ്ഥാപിത ശേഷി.

''നമ്മുടെ ഉത്പാദനം വെറും പൂജ്യം'' വൈദ്യുതി വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് തുറന്നു സമ്മതിക്കുന്നു. അതേസമയം നയരൂപവത്കരണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷം സംസ്ഥാനത്തെ 10,000 വീടുകളില്‍ ആകെ പത്തുമെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കിലോ വാട്ട് വീതം ഉത്പാദനശേഷിയുള്ള സൗരപാനലുകളാണ് സ്ഥാപിക്കുക. ദിവസം ശരാശരി അഞ്ച് യൂണിറ്റ് വൈദ്യുതിയുണ്ടാക്കാം. ഇത്, വീടിനുസമീപത്തുകൂടി കടന്നുപോകുന്ന കെ.എസ്.ഇ.ബി.യുടെ ലൈനിലേക്ക് നല്‍കണം. ഇതിന് കെ.എസ്.ഇ.ബി. വില നല്‍കും.മുതല്‍മുടക്കിന്റെ മുപ്പതുശതമാനം അല്ലെങ്കില്‍ 80,000 രൂപ, ഇതില്‍ ഏതാണോ കുറവ് അത് കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡിയായി ലഭ്യമാക്കുമെന്ന് പറയുന്നു. ഇതിനുപുറമേ 30,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇപ്പോഴത്തെ വിലയനുസരിച്ച് ഒരു കിലോവാട്ടിന്റെ സോളാര്‍ സംവിധാനം സ്ഥാപിക്കുവാന്‍ രണ്ടരലക്ഷം രൂപ ചെലവിടണം. സബ്‌സിഡി കഴിച്ചാല്‍ കൈയില്‍നിന്ന് ചെലവാകുന്നത് പരമാവധി 1,40,000 രൂപ.
എന്നാല്‍, സബ്‌സിഡിക്കാര്യത്തില്‍ ആശയക്കുഴപ്പവും അവ്യക്തതയുമുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും വീട്ടില്‍ത്തന്നെ ഉപയോഗിക്കുന്നതിനുള്ള സോളാര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി. എന്നാല്‍, കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ്, വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്ക് വില്‍ക്കുന്നവര്‍ക്കുമാത്രമാണ് (ഓണ്‍ ഗ്രിഡ്). ഇത് രണ്ടും ഒരുമിച്ച് ലഭിക്കുമോ എന്നതില്‍ അവ്യക്തതയുണ്ടെന്ന് നോഡല്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ ഡയറക്ടര്‍ പി.വല്‍സരാജ് ചൂണ്ടിക്കാട്ടുന്നു.
വീട്ടില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അവിടെത്തന്നെ ഉപയോഗിച്ചാലും ഗ്രിഡിലേക്ക് വിറ്റാലും ആകെയുള്ള വൈദ്യുതിശേഖത്തില്‍ ഒരേ ഫലമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍, ഓണ്‍ഗ്രിഡ് സോളാര്‍ യൂണിറ്റിനും കേന്ദ്രസബ്‌സിഡി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, തീരുമാനം കേന്ദ്രം അറിയിച്ചിട്ടില്ല.

വൈദ്യുതി വില്‍ക്കുന്നവര്‍ക്ക് എന്തുവില നല്‍കണമെന്നും തീരുമാനമായിട്ടില്ല. തീരുമാനിക്കേണ്ടത് വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. ചില സംശയങ്ങള്‍ ഇതിലുണ്ട്.ഇടത്തരക്കാരന്‍ പത്തും പതിനഞ്ചും ലക്ഷം രൂപ ഭവനവായ്പയെടുത്ത് വെക്കുന്ന വീട്ടില്‍ പിന്നെയും രണ്ടര ലക്ഷം രൂപ മുടക്കി സോളാര്‍ പാനല്‍കൂടി വെക്കാന്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം. അതും എവിടെനിന്നും എത്രകൂടിയ വിലക്കും വൈദ്യുതിവാങ്ങി ന്യായവിലയില്‍ ജനങ്ങള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍തന്നെ തയ്യാറാകുമ്പോള്‍.

സീതാപുരിലെ പുരപ്പുറ വിപ്ലവം

ഉത്തര്‍പ്രദേശില്‍ പുതിയൊരു വിപ്ലവം അരങ്ങേറുകയാണ്. സാമൂഹിക സംരംഭകരായ രണ്ടു ചെറുപ്പക്കാരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ഇനിയും വൈദ്യുതിയെത്താത്ത ഗ്രാമങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് ഒരു ലക്ഷം വീടുകള്‍ക്ക് സൗരോര്‍ജവൈദ്യുതിയെത്തിക്കാനാണ് 'മേരേ ഗാവ്' എന്ന സംരംഭത്തിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം പൊതുവിതരണത്തിനുള്ള സംവിധാനത്തിലേക്ക് കൊടുക്കേണ്ടതില്ലാത്ത, ഓഫ് ഗ്രിഡ് സൗരവൈദ്യുതിയില്‍ മാതൃകയാകാന്‍ പോന്നതാണിത്. അമേരിക്കന്‍ പൗരന്മാരായ നിഖില്‍ ജയ്‌സിംഘാനി, ബ്രയാന്‍ ഷാദ്എന്നിവര്‍ ചേര്‍ന്ന് യു.എസ്. എയ്ഡിന്റെ സഹകരണത്തോടെയാണ് മേരേ ഗാവ് പദ്ധതി നടപ്പാക്കുന്നത്.

എല്ലാ വീടുകളില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു ചെറുഗ്രിഡില്‍ ശേഖരിച്ചശേഷം ഇവിടെനിന്ന് ലൈനിലൂടെ വിതരണം ചെയ്യുന്നതാണ് മൈനേ്രകാ ഗ്രിഡ് പവര്‍ (എം.ജി.പി.) എന്നറിയപ്പെടുന്ന മേരേഗാവ് പദ്ധതി. സീതാപുര ജില്ലയിലെ അന്‍പത് ഗ്രാമങ്ങളിലായി നാലായിരം വീടുകളില്‍ ഇതിനോടകം സൗരവൈദ്യുതിയുടെ വെളിച്ചം എത്തിക്കഴിഞ്ഞു. മാസം എഴുപതുരൂപയ്ക്ക് രണ്ടുമുതല്‍ നാലുവരെ ലൈറ്റും ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യാനുള്ള പ്ലഗ് പോയിന്റുമാണ് നല്‍കുക. കണക്ഷന് നാല്പതുരൂപ ആദ്യം നല്‍കണം. വൈദ്യുതി വിനിയോഗം കുറവുള്ള എല്‍.ഇ.ഡി. ബള്‍ബുതെളിക്കാനുള്ള ഡയറക്ട് കറന്റാണ് (ഡി.സി.) ലഭ്യമാക്കുന്നത്. വിളക്കിനായി മാസം 175 രൂപയുടെ മണ്ണെണ്ണ വാങ്ങിയിരുന്ന കുടുംബങ്ങള്‍ക്ക് ഇത് ലാഭമാണെന്ന് നിഖില്‍ ചൂണ്ടിക്കാട്ടുന്നു. 4000 വീടുകളില്‍ മണ്ണെണ്ണ വിളക്ക് ഉപേക്ഷിച്ചതിലൂടെ വര്‍ഷം 1.4 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ ലാഭിക്കാനും അതിലൂടെ 400 ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് തള്ളുന്നത് തടയാനും സാധിക്കുന്നു.

സ്വാഭാവികമായി ഈ കുടുംബങ്ങളുടെ ജീവിത നിലവാരത്തിലും മാറ്റമുണ്ടാകുന്നു. പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കരിമ്പുക ശ്വസിക്കേണ്ട. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാവുന്നത് സാമൂഹിക സാമ്പത്തികഉയര്‍ച്ചയിലേക്കും നയിക്കും. വൈദ്യുതി വെളിച്ചത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതിലൂടെ ഈ വീടുകളിലെ ശരാശരി വരുമാനം വര്‍ധിച്ചതായും നിഖില്‍ ജയ്‌സിംഘാനി പറയുന്നു. 2016-ഓടെ 2000 ഗ്രാമങ്ങളിലായി ഒരു ലക്ഷം വീടുകളില്‍ സൗരവൈദ്യുതി എത്തിക്കാനാണ് മേരേ ഗാവ് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടമായി ഈ വീടുകളില്‍ ടെലിവിഷനും ഫ്രിഡ്ജും ഒക്കെ പ്രവര്‍ത്തിപ്പക്കുവാനാവും വിധം വൈദ്യുതി ഉത്പാദനശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലും ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്താമെന്ന് മേരേ ഗാവിന്റെ അണിയറക്കാര്‍ പറയുന്നു. നഗരങ്ങളില്‍ ഇടുങ്ങിയ വഴിപോലെ, ലൈന്‍ വലിക്കാന്‍ പ്രായോഗിക തടസ്സങ്ങളുള്ള സ്ഥലങ്ങളിലും ഇത് പ്രയോജനപ്പെടുത്താം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുവാക്കളായ ചെറുകിട സംരംഭകര്‍ പ്രാദേശിക കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങി അത്ഭുതം സൃഷ്ടിച്ച കേരളത്തില്‍ ഇതിനുള്ള സംരംഭകശേഷി ഉണ്ടെന്നും നിഖില്‍ ചൂണ്ടിക്കാട്ടുന്നു.


തെക്കുനോക്കി പാനല്‍


സൂര്യപ്രകാശം പരമാവധി വിനിയോഗിക്കാന്‍ സോളാര്‍ പാനലുകള്‍ 20 ഡിഗ്രി ചരിച്ച് തെക്കോട്ട് അഭിമുഖമായി വെക്കണമെന്ന് അനര്‍ട്ട് നിര്‍ദേശിക്കുന്നു. ലോകം മുഴുവന്‍ ഈ രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍, അടിസ്ഥാനപരമായി ഇക്കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കേരളത്തില്‍ തെക്കോട്ടല്ല നേരേ മേല്‍പ്പോട്ടു തിരിച്ചാണ് പാനല്‍ വെക്കേണ്ടതെന്നും വിദഗ്ധാഭിപ്രായമുണ്ട്. ഭൂമധ്യ രേഖയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ സൗരവൈദ്യുതിക്ക് ഏറ്റവും പറ്റിയതാണ് കേരളം.

പ്രകാശം ചില വസ്തുക്കളുടെ ഉപരിതലത്തില്‍ പതിക്കുമ്പോള്‍ വൈദ്യുതച്ചാര്‍ജ് ഉണ്ടാകുന്നുവെന്ന ഫോട്ടോ ഇലക്ട്രിസിറ്റി തത്ത്വമാണ് സൗരവൈദ്യുതിക്ക് പിന്നില്‍. സിലിക്കണ്‍ അധിഷ്ഠിത വസ്തുക്കളില്‍ ഈ പ്രക്രിയ കൂടുതല്‍ വൈദ്യുതിച്ചാര്‍ജുണ്ടാക്കുന്നു എന്നതുകൊണ്ടും പ്രകൃതിയില്‍ കൂടുതല്‍ ലഭിക്കുന്നതുകൊണ്ടുമാണ് സോളാര്‍ പാനല്‍ എന്ന ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ സിലിക്കോണ്‍ സംയുക്തകങ്ങള്‍ കൊണ്ട് നിര്‍മിക്കുന്നത്. ഒരു സോളാര്‍ പാനലില്‍ ഒട്ടേറെ ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ ഉണ്ടാകും. പാനലില്‍ വീഴുന്ന സൂര്യപ്രകാശത്തിന്റെ ശരാശരി 18 ശതമാനമേ വൈദ്യുതിയായി മാറുന്നുള്ളൂ. എന്നാല്‍, കൂടുതല്‍ കാര്യക്ഷമതയുള്ള സോളാര്‍ പാനലുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്.
ഇപ്പോള്‍ വിപണിയില്‍ രണ്ടുതരം പാനലുകള്‍ ലഭ്യമാണ്. ക്രിസ്റ്റലൈന്‍ സിലിക്കണ്‍ പാനലും വളരെ കനം കുറഞ്ഞ തിന്‍ ഫിലിമും. ക്രിസ്റ്റലൈന്‍ പാനലാണ് കൂടുതല്‍ വൈദ്യുതി നല്‍കുന്നത്. തിന്‍ഫിലിമിനേക്കാള്‍ ഏതുണ്ട് പത്തുപതിനഞ്ച് ശതമാനം കൂടുതല്‍. എന്നാല്‍ വിലക്കുറവ് തിന്‍ഫിലിമിനാണ്. മറ്റേതിനേക്കാള്‍ 20 ശതമാനത്തോളം വിലകുറവാണിതിന്.
സൂര്യവെളിച്ചം തെക്കുനിന്ന് ചരിഞ്ഞാണ് വീഴുന്നതെന്ന കണ്ടെത്തലാണ് പാനലും തെക്കോട്ടുതന്നെ തിരിച്ചുവെക്കണമെന്ന തീരുമാനം ആഗോളതലത്തില്‍ത്തന്നെയെടുത്തിട്ടുള്ളത്. എന്നാല്‍, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞനും അനര്‍ട്ട് മുന്‍ മേധാവിയുമായ ഡോ. ആര്‍.വി.ജി.മേനോന്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമധ്യ രേഖയ്ക്കടുത്തുള്ള പ്രദേശമാണ് കേരളം. അതിനാല്‍ സൂര്യന്‍ ആറുമാസം ദക്ഷിണായനത്തിലും ബാക്കിസമയം ഉത്തരായനത്തിലുമായിരിക്കും. ദക്ഷിണായനത്തിലായിരിക്കുമ്പോള്‍ സൂര്യപ്രകാശം തെക്കുനിന്ന് ചരിഞ്ഞാണ് വീഴുക. എന്നാല്‍, ഉത്തരായന കാലത്ത് സൂര്യപ്രകാശം വടക്കുനിന്നായിരിക്കും. പാനല്‍ തെക്കോട്ടുതിരിച്ചുവെച്ചാല്‍ ഈ സമയത്ത് പാനലില്‍ വീഴുന്ന രശ്മിയില്‍ കുറവുണ്ടാവും. അതിനാല്‍ എല്ലാക്കാലത്തും സൂര്യപ്രകാശം പരമാവധി വിനിയോഗിക്കാന്‍ പാനല്‍ തിരശ്ചീനമായി അതായത് നേരേ മേല്‍പ്പോട്ട് തിരിച്ചുവെക്കണമെന്നും ഡോ.ആര്‍.വി.ജി. മേനോന്‍ നിര്‍ദേശിക്കുന്നു.
മറ്റു രാജ്യങ്ങളില്‍ ചിലയിടങ്ങളില്‍ കുറച്ചു സ്ഥലത്ത് കൂടുതല്‍ പാനല്‍ സ്ഥാപിക്കാന്‍ കുത്തനെയുള്ള തൂണുകളില്‍ തട്ടുതട്ടുകളായി (വെര്‍ട്ടിക്കല്‍ ഇന്‍സ്റ്റലേഷന്‍) പാനല്‍ വെക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ മൊജാവെ മരുഭൂമിയില്‍ തെക്കോട്ടുവെച്ചിരിക്കുന്ന അത്രയുംതന്നെ പാനല്‍ വടക്കോട്ടുതിരിച്ചും വെച്ചിട്ടുണ്ട്. വലിയ ടവറുകളില്‍ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികളും ലെന്‍സും ഉപയോഗിച്ച് ഈ വടക്കുനോക്കി പാനലുകളിലേക്ക് സൂര്യപ്രകാശം തിരിച്ചുവിടുകയാണ് ചെയ്യുന്നത്. കോണ്‍സണ്‍ട്രേറ്റഡ് സോളാര്‍ പവര്‍പ്രോജക്ട് (സി.എസ്.പി.) എന്നാണ് ഇവയെ വിളിക്കുന്നത്. ഒട്ടേറേ പാനലുകളെ ത്രിമാനരൂപത്തില്‍ നിരത്തിയാല്‍ രണ്ടുമുതല്‍ ഇരുപതുവരെ മടങ്ങ് വൈദ്യുതി ഉത്പാദനം വര്‍ധിക്കുമെന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇനിയും പ്രയോഗത്തില്‍ വരാനിരിക്കുന്നതേയുള്ളൂ.

(http://www.mathrubhumi.com/article.php?id=1741671)

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ഹര്‍ത്താല്‍ ജനാധിപത്യം



വീണ്ടും ഹര്‍ത്താല്‍ സജീവമകുകയയി , കുടുതല്‍ ഉശിരോടെ, കുടുതല്‍ വിശേഷങ്ങളോടെ. ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ കന്നൂര് ജില്ല സെക്രട്ടറിയെ അറസ്റ്റ് ചെയ്തതതാണ് ഇത്തവണ ആഘോഷമായത്. പൊതുവേ സമാധാനപരം ആവരുള്ള ഹര്‍ത്താല്‍ ഇത്തവാന്‍ കുടുതല്‍ അക്രമ സക്തമായി എന്ന്‍ അറിയുവാന്‍ ഇടയായി. സമാധാനത്തിന്റെ വെള്ളരി പ്രവായി അവതരിക്കുന്ന അച്ചുമാമനെ ഇത്തവണ പൊടി ഹര്ത്താലിന്റെ വക്താവയിട്ടാണ് കണ്ടത്. (പി ബി യുടെ ചൂര വടി പേടിച്ചായിരിക്കും. അധികാരം ആവശ്യം ഇപ്പോഴും)


കഥ ഇത് വേറെ. പാവം ഒരാള്‍ . കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വന്നതാണ്. നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ ഇറങ്ങി നടത്തം ആരംഭിച്ചു. രാവിലെ ഏതാണ്ട് ഒന്‍പതു കിലൊമീടര് നടന്നു പാവം തളര്നപ്പോഴാണ് ഞാന്‍ കണ്ടത്.  ഹര്തലുകരെ പേടിച്ച് തലയില്‍ മുണ്ടിട്റ്റ് ബൈക്കില്‍ വന്ന എനിക്ക് അയാളുടെ അവസ്ഥ കണ്ട സഹതാപം തോന്നി. ബൈക്കില്‍ കയറ്റി കളയാം.എവിടെ ഇറങ്ങണം ? മിണ്ടുന്നില്ല! കതച്ച് കതച്ച് , ഒരു വിധത്തില്‍ അയാള്‍ പറഞ്ഞു,- അല്പം വെള്ളം കിട്ടാന്‍ എന്താ മാര്‍ഗം???. ഒരു ഊടുവഴി ഓടിച്ച് നാട്ടില്‍ പുറത്തെ ഒരു കടയില്‍ നിന്ന അയാള്‍ക്ക് അല്പം വെള്ളം വാങ്ങി കൊടുത്ത്. പാവത്താനെ കളമശ്ശേരിയില്‍ വീണ്ടും നടക്കാം ഇറക്കി വിട്ടിട്ട ഞാന്‍ സ്ഥലം വിട്ടു. സമാനമായ നിരവധി സംഭവങ്ങള്‍ പിന്നീട് പത്രത്തില്‍ വായിച്ചു.

പ്രകടമായ ജനാധിപത്യ ലംഘനം . പൊലീസിനുമ് പിള്ളേര്‍ക്കും മിണ്ടാന്‍ പറ്റാത്ത് അവസ്ഥ. കുത്തി മലര്‍ത്തും - കൊന്നു കയ്യില്‍ തരും. 1 , 2 , 3 , 4 , 5 , 6 , 7 ,     .

ലോകത്തിലെ ഇടവും വലിയ ജനാധിപത്യ രാജ്യം , മോബോക്രസി ആകുന്ന കാഴ്ച ഭികരം തന്നെ. നമുക്കെ നാമേ പണിവതു നാകവും നരകവും ഒരുപോലെ

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

ജനസംഖ്യാനിയന്ത്രണം: വീണ്ടുവിചാരമാവാം

ജനസംഖ്യാനിയന്ത്രണം: വീണ്ടുവിചാരമാവാം
Posted on: 28 Feb 2012
ഡോ. ടി.എസ്. അനീഷ്‌


കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കേരളത്തിലെ ജനസംഖ്യ ഒമ്പതു ശതമാനത്തോളം വര്‍ധിച്ചു.അതേ സമയം ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ ജനസംഖ്യ കുറഞ്ഞു. എല്ലാ ജില്ലകളിലും വര്‍ധനയുടെ തോതില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് വലിയ
പ്രത്യാഘാതങ്ങള്‍ക്ക് ഇട നല്‍കിയേക്കാ ഈ സാഹചര്യത്തില്‍ ജനസംഖ്യാ നിയന്ത്രണത്തിന് നല്‍കിവരുന്ന മുന്‍ഗണന പുനഃപരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ലേഖകന്‍


2011-ാം ആണ്ടിലെ സെന്‍സസ് കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യ മൂന്നുകോടി മുപ്പത്തിനാലുലക്ഷത്തിന് അടുത്തുവരും. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നമ്മുടെ ജനസംഖ്യ ഒന്‍പതു ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഈ വര്‍ധനയുടെ തോത് നമ്മുടേതിന്റെ ഇരട്ടിയിലും അധികമാണ്. സ്ത്രീകളുടെ എണ്ണം, ആയിരം പുരുഷന്‍മാര്‍ക്ക് 1084 എന്നത് രാജ്യത്തെ ഏറ്റവും ഉയര്‍ന്നനിരക്കാണ്. മാത്രമല്ല സ്ത്രീപുരുഷ അനുപാതത്തില്‍ 2001-ല്‍ നിന്നും വര്‍ധന ഉണ്ടായിട്ടുണ്ട് എന്നതും കണക്കിലെടുക്കേണ്ടതാണ്. ഈ ലിംഗവ്യത്യാസം ജീവിത ദൈര്‍ഘ്യത്തിലും പ്രകടമാണ്. സംസ്ഥാന ത്ത് ഒരു സ്ത്രീ, നിലനില്‍ക്കുന്ന ചുറ്റുപാടുകളില്‍ 75 വയസ്സിനുമുകളില്‍ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം ഇതിനേക്കാള്‍ 4-5 വയസ്സ് കുറവാണ്.


ജനസംഖ്യയുടെ പ്രാഥമിക കണക്കുകള്‍ പട്ടിക-1 ല്‍



മേല്‍വിവരിച്ചിടത്തോളം സുന്ദരമാണ് കാര്യങ്ങള്‍. ജനസംഖ്യയില്‍ ചെറിയ വര്‍ധനമാത്രം, വര്‍ധിച്ചുവരുന്ന ജീവിതദൈര്‍ഘ്യം, ലിംഗ അനുപാതത്തിലും സാക്ഷരതാനിരക്കിലും കാണുന്ന ആരോഗ്യകരമായ സാമൂഹികഘടകങ്ങള്‍ തുടങ്ങി അനേകം ഗുണഫലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.


എന്നാല്‍, സംസ്ഥാനത്തിന്റെ ജനസംഖ്യാഘടന വിശകലനം ചെയ്യുമ്പോള്‍ മറ്റു ചില ഘടകങ്ങള്‍ കൂടി വിലയിരുത്തേണ്ടതുണ്ട്. ഇനിപ്പറയുന്ന ചില വിവരങ്ങള്‍ 2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ എറെ പ്രാധാന്യമുള്ളതാണ്. ഇതില്‍ ഏറ്റവും പ്രധാനം രണ്ട് ജില്ലകളില്‍ - പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ - ജനസംഖ്യ കുറഞ്ഞുഎന്നതാണ്. ഇതിന്റെ ഗൗരവം മനസ്സിലാക്കണമെങ്കില്‍, നാം ജനസംഖ്യാ വര്‍ധനയെ എങ്ങനെ തിട്ടപ്പെടുത്തുന്നു എന്നറിയണം. ജനനനിരക്കില്‍ നിന്നും മരണനിരക്ക് കുറച്ചുകിട്ടുന്ന സംഖ്യ ശതമാനത്തില്‍ കണക്കാക്കിയാണ് ജനസംഖ്യാവര്‍ധന കണ്ടെത്തുന്നത്. ഇത്തരത്തില്‍ കണക്കാക്കുന്ന തോത് രണ്ട് ശതമാനത്തില്‍ അധികമായാല്‍ അവിടങ്ങളില്‍ അമിതമായ വര്‍ധന അഥവാ ജനസംഖ്യാ വിസ്‌ഫോടനംനടക്കുന്നുവെന്ന് പറയാം. നമ്മുടെ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിരക്ക് ഈ അളവിലാണ്. അതേസമയം ജനസംഖ്യാ വര്‍ധനയുടെ നിരക്ക് 1.5 മുതല്‍ രണ്ട് ശതമാനം വരെയാണെങ്കില്‍ വളരെ വേഗത്തിലുള്ള വളര്‍ച്ചയെന്നും ഒന്നു മുതല്‍ 1.5 വരെയാണെങ്കില്‍ വേഗത്തിലുള്ള വളര്‍ച്ചയെന്നും 0.5 മുതല്‍ ഒന്നു വരെയാണെങ്കില്‍ മെല്ലെയുള്ള വളര്‍ച്ചയെന്നും പൂജ്യം മുതല്‍ 0.5 വരെയാണെങ്കില്‍ തീരേ മെല്ലെയുള്ള വളര്‍ച്ചയെന്നും പൂജ്യത്തിനു താഴെയാണെങ്കില്‍ ജനസംഖ്യാശോഷണമെന്നും പറയും. നമ്മുടെ രാജ്യത്ത് ഇപ്പോഴും 'വളരെ വേഗത്തിലുള്ള വളര്‍ച്ച'നിരക്കാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇത് 0.48 ശതമാനം മാത്രമാണ്. അതായത് തീരേ മെല്ലെയുള്ള വളര്‍ച്ച. ദക്ഷിണ കേരളത്തിലെ നിരക്ക് ഇതിലും കുറയുമെന്നുമാത്രമല്ല. മിക്കയിടങ്ങളിലും വര്‍ധന നാമമാത്രമാണ്. ചിലയിടത്തെങ്കിലും ജനസംഖ്യ കുറയാന്‍ തുടങ്ങിയിരിക്കുന്നു.


2001 സെന്‍സസിലും 2011 സെന്‍സസിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ജനസംഖ്യാ വര്‍ധനയും അതില്‍ പത്തുവര്‍ഷം കൊണ്ടുവന്ന കുറവും ജില്ലതിരിച്ച് പട്ടിക രണ്ടില്‍ നല്‍കിയിരിക്കുന്നു.




കേരളത്തിന്റെ എല്ലാ ജില്ലകളിലും ജനസംഖ്യാ വര്‍ധനയില്‍ ഭീമമായ ഇടിവുണ്ടായതായി പട്ടിക - 2 ല്‍ നിന്നും പ്രകടമാണ്. മേല്‍വിവരിച്ച മാനദണ്ഡമനുസരിച്ച് നോക്കുകയാണെങ്കില്‍ കേരളത്തിലെ ഒരു ജില്ലയിലും വളരെവേഗത്തിലുള്ള ജനസംഖ്യാ വര്‍ധനയില്ല. മലപ്പുറം ജില്ലയില്‍ മാത്രമാണ് വേഗത്തിലുള്ള ജനസംഖ്യാവര്‍ധന (1.3 ശതമാനം) ഉള്ളത്.


നാലു ജില്ലകളില്‍ (എറണാകുളം, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്) മെല്ലെയുള്ള ജനസംഖ്യാ വര്‍ധന നടക്കുമ്പോള്‍ ഏഴു ജില്ലകളില്‍ ജനസംഖ്യാവര്‍ധന നാമമാത്രമാണ്. (ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്). അതേസമയം രണ്ട് ജില്ലകളില്‍ (ഇടുക്കി, പത്തനംതിട്ട) ജനസംഖ്യ 2001-ലേതിനേക്കാള്‍ താഴെയാണ്.


ജനസംഖ്യാനിയന്ത്രണത്തിന് നാം നല്‍കിവരുന്ന മുന്‍ഗണന നിര്‍ത്താറായി എന്നാണ് ഈ ലേഖനത്തിലൂടെ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായ രണ്ടുമൂന്നു വാദഗതികള്‍ ഉയര്‍ന്നുവരാം.


1. ജനസംഖ്യ തീരേ ചെറിയ തോതിലാണെങ്കിലും ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2. ചില ജില്ലകളില്‍ ജനസംഖ്യയില്‍ കാണുന്ന ഇടിവ് പ്രത്യുത്പാദന നിരക്കില്‍ ഉണ്ടായ കുറവുമൂലമല്ല, മറിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മറ്റും കുടിയേറുന്നതുകൊണ്ടാണ്. 3. ചില വടക്കന്‍ ജില്ലകളില്‍ ജനസംഖ്യാവര്‍ധന ഇപ്പോഴും പ്രകടമാണ്.


ഈ മൂന്നു വാദഗതികളും നിലനില്‍ക്കുന്നതല്ല. ഒന്നാമത്തെ വാദഗതി നോക്കുക. ജനസംഖ്യാഘടന പഠിക്കുന്ന വിദഗ്ധരുടെ അഭിപ്രായത്തില്‍ ജനസംഖ്യ എന്നുപറയുന്നത് ഒരു തീവണ്ടി പോലെയാണ്. ബ്രേക്കുചെയ്തു കഴിഞ്ഞാലും കുറച്ചുനീങ്ങി മാത്രമേ നില്‍ക്കുകയുള്ളൂ.


വളര്‍ച്ചനിരക്ക് 0.5 ശതമാനം താഴെ എത്തിക്കഴിഞ്ഞ ഒരു സമൂഹം 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ - പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ പൂജ്യത്തിലേക്ക് എത്തുന്നതായിട്ടാണ് അനുഭവങ്ങള്‍ കാണിക്കുന്നത്. മാത്രമല്ല, കേരളത്തിലെ പ്രജനനനിരക്ക് (ജനറല്‍ ഫെര്‍ട്ടിലിറ്റി) 1.8 മാത്രമാണ്. അതായത് ഒരു ദമ്പതിമാര്‍ക്ക് 1.8 കുട്ടികള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ.


ഇന്നത്തെ മാതാപിതാക്കള്‍ അവശേഷിപ്പിച്ചുപോകുന്നത് 1.8 കുട്ടികളെ മാത്രം. 200 പേര്‍ മരിക്കുമ്പോള്‍ പകരം വരുന്നത് 180 പേര്‍ മാത്രം. ജനസംഖ്യകുറയാന്‍ പോകുന്നു എന്നു കാണിക്കാന്‍ മറ്റ് എന്തുതെളിവാണ് നമുക്ക് വേണ്ടത് ?


മറ്റൊരു വാദഗതി കേരളം കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും നാടാണ്, അതുകൊണ്ട് ചിലയിടങ്ങളില്‍ പ്രത്യേകിച്ചും പത്തനംതിട്ട പോലെയുള്ള ജില്ലകളില്‍ ജനസംഖ്യ കുറയുന്നു എന്നതാണ്. കേരളത്തിലെ ജില്ലകളിലുള്ള ആറുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ശതമാനം 2001- ലെയും 2011-ലെയും സെന്‍സസ് പ്രകാരം എത്രയെന്ന് മൂന്നാംപട്ടികയില്‍ കൊടുത്തിരിക്കുന്നു.


കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഏറ്റവും കുട്ടികള്‍ കുറഞ്ഞത് പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കുട്ടികളുടെ ആപേക്ഷിക ശതമാനത്തില്‍ 20 ശതമാനത്തിലധികം കുറവാണ് കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്.


കേരളത്തിലെ എല്ലാ ജില്ലകളിലും കുട്ടികളുടെ എണ്ണത്തില്‍ മാത്രമല്ല, മറ്റു പ്രായത്തിലുള്ളവരുമായുള്ള ആപേക്ഷിക അനുപാതത്തിലും കുറവുണ്ടായിട്ടുണ്ട്. കുട്ടികള്‍ മാത്രമായി കുടിയിറങ്ങിപ്പോകുന്നുവെന്ന് നമ്മള്‍ എങ്ങനെ വാദിക്കും ? അതുമാത്രമല്ല നമ്മുടെ മിക്കജില്ലകളിലും കുട്ടികളുടെ (6 വയസ്സില്‍ താഴെ) എണ്ണം അറുപതു വയസ്സിനുമുകളില്‍ പ്രായമുള്ളവരുടെ മൂന്നില്‍ രണ്ട് മാത്രമേ വരുന്നുള്ളൂ. കുട്ടികളുടെ ശതമാനത്തില്‍ 2002 മുതല്‍ 2011 വരെയുള്ള പത്തുവര്‍ഷത്തിനുള്ളില്‍ പ്രകടമായ ഒരു ഇടിവുണ്ടായി എന്നതു കൂടി പട്ടിക മൂന്നില്‍നിന്ന് വ്യക്തമാണ്.


ജനസംഖ്യാവര്‍ധനയുടെ കാര്യത്തില്‍ ഒരു ഉത്തര-ദക്ഷിണ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന മൂന്നാമത്തെ വാദഗതി ഭാഗികമായി ശരിയാണ് എന്നു കാണുന്നു. ഉദാഹരണത്തിന് ജനസംഖ്യയുടെ പത്തിലൊന്നെങ്കിലും കുട്ടികളുള്ള (ആറു വയസ്സില്‍ താഴെ) ജില്ലകള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവ മാത്രമാണ്. കുട്ടികളുടെ എണ്ണത്തിലുണ്ടായ ഇടിവും മേല്‍പ്പറഞ്ഞ ജില്ലകളില്‍ (വയനാട് ഒഴികെ) താരതമ്യേന കുറവാണ്. മാത്രമല്ല കഴിഞ്ഞദശകത്തില്‍ കുട്ടികളുടെ ആപേക്ഷിക ശതമാനത്തില്‍ രണ്ട് ശതമാനത്തിലധികം കുറവ് വന്നിട്ടുള്ള ജില്ലകള്‍ എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നീ ജില്ലകളാണ്. ഇവയില്‍ വയനാട് ഒഴികെയുള്ളവയെല്ലാം തെക്കന്‍ ജില്ലകളാണ് എന്നതും വസ്തുതയാണ്. എന്നാല്‍ വടക്കന്‍ ജില്ലകള്‍ ജനസംഖ്യാനിയന്ത്രണത്തില്‍ മാത്രമല്ല സാമൂഹിക പുരോഗതിയിലും പിന്നാക്കമായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് എന്നു തോന്നുന്നു. വടക്കന്‍ ജില്ലകള്‍ സാമൂഹികമുന്നേറ്റത്തിന്റെ കാര്യത്തില്‍ തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് അല്പം പിന്നിലായിരുന്നതിനാല്‍ ജനസംഖ്യാ നിയന്ത്രണത്തെ അനുകൂലിച്ചിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ അവിടങ്ങളില്‍ ശക്തമായിരുന്നില്ല.


മറ്റൊരുകാര്യം കേരളത്തിലെ എല്ലാ ജില്ലകളിലും ജനസംഖ്യാ വര്‍ധനയിലും കുട്ടികളുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. അവയുടെ തോതില്‍ മാത്രമേ നേരിയ അന്തരമുള്ളൂവെന്നതാണ്. കണക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഈ നിരക്കുതുടര്‍ന്നാല്‍ അടുത്ത സെന്‍സസ് കേരളത്തിലെ മിക്ക തെക്കന്‍ ജില്ലകളിലും ജനസംഖ്യ കുറയുന്നതായി രേഖപ്പെടുത്തും. പത്തനംതിട്ട, ഇടുക്കി, എന്നിവയോടൊപ്പം ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ഇവകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടേക്കാം.


ജനസംഖ്യ കുറയുന്നത് പ്രശ്‌നമാണോ?


ഇത്തരത്തില്‍ ജനസംഖ്യ കുറയുന്നത് ഒരു വലിയ പ്രശ്‌നമാണോ എന്നതാകാം അടുത്ത ചോദ്യം. പ്രശ്‌നമാണ് എന്നുമാത്രമല്ല, അത് ഒരു വലിയ പ്രശ്‌നമാണ് എന്നതാണ് വാസ്തവം. പുരോഗതിയുടെ ആണിക്കല്ല് മാനുഷിക വിഭവശേഷിയാണെന്നിരിക്കെ നാം തന്നെ അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നിലപാടാണ് തുടരുന്നത്.


നമ്മുടെ ഇടയില്‍ കുട്ടികള്‍ കുറവാണ് എന്ന വസ്തുത ഓരോ വര്‍ഷത്തിലും സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നുഎന്നതില്‍ നിന്നു വളരെ പ്രകടമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ പ്രൈവറ്റ് സ്‌കൂളിലെത്തുന്നതിനു പിന്നില്‍ ഒരുപാട് സാമൂഹികസാമ്പത്തിക ഘടകങ്ങളുണ്ട്. എന്നാല്‍ മൊത്തം കുട്ടികളുടെ എണ്ണത്തില്‍ തന്നെ പ്രകടമായ കുറവ് സംഭിവിക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ പൂട്ടിയിടുകയും അധ്യാപകരുടെ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇന്ന് സ്‌കൂളുകളില്‍ കാണപ്പെടുന്ന ഈ മാറ്റം നാളെ ഉയര്‍ന്നവിദ്യാഭ്യാസ മേഖലകളിലും തൊഴില്‍ മേഖലകളിലും അനുഭവപ്പെട്ടുതുടങ്ങും. നാം മാനവികവിഭവത്തിന്റെ കാര്യമായ കുറവ് അനുഭവിക്കാന്‍ പോകുന്നുവെന്ന് ചുരുക്കം. നമ്മുടെ നാട്ടില്‍ കായിക അധ്വാനവുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ധാരാളമായി ഈയിടെയായി വന്നെത്തുന്നതിനുള്ള ഒരുകാരണം ഇവിടെയുള്ള മാനവിക വിഭവശേഷിയുടെ കുറവാണ്.



ഒരു സമൂഹത്തില്‍ ജോലി ചെയ്യാന്‍ കഴിയുന്ന ആളുകളാണ് അവിടേക്ക് സമ്പത്ത് കൊണ്ടുവരുന്നത്. അത് സാധാരണ ഇരുപതു വയസ്സിനുമുകളില്‍ അറുപത്തിയഞ്ചു വയസ്സുവരെ പ്രായമുള്ള ആളുകളാണ്. അവരുടെ എണ്ണത്തില്‍ ആപേക്ഷികമായിവരുന്ന കുറവ് സമൂഹത്തിന്റെ പുരോഗതിയെ കാര്യമായി ബാധിക്കും. അതാണ് ജനനനിരക്കു കുറഞ്ഞ യൂറോപ്യന്‍ / അമേരിക്കന്‍ രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാമാകട്ടെ ഈയൊരു ശ്രേണിയിലേക്ക് (ചെറുപ്പക്കാര്‍) കടന്നുവരുന്നവരുടെ എണ്ണം മനപ്പൂര്‍വം കുറച്ചുകൊണ്ടിരിക്കുന്നു. അതേസമയം പ്രായമായിട്ടുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലുമാണ്. രണ്ട് കാരണത്താല്‍ - ഒന്ന്, ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നു. പത്തു ശതമാനത്തിലധികം ആളുകള്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്, ഇപ്പോള്‍ത്തന്നെ. ഇത് വര്‍ഷംതോറും കൂടിക്കൊണ്ടിരിക്കുന്നു. പ്രായമായവരുടെ എണ്ണം കൂടുന്നതിനുള്ള രണ്ടാമത്തെ കാരണം അവര്‍ ജനിച്ചകാലത്ത് ജനനനിരക്ക് കൂടുതലായിരുന്നു എന്നതാണ്. ജനസംഖ്യാ നിയന്ത്രണത്തിലൂടെ നമുക്ക് കുറയ്ക്കാന്‍ കഴിയുന്നത് ചെറുപ്പക്കാരുടെ എണ്ണം മാത്രമാണ്. സമൂഹത്തില്‍ വൃദ്ധരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. വൃദ്ധരുടെ എണ്ണം കൂടുതലും ചെറുപ്പക്കാരുടെ എണ്ണം കുറവുമായ ഒരു സമൂഹത്തിന് പുരോഗമിക്കാനാകില്ല. നാം കിതയ്ക്കും.


എല്ലാ മേഖലകളിലെയും വിദഗ്ധര്‍ക്ക് ഇതിനെപ്പറ്റി ബോധമുണ്ട്. പക്ഷേ, അവരുടെ ശബ്ദം പുറത്തുകേള്‍ക്കുന്നില്ല. ഡോക്ടര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും കാര്യത്തില്‍ മാത്രമേ നമ്മുടെ മാനവിക വിഭവശേഷി കഴിഞ്ഞ ഒന്നു രണ്ട് ദശാബ്ദങ്ങളില്‍ വര്‍ധിച്ചിട്ടുള്ളൂ. (വൈദ്യശാസ്ത്ര, എന്‍ജിനീയറിങ് അനുബന്ധ മേഖലകള്‍ ഉള്‍പ്പടെ). ഉത്പാദനമേഖലകളില്‍ പ്രവര്‍ത്തിയെടുക്കുന്നതിന് ഇവിടെ ആളില്ല. വികലമായ പ്ലാനിങ്ങിനോടൊപ്പം ജനസംഖ്യാഘടനയില്‍ വരുന്ന മാറ്റംകൂടി ഇതിനു പിന്നിലുണ്ട് എന്നത് ശ്രദ്ധിക്കപ്പെടണമെന്നു തോന്നുന്നു. ഇപ്പോള്‍ കുട്ടികളുടെകാര്യത്തിലുണ്ടായ കുറവ് വിഭവത്തിന്റെ കാര്യത്തിലുള്ള പ്രകടമായ കുറവായി നാം അറിഞ്ഞു തുടങ്ങണമെങ്കില്‍ കുറച്ചുവര്‍ഷങ്ങളെടുക്കും. അന്ന് കൂടുതല്‍ കുട്ടികളുള്ള അച്ഛനമ്മമാരെ ആദരിക്കേണ്ട ഗതികേട് നമ്മുടെ സമൂഹത്തിനുണ്ടാകും. അതിനാല്‍ കതിരിന്മേല്‍ വളം വെക്കുന്നതിനുപകരം, നാം നേരിടാന്‍ പോകുന്ന പ്രതിസന്ധി മുന്‍കൂട്ടി കണ്ട് നീങ്ങുന്നതാണ് അഭികാമ്യം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

എന്റിക ലെക്‌സി

കപ്പലില്‍ നാടകീയരംഗങ്ങളുടെ രാത്രി
Posted on: 27 Feb 2012


കൊച്ചി: ഞായറാഴ്ച പുലര്‍ച്ചെ 12.10.മറൈന്‍ഡ്രവിലെ ബോട്ട്‌ജെട്ടിയിലുള്ള ഹൗസ് ബോട്ടില്‍ മാധ്യമ പ്രവര്‍ത്തകരുടെ വന്‍തിരക്ക്. കടല്‍ ശാന്തമാണ്. നേരിയ കാറ്റ് വീശുന്നുണ്ട്. എല്ലാവരുടെയും മുഖത്ത്, വാക്കുകളില്‍ ആകാംക്ഷമാത്രം. ലോകം മുഴുവനും ഉറ്റുനോക്കുന്ന അത്യന്തം അപൂര്‍വമായൊരു സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നതിന്റെ ഉദ്വേഗം അവരുടെ മുഖങ്ങളില്‍. ബോട്ട് മെല്ലെ നീങ്ങി.


ദൂരെ കൊച്ചി തുറമുഖ ട്രസ്‌ററിന്റെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ ലോകത്തിന്റെയാകെ ശ്രദ്ധാ കേന്ദ്രമായ എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ ചരക്ക് കപ്പല്‍. കറുപ്പും ചുവപ്പും ചായം പൂശിയ വമ്പന്‍ കപ്പലിന്റെ പകിട്ട് കാലം അല്പമൊന്ന് മങ്ങിപ്പിച്ചിട്ടുണ്ടെങ്കിലും വിളക്കുകളില്‍ നിന്നുള്ള കണ്ണഞ്ചിക്കുന്ന വെളിച്ചം എന്റിക ലെക്‌സിയില്‍ വീണു ചിതറുമ്പോള്‍ ഭംഗിയൊന്നു വേറെ, പക്ഷേ, ഈ കപ്പലില്‍ നിന്നുള്ള വെടിവെയ്പാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവന്‍ അപഹരിച്ചതെന്ന സത്യം അലയായി ഉയരുമ്പോള്‍ മനസ്സ് അശാന്തം.


എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുളള വന്‍ സംഘം കപ്പലില്‍ പരിശോധന നടത്തുകയാണ്. ശനിയാഴ്ച രാവിലെ 11 ന് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ന്നിട്ടും പൂര്‍ണതയിലെത്തിയിട്ടില്ല. പരിശോധനയുടെ പുരോഗതി അറിയാനുളള യാത്രയിലാണ് മാധ്യമപ്പട. മൈക്കും ക്യാമറയും ലാപ്‌ടോപ്പും വീഡിയോ ക്യാമറയും ഉള്‍പ്പടെയുള്ള സര്‍വസന്നാഹങ്ങളുമുണ്ട്. ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക മറിയയും ദേശീയമാധ്യമപ്രതിനിധികളും ബോട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.


ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍: ബോട്ട് പോര്‍ട്ട്ട്രസ്റ്റിന്റെ ബര്‍ത്തിലേക്ക് അടുക്കുമ്പോള്‍ എന്റിക ലെക്‌സിയില്‍ എഴുതിയിരിക്കുന്നത് കണ്ണില്‍പെട്ടു. സേഫ്റ്റി ഫസ്റ്റ്. കപ്പലിലുള്ളവരുടെ സുരക്ഷിതത്വം പ്രതീക്ഷിച്ചായിരുന്നുവോ മീന്‍ തേടി പോയവരുടെ മാറിലേക്ക് നിറയൊഴിച്ചത്? പന്ത്രണ്ടരയോടെ ബോട്ട് ബര്‍ത്തിലെത്തി. ഇവിടെ പോലീസ് സേനാംഗങ്ങളുമായി ചെറുബോട്ടുകള്‍. കപ്പലിനടുത്തുനിന്നും ടെലിവിഷന്‍ ചാനല്‍ സംഘത്തിന്റെ ലൈവ് റിപ്പോര്‍ട്ടിങ്. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്. ഇറ്റാലിയന്‍ കപ്പിലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു, പരിശോധന ഏറെക്കുറെ പൂര്‍ത്തിയായി. . . .


കപ്പലിലെ ഇററലിക്കാരെ കാണാന്‍ മറിയയ്ക്ക് തിടുക്കം. അവര്‍ കപ്പലിന് മുകളിലുള്ള ജീവനക്കാരെ നോക്കി ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.


കപ്പലില്‍ ഇപ്പോള്‍ എന്താവും സംഭവിക്കുന്നത് ? വന്‍ ആയുധശേഖരം ഉണ്ടാവുമോ? വെടിവെപ്പിന് ഉപയോഗിച്ച തോക്ക് തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ ? അഭ്യൂഹങ്ങള്‍, ചോദ്യങ്ങള്‍ നിരവധിയാണ്.


മാധ്യമസംഘത്തിലെ മൂന്നുപേര്‍ വീതം ഗോവണി കയറി കപ്പലിന്റെ ഡക്കിലെത്താനാണ് പോലീസ് അനുമതി. കപ്പലിലേക്ക് കയറാന്‍ വന്‍ തിരക്ക്. അവരെ നിയന്ത്രിക്കാന്‍ പോലീസിന് പെടാപ്പാട്. ഇതിനിടെ സ്ഥിരീകരിക്കാനാവാത്ത ഒരു വാര്‍ത്ത പിറന്നു: കപ്പലില്‍ നിന്നും നാല്‍പതോളം തോക്കുകള്‍ കണ്ടെടുത്തു. ഇതില്‍ അഞ്ച് റൈഫിളുകളും ഒരു മെഷീന്‍ഗണ്ണും ഉണ്ട്. വാര്‍ത്ത ശരിയെന്ന് ഉറപ്പുവരുത്താനാകാത്തതിനാല്‍ നേരേ മനസ്സിന്റെ ചവറ്റുകുട്ടയിലേക്ക്.


പെട്ടികളുമായി ഉദ്യോഗസ്ഥര്‍: സമയം 1. 45. കപ്പലില്‍ നിന്നും ഒരു സംഘം ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പെട്ടികളുമായി ബര്‍ത്തിലേക്കിറങ്ങി. ഗോവണി വഴി കയറുന്നതിലും പ്രയാസകരമാണ് ഇറങ്ങാനെന്നതിനാല്‍ ഏറെ സൂക്ഷിച്ചാണ് ഇറക്കം. രാവിലെ 11 മണിക്ക് പരിശോധനയ്ക്കായി കപ്പലില്‍ കയറിയതാണ്. ഇവരുടെ മുഖത്ത് പന്ത്രണ്ട് മണിക്കൂറിലേറെ അധ്വാനിച്ചതിന്റെ ക്ഷീണം വ്യക്തം. കാത്തുകിടന്ന ബോട്ടില്‍ കയറി അവര്‍ തിടുക്കത്തില്‍ കരയിലേക്ക്. തുടര്‍ന്ന് ബാലിസ്റ്റിക് , വിരലടയാള വിദഗ്ദ്ധരുടെ വരവ്.


2. 00 . ഒരു സംഘം ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പടിയിറങ്ങി ബോട്ടിലേക്ക്. പുറമെ അന്തരീക്ഷം ശാന്തമാണെങ്കിലും കപ്പലിനുള്ളിലും ബര്‍ത്തിലും തിരക്കിട്ട ജോലികള്‍. ഡെഡ് ലൈനിന് മുമ്പ് വാര്‍ത്ത നല്‍കാനാവുമോ? മാധ്യമപ്രവര്‍ത്തകരുടെ ആശങ്ക ഇരട്ടിക്കുകയാണ്. തുടര്‍ന്ന് വീണ്ടും ഇറ്റലിയില്‍ നിന്നുള്ള സംഘം ഗോവണികടന്ന് ബോട്ടിലേക്ക്. അവരുടെ മുഖത്ത് തികഞ്ഞ ഗൗരവം.


രണ്ടരയായതോടെ കൊല്ലം സിററി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയും സംഘവും എത്തി. ഇതിനിടെ മാധ്യമ സംഘത്തിലെ മൂന്ന് പ്രതിനിധികള്‍ വീതം കപ്പലിന്റെ ഡക്കില്‍ കയറുകയും ചിത്രങ്ങള്‍ പകര്‍ത്തി താഴെയെത്തുകയും ചെയ്തു.


തോക്കുകള്‍ താഴേക്ക്: 2.40. ഏറെ നേരമായി കാത്തിരുന്ന ആ ദൃശ്യം കണ്‍മുന്‍പില്‍. കപ്പലില്‍ നിന്നും ക്രയിന്‍ ഉപയോഗിച്ച് സീല്‍ ചെയ്ത് നാലുപെട്ടികള്‍ നിലത്തിറക്കി. ആയുധങ്ങളും കണ്ടെടുത്ത വസ്തുക്കളുമാണിത്. എന്തെല്ലാം ആയുധങ്ങളാവും പെട്ടിയില്‍? വീണ്ടും ആശങ്ക. വലുതും ചെറുതുമായ രണ്ട് അലുമിനിയം പെട്ടികളും കറുത്ത നീളം കൂടിയ പെട്ടിയും ഒരു നീല പെട്ടിയും .


2.42. ബ്രേക്കിങ് ന്യൂസുമായി കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍ എത്തുമോ? ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കമ്മീഷണര്‍ വേഗത്തില്‍ ഗോവണി ഇറങ്ങി അതാ വരുന്നു. പിടിച്ചെടുത്ത പെട്ടികള്‍ക്ക് പിന്നിലായി അദ്ദേഹം നിന്നു. ഒപ്പം കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ദേബേഷ് കുമാര്‍ ബഹ്‌റ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും. പിന്നെ കപ്പലില്‍ നടന്ന പരിശോധനകളുടെ ബ്രീഫിങ്. കേസന്വേഷണത്തിനു വേണ്ട തെളിവുകളെല്ലാം ശേഖരിച്ചെന്നും എന്നാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിലത്തെ വാര്‍ത്തകള്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും മൈക്കുകളില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നും മാധ്യമസ്ഥാപനങ്ങളിലേക്ക് ഒഴുകി. ഡെഡ് ലൈന്‍ കഴിഞ്ഞവര്‍ക്ക് നിരാശ.


മൂന്നുമണിയോടെ പിടിച്ചെടുത്ത പെട്ടികള്‍ ബോട്ടിലേക്ക് മാറ്റി. മാധ്യമസംഘവും കമ്മീഷണര്‍ അടക്കമുള്ള പോലീസ് സംഘവും ബര്‍ത്തില്‍ നിന്നും മറ്റു ബോട്ടുകളിലേക്ക്. മറൈന്‍ഡ്രൈവിലെ ബോട്ട്‌ജെട്ടിയിലെത്തുമ്പോള്‍ സമയം മൂന്നരയായി. വഴിയോര തട്ടുകടയില്‍ പതിവിലേറെ തിരക്ക് . ചായകുടിക്കാനെത്തിയവരുടെ കൈയില്‍ പത്രം. പ്രധാന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങിനെയായിരുന്നു: 'തോക്കുകള്‍ പിടിച്ചെടുത്തു'. ഒന്നര ദിവസത്തെ അധ്വാനം സാഫല്യമായതിന്റെ സംതൃപ്തി മാധ്യമസുഹ്യത്തുക്കളുടെ മനസ്സിനെ തഴുകി കടന്നുപോയി. 



Mathrubhumi  

2012, ജനുവരി 31, ചൊവ്വാഴ്ച

സ്‌കൈസിറ്റി

ആകാശനഗരത്തിന് ഉപാധികളോടെ അനുമതി
Posted on: 01 Feb 2012

കൊച്ചി: കൊച്ചിയിലെ ആകാശനഗരം (സ്‌കൈസിറ്റി) പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി. ഉപാധികളോടെയാണ് അനുമതി. പദ്ധതിക്കാവശ്യമായ ലൈസന്‍സുകളും ക്ലിയറന്‍സുമെല്ലാം സംരംഭകരായ യശോറാം ഇന്‍ഫ്ര ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തന്നെ സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതി തേടി 2007-ലാണ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.

പദ്ധതിക്ക് ആദ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നിലവിലുണ്ട്. അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ ക്ലിയറന്‍സ് നേടുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് യശോറാം ഇന്‍ഫ്ര ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടും വിഭാവനം ചെയ്യുന്നതാണ് സ്‌കൈസിറ്റി പദ്ധതി. കുണ്ടന്നൂരിന് സമീപത്തു നിന്നാരംഭിച്ച് കായലിന് മുകളിലൂടെ ചിലവന്നൂര്‍ ബണ്ട് റോഡ് വഴി സ്‌കൈസിറ്റി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ചെന്നു ചേരും. സ്‌കൈസിറ്റിയുടെ മറ്റൊരു ഭാഗം സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ തുടങ്ങി സുഭാഷ്ചന്ദ്ര ബോസ് റോഡില്‍ അവസാനിക്കും.

നാല് കിലോമീറ്റര്‍ നീളമാണ് സ്‌കൈസിറ്റിക്ക് ഉണ്ടാവുക. 14 മീറ്റര്‍ വീതിയുള്ള ഫുട്പാത്തുകളും നാലര മീറ്റര്‍ വീതിയുള്ള പാര്‍ക്കിങ് സ്ഥലവും ഏഴര മീറ്റര്‍ വീതിയുള്ള റോഡുകളും ഇതിന്റെ ഭാഗമായി ഒരുങ്ങും. 2003-ലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2007-ല്‍ ചെലവ് ഉള്‍പ്പെടെയുള്ള രൂപരേഖ തയ്യാറാക്കി. 467 കോടി രൂപയാണ് അന്ന് കണക്കാക്കിയിരുന്ന ചെലവ്. നിലവിലിത് 600 കോടിയോളം രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

2012, ജനുവരി 5, വ്യാഴാഴ്‌ച

ഓര്‍ക്കണം, ടിഗ്രയുടെയും ഓസ്റ്റിന്റെയും തകര്‍ച്ച


ഓര്‍ക്കണം, ടിഗ്രയുടെയും ഓസ്റ്റിന്റെയും തകര്‍ച്ച

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പ്രളയ സാധ്യതയെക്കുറിച്ച് പഠിച്ച കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് വിവരാവകാശനിയമപ്രകാരം കേരള സര്‍ക്കാര്‍ കരസ്ഥമാക്കിയിരുന്നു. അതില്‍ പറയുന്നത്, പ്രളയ സാധ്യത 6,003 ക്യുമെക്‌സായി കണക്കാക്കുമ്പോള്‍ 136 അടി ജലനിരപ്പില്‍ 13 സ്പില്‍വേയും തുറന്നുവെച്ചാലും ജലനിരപ്പ് 156.02 അടിയായി ഉയരുമെന്നാണ്.

അണക്കെട്ടിന്റെ ആകെ ഉയരത്തെക്കാള്‍ വെള്ളം പൊങ്ങിയാല്‍ അണക്കെട്ട് ഭേദിക്കുന്ന വെള്ളം അതിന്റെ താഴെ പതിക്കുകയും ആ സമയം അടിത്തറയിളകി അണക്കെട്ട് നിലംപതിക്കുകയും ചെയ്യും. രണ്ട് വിധത്തിലാണ് തകര്‍ച്ചയുണ്ടാകുന്നത്. അണക്കെട്ട് ഭാഗികമായോ പൂര്‍ണമായോ അടിത്തറയില്‍നിന്ന് നിരങ്ങിമാറും. വെള്ളപ്പൊക്കത്താല്‍ പ്രളയജലം ഒഴുകിയെത്തി മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഈ വിധം തകരുകയായിരുന്നു. ഇനി, നിരങ്ങിമാറുന്നതിനു പകരം അണക്കെട്ടിന്റെ ഏറ്റവും താഴ്ഭാഗം ഇളകി മറിയാം. പെന്‍സില്‍വാനിയയിലെ ഓസ്റ്റിന്‍ അണക്കെട്ട് ഇങ്ങനെയാണ് തകര്‍ന്നത്. നിരങ്ങിമാറലും അവിടെ സംഭവിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ പോലുള്ള അണക്കെട്ടില്‍ ഒരു സാഹചര്യത്തിലും ജലാശയനിരപ്പ് മാക്‌സിമം വാട്ടര്‍ ലെവലിന്റെ മുകളിലേക്ക് ഉയര്‍ത്തരുത്. 152 അടിയായാലും 136 അടിയായാലും വലിയ വെള്ളപ്പൊക്കമുണ്ടായാല്‍ അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകാന്‍ സാധ്യതയുണ്ടെന്ന് ചുരുക്കം. 1886ലെ പാട്ടക്കരാര്‍ അനുസരിച്ച് മുല്ലപ്പെരിയാര്‍ ജലാശയത്തില്‍ 155 അടിക്ക് മുകളില്‍ വെള്ളം ശേഖരിക്കാന്‍ പാടില്ല. അത് കരാറിന്റെ ലംഘനമാകും.

പാഴായിപ്പോയ മുന്നറിയിപ്പ്


പാഴായിപ്പോയ മുന്നറിയിപ്പ്

എ.എച്ച്. ബെസ്‌റ്റോവിന്റെ മുന്നറിയിപ്പ് വന്നിട്ട് 104 വര്‍ഷമായി. ഓരോ ഒക്ടോബറും കടന്നുപോകുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വലിയ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ വാര്‍ഷികവുമായാണ്. പക്ഷേ, പുതിയ അണക്കെട്ടിനുവേണ്ടി അക്ഷീണം യത്‌നിക്കുന്ന കുറച്ചുപേരൊഴികെ അതാരും അറിയുന്നില്ല. ശ്രദ്ധിക്കുന്നുമില്ല.

മുല്ലപ്പെരിയാര്‍ സുരക്ഷാഭീഷണി ഉയര്‍ത്തുമ്പോഴെല്ലാം, ചര്‍ച്ചകളില്‍ നിറയുമ്പോഴെല്ലാം ബെസ്‌റ്റോവിന്റെ വാക്കുകള്‍ ഭീതിയോടെ ഓര്‍ക്കുന്ന വളരെക്കുറച്ച് പേരുണ്ടാകും. അണക്കെട്ട് സംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയിലും പുറത്തും ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായി തുടരുമ്പോള്‍ 104 വര്‍ഷം മുമ്പ് തിരുവിതാംകൂറിന്റെ ബ്രിട്ടീഷുകാരനായ ചീഫ് എന്‍ജിനീയര്‍ എ.എച്ച്. ബെസ്‌റ്റോവ് നല്‍കിയ മുന്നറിയിപ്പ് അശ്രദ്ധമായി തള്ളാന്‍ കഴിയുന്നതല്ല. സ്ഥിതിഗതികള്‍ മനസ്സിലാക്കാതെ, മുല്ലപ്പെരിയാര്‍ ജലസംഭരണിയില്‍ അമിതമായി വെള്ളം സംഭരിച്ച്, അണക്കെട്ടിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ താഴെ പാര്‍ക്കുന്ന ജനങ്ങള്‍ക്കും അവരുടെ വസ്തുവകകള്‍ക്കും വന്‍നാശമുണ്ടാകുമെന്നായിരുന്നു ഈ മുന്നറിയിപ്പ്. നിശ്ചിത അളവിനപ്പുറം വെള്ളം നിറയ്ക്കുന്നത് അണക്കെട്ടിന് നന്നല്ലെന്ന് അദ്ദേഹം കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132 അടിയില്‍നിന്ന് 142 ആയും അവിടെനിന്ന് 152 അടിയായും കൂട്ടാന്‍ വാശിപിടിക്കുന്നവര്‍ ഈ മുന്നറിയിപ്പിന്റെ വില അറിയുന്നേയില്ല.

മുന്നറിയിപ്പ് അടങ്ങിയ റിപ്പോര്‍ട്ട് വന്ന് 104 വര്‍ഷത്തിനുശേഷവും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അണക്കെട്ടിന് വലിയ ബലമൊന്നും ഇല്ലെന്നും ശക്തമായ വെള്ളപ്പൊക്കമോ ഭൂചലനമോ മറ്റ് സമ്മര്‍ദമോ ഉണ്ടായാല്‍ അത് നിലംപരിശായി വലിയ ദുരന്തമുണ്ടാകുമെന്നുമായിരുന്നു ബെസ്‌റ്റോവിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.മുല്ലപ്പെരിയാറിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പഠനം നടത്തിയ ഡല്‍ഹി ഐ.ഐ.ടി.യിലെ വിദഗ്ധരുടെ റിപ്പോര്‍ട്ടിനൊപ്പം, ബെസ്‌റ്റോവിന്റെ മുന്നറിയിപ്പും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

രാമനും ജങ്കാറും ഒഴുകിപ്പോയി


രാമനും ജങ്കാറും ഒഴുകിപ്പോയി

1907 ഒക്ടോബറില്‍ അതിശക്തമായ വെള്ളപ്പൊക്കമാണ് മുല്ലപ്പെരിയാറില്‍ ഉണ്ടായത്. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേ തുറന്നുവിട്ടു. തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വണ്ടിപ്പെരിയാര്‍ പാലത്തില്‍ നില്‍ക്കുകയായിരുന്ന രാമന്‍ എന്ന തൊഴിലാളി ഒലിച്ചുപോവുകയായിരുന്നെന്ന് കാര്‍ഡമം ഹില്‍സ് എസ്‌റ്റേറ്റ് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. വണ്ടിപ്പെരിയാറിലെ ജങ്കാര്‍ ഒഴുകിപ്പോയതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

അണക്കെട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരവെ, തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവു അവിടം സന്ദര്‍ശിച്ചിരുന്നു. 144 അടി ഉയരത്തില്‍ മാത്രം ജലം സംഭരിക്കാന്‍ കരാറുണ്ടായിരുന്ന സംഭരണിയില്‍ അടിത്തട്ടും പാറയും താഴ്ത്തി വീണ്ടും നാല് അടികൂടി വെള്ളം സംഭരിക്കാന്‍ നടക്കുന്ന ശ്രമം അദ്ദേഹം മനസ്സിലാക്കുകയും തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ സമ്മതമില്ലാതെ നടക്കുന്ന ഈ പ്രവൃത്തിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബെസ്‌റ്റോവിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്. സംഭരണിയുടെ ആഴം കൂട്ടുന്നത് അണക്കെട്ടിന് ദോഷമായി മാറുമെന്നും സ്പില്‍വേകടന്ന് വെള്ളം വരാതിരുന്നാല്‍ ആലുവയിലും മറ്റും ജലക്ഷാമം അനുഭവപ്പെടുമെന്നും ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. മാത്രമല്ല, അമിതമായി വെള്ളത്തിന്റെ സമ്മര്‍ദത്താല്‍ അണക്കെട്ടിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വലിയ ദുരന്തമായിരിക്കും ഫലമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ഇതൊന്നും മദ്രാസ് ഭരിച്ചിരുന്ന അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നില്ല.

പേടിപ്പിച്ച പ്രളയം

മൂന്ന് വലിയ വെള്ളപ്പൊക്കങ്ങളെ അതിജീവിച്ചിട്ടുണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട്. 1924, 1943, 1961 വര്‍ഷങ്ങളില്‍. പ്രധാന അണക്കെട്ടില്‍ വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗമില്ല. അണക്കെട്ടിന് അനുബന്ധമായാണ് സ്പില്‍വേയുള്ളത്. ജലസംഭരണി നിറഞ്ഞ് സ്പില്‍വേയിലൂടെ താഴേക്കെത്തിയ ജലപ്രവാഹം ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കി. 1961ലുണ്ടായ വെള്ളപ്പൊക്കം കനത്ത നാശമാണ് വിതച്ചത്. ആ വര്‍ഷം ജൂലായ് മൂന്നാം തീയതി 50,000 ക്യുസെക്‌സ് വെള്ളം താഴേക്കൊഴുകിയെത്തിയെന്നാണ് കണക്ക്. ഈ വെള്ളത്തിനൊപ്പം മുതിരപ്പുഴയിലെ പ്രളയവും കൂടിച്ചേര്‍ന്ന് അന്ന് നിര്‍മാണം നടന്നുകൊണ്ടിരുന്ന നേര്യമംഗലം പവര്‍സ്‌റ്റേഷന് വലിയ നാശം വരുത്തി. ഇവിടത്തെ സ്വിച്ച്‌യാര്‍ഡിനും മറ്റും കേടുപാടുണ്ടായി. ജീവനക്കാരും നാട്ടുകാരും പോലീസുമൊക്കെ ചേര്‍ന്ന് അക്ഷീണം പരിശ്രമിച്ചാണ് മണ്ണ് നിറച്ച ചാക്കുകള്‍കൊണ്ട് ജനറേറ്റര്‍സ്ഥാനത്തേക്കുള്ള പ്രവാഹം തടഞ്ഞത്. ഈ സംഭവത്തിനുശേഷം കേന്ദ്ര ജല കമ്മീഷന്‍ അണക്കെട്ട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് പരമാവധി ജലനിരപ്പ് 152 അടിയായി കുറയ്ക്കുകയും ചെയ്തു. 1978ല്‍ ഇത് 145 അടിയായി കുറച്ചു.

പൊരിഞ്ഞ തര്‍ക്കം


ജോണ്‍ പറഞ്ഞു: 30 അടിയേക്കാള്‍ ഉയരമുള്ള ഭിത്തിയായി വെള്ളം പാഞ്ഞുവന്നു

1924ല്‍ മുല്ലപ്പെരിയാറിലുണ്ടായ പ്രളയത്തെക്കുറിച്ച് തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ഈടുവെപ്പില്‍ ചില രേഖകളുണ്ട്. അണക്കെട്ട് സംബന്ധിച്ച് തമിഴ്‌നാടുമായി പൊരിഞ്ഞ തര്‍ക്കം നടക്കുമ്പോഴും ഈ രേഖകളെക്കുറിച്ച് കേരളത്തിന് വലിയ അറിവൊന്നുമില്ലായിരുന്നു. ഒടുവില്‍ സംസ്ഥാനത്തെ മുല്ലപ്പെരിയാര്‍ സെല്‍ അക്ഷീണമായ ശ്രമം നടത്തി അത് കണ്ടുപിടിക്കുകയായിരുന്നു.

മുല്ലപ്പെരിയാറില്‍ 1924 ജൂലായ് 16, 17 തീയതികളിലുണ്ടായ പ്രളയത്തിനുശേഷം ലാന്‍ഡ് റവന്യൂഇന്‍കം ടാക്‌സ് കമ്മീഷണര്‍ തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വെള്ളപ്പൊക്കത്തിന്റെ ഭീകരതയും അതുസംബന്ധിച്ച മുന്നറിയിപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും സംഭരണിയിലെ ജലനിരപ്പ് പൂര്‍ണ ജലനിരപ്പില്‍ കൂടാന്‍ അനുവദിക്കരുതെന്ന നിര്‍ദേശം ഈ കത്തില്‍ മുന്നോട്ടുവെച്ചു.പെരുമഴയില്‍ നിറഞ്ഞ സംഭരണിയില്‍നിന്ന് ഒറ്റയടിക്ക്, പെട്ടെന്ന് വെള്ളം തുറന്നുവിടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. ജലനിരപ്പ് ഉയര്‍ത്തുന്നത് അപകടമാകുമെന്ന, 87 വര്‍ഷം മുമ്പുള്ള ഈ മുന്നറിയിപ്പിനെ പക്ഷേ, പിന്നീട് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

വെള്ളപ്പൊക്കത്തെക്കുറിച്ച് യഥാസമയം മുന്നറിയിപ്പ് നല്‍കാതിരുന്നതിനാല്‍ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനിയന്ത്രിതമായ മഴയെയും നീരൊഴുക്കിനെയും തുടര്‍ന്ന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ പരമാവധി ഉയരത്തില്‍ തുറന്നുവെച്ചപ്പേള്‍ ഉണ്ടായ അതിശക്തമായ ഒഴുക്ക് പെരിയാറിന്റെ തീരപ്രദേശങ്ങളെ കവര്‍ന്നെടുക്കുകയായിരുന്നു. അന്ന് കോതമംഗലം തൊട്ട് താഴേക്ക് മാത്രമേ ജനവാസം ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ മരണനിരക്ക് കുറവായിരുന്നു. ലാന്‍ഡ് റവന്യൂഇന്‍കം ടാക്‌സ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍, ഇടുക്കിയിലെ തേയിലത്തോട്ടമുടമകളിലൊരാളായ പി. ജോണിന്റെ കത്തും പരാമര്‍ശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വെള്ളപ്പൊക്ക ചരിത്രത്തില്‍ ഇന്ന് വലിയ തെളിവായിമാറുകയാണ് ഈ കത്ത്; സുപ്രീം കോടതിയിലെ കേസില്‍ സുപ്രധാന ആയുധവും.

''മുന്നറിയിപ്പ് നല്‍കാതെയും വേണ്ടത്ര ആലോചിക്കാതെയും അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടതിനാല്‍ എന്റെ കാരിങ്കുളം, കരിന്തരുവി തേയില എസ്‌റ്റേറ്റുകളില്‍ വലിയ നാശമുണ്ടായി. ഈ ദിവസങ്ങളില്‍ (1924 ജൂലായ് 12 മുതല്‍ 17 വരെ) രാജ്യത്തൊട്ടാകെയും പീരുമേട് ജില്ലയില്‍ പ്രത്യേകിച്ചും ഉണ്ടായ ശക്തമായ മഴ അത്ഭുതകരമായിരുന്നു. പെരിയാര്‍ വെള്ളപ്പൊക്കത്താല്‍ ഭീകരമായിരുന്നു. തടാകത്തിലെ ജലനിരപ്പ് പരമാവധിയെക്കാള്‍ ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ പരമാവധി ഉയരത്തില്‍ തുറന്നുവെച്ചപ്പോള്‍ 30 അടിയേക്കാള്‍ ഉയരമുള്ള ഭിത്തിയായി വെള്ളം പാഞ്ഞുവന്നു'' ഇതായിരുന്നു ജോണിന്റെ വിവരണം. അന്ന് അണക്കെട്ടുണ്ടാക്കിയിട്ട് വെറും 29 കൊല്ലംമാത്രമേ ആയിരുന്നുള്ളൂ; ഇന്ന് 115 വര്‍ഷം പിന്നിട്ടു.

ജലനിരപ്പ് കുറച്ചത് സുരക്ഷിതത്വം മുന്‍നിര്‍ത്തി


ജലനിരപ്പ് കുറച്ചത് സുരക്ഷിതത്വം മുന്‍നിര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച് 13 വര്‍ഷത്തിനുശേഷം പൂര്‍ണ ജലനിരപ്പ് 152 അടിയാക്കി കൂട്ടിയത് തിരുവിതാംകൂറിന്റെ അനുമതിയോടെ ആയിരുന്നില്ല. ഇത് തെളിയിക്കുന്ന രേഖയുണ്ട്. അണക്കെട്ട് നിര്‍മിച്ച കാലത്ത് പൂര്‍ണ ജലനിരപ്പ് 152 അടിയായിരുന്നെന്നും അത് പിന്നീട് 136 അടിയാക്കി കുറയ്ക്കുകയായിരുന്നു എന്നുമുള്ള ധാരണ തെറ്റാണ്. 1895ല്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തപ്പോള്‍ പൂര്‍ണജലനിരപ്പ് 144 അടിയായാണ് നിജപ്പെടുത്തിയിരുന്നത്. ഇക്കാര്യം എ.ടി. മക്കന്‍സി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് എഴുതിയ ഗ്രന്ഥത്തില്‍ ഉണ്ട്. 1908ല്‍ അണക്കെട്ടിന്റെ വലതുഭാഗത്തുള്ള പാറ പൊട്ടിച്ച് 10 ഷട്ടറുകള്‍ ഉണ്ടാക്കി. ഇതേത്തുടര്‍ന്നാണ് ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയത്. ഇതിന് മദ്രാസ് പ്രസിഡന്‍സി തിരുവിതാംകൂറിന്റെ അനുമതി തേടിയിരുന്നില്ല. ജലനിരപ്പ് 144 അടിയില്‍ നില്‍ക്കുമ്പോള്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ 153.15 അടിവരെ വെള്ളം ഉയരുമെന്ന് അണക്കെട്ടിന്റെ നിര്‍മാണച്ചുമതലയുണ്ടായിരുന്ന ബ്രിട്ടീഷുകാരനായ കേണല്‍ പെന്നിക്വിക്ക് കണ്ടെത്തിയിരുന്നു. അത് അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാലാണ് പരമാവധി സംഭരണശേഷി 155 അടിയാക്കി നിജപ്പെടുത്തി അണക്കെട്ട് പണിതത്.

നേര്യമംഗലത്തും മറ്റും ശക്തമായ വെള്ളപ്പൊക്കമുണ്ടായ 1961ല്‍ കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടറായിരുന്ന ഷൂറി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ആ വര്‍ഷം ഫ്രാന്‍സിലെ ഒരു അണക്കെട്ടും ഇന്ത്യയിലെ കടക്‌വാസ്‌ല എന്ന അണക്കെട്ടും തകര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. പിന്നീട് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കേരളവും തമിഴ്‌നാടും സംയുക്തപഠനം നടത്തി. ഇതേത്തുടര്‍ന്നാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി 155ല്‍നിന്ന് 152 അടിയാക്കി കുറച്ചത്. 1978ല്‍ ജല കമ്മീഷന്‍ അംഗം എ.എന്‍. ഹര്‍ക്കൗളി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. അതിനുശേഷം ജലനിരപ്പ് 145 അടിയാക്കി കുറച്ചു. പിന്നീട് 1979ല്‍ ജല കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തി. അതേത്തുടര്‍ന്നാണ് 136 അടിയാക്കിയത്. ഇങ്ങനെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഘട്ടംഘട്ടമായി ജലനിരപ്പ് കുറച്ചുകൊണ്ടുവരികയായിരുന്നെന്ന് സാരം. ഇതിന്റെ അര്‍ഥം, അണക്കെട്ടിന്റെ ശേഷി കുറഞ്ഞുവരികയാണെന്നുതന്നെയാണ്. എന്നാല്‍ ജലനിരപ്പ് ഇനിയും കൂട്ടണമെന്നാണ് തമിഴ്‌നാടിന്റെ വാദം.

രണ്ടാം കരാര്‍ എന്ന തമാശ


രണ്ടാം കരാര്‍ എന്ന തമാശ

തിരുവിതാംകൂര്‍ സര്‍ക്കാറും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ ഒപ്പിട്ട ആദ്യത്തെ കരാര്‍ പലതുകൊണ്ടും തിരുവിതാംകൂറിന്റെ താത്പര്യങ്ങള്‍ക്കെതിരായിരുന്നു. പക്ഷേ, രാജ്യം സ്വതന്ത്രയായതിനുശേഷം ഈ കരാര്‍ പുതുക്കിയെഴുതിയതില്‍ വന്ന പാളിച്ചകള്‍ക്ക് കേരളം ആരെയാണ് കുറ്റപ്പെടുത്തുക ?

ഒരു കരാറാകുമ്പോള്‍ ചില്ലറ വിട്ടുവീഴ്ചകളെല്ലാം വേണ്ടിവന്നേക്കാം. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയാത്തതിനാല്‍ വ്യവസ്ഥകള്‍ എതിരായിവന്ന് ദോഷമുണ്ടാകാം. പക്ഷേ, കരാര്‍ പുതുക്കുമ്പോഴോ ? ആ ദോഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരായാലും ശ്രദ്ധിക്കും. പക്ഷേ, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഉണ്ടായത് മറ്റൊന്നാണ്. തിരുവിതാംകൂര്‍ സര്‍ക്കാറും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ ഒപ്പിട്ട ആദ്യത്തെ കരാര്‍ പലതുകൊണ്ടും തിരുവിതാംകൂറിന്റെ താത്പര്യങ്ങള്‍ക്കെതിരായിരുന്നു. താത്പര്യമില്ലാതിരുന്നിട്ടുകൂടി കരാര്‍ ഒപ്പുവെക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് നിര്‍ബന്ധിതനായെന്നത് ദുഃഖകരമായ ചരിത്രം. അദ്ദേഹത്തെ നിര്‍ബന്ധിതനാക്കാന്‍ പോന്ന ശക്തി ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. പക്ഷേ, രാജ്യം സ്വതന്ത്രമായതിനുശേഷം ഈ കരാര്‍ പുതുക്കിയെഴുതിയതില്‍വന്ന പാളിച്ചകള്‍ക്ക് കേരളം ആരെയാണ് കുറ്റപ്പെടുത്തുക ?

കൃഷിക്കായി കൊണ്ടുപോയ വെള്ളമുപയോഗിച്ച് കരാറിന് വിരുദ്ധമായി തമിഴ്‌നാട് വൈദ്യുതി ഉത്പാദിപ്പിച്ചത് എതിര്‍ക്കാന്‍ കേരളം ശ്രമിച്ചെങ്കിലും നടന്നില്ല. വൈദ്യുതി ഉത്പാദനം തുടര്‍ന്നെങ്കിലും അതിന് നിയമസാധുത നേടിയെടുക്കാനായി പിന്നീട് തമിഴ്‌നാടിന്റെ ശ്രമം. അനുബന്ധ കരാറിനായി അവര്‍ മുന്നോട്ടുവന്നത് അങ്ങനെയായിരുന്നു. 1970 മെയ് രണ്ടാം തീയതി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അനുബന്ധ കരാറില്‍ കേരളം ഒപ്പുവെച്ചു. കേരളത്തിന്റെ താത്പര്യങ്ങള്‍ അടിയറവെച്ച് പുതുക്കിയ കരാര്‍ കൊണ്ട് ഏറ്റവും തുച്ഛമായ തുക പാട്ടക്കൂലിയില്‍ കൂട്ടാനായി. പക്ഷേ, നഷ്ടം എത്രയോ ഭീമമായിരുന്നു.

വ്യവസ്ഥയില്ല, പുനപ്പരിശോധിക്കാന്‍



പുതുക്കിയപ്പോഴും പഴയ കരാറിലെ വ്യവസ്ഥകള്‍ നിലനിര്‍ത്തി. തമിഴ്‌നാടിന് കൃഷിക്ക് വെള്ളം കൊണ്ടുപോകാം. അതോടൊപ്പം ഏതാവശ്യത്തിനും വൈദ്യുതിയുണ്ടാക്കാനും ഈ വെള്ളം ഉപയോഗിക്കാം. കരാര്‍കാലാവധിപോലും കുറയ്ക്കാനായില്ല; 999 വര്‍ഷം തന്നെ. വൈദ്യുതിയുത്പാദനത്തിന് നക്കാപ്പിച്ച പ്രതിഫലം കേരളത്തിനായി നിശ്ചയിച്ചു. ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.13 പൈസ. 350 ദശലക്ഷം യൂണിറ്റിനുവരെ ഈ വില നല്‍കിയാല്‍ മതി. അതിനുശേഷമുള്ള ഓരോ യൂണിറ്റിനും 0.19 പൈസ. ഈ നിരക്ക് പുതുക്കാനുള്ള വ്യവസ്ഥ പോലും കരാറില്‍ വെച്ചില്ലെന്നതാണ് ആശ്ചര്യകരം. അനുബന്ധ കരാറിന് 1954 മുതലുള്ള പ്രാബല്യമാണ് നല്‍കിയത്. വൈദ്യുതിയുത്പാദനത്തിന്റെ ഭാഗമായി തമിഴ്‌നാടിന് എന്ത് നിര്‍മാണപ്രവര്‍ത്തനവുമാകാം. മാത്രമല്ല, അതിന്റെ ആവശ്യത്തിനായി കുമളി വില്ലേജില്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് 42.17 ഏക്കര്‍ ഭൂമികൂടി കേരളം തമിഴ്‌നാടിന് പാട്ടത്തിന് നല്‍കി.അണക്കെട്ടിനായി നല്‍കിയ ഭൂമിയുടെ പാട്ടക്കൂലിയും 1970ല്‍ പുതുക്കി നിശ്ചയിച്ചു. ഏക്കറൊന്നിന് 30 രൂപ. 30 വര്‍ഷം കൂടുമ്പോള്‍ തുക പുതുക്കാം. പക്ഷേ, കരാര്‍ പുനപ്പരിശോധിക്കാന്‍ പഴുതൊന്നുമില്ല. കേരളത്തിന് ഏറെ ദോഷകരമായിരുന്നു അനുബന്ധ കരാര്‍.

അണക്കെട്ട് പൊട്ടും; പൊട്ടില്ല


അണക്കെട്ട് പൊട്ടും; പൊട്ടില്ല

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ തമിഴ്‌നാട് ഉന്നയിക്കുന്ന വാദങ്ങളും അതിനുള്ള കേരളത്തിന്റെ മറുപടിയും. തമിഴ്‌നാട്: 100 വര്‍ഷത്തിലേറെ പഴക്കമുള്ള 37 അണക്കെട്ടുകള്‍ ഇപ്പോഴും സക്രിയമായി പ്രവര്‍ത്തിക്കവെ, പ്രായമേറിയതെന്ന കാരണം കൊണ്ട് മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത് ?

കേരളം: നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ് 2002 രേഖപ്രകാരം 100 വര്‍ഷത്തിന്മേല്‍ പഴക്കമുള്ള 37 അണക്കെട്ടുകള്‍ രാജ്യത്തുണ്ടെന്നത് ശരിതന്നെ. പക്ഷേ, ഇവയില്‍ 30 എണ്ണവും 20 മീറ്ററോളം മാത്രം ഉയരമുള്ള ചെറിയ മണ്ണണകളാണ്. ഇവയിലെ ശരാശരി ജലസംഭരണശേഷി ഒരു ദശലക്ഷം ഘനയടിയില്‍ താഴെയും. ചെറിയ മണ്ണണ എന്ത് ഭീഷണിയുയര്‍ത്താനാണ് ? അവശേഷിക്കുന്ന ഏഴെണ്ണത്തില്‍ മുല്ലപ്പെരിയാറിന്റെ ഉയരം 53.64 മീറ്ററാണ്; സംഭരണശേഷി 15.66 ദശലക്ഷം ഘനയടിയും. ബാക്കിയുള്ളവയെല്ലാം താരതമ്യേന ചെറുതാണ്. ഒരുപാട് പ്രത്യേകതയുള്ള മുല്ലപ്പെരിയാറിനെ മറ്റ് അണക്കെട്ടുകളുമായി താരതമ്യം ചെയ്യുന്നതുതന്നെ വിഡ്ഢിത്തമാണ്.

തമിഴ്‌നാട്: മുല്ലപ്പെരിയാറിന്റെ വര്‍ഗത്തില്‍പ്പെടുന്ന മേസണ്‍റി ഗ്രാവിറ്റി അണക്കെട്ട് ഇതുവരെ തകര്‍ന്നിട്ടില്ല. അതിനാല്‍ മുല്ലപ്പെരിയാറിനെച്ചൊല്ലിയുള്ള കേരളത്തിന്റെ പേടി അസ്ഥാനത്താണ്. കേരളം: ഇത് സത്യമല്ല, ലോകത്തൊട്ടാകെ പല മേസണ്‍റി ഗ്രാവിറ്റി അണക്കെട്ടുകളും തകര്‍ന്നിട്ടുണ്ട്. 1900ത്തില്‍ യു.എസ്.എ.യിലെ ഓസ്റ്റിന്‍ ഡാം, 1917ല്‍ ഇന്ത്യയിലെ ടിഗ്ര ഡാം, 1961ല്‍ ഇന്ത്യയിലെതന്നെ കടക്‌വാസ്‌ല, 1986ല്‍ ശ്രീലങ്കയിലെ കണ്ടാലൈ എന്നീ അണക്കെട്ടുകള്‍ തകര്‍ന്നു. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് പുറത്തിറക്കിയ 'കോണ്‍ക്രീറ്റ്, മേസണ്‍റി അണക്കെട്ടുകളുടെ തകര്‍ച്ച: അവലോകനം' എന്ന രേഖപ്രകാരം ലോകത്തൊട്ടാകെ ഇതുവരെ 21 മേസണ്‍റി ഡാമുകള്‍ തകര്‍ന്നിട്ടുണ്ട്.

1870 മുതല്‍ 1890 വരെയുള്ള കാലത്ത് കമ്മീഷന്‍ ചെയ്ത അണക്കെട്ടുകളാണ് തകര്‍ന്നതിലേറെയുമെന്നും ഈ രേഖ വെളിപ്പെടുത്തുന്നു. (മുല്ലപ്പെരിയാര്‍ കമ്മീഷന്‍ ചെയ്തത് 1895ലാണെന്ന് ഓര്‍ക്കണം.) മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി, 15 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള അണക്കെട്ടുകളാണ് തകര്‍ന്നതെന്നും ഈ രേഖയില്‍ പറയുന്നുണ്ട്. (മുല്ലപ്പെരിയാറിന്റെ ഉയരം 53.64 മീറ്ററാണ്.) തമിഴ്‌നാട്: ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷി 70 ദശലക്ഷം ഘനയടിയാണ്. ഇനി മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഇടുക്കിക്ക് ആ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയും. കേരളം: മുല്ലപ്പെരിയാറില്‍ നിന്ന് 36 കിലോമീറ്റര്‍ ദൂരമുണ്ട് ഇടുക്കി അണക്കെട്ടിലേക്ക്. ഈ ദൂരത്തിനിടയില്‍ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പടെ പെരിയാര്‍ നദീതീരപ്രദേശത്ത് മുക്കാല്‍ ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇത്രയും ജനങ്ങള്‍ ഒഴുകിപ്പോകും.

വെള്ളം കൂടുതലുള്ള സമയത്താകും അണക്കെട്ട് തകരാന്‍ സാധ്യത. ആ സമയത്ത് ഇടുക്കി റിസര്‍വോയറും പരമാവധി നിറഞ്ഞുകിടക്കുകയാവും. മുല്ലപ്പെരിയാര്‍ വെള്ളം ഇടുക്കി ജലാശയം താങ്ങില്ല. ഇടുക്കി ആര്‍ച്ച് ഡാം ചിലപ്പോള്‍ നിലനിന്നേക്കാം. പക്ഷേ, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍ തകരും. തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്തിയില്ലെങ്കില്‍ വെള്ളം വെറുതേ ഒഴുകി പാഴായിപ്പോകും.

കേരളം: ജലനിരപ്പ് 152 അടിയായി നിജപ്പെടുത്തിയിരുന്ന 1911'79 കാലത്ത് ശരാശരി 18.14 ദിവസമാണ് പ്രതിവര്‍ഷം മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേയിലൂടെ ഒഴുകിയിട്ടുള്ളത്. 136 അടിയായി ജലനിരപ്പ് നിശ്ചയിച്ച 19802005 കാലത്താകട്ടെ, ഇത് പ്രതിവര്‍ഷം 8.62 ദിവസം മാത്രമായിരുന്നു. വെള്ളം തമിഴ്‌നാടിന് കിട്ടാതെ കേരളത്തിലേക്ക് ഒഴുകുന്നത് തുലോം കുറവാണെന്ന് സാരം. മാത്രമല്ല, തമിഴ്‌നാട്ടില്‍ ധാരാളം മഴ കിട്ടി, മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുപോകേണ്ട ആവശ്യമില്ലാത്ത സമയത്താണ് കേരളത്തിലേക്ക് വെള്ളം ഒഴുകിയിട്ടുള്ളതും. ഏറ്റവും രസകരം, ഈ സമയത്തൊക്കെ തമിഴ്‌നാട്ടില്‍, മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന വൈഗൈ അണക്കെട്ട് നിറഞ്ഞ് വെള്ളം ഒഴുകി പാഴാകുകയായിരുന്നു എന്നതാണ്. പെരുമഴക്കാലത്ത് ഇതൊക്കെ എവിടെയും സാധാരണം.

തമിഴ്‌നാട്: ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്താത്തത് തമിഴ്‌നാടിന്റെ ജലസേചനത്തിനും കൃഷിക്കും പ്രശ്‌നമുണ്ടാക്കുന്നു. കേരളം: ഇതും ശരിയല്ല. ജലനിരപ്പ് 136 അടിയായി കുറച്ച ശേഷം, 1980ലെ പെരിയാര്‍വൈഗൈ ജലസേചന പദ്ധതിപ്രകാരം 55,962 ഏക്കറോളം ആയക്കെട്ട് പുതിയതായി കൃഷിചെയ്തു. ലോകബാങ്കിന്റെ സഹായത്തോടെയുള്ള പദ്ധതിയായിരുന്നു ഇത്. യഥാര്‍ഥത്തില്‍ വെള്ളത്തിന്റെ ലഭ്യത കുറവായിരുന്നെങ്കില്‍ കൃഷിയുടെ അളവ് കൂടുമായിരുന്നോ ? തമിഴ്‌നാട്:മുല്ലപ്പെരിയാറില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് വെള്ളത്തിന്റെ പാഴാകലാണ്.

കേരളം: തെറ്റായ വാദം. മുല്ലപ്പെരിയാര്‍ സംഭരണിയില്‍നിന്ന് അത്യപൂര്‍വമായി ഒഴുകിവരുന്ന വെള്ളം വലിയ സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടിലേക്കാണ് വരുന്നത്. വേനല്‍ക്കാലത്ത് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി പ്രദേശങ്ങളില്‍ ഈ വെള്ളംകൂടി പ്രയോജനപ്പെടുത്താനാവും. 1886 മുതല്‍ ഇന്നുവരെ കേരളത്തിനുള്ള വെള്ളത്തിന്റെ ആവശ്യം ആറ് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. കുടിവെള്ളക്ഷാമം രൂക്ഷമാണിവിടെ. കൃഷിക്കും ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല. ഈ സാഹചര്യത്തില്‍, കേരളത്തിലേക്കൊഴുകുന്ന വെള്ളം പാഴായി കടലില്‍ പോകുകയാണെന്ന് പറയുന്നതില്‍ എന്താണ് യുക്തി ? തമിഴ്‌നാട്: 140 അടിയോടടുത്ത് വെള്ളമുയര്‍ന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒന്നും പറ്റിയിട്ടില്ല. ഭൂചലനങ്ങള്‍കൊണ്ടും കുഴപ്പമുണ്ടായിട്ടില്ല. അതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം പറയുന്നതില്‍ കഴമ്പൊന്നുമില്ല.

കേരളം: വലിയ തീവ്രതയുള്ള ഭൂചലനങ്ങളൊന്നും അണക്കെട്ട് പ്രദേശത്തെ സജീവമായ ഭ്രംശമേഖലയില്‍ ഉണ്ടായിട്ടില്ല. 142 അടി വെള്ളം നിറഞ്ഞുകിടക്കുകയും റിക്ടര്‍ സെ്കയിലില്‍ 66.5 തീവ്രതയുള്ള ഭൂചലനമുണ്ടായാല്‍ പഴയ അണക്കെട്ട് തകരുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ഭാഗ്യംമാത്രം. അപകടമുണ്ടാകാതെ മുന്‍കരുതലെടുക്കുകയാണ് ഇന്നത്തെ പ്രബുദ്ധസമൂഹം ചെയ്യുന്നത്. ഇതുവരെ അണക്കെട്ടിന് കുഴപ്പമുണ്ടാകാത്തതിനാല്‍ ഇനിയെന്നും അങ്ങനെ തുടര്‍ന്നാല്‍ മതിയെന്നത് അംഗീകരിക്കാനാവില്ല.തമിഴ്‌നാട്: കേന്ദ്ര ജല കമ്മീഷന്റെയും വിദഗ്ധരുടെയും ഉപദേശപ്രകാരം അണക്കെട്ട് ബലപ്പെടുത്തിയിട്ടുള്ളതാണ്. 142 അടിവരെ ജലനിരപ്പുയര്‍ത്തിയാലും സുരക്ഷയ്ക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.കേരളം: ജല കമ്മീഷന്റെ പരിശോധനയിലെ അപാകങ്ങള്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഭൂചലനസാധ്യതയുടെ കാര്യത്തില്‍ മൂന്നാം സോണിലാണ് മുല്ലപ്പെരിയാര്‍ പ്രദേശം. പരിശോധന നടത്തുമ്പോള്‍ ഈ സോണിന്റെ മാനദണ്ഡമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. അവിടെ അതുണ്ടായില്ല.

പൊള്ളയായ ഇടങ്ങള്‍

ചുണ്ണാമ്പും സുര്‍ക്കിയും ചേര്‍ത്തുണ്ടാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് ഊറല്‍ജലത്തിലൂടെ ഒരു വര്‍ഷം ശരാശരി 30 ടണ്‍ ചുണ്ണാമ്പ് ലീച്ചിങ് പ്രക്രിയമൂലം നഷ്ടമായിക്കൊണ്ടിരിക്കുന്നു. അണക്കെട്ട് എന്നും ബലവത്തായിരിക്കുന്നു എന്നവകാശപ്പെടുന്ന തമിഴ്‌നാടിന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഇതനുസരിച്ച്, 1896 മുതല്‍ 1965 വരെയുള്ള 69 വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ ആകെ 2,070 ടണ്‍ ചുണ്ണാമ്പ് അണക്കെട്ടില്‍നിന്ന് ഒലിച്ചുപോയിട്ടുണ്ട്. ഈ നഷ്ടം പരിഹരിക്കാനായി തമിഴ്‌നാട് 1932'35 കാലത്തും 1961'65 കാലത്തും സിമന്റുപയോഗിച്ച് ഗ്രൗട്ടിങ് നടത്തി. ഈ വിധം അണക്കെട്ടിനുള്ളില്‍ പ്രവേശിച്ചത് 543 ടണ്‍ സിമന്റ് മാത്രം. അണക്കെട്ടിനുള്ളിലെ പൊള്ളയായ എത്രയോ ഇടങ്ങളില്‍ ഗ്രൗട്ട് എത്തിയിട്ടില്ലെന്ന് ഉറപ്പ്. അണക്കെട്ടില്‍ ഇപ്പോഴും പൊള്ളയായ ഇടങ്ങള്‍ അനേകമുണ്ടെന്ന് സാരം. 1965 വരെയുള്ള സ്ഥിതിയാണ് മേല്‍പ്പറഞ്ഞത്. ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നറിയണമെങ്കില്‍ അണക്കെട്ടിന്റെ പല സ്ഥലങ്ങളില്‍ നിന്ന് പലതരത്തിലുള്ള സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയപഠനത്തിന് വിധേയമാക്കണം.

പുലിവാല്

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അടുത്തിടെ പുലിവാല് പിടിച്ചിരിക്കുകയാണ് കേരളം. തമിഴ്‌നാടിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ചില വിദഗ്ധ ഏജന്‍സികളെക്കൊണ്ട് അണക്കെട്ടിന്റെ അവസ്ഥയെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. പഠനത്തിന്റെ ഫലം എന്താണെന്നറിയാന്‍ രണ്ട് സംസ്ഥാനങ്ങളും കാത്തിരുന്നു. അപ്പോഴാണറിയുന്നത് റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിക്കേ നല്‍കൂ എന്ന്. കേരളത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നിയതുകൊണ്ടാണല്ലോ ഒരിക്കല്‍ വിധി പറഞ്ഞ മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കാന്‍ തയ്യാറായതും അതിനായി ഉന്നതാധികാര സമിതി രൂപവത്കരിച്ചതും. എന്നാല്‍, സമിതിയുടെ സാങ്കേതികാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ചിലര്‍ക്ക് ഈ ന്യായം തോന്നുന്നില്ലെന്നതാണ് കേരളം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തര്‍ക്കം സംബന്ധിച്ച കേസില്‍, വിദഗ്ധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പലതും തയ്യാറായി. മാസങ്ങളായി അന്വേഷണവും പഠനങ്ങളും നടത്തിയ ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷനിലെയും (സി.എസ്.എം.ആര്‍.എസ്.) പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷനിലെയും (സി.ഡബ്ല്യു. പി.ആര്‍.എസ്.) ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെയും വിദഗ്ധരുടെ റിപ്പോര്‍ട്ടുകളില്‍ എന്താണ് പറയുന്നതെന്ന് പക്ഷേ, കേരളത്തിന് ഇതുവരെ അറിയാനായിട്ടില്ല. നിലവിലുള്ള അണക്കെട്ടിന്റെ ശേഷി, നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ള വസ്തുക്കളുടെ സ്വഭാവം, അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെയുണ്ടായിട്ടുള്ള ക്ഷതം, അതിന്റെ വ്യാപ്തിയും സ്വഭാവവും, അതുമൂലം ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍, പുതിയ അണക്കെട്ട് പണിയുന്നതിനായി ഇപ്പോഴുള്ളത് പൊളിക്കേണ്ടിവന്നാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്, വെള്ളം പുതിയ സംഭരണിയിലേക്ക് ഒഴുക്കിവിടുന്നത് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണവ. റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും അപാകമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം, കേരളത്തിനും തമിഴ്‌നാടിനും. പക്ഷേ, ഇരുകൂട്ടര്‍ക്കും അവ ലഭ്യമാക്കില്ല എന്ന പിടിവാശിയിലാണ് സാങ്കേതികാംഗങ്ങള്‍. പിടിവാശി എന്തിനെന്ന് മാത്രം അറിയില്ല.

പുതിയ അണക്കെട്ട്

മുല്ലപ്പെരിയാറിനെ സംബന്ധിച്ചിടത്തോളം പുതിയ അണക്കെട്ട് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ ജലം നല്‍കേണ്ടത് കേരളത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്വമാണ്. അതുകൊണ്ടുകൂടിയാണ് പുതിയ അണക്കെട്ട് പണിയാന്‍ തീരുമാനിച്ച് കേരളം മുന്നോട്ടുപോകുന്നത്
മുല്ലപ്പെരിയാര്‍ അണക്കെട്ട് കരാര്‍ 999 വര്‍ഷത്തേതാണല്ലോ. അതുവരെ ഇപ്പോഴുള്ള അണക്കെട്ട് നിലനില്ക്കുമെന്ന് ആരും പറയാനിടയില്ല. തമിഴ്‌നാടും കേന്ദ്ര സര്‍ക്കാറും ജല കമ്മീഷനും ആരും പറയില്ല. എന്നെങ്കിലും ഇത് പൊളിച്ച് പുതിയത് പണിയേണ്ടിവരും. എങ്കില്‍പ്പിന്നെ അത് ഇപ്പോള്‍ത്തന്നെ ആയിക്കൂടേ എന്നതാണ് ലളിതമായ ചോദ്യം.
അണക്കെട്ടിന് ബലക്ഷയമുണ്ടാകുമ്പോള്‍ എന്താണ് ചെയ്യുക ? മറ്റ് രാജ്യങ്ങളിലെല്ലാം വിവേകികളായ ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതുപോലെ, എത്രയുംപെട്ടെന്ന് അത് പൊളിച്ചുമാറ്റുകയും നദിയെ പഴയതുപോലെ ഒഴുക്കുകയും വേണം. എന്നാല്‍ വീണ്ടും ആ നദിയിലെ വെള്ളം ശേഖരിക്കേണ്ടതുണ്ടെങ്കില്‍ പുതിയ അണക്കെട്ട് കെട്ടണം.
മുല്ലപ്പെരിയാറിനെ സംബന്ധിച്ചിടത്തോളം പുതിയ അണക്കെട്ട് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ ജലം നല്‍കേണ്ടത് കേരളത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്വമാണ്. അതുകൊണ്ടുകൂടിയാണ് പുതിയ അണക്കെട്ട് പണിയാന്‍ തീരുമാനിച്ച് കേരളം മുന്നോട്ടുപോകുന്നത്.പുതിയ അണക്കെട്ട് നിര്‍മിച്ചാലും തമിഴ്‌നാടിന് നല്‍കുന്ന വെള്ളത്തില്‍ ഒരു തുള്ളിയുടെപോലും കുറവുണ്ടാവില്ലെന്ന് കേരളം വാക്ക് പറഞ്ഞിട്ടുള്ളതാണ്. തമിഴ്‌നാട്ടില്‍ നന്നായി ജലസേചനവും കൃഷിയും നടക്കണമെന്നത് കേരളത്തിന്റെകൂടി ആവശ്യമാണ്. കുടിവെള്ളത്തിനും ജലസേചനത്തിനും കൊണ്ടുപോകുന്ന വെള്ളത്തിന് പ്രതിഫലമൊന്നും ഈടാക്കേണ്ട എന്ന ചിന്തപോലും കേരളത്തിനുണ്ട്. എന്നാല്‍ യൂണിറ്റിന് 0.13 പൈസ മാത്രം ചെലവാക്കി, കേരളത്തിന്റെ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതി തമിഴ്‌നാട് 12 രൂപയ്ക്ക് മറിച്ചുവില്‍ക്കുന്നതിനോട് കേരളത്തിന് എതിര്‍പ്പുണ്ട്.

അണക്കെട്ടിന് സമീപം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സമീപം അനുബന്ധ ഡാമും പണിയും. അതിന്റെ സാധ്യതാറിപ്പോര്‍ട്ട് കേരളം ഉന്നതാധികാര സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അണക്കെട്ടില്‍നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയത് നിര്‍മിക്കുക. 370 മീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പ്രധാന അണക്കെട്ടിന് സമീപം കുന്നിന്റെ ഒരു ഭാഗത്താണ് അനുബന്ധ ഡാം പണിയാന്‍ ഉദ്ദേശിക്കുന്നത്. അനുബന്ധ അണക്കെട്ടിന് 137 മീറ്റര്‍ നീളമുണ്ടാകും. പ്രധാന അണക്കെട്ടിന് 53.22 മീറ്ററും അനുബന്ധ അണക്കെട്ടിന് 25 മീറ്ററും ഉയരമുണ്ടാവും.
സ്പില്‍വേ പ്രധാന അണക്കെട്ടിന്റെ ഭാഗമായിട്ടാകും നിര്‍മിക്കുക. വേനല്‍ക്കാലത്ത് നീരൊഴുക്കിന് മുല്ലപ്പെരിയാറില്‍ ചീര്‍പ്പ് നിര്‍മിക്കും. 143 മെട്രിക് ക്യുബിക് അടി വെള്ളം സംഭരിക്കുന്നതിന് ജലാശയത്തില്‍ സൗകര്യമൊരുക്കും. നാല് കൊല്ലത്തിനകം 600 കോടി രൂപ ചെലവാക്കിയാണ് അണക്കെട്ട് നിര്‍മിക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി പാറയുടെയും മണ്ണിന്റെയും പ്രാഥമികപരിശോധന നടത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും എല്‍.ബി.എസ്. ശാസ്ത്രസാങ്കേതിക സെന്ററിന്റെയും എന്‍ജിനീയറിങ് കോളേജിന്റെയും മൂന്ന് ഭൂഗര്‍ഭ പഠന റിപ്പോര്‍ട്ടുകളും ഉന്നതാധികാര സമിതിക്ക് നല്‍കിയിട്ടുണ്ട്. ഇവിടത്തെ പാറകള്‍ അണക്കെട്ടുനിര്‍മാണത്തിന് പറ്റിയതാണെന്ന് മൂന്ന് റിപ്പോര്‍ട്ടും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 22.23 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും. അണക്കെട്ടിനും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമായി 50 ഹെക്ടര്‍ വനഭൂമി വേണം.

ഗവേഷണങ്ങളും പഠനങ്ങളും

ഭൂചലനം കേരളത്തില്‍ ഭയപ്പെടുത്തുന്ന സാധ്യതയാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ്, സെന്റര്‍ ഓഫ് റിമോട്ട് സെന്‍സിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും കേരളത്തില്‍ ഒട്ടാകെ റിക്ടര്‍ സെ്കയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഭ്രംശമേഖലകളില്‍ പ്രധാനപ്പെട്ടവ ഇടമലയാര്‍, പെരിയാര്‍, അച്ചന്‍കോവില്‍, തെന്മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുന്‍സൂര്‍, മാട്ടുപ്പെട്ടി, കാവേരി, കണ്ണന്‍കുഴിത്തോട് എന്നിവയാണ്. ഇവയ്ക്കു പുറമെ നിരവധി ചെറു വിള്ളലുകളുമുണ്ട്. ഈ വിള്ളലുകള്‍ മിക്കവയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏതെങ്കിലും ഒന്നില്‍ താരതമ്യേന തീവ്രതയുള്ള ഒരു ചലനമുണ്ടായാല്‍ അതിന്റെ പ്രതിഫലനം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കും. കൂടാതെ കുമളി, കമ്പം, ബോഡിനായ്ക്കന്നൂര്‍, തേനി വഴി കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കു വ്യാപിച്ചു കിടക്കുന്ന കമ്പം ഭ്രംശമേഖലയും മുല്ലപ്പെരിയാറിന് ഭീഷണി ഉയര്‍ത്തുന്നതാണ്. ഇപ്രകാരം, നിരവധി ഭ്രംശമേഖലകളുടെ സാമീപ്യവും അവയിലെ വിള്ളലുകളും റിക്ടര്‍ സെ്കയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വരാനുള്ള സാധ്യതയും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ നിലനില്പ് അപകടകരം തന്നെയാണ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക്

തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് തിരിക്കുമ്പോള്‍ത്തന്നെ മഴ തുടങ്ങിയിരുന്നു. ചിന്നിത്തെറിക്കുന്ന മഴയും കാറ്റും. യാത്രയുടെ തുടക്കത്തില്‍ത്തന്നെ കണ്ടു, വലതുഭാഗത്തായി കരയിലേക്ക് വലിച്ചുകയറ്റിയ ജലകന്യകയെന്ന ബോട്ട്. 2009 സപ്തംബര്‍ 30ന് തടാകത്തില്‍ 45 പേരുടെ ജീവനുമായി മുങ്ങിപ്പോയ ജലയാനം. കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ അല്പമകലെ വെള്ളത്തിന് മീതെ ഒരു കൂറ്റന്‍ മതില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട്. മരക്കുറ്റികള്‍ സവിശേഷമായ ഭംഗിയൊരുക്കുന്ന ഈ ജലാശയത്തെ തടുത്തുനിര്‍ത്തുന്നത് 115 വര്‍ഷം പഴക്കമുള്ള ആ അണക്കെട്ടാണെന്നറിയുമ്പോള്‍, ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ടാണത് നിര്‍മിച്ചിട്ടുള്ളതെന്ന് മനസ്സിലാകുമ്പോള്‍ ഉള്ളൊന്ന് കിടുങ്ങും; ആര്‍ക്കും. തടാകത്തെയിളക്കി കാറ്റ് മുഴങ്ങുമ്പോള്‍ പോലും പേടിയാകും.
കിഴക്ക് ദൂരെയെവിടെയോ ആണ് സഹ്യനിലെ ശിവഗിരിക്കുന്നുകള്‍. അവിടെ, തണുപ്പിന്റെ കൂടാരത്തില്‍, കാണാത്തിടത്തുനിന്ന് രണ്ട് നീര്‍ച്ചാലുകള്‍ പിറവികൊള്ളുന്നു. വളര്‍ന്ന് വലുതായി വരുന്നു. ഒന്ന് മുല്ലയാര്‍, അടുത്തത് പെരിയാര്‍. രണ്ടും ചേര്‍ന്ന് മുല്ലപ്പെരിയാറായി. ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ അണക്കെട്ടുണ്ടായി. അതാദ്യം ഊഷരമായിക്കിടന്ന ദേശങ്ങളെ ഉര്‍വരമാക്കി, പച്ചപ്പട്ടണിയിച്ചു. പിന്നീടത് ജനങ്ങള്‍ക്ക് ഭീഷണിയായി. രണ്ടു സംസ്ഥാനങ്ങള്‍ അതിന്റെ പേരില്‍ നിയമയുദ്ധം തുടങ്ങി. ഒടുവില്‍ സുപ്രീംകോടതിയുടെ കേസുകെട്ടുകളിലൊന്നില്‍ ചുരുണ്ടുകിടക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു സൂചകമാണ്. ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുടെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദുര്‍ബലമായ ബന്ധത്തിന്റെ സൂചകം. ഒരു മഹാദുരന്തത്തെ നിസ്സംഗമായി കാണുന്ന പ്രബുദ്ധ ജനതയുടെ ചിത്രം കൂടി അത് കാട്ടിത്തരുന്നുണ്ട്. 1895 ഫിബ്രവരിയില്‍ പണിതീര്‍ത്തതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ചാണ് കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നടക്കുന്നത്. അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം. എത്രയോ സുരക്ഷിതമെന്ന് തമിഴ്‌നാട്.
തര്‍ക്കം മൂത്തപ്പോള്‍ കേന്ദ്രം ഇടപെട്ടു. കേന്ദ്രജലക്കമ്മീഷനെക്കൊണ്ട് പരിശോധിപ്പിച്ചു. തമിഴ്‌നാടിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന കമ്മീഷന്‍ സത്യങ്ങള്‍ പലതും കണ്ടില്ല. തീരുമാനം കേരളത്തിനെതിരായി. വിഷയം കേരള ഹൈക്കോടതി വഴി സുപ്രീംകോടതിയില്‍. ജലക്കമ്മീഷന്റെ അളവുകോല്‍ അവിടെയും കേരളത്തിനെതിരായി. കേസില്‍ കേരളം തോറ്റു. 2006 ല്‍ ആയിരുന്നു ഇത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരുപക്ഷേ, തകര്‍ന്നാലും സാരമില്ല, അവിടത്തെ വെള്ളം കൂടി താഴെയുള്ള ഇടുക്കി അണക്കെട്ട് താങ്ങിക്കൊള്ളുമെന്ന അബദ്ധവാദം അംഗീകരിക്കപ്പെട്ട വിധിയായിരുന്നു അത്. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന സത്യം പോലും കണക്കാക്കാതെയുള്ള വാദം കേരള പ്രതിനിധികള്‍ പോലും എതിര്‍ത്തിരുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം.
കേസില്‍ തോറ്റെങ്കിലും ജനങ്ങളുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ട് കേരളം അണക്കെട്ട് സുരക്ഷാനിയമം പാസ്സാക്കിയത് പിന്നീടാണ്. അതിനെതിരെ തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയില്‍ പോയി. കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചു, കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍. സമിതിയുടെ പരിശോധനകളും തെളിവെടുപ്പും മറ്റും ഏറെക്കുറെ പൂര്‍ത്തിയായി. അടുത്ത മാസത്തോടെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങും.

ഈ കുലുക്കം മുന്നറിയിപ്പ്

ഭൂമികുലുക്കങ്ങള്‍ അത്ര നിസ്സാരമല്ലെന്ന് സമീപകാല കാഴ്ചകള്‍ കാട്ടിത്തരുന്നു. ചലനങ്ങളുടെ ഇടവേളകള്‍ കുറഞ്ഞും വരുന്നു. പേടിക്കണം. മുന്‍കരുതലെടുക്കണം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, പഴക്കം കൊണ്ട് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശമാണെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍, ജൂലായ് വരെ ഈ മേഖലയിലുണ്ടായത് 22 ഭൂചലനങ്ങള്‍! ഏറ്റവും ഒടുവിലത്തേത് നവംബര്‍ 18ാം തീയതി. അണക്കെട്ടിന്റെ 50 കി.മീ. ചുറ്റളവിലാണ് ഭൂചലനങ്ങള്‍ ഉണ്ടായിട്ടുള്ളത്. കൂടെക്കൂടെയുണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍ പ്രകൃതി നല്‍കുന്ന മുന്നറിയിപ്പാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ 22 പ്രധാന ഭ്രംശമേഖലകള്‍ ഉള്ളതായി റൂര്‍ക്കി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ് ഈ ഭ്രംശമേഖലകള്‍. ഡോ. ഡി.കെ. പോളിന്റെ നേതൃത്വത്തിലുള്ള, ഐ.ഐ.ടി. എര്‍ത്ത്‌ക്വേക് ഡിപ്പാര്‍ട്ട്‌മെന്റിന്റേതായിരുന്നു പഠനം.
റിക്ടര്‍ സെ്കയിലില്‍ 6.5 വരെ ശക്തി രേഖപ്പെടുത്തുന്ന വന്‍ ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി കോടൈവന്നല്ലൂര്‍ ഭ്രംശമേഖല, മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തുനിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഇടമലയാര്‍ വിള്ളലും പെരിയാര്‍ വിള്ളലും കൂടിച്ചേരുന്ന പ്രദേശമാണിത്. 22 ഭ്രംശമേഖലകളിലെയും ഭൂചലന സാധ്യതയും പരമാവധിയുണ്ടാകുന്ന തീവ്രതയും ഐ.ഐ.ടി. ഇതിനകം പഠനവിധേയമാക്കിയിട്ടുണ്ട്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ഡി.കെ. പോളും ഡോ. എം.എന്‍. ശര്‍മയും അടങ്ങുന്ന സംഘം മുല്ലപ്പെരിയാര്‍ പ്രദേശം, കേന്ദ്ര ജലക്കമ്മീഷന്റെ പഠനത്തില്‍ കണ്ടെത്തിയതിനേക്കാള്‍ വലിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
എല്ലാ ഭ്രംശമേഖലയിലും ഉള്ള വിള്ളലുകളുടെ നീളം, ആഴം എന്നിവ പരിഗണിച്ചാണ് ഭൂചലനത്തിന്റെ തീവ്രത കണക്കാക്കുക. മാത്രമല്ല, അവയുടെ സ്ഥാനവും അണക്കെട്ടുപ്രദേശവും തമ്മിലുള്ള ദൂരവും പ്രധാന ഘടകമാണ്. എത്രത്തോളം ദൂരം കുറയുമോ, അത്രയും അണക്കെട്ടിന്മേലുള്ള പ്രഹരശേഷി വര്‍ധിക്കും. അങ്ങനെ പരിശോധിച്ചപ്പോഴാണ്, തേക്കടികോടൈവന്നല്ലൂര്‍ മേഖലയിലുണ്ടാകുന്ന ഭൂചലനം, മുല്ലപ്പെരിയാറിന് ഏറ്റവും ഭീഷണിയാകുമെന്ന് കണ്ടെത്തിയത്. റിക്ടര്‍ സെ്കയിലില്‍ 6.5 ഓ അതിലധികമോ ശക്തി രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന് ഐ.ഐ.ടി. ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടിലുണ്ട്.

മുല്ലയാറും പെരിയാറും

മുല്ലയാറും പെരിയാറും ഒത്തുചേര്‍ന്ന് രൂപപ്പെട്ട്, പിന്നീട് 'പെരിയാര്‍' എന്ന പേരില്‍ ഒഴുകി അറബിക്കടലിലെത്തിച്ചേരുന്ന വെള്ളം തടഞ്ഞുനിര്‍ത്താനുള്ള യത്‌നങ്ങളൊന്നും പഴയ തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സഹ്യന്റെ പടിഞ്ഞാറ് കേരളത്തിന്റെ ഭാഗത്ത് നല്ല മഴയും വെള്ളവും. അയല്‍ സംസ്ഥാനമായ, ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് പ്രവിശ്യയിലെ മധുര, രാമനാട്, ദിണ്ടിക്കല്‍, രാമനാഥപുരം പ്രദേശങ്ങളില്‍ അന്ന് വരള്‍ച്ചയായിരുന്നു; കൃഷിനാശവും. സഹ്യന്റെ കിഴക്കാണത്.മഴ ദുര്‍ലഭമായിരുന്നു, ഇവിടെ. ഇവിടത്തെ കൃഷിക്കാരെ സഹായിക്കാനായി തിരുവിതാംകൂറിലെ പെരിയാറ്റിലൂടെ പാഴായിപ്പോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി മദ്രാസ് പ്രദേശത്തേക്ക് ഒഴുക്കാമെന്ന ആശയം ആ പ്രവിശ്യയിലെ ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടായി, തിരുവിതാംകൂര്‍ അതിനോട് യോജിച്ചു.

തിരുവിതാംകൂറിന്റെ ഉപാധികള്‍

1.തിരുവിതാംകൂര്‍ നല്‍കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി റൊക്കം ഏഴു ലക്ഷം രൂപ നല്‍കുക.

2.ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന അഞ്ചുതെങ്ങ്, തങ്കശ്ശേരി എന്നീ പ്രദേശങ്ങളും ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ പാട്ടം നിലങ്ങള്‍ എന്നറിയപ്പെട്ടിരുന്ന 51 ഏക്കര്‍ സ്ഥലവും തിരുവിതാംകൂറിന് വിട്ടുകൊടുക്കുക.

3.8000 ഏക്കറില്‍ കൂടുതല്‍ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ ഏക്കറിനും 50 രൂപ പാട്ടമായി കൂടുതല്‍ നല്‍കുക.

4.ആവശ്യമെങ്കില്‍ മദ്രാസ് പ്രവിശ്യയിലെ കര്‍ഷകര്‍ക്ക് വെള്ളം നല്‍കുന്ന ഇതേ വ്യവസ്ഥകളിന്മേല്‍ തിരുവിതാംകൂറിലെ കര്‍ഷകര്‍ക്കും വെള്ളം നല്‍കുക.

ഉപാധികളിന്മേല്‍ ചര്‍ച്ച നടന്നു. അഞ്ചുതെങ്ങും തങ്കശ്ശേരിയും ചേര്‍ത്തലയിലെ പാട്ടം നിലങ്ങളും വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആദ്യമേ തന്നെ പറഞ്ഞു. മറ്റ് വ്യവസ്ഥകള്‍ ഭേദഗതികളോടെ അംഗീകരിച്ചു. 1886 ഒക്ടോബര്‍ 29ന് ബ്രിട്ടീഷ് സര്‍ക്കാറും തിരുവിതാംകൂറും മുല്ലപ്പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവെച്ചു. തിരുവിതാംകൂര്‍ മഹാരാജാവിനു വേണ്ടി ദിവാന്‍ രാമയ്യങ്കാറും ഇന്ത്യാ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനു വേണ്ടി റസിഡന്റ് ഹാന്നിങ്ടണുമാണ്. തിരുവിതാംകൂര്‍ മരാമത്ത്‌വകുപ്പ് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ഐ.എച്ച്. പ്രിന്‍സും സാക്ഷികളായി ഒപ്പിട്ടു.

അംഗീകരിക്കപ്പെട്ട വ്യവസ്ഥകള്‍

1.പ്രതിവര്‍ഷം 40,000 രൂപ നഷ്ടപരിഹാരമായി തിരുവിതാംകൂറിന് നല്‍കും. അത് തിരുവിതാംകൂര്‍ വര്‍ഷംതോറും ബ്രിട്ടീഷ് സര്‍ക്കാറിന് കൊടുക്കുന്ന തുകയില്‍ നിന്ന് കുറവ് ചെയ്യും.

2.8000 ഏക്കറില്‍ കൂടുതല്‍ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ ഏക്കറിനും അഞ്ചു രൂപ പാട്ടമായി കൂടുതല്‍ നല്‍കും.

3.അണക്കെട്ട് നിര്‍മാണത്തിനാവശ്യമായ മരം, കല്ല്, മണ്ണ്, മുള തുടങ്ങിയവ പ്രതിഫലമൊന്നും നല്‍കാതെ തിരുവിതാംകൂര്‍ പ്രദേശത്ത് നിന്നെടുക്കാന്‍ പാട്ടക്കാരന് അവകാശമുണ്ടാകും.

4.കരാറിന്റെ കാലാവധി 999 കൊല്ലമായിരിക്കും.

5.കരാര്‍ നടപ്പാക്കുന്നതിനിടയില്‍ ഉയര്‍ന്നേക്കാവുന്ന തര്‍ക്കങ്ങള്‍ രണ്ട് സര്‍ക്കാറുകളും നിശ്ചയിക്കുന്ന മധ്യസ്ഥന്മാരുടെയോ അല്ലെങ്കില്‍ അവര്‍ നിശ്ചയിക്കുന്ന അമ്പയറുടെയോ അന്തിമതീരുമാനത്തിന് വിടും. ആകെക്കൂടി നോക്കുമ്പോള്‍ കരാര്‍ തിരുവിതാംകൂറിന് നഷ്ടക്കച്ചവടം തന്നെയായിരുന്നു. ബ്രിട്ടന്റെ സമ്മര്‍ദം വ്യക്തം.

മുല്ലപ്പെരിയാര്‍ മേഖല

തൊടുപുഴ: ഇന്ത്യന്‍ ഭൗമപാളികളില്‍ ഭൂമിക്കടിയില്‍ വന്‍മര്‍ദം രൂപപ്പെടുന്നുണ്ടെന്നും ഇത് ഭൂചലനങ്ങള്‍ക്ക് ഇടയാക്കുമെന്നും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനം. മുല്ലപ്പെരിയാര്‍ മേഖലയില്‍ ഏതുസമയവും ആറുവരെ തീവ്രതയുള്ള ഭൂമികുലുക്കങ്ങള്‍ക്ക് സാധ്യതയുള്ളതായി ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനത്തെ മുന്‍നിര്‍ത്തി ഭൗമശാസ്ത്ര പഠനകേന്ദ്രം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇവിടത്തെ ഭ്രംശമേഖല ഇപ്പോഴും സജീവമാണെന്നും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വിലയിരുത്തിയിട്ടുണ്ട്.

കേരളത്തിലും രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളിലും അടുത്തിടെ ഭൂചലനങ്ങള്‍ ഏറിയത് വന്‍ മര്‍ദം രൂപപ്പെടുന്നതിന്റെ സൂചനയാണ്. തമിഴ്‌നാട്-കേരള അതിരുകളില്‍ ഭ്രംശമേഖലകള്‍ കേന്ദ്രീകരിച്ച് ഭൂചലനങ്ങള്‍ വര്‍ധിക്കുന്നതായും വ്യക്തമായിട്ടുണ്ട്.അതേസമയം, കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഭൂചലനങ്ങളും കൂടുതല്‍ നടന്നിട്ടുള്ളത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. സൂര്യനും ഇന്ത്യന്‍ ഉപഭൂഖണ്ഡവും തമ്മിലുള്ള ആകര്‍ഷണം ഈ സമയത്ത് വര്‍ധിക്കുന്നതും ഭൂചലനങ്ങള്‍ക്ക് കാരണമായേക്കാം.ഈ വര്‍ഷം മാര്‍ച്ചിനുശേഷം 26 തവണ ഇടുക്കി ജില്ലയില്‍മാത്രം ഭൂമി കുലുങ്ങി. തുടര്‍ചലനങ്ങള്‍ കുറയുന്നതും സ്വതന്ത്രചലനങ്ങള്‍ ആവര്‍ത്തിക്കുന്നതും അത്ര നല്ല സൂചനയല്ലെന്ന നിഗമനമാണ് ഇതേപ്പറ്റി പഠനം നടത്തുന്ന സെസിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജോണ്‍ മത്തായിക്കുള്ളത്.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ച്, ദുര്‍ബലാവസ്ഥയിലായ മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന മേഖലയില്‍ ആറുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ലഭ്യമായ വിവരമനുസരിച്ച് മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഭൂചലനം 1988 ജനവരി ഏഴിനായിരുന്നു. നെടുങ്കണ്ടം പ്രഭവകേന്ദ്രമായ ഭൂചലനത്തിന്റെ തീവ്രത 4.5 ആയിരുന്നു.കേരളത്തില്‍ അഞ്ച് ദിശകളിലായാണ് ഭൂകമ്പഭ്രംശ രേഖകളും ഭൂവിള്ളലുകളുമുള്ളത്. കോഴിക്കോട് മുതല്‍ കുളമാവ്‌വരെ ഇടമലയാര്‍ വിള്ളല്‍. കുമളി-കമ്പം-ബോഡി-തേനി വഴിയാണ് കമ്പം വിള്ളല്‍. ഈ വിള്ളല്‍ ഉടുമ്പന്‍ചോല ഭ്രംശമേഖലയുമായി സംഗമിക്കുന്നിടത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്

999

ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് 125 വയസ്സ് തികഞ്ഞു. ' എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാന്‍ ഒപ്പുവെക്കുന്നതെന്ന് ' വിശാഖം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വ്യസനത്തോടെ ഒരിക്കല്‍വിശേഷിപ്പിച്ച കരാര്‍.

ലോകത്ത് ഒരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത വ്യവസ്ഥകള്‍. 999 വര്‍ഷത്തേക്ക് ഒരു പാട്ടക്കരാര്‍ ഇവിടെ മാത്രമുള്ള സവിശേഷത.1886 ഒക്ടോബര്‍ 29നാണ് തിരുവതാംകൂര്‍ മഹാരാജാവും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയും (ബ്രിട്ടീഷ് ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയായ ഭരണാധികാരി) മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവെച്ചത്.

ഇരുകക്ഷികള്‍ക്കും സമ്മതമാണെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷംകൂടി കരാര്‍ തുടരാമെന്നും വ്യവസ്ഥ ചെയ്തു.

1862 മുതല്‍ മദിരാശി സര്‍ക്കാരിന്റെ ആവശ്യമായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട്. പൂര്‍ണമായും ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മദിരാശിക്കുവേണ്ടി ഡാം നിര്‍മ്മിക്കാന്‍ 1882 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. 1862 മുതല്‍ 24 വര്‍ഷം ബ്രിട്ടീഷ് മേധാവിത്വത്തിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളെ തിരുവിതാംകൂര്‍ ചെറുത്തുനിന്നു.

ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ക്യാപ്റ്റന്‍ പെന്നി ക്വിക്ക് രൂപകല്പന ചെയ്ത ഡാമിന്റെ നിര്‍മ്മാണം 1895 ല്‍ പൂര്‍ത്തിയായി.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലായി 68558 ഹെക്ടറിലെ കൃഷിക്ക് വെള്ളം ലഭ്യമാക്കുകയായിരുന്നു നിര്‍മ്മാണലക്ഷ്യം. പിന്നീട് തമിഴ്‌നാട് ഇതില്‍ നിന്നും വൈദ്യുതോല്‍പാദനവും തുടങ്ങി. ഇത് 1886 ലെ പാട്ടക്കരാറിന്റെ ലംഘനമായിരുന്നു. ഈ നിയമലംഘനം മറി കടക്കാന്‍ 1970 ല്‍ കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് കേരളത്തെ സമീപിച്ചു.

അപകടമറിയാത്ത ഭരണക്കാര്‍ കരാര്‍ പുതുക്കി നല്‍കി. ഇന്ന് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് ഊര്‍ജ്ജോപ്ദനത്തിലൂടെയും കാര്‍ഷിക വിഭവ സമാഹരണത്തിലൂടെയും പ്രതിവര്‍ഷം 785 കോടി രൂപയാണ് (പഴയകണക്ക്) തമിഴ്‌നാട് സമ്പാദിക്കുന്നത്. പാട്ടത്തുകയായി കേരളത്തിന് ലഭിക്കുന്നത് കേവലം 13 ലക്ഷം രൂപയും.

കരാര്‍ ലംഘിച്ച് അണക്കെട്ടില്‍ തമിഴ്‌നാട് ഒട്ടേറെ നിര്‍മാണങ്ങള്‍ നടത്തി. ഇതിനെ എതിര്‍ക്കാനോ നിയമപരമായി നേരിടാനോ കേരളത്തിനായില്ല. 1948ലെ ഇന്‍ഡിപ്പെന്‍ഡന്റ് ആക്ട് അനുസരിച്ച് ബ്രിട്ടീഷ്ആധിപത്യത്തിന്‍ കീഴിലെ എല്ലാ കരാറും സ്വതന്ത്ര ഇന്ത്യയില്‍ റദ്ദായി. എന്നാല്‍, മുല്ലപ്പെരിയാര്‍ കരാര്‍ മാത്രം ആരും ചോദ്യംചെയ്തില്ല.

1970 മെയ് 29ന് തമിഴ്‌നാടിന് അനുകൂലമായി കേരളത്തിലെ ജനകീയ സര്‍ക്കാര്‍ രണ്ട് അനുബന്ധ വ്യവസ്ഥകള്‍കൂടി ഒപ്പിട്ട് നല്‍കി. വാര്‍ഷിക പാട്ടത്തുക ഏക്കര്‍ ഒന്നിന് അഞ്ച് രൂപയില്‍നിന്ന് 30 രൂപയായി വര്‍ധിപ്പിച്ചത് നേട്ടമെന്ന് കണക്കുകൂട്ടിയ കേരളം, മുഖ്യ കരാറിലെ മറ്റ് വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്താല്‍ സമ്മതിച്ചു. ഇതോടെ, കരാറിനെ ചോദ്യംചെയ്യാനും കേരളത്തിന് കഴിയാതായി.

1979 മുതലാണ് കേരളം അപകടം മണത്തുതുടങ്ങിയത്. നാടിന്റെ നാശത്തിനിടയാക്കാവുന്ന ഭീഷണി ലോകത്തെ അറിയിക്കുന്നതില്‍ അന്നുമുതല്‍ 'മാതൃഭൂമി'യാണ് മുന്നില്‍. ഇതിന് ഫലവുമുണ്ടായി.

സദുദ്ദേശ്യത്തോടെ പണിത മുല്ലപ്പെരിയാര്‍ ഡാം ഇന്ന് കാലപ്പഴക്കത്താല്‍ ഏതുനിമിഷവും അഞ്ച് ജില്ലകളിലെ 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍, പുതിയ ഡാം നിര്‍മിക്കാന്‍ അനുമതി കിട്ടുമെന്നുതന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ.

അണക്കെട്ട്

ശശിധരന്‍ മങ്കത്തില്‍

പതിനേഴാം നൂറ്റാണ്ട്. തമിഴ്‌നാട് പ്രദേശത്തെ രാമനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ കീഴിലായിരുന്നകാലം രാജാവ് പ്രായപൂര്‍ത്തിയാകാത്ത ബാലനായിരുന്നതിനാല്‍ 'പ്രധാനി'മാര്‍ക്കായിരുന്നു ഭരണച്ചുമതല. ഭരണകാര്യങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ള പ്രധാനി മുതിരുള്ളപ്പപിള്ളയ്ക്കായിരുന്നു ഭരണത്തിന്റെ പൂര്‍ണ്ണചുമതല.കൃഷിവ്യാപിപ്പിച്ചും റോഡുകള്‍ നിര്‍മ്മിച്ചും നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പരിശ്രമിച്ച മുതിരുള്ളപ്പപിള്ളയ്ക്ക് നാട്ടിലെ ജലക്ഷാമം കടുത്തവെല്ലുവിളിയായിരുന്നു. രാമനാട്ടിലെ വൈഗേയിനദിയില്‍ വേനലില്‍ വേണ്ടത്ര വെള്ളമുണ്ടാകില്ല. അതിനാല്‍ നാട്ടിലും വരള്‍ച്ചയാണ്. വൈഗേയിനദി ഉത്ഭവിക്കുന്ന പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച് തിരുവിതാംകൂറിലൂടെ ഒഴുകുന്ന പെരിയാറിലാണെങ്കില്‍ ഇഷ്ടംപോലെ വെള്ളം. ഈ വെള്ളം ഉപയോഗപ്പെടാതെ കടലിലേക്ക് ഒഴുകിപ്പോകുന്നു. ഈ കാലത്ത് മുതിരുള്ളപ്പപിള്ളയുടെ കണ്ണ് പെരിയാറിലെ വെള്ളത്തിലായിരുന്നു. നദിയിലെ വെള്ളം രാമനാട് പ്രദേശത്തേക്ക് തിരിച്ചുവിട്ട് വൈഗേയിനദിയിലെത്തിക്കാനുള്ള ആദ്യ ആലോചനകള്‍ 1789-ല്‍ നടത്തിയത് മുതിരുളളപ്പപിള്ളയാണ്. ഇതിനായി ഒരു പദ്ധതിയും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു.

പക്ഷേ, രാജ്യഭരണം ഏറ്റെടുത്ത സേതുപതിരാജാവ് പിന്നീട് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരെ സുഖിപ്പിച്ച് ഭരണം നടത്തുക എന്നതായിരുന്നു മുതിരുള്ളപ്പപിള്ളയുടെ നിലപാട്. ഈ പ്രശ്‌നത്തിന്റെ പേരില്‍ രാജാവും പ്രധാനിയും അകന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ മുത്തുരാമലിംഗ സേതുപതിയെ 1795ല്‍ അവര്‍ സ്ഥാനഭ്രഷ്ടനാക്കി. മദിരാശി പ്രസിഡന്‍സിയുടെ കൈയിലായ തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ടിക്കല്‍, രാമനാഥപുരം പ്രദേശങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാര്‍ക്കും തലവേദനയായിരുന്നു. ഈ പ്രദേശത്ത് മഴകുറവ്, വരള്‍ച്ചയും. എന്നാല്‍ തൊട്ടടുത്ത് പശ്ചിമഘട്ടം കടന്നാല്‍ തിരുവിതാംകൂറിലാണെങ്കില്‍ നിറഞ്ഞൊഴുകുന്ന പെരിയാര്‍. പുഴകളും കായലുകളുംകൊണ്ട് തിരുവിതാംകൂര്‍ പ്രദേശം പച്ചപിടിച്ചു കിടക്കുന്നു.

അങ്ങനെ പെരിയാര്‍ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുര, രാമനാഥപുരം ജില്ലകളിലൂടെ ഒഴുകുന്ന വൈഗേയിനദിയിലേക്ക് തിരിച്ചുവിടാന്‍ ആലോചനയുണ്ടായി. സര്‍ ജെയിംസ് കാള്‍ഡ്‌വെല്ലിനെ 1808ല്‍ ഇതേകുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു. ഈ ഉദ്യമം വേണ്ടത്ര ഫലവത്താകില്ല എന്നായിരുന്നു കാള്‍ഡ്‌വെല്ലിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വെള്ളം തിരിച്ചുവിടാനുള്ള ആലോചനയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പിന്‍മാറിയില്ല. പിന്നീട് ക്യാപ്റ്റന്‍ ഫേബര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1850ല്‍ വെള്ളം തിരിച്ചുവിടാന്‍ ചെറിയൊരു അണക്കെട്ടിെന്റ പണിതുടങ്ങി. ചിന്ന മുളിയാര്‍ എന്ന പെരിയാര്‍ നദിയുടെ കൈവഴിയിലെ വെള്ളം തിരിച്ചുവിടാനായിരുന്നു ഇത്. പെട്ടെന്ന് പടര്‍ന്നുപിടിച്ച മലമ്പനിമൂലം തൊഴിലാളികളെ കിട്ടാതായി. ബാക്കിയുള്ളവര്‍ വന്‍തോതില്‍ കൂലി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ പണി നിര്‍ത്തിവെച്ചു.

കുടിവെള്ളം പോലുംകിട്ടാതെ വലയുന്ന ജനങ്ങളുടെ രക്ഷയ്ക്കായി ബ്രിട്ടീഷ് ഭരണാധികാരികള്‍ പല മാര്‍ഗങ്ങളും ആലോചിച്ചു. മധുരജില്ലാ എഞ്ചിനിയര്‍ മേജര്‍ റിവ്‌സ് പെരിയാറിലെ വെള്ളം തിരിച്ചുവിടാനായി 1867ല്‍ മറ്റൊരു പദ്ധതി മുന്നോട്ടുവെച്ചു. പെരിയാറില്‍ 162 അടി ഉയരമുള്ള അണക്കെട്ട് പണിത് ചാലുകീറി വൈഗേയിനദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളം വിടാനായിരുന്നു ഇത്. 17.49 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. പക്ഷെ അണക്കെട്ട് പണിയുമ്പോള്‍ വെള്ളം താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്താന്‍ എളുപ്പമല്ല എന്നകാരണത്താലും പണി നീണ്ടുപോകുമെന്നതിനാലും ഇത് ഉപേക്ഷിച്ചു. ഈ പദ്ധതിപരിഷ്‌കരിച്ച് 1870ല്‍ ആര്‍. സ്മിത്ത് അണക്കെട്ടിന്റെ സ്ഥാനം മാറ്റി പുതിയൊരുപദ്ധതി നിര്‍ദ്ദേശിച്ചു. 175 അടി ഉയരത്തില്‍ അണക്കെട്ട് പണിത് 7000 അടി നീളത്തില്‍ ടണലുണ്ടാക്കി പെരിയാറിലെ വെള്ളം സുരുളിയാറിലേക്ക് കൊണ്ടു പോകാനായിരുന്നു ഉദ്ദേശം. 53.99 ലക്ഷമാണ് ചെലവ് കണക്കാക്കിയിരുന്നത്. പക്ഷേ ചീഫ് എഞ്ചിനിയറായിരുന്ന ജനറല്‍വാക്കര്‍ കണ്ടെത്തിയ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അതും ഉപേക്ഷിച്ചു.

1882ല്‍ പെരിയാറിലെ വെള്ളം വൈഗേയിലെത്തിക്കുന്നതിനായി പദ്ധതി സമര്‍പ്പിക്കാന്‍ എഞ്ചിനിയര്‍ ക്യാപ്റ്റന്‍ പെനിക്യുക്ക്, ആര്‍. സ്മിത്ത് എന്നിവരെ ചുമതലപ്പെടുത്തി. എല്ലാ പഴയ പദ്ധതികളും പഠിച്ച ശേഷം പുതിയത് രൂപപ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് പെനിക്യുക്ക് റിപ്പോര്‍ട്ട് നല്‍കി. 155 അടി ഉയരമുള്ള അണക്കെട്ടിനാണ് പെനിക്യുക്ക് പദ്ധതിയുണ്ടാക്കിയത്. താഴെ 115.75 അടിയും മുകളില്‍ 12 അടിയുമാണ് വീതി.ചുണ്ണാമ്പ്, സുര്‍ക്കി, കരിങ്കല്‍ എന്നിവകൊണ്ടുള്ള അണക്കെട്ടിന്ന് 53 ലക്ഷം രൂപയാണ് നിര്‍മ്മാണചെലവ്. ഈ തുകയുടെ ഏഴ് ശതമാനം എല്ലാം വര്‍ഷവും പദ്ധതിയില്‍ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു എസ്റ്റിമേറ്റ് റിപ്പോര്‍ട്ട്. കൊടും വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ പെനിക്യുക്ക് സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

പെരിയാറിലെ വെള്ളം തിരിച്ചുവിടാനുള്ള പദ്ധതിയെക്കുറിച്ച് 1862 മുതല്‍ തന്നെ ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ ധരിപ്പിച്ചിരുന്നു. നിരന്തരം കത്തെഴുത്തുകളും നടത്തിയിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു അന്ന് തിരുവിതാംകൂര്‍ ഭരണാധികാരി. രാജാവ് കുറേക്കാലം ഇതിനെ എതിര്‍ത്തു. വെള്ളം തിരിച്ചുവിടുന്ന പദ്ധതിക്ക് അനുമതിനല്‍കില്ലെന്ന് അദ്ദേഹം ബ്രിട്ടീഷുകാരെ അറിയിച്ചു. ബ്രിട്ടീഷുകാരുടെ നിരന്തര പ്രേരണയും ഭീഷണിയും മൂലം അവസാനം മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ദിവാന്‍ രാമഅയ്യങ്കാര്‍ക്ക് രാജാവ് അനുമതി നല്‍കി. ബ്രിട്ടീഷുകാരുടെ ഭീഷണിക്കും തോക്കിനും മുന്നില്‍ രാജാവിന് അടിയറവ് പറയേണ്ടിവന്നു എന്ന ചരിത്രസത്യത്തിന് സാക്ഷിയാണ് കരാറിന് അനുമതിനല്‍കിയശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍. 'എന്റെ ഹൃദയത്തില്‍നിന്നുള്ള രക്തം കൊണ്ടാണ് ഞാന്‍ കരാറില്‍ ഒപ്പിടാന്‍ അനുമതിനല്‍കിയത്'എന്നായിരുന്നു രാജാവിന്റെ ഗദ്ഗദത്തോടെയുള്ള വാക്കുകള്‍.

(മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ നിന്ന്)

പെണ്‍കുതിപ്പുകള്‍

പെണ്‍കുതിപ്പുകള്‍
കെ.വി.കല


ലോകം പ്രക്ഷോഭച്ചൂടില്‍ തിളച്ചുമറിയുകയായിരുന്നു, പോയവര്‍ഷം. ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള അറബ് ജനതയുടെ പോരാട്ടം, അഴിമതിക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള ചെറുത്തുനില്‍പ്പുകള്‍... ഈ സമരങ്ങളിലാകെ ഒപ്പത്തിനൊപ്പം, ചിലപ്പോള്‍ ഒരുപടി മുന്നിലായി സ്ത്രീകള്‍. അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ച 2011 അതുകൊണ്ടുതന്നെ സ്ത്രീ മുന്നേറ്റങ്ങളുടെ കൂടി വര്‍ഷമാണ്...




മൂടുപടത്തിനുള്ളില്‍ മുഖം മറച്ച് അകത്തളങ്ങളിലിരുന്നു മാത്രം ലോകം കണ്ട സ്ത്രീകള്‍ തെരുവുകളിലെ സമരപ്പന്തലുകളിലേക്ക് ഒഴുകുന്ന അവിശ്വസനീയമായ കാഴ്ചയാണ് അറബ് നാടുകളില്‍ കണ്ടത്. സമരം ജയിച്ചേ വീടുകളിലേക്ക് മടങ്ങുവെന്ന് പ്രഖ്യാപിച്ച സ്ത്രീകളുടെ നിശ്ചയ ദാര്‍ഢ്യം കൊണ്ട് കൂടിയാണ് ടുണീഷ്യയില്‍, ഈജിപ്തില്‍, ലിബിയയില്‍ ഏകാധിപതികള്‍ കടപുഴകി വീണത്. യെമനിലെ

സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ തവാക്കൂല്‍ കര്‍മന് ലഭിച്ച സമാധാന നൊബേല്‍ അറബ് വസന്തത്തിലെ പെണ്‍കുതിപ്പിനുള്ള അംഗീകാരം കൂടിയായി. സ്വേച്ഛാഭരണകൂടങ്ങളുടെ തോക്കിനും ലാത്തിക്കും മുന്നില്‍ ഒട്ടും പതറാതെ പോരാട്ടം തുടരുന്ന ഈജിപ്തിലെ സ്ത്രീകളുടെ അണയാത്ത സമരവീര്യം കണ്ടാണ് 2011 വിട പറഞ്ഞത്.

ഈജിപ്തില്‍ ഹുസ്‌നി മുബാരക്കിനെതിരായ പ്രക്ഷോഭത്തിനായി കയ്‌റോയിലെ തഹ്‌രീര്‍ ചത്വരത്തില്‍ തമ്പടിച്ച യുവതികള്‍ക്ക് കന്യകാത്വ പരിശോധന നടത്തിക്കൊണ്ടാണ് പട്ടാള ഭരണകൂടം വനിതാ പ്രക്ഷോഭകര്‍ക്കെതിരായ അവഹേളന നടപടികള്‍ക്കു തുടക്കം കുറിച്ചത്. സമരത്തിനെന്നു പറഞ്ഞു വീടുവിട്ടിറങ്ങുന്ന പെണ്ണുങ്ങള്‍ മറ്റെന്തെല്ലാമോ ആണ് ചെയ്യുന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള യാഥാസ്ഥിതിക പദ്ധതിയായിരുന്നു ഇതിനു പിന്നില്‍. കന്യകാത്വ പരിശോധന നിര്‍ത്തിവെക്കാന്‍ ഒടുവില്‍ കോടതി ഉത്തരവു വേണ്ടി വന്നു. മുബാരക്ക് ഒഴിഞ്ഞു പകരം വന്ന പട്ടാള ഭരണകൂടത്തിനെതിരെ പെണ്ണുങ്ങള്‍ സമരം തുടര്‍ന്നപ്പോള്‍ അധികാരികളുടെ തനിനിറം പുറത്തുവന്നു. പ്രക്ഷോഭത്തിനിറങ്ങിയ വനിതയെ മൂടുപടം വലിച്ചു ചീന്തി ക്രൂരമായി ചവിട്ടിമെതിക്കുന്ന പട്ടാളക്കാരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചു. ക്രൂരമായ ഈ പീഡനം ജനാധിപത്യ പ്രക്ഷോഭകാരികളുടെ വീര്യം വര്‍ധിപ്പിച്ചതേയുള്ളൂ.

നൊബേലിന്റെ ആദരം

സമാധാന നൊബേലിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് വനിതകള്‍ പുരസ്‌കാരം പങ്കിട്ട അപൂര്‍വതയ്ക്ക് പോയ വര്‍ഷം സാക്ഷിയായി.



ലൈബീരിയയിലെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലൈബീരിയിയലെ സ്ത്രീ -സമാധാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലീമ ബോവി, യെമനിലെ ജനാധിപത്യ പ്രക്ഷോഭനായിക തവാക്കൂല്‍ കര്‍മന്‍ എന്നിവരാണ് നൊബേലില്‍ ചരിത്രം കുറിച്ചത്.

മുതലാളിത്ത ആര്‍ത്തിക്കെതിരെ

സമ്പത്തിന്റെ 99 ശതമാനവും കൈയടക്കിവെച്ചിരിക്കുന്ന ഒരു ശതമാനം വരുന്ന വരേണ്യ വര്‍ഗത്തിനെതിരെ അമേരിക്കയില്‍ തുടങ്ങി ലോകമാകെ പടര്‍ന്ന പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

99 ശതമാനത്തിന്റെ പ്രതിനിധികളായി തൊഴിലില്ലായ്മകൊണ്ട് ജീവിതം വഴിമുട്ടിയ യുവതികളും വിദ്യാഭ്യാസ വായ്പയാല്‍ പഠനം തന്നെ വഴിമുട്ടിയ വിദ്യാര്‍ഥിനികളും അടുക്കളയിലെ ഇല്ലായ്മ അറിഞ്ഞ വീട്ടമ്മമാരും വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ മാതൃകയിലുള്ള സമരത്തിലണിചേരാന്‍ തെരുവുകളിലേക്കൊഴുകി.

മമതയെന്ന പോരാളി

പോയ വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ താരമായി മാറിയതും ഒരു വനിതയാണ്. ഒറ്റയാള്‍ പോരാട്ടത്തിലൂടെ പശ്ചിമ ബംഗാളിലെ മൂന്നര പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച അവര്‍ ദേശീയ രാഷ്ട്രീയത്തിലും അവഗണിക്കാനാവാത്ത സാന്നിധ്യമായി.



കേന്ദ്രഭരണത്തില്‍ പങ്കുകൊണ്ട് തന്നെ ഭരണമുന്നണിയിലെ തിരുത്തല്‍ ശക്തിയായി മമത സമരം തുടരുകയാണ്.

തൊഴിലുറപ്പിലെ നിശ്ശബ്ദ വിപ്ലവം

കേരളത്തിന്റെ സാമൂഹിക മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച കുടുംബശ്രീക്ക് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയിലും സ്ത്രീകള്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. പദ്ധതിക്ക് കീഴെ സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്.

അതായത് ലക്ഷം സ്ത്രീകള്‍ പണിയായുധങ്ങളുമായി വീടിന് പുറത്തിറങ്ങി സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി മാറുന്നു. സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക സ്വാതന്ത്ര്യം നിശ്ശബ്ദമായൊരു വിപ്ലവത്തിന് വഴിയൊരുക്കുകയാണ്.

അരുന്ധതിയുടെ തിരുത്തുകള്‍

എഴുത്തുകാരും സാംസ്‌കാരിക നായകരും പറയാന്‍ അറയ്ക്കുന്ന വിഷയങ്ങളില്‍ ചങ്കുറപ്പോടെ നിലപാട് വ്യക്തമാക്കി അരുന്ധതി വഴി മാറി മുമ്പേ നടന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോവാദി വേട്ടയുടെ മറവില്‍ നടക്കുന്ന ആദിവാസി ചൂഷണവും ജമ്മുകശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും ലോകശ്രദ്ധയിലെത്തിച്ചത് ഈ ബുക്കര്‍ ജേതാവിന്റെ വാക്കുകളും അക്ഷരങ്ങളുമാണ്.

ഐ.എം.എഫ് തലപ്പത്തും

അന്താരാഷ്ട്ര നാണയ നിധി (ഐ.എം. എഫ്.) മേധാവിയായി ആദ്യമായൊരു വനിത അധികാരമേറിയതും 2011ലാണ്. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ക്രിസ്റ്റീന ലഗാര്‍ദെയെന്ന മുന്‍ ധനകാര്യമന്ത്രിയില്‍ മുതലാളിത്തം പ്രതീക്ഷ അര്‍പ്പിച്ചത്.

ലീലാകുമാരി അമ്മയുടെ വിജയം

എന്‍ഡോസള്‍ഫാന്‍ എന്ന വിഷം മണ്ണില്‍ കണ്ണീരായി പെയ്തിറങ്ങുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ലീലാകുമാരി അമ്മയെന്ന കൃഷി ഓഫീസറായിരുന്നു. ഈ മാരക കീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് ലീലാകുമാരി അമ്മ തുടങ്ങിവെച്ച പോരാട്ടം വിജയം കണ്ട വര്‍ഷമാണ് കടന്നുപോയത്. കാസര്‍കോട്ടെ അമ്മമാരുടെ ദൈന്യത രാജ്യത്തെ പരമോന്നത നീതിപീഠം തിരിച്ചറിഞ്ഞ വര്‍ഷം.

നാല് മുഖ്യമന്ത്രിമാര്‍

നാല് സംസ്ഥാനങ്ങളില്‍ വനിതകള്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്തിയെന്ന അപൂര്‍വതയും 2011ന് സ്വന്തം.

രാജ്യ തലസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുന്ന ഷീല ദീക്ഷിതിനും യു.പി. മുഖ്യമന്ത്രിയായ മായാവതിക്കും കൂട്ടായി തമിഴ്‌നാട്ടില്‍ ജയലളിതയും വംഗനാട്ടില്‍ മമത ബാനര്‍ജിയും അധികാരമേറി.

ജയലക്ഷ്മിയുടെ നേട്ടം

ആദിവാസി വനിത ആദ്യമായി സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ ചരിത്രത്തിനും 2011 സാക്ഷ്യം വഹിച്ചു.

രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാരവും കുടുംബ പിന്തുണയുമൊന്നുമില്ലാതെ തന്നെ പി.കെ. ജയലക്ഷ്മിയെന്ന വയനാട്ടുകാരി വനിത, യുവജനക്ഷേമ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മാലാഖമാരും പോരാട്ട വഴിയില്‍

ആത്മഹത്യയും ആത്മാഹൂതിയും തമ്മിലുള്ള വലിയ അന്തരം ഓര്‍മിപ്പിച്ചുകൊണ്ട് മുംബൈയിലെ മലയാളി നഴ്‌സായ ബീന ബോബി വിടപറഞ്ഞത് പോയ വര്‍ഷമാണ്.



താനടക്കമുള്ള ആയിരക്കണക്കിന് നഴ്‌സുമാരുടെ തൊഴില്‍ ദുരിതങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ബീന കണ്ടെത്തിയ വഴിയായിരുന്നു മരണം.

സഹപ്രവര്‍ത്തകയുടെ മരണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ നഴ്‌സുമാര്‍ തുടങ്ങിയ സമരം രാജ്യമാകെ പടരാന്‍ താമസമുണ്ടായില്ല. തുച്ഛശമ്പളത്തിന് രാപകല്‍ അടിമപ്പണി ചെയ്യേണ്ടിവരുന്ന പതിനായിരങ്ങള്‍ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങള്‍ക്കായി സമരരംഗത്തിറങ്ങി.

കൊല്‍ക്കത്തയിലെ രവീന്ദ്രനാഥ ഇന്റര്‍നാഷണല്‍ആസ്പത്രിയിലെ ആയിരത്തോളം നഴ്‌സുമാര്‍ രാജിക്കത്ത് എഴുതി നല്‍കിയാണ് സമരത്തിന്റെ ഭാഗമായത്. കേരളവും അപവാദമായിരുന്നില്ല.

കൊച്ചി അമൃത ആസ്പത്രിയിലെ നൂറ് കണക്കിന് നഴ്‌സുമാര്‍ സമരരംഗത്തണിനിരന്നു. അസംഘടിതരായ വലിയ വിഭാഗം ജനങ്ങള്‍ തൊഴില്‍ ചൂഷണത്തിനെതിരെ സധൈര്യം മുന്നോട്ടുവന്നത് പോയവര്‍ഷത്തെ ആവേശകരമായ സമരക്കാഴ്ചയാണ്.

നിലവിളിയായി സൗമ്യയും ബംഗാളി പെണ്‍കുട്ടിയും

ഷൊറണൂര്‍ പാസഞ്ചറില്‍ ഒരു നിലവിളിയായി ഒടുങ്ങിയ സൗമ്യ കേരളത്തിലെ സ്തീകളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഓര്‍മപ്പെടുത്തലാണ്. സഹയാത്രികരുടെ ഇത്തിരി കാരുണ്യം ചങ്ങല വലിയായി സൗമ്യയുടെ ജീവിതം തന്നെ രക്ഷിക്കുമായിരുന്നു. എന്നാല്‍ ഈ വലിയ പിഴവ് കേരളം തിരുത്തിയത് സൗമ്യയുടെ ഘാതകന് ഏറ്റവും വേഗത്തില്‍ ശിക്ഷ ഉറപ്പാക്കിക്കൊണ്ടാണ്. സൗമ്യയുടെ മരണത്തെത്തുടര്‍ന്ന് കേരളം കണ്ട പ്രതിഷേധ, സമരപരമ്പരകള്‍ വേഗത്തില്‍ ശിക്ഷ നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

അരവയര്‍ നിറയാനായി തൊഴില്‍ തേടി എത്തിയ ബംഗാളി പെണ്‍കുട്ടിക്കുമുമ്പില്‍ കേരളം തലതാഴ്ത്തി നിന്ന ദിവസമായിരുന്നു ഡിസംബര്‍ അവസാനം. പിച്ചിച്ചീന്തി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഈ പെണ്‍കുട്ടി ബോധം നഷ്ടപ്പെട്ട് ആസ്പത്രിക്കിടക്കയിലാണ്. മലയാളിയല്ലാത്തതിനാല്‍ ആരുടെയും ധാര്‍മിക രോഷം പതഞ്ഞുപൊങ്ങിയില്ല. മൂന്നുനേരം ഭക്ഷണത്തിന് വകയില്ലാതെ ആസ്പത്രിയില്‍ കഴിയുന്ന കുട്ടിക്കും ബന്ധുക്കള്‍ക്കും എത്രയുംവേഗം ഈ നാടുവിട്ട് പോയാല്‍ മതിയെന്ന് മാത്രമാണ് ആഗ്രഹം. പെണ്‍കുട്ടി മടങ്ങുന്നതോടെ ഈ ക്രൂരകൃത്യം നടത്തിയ പ്രതികള്‍ രക്ഷപ്പെടുന്ന സ്ഥിതിവരും. സൗമ്യയുടെ കാര്യത്തില്‍ കാണിച്ച ജാഗ്രത ഈ പെണ്‍കുട്ടിയും കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.