2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

എന്റിക ലെക്‌സി

കപ്പലില്‍ നാടകീയരംഗങ്ങളുടെ രാത്രി
Posted on: 27 Feb 2012


കൊച്ചി: ഞായറാഴ്ച പുലര്‍ച്ചെ 12.10.മറൈന്‍ഡ്രവിലെ ബോട്ട്‌ജെട്ടിയിലുള്ള ഹൗസ് ബോട്ടില്‍ മാധ്യമ പ്രവര്‍ത്തകരുടെ വന്‍തിരക്ക്. കടല്‍ ശാന്തമാണ്. നേരിയ കാറ്റ് വീശുന്നുണ്ട്. എല്ലാവരുടെയും മുഖത്ത്, വാക്കുകളില്‍ ആകാംക്ഷമാത്രം. ലോകം മുഴുവനും ഉറ്റുനോക്കുന്ന അത്യന്തം അപൂര്‍വമായൊരു സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നതിന്റെ ഉദ്വേഗം അവരുടെ മുഖങ്ങളില്‍. ബോട്ട് മെല്ലെ നീങ്ങി.


ദൂരെ കൊച്ചി തുറമുഖ ട്രസ്‌ററിന്റെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ ലോകത്തിന്റെയാകെ ശ്രദ്ധാ കേന്ദ്രമായ എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ ചരക്ക് കപ്പല്‍. കറുപ്പും ചുവപ്പും ചായം പൂശിയ വമ്പന്‍ കപ്പലിന്റെ പകിട്ട് കാലം അല്പമൊന്ന് മങ്ങിപ്പിച്ചിട്ടുണ്ടെങ്കിലും വിളക്കുകളില്‍ നിന്നുള്ള കണ്ണഞ്ചിക്കുന്ന വെളിച്ചം എന്റിക ലെക്‌സിയില്‍ വീണു ചിതറുമ്പോള്‍ ഭംഗിയൊന്നു വേറെ, പക്ഷേ, ഈ കപ്പലില്‍ നിന്നുള്ള വെടിവെയ്പാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവന്‍ അപഹരിച്ചതെന്ന സത്യം അലയായി ഉയരുമ്പോള്‍ മനസ്സ് അശാന്തം.


എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുളള വന്‍ സംഘം കപ്പലില്‍ പരിശോധന നടത്തുകയാണ്. ശനിയാഴ്ച രാവിലെ 11 ന് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ന്നിട്ടും പൂര്‍ണതയിലെത്തിയിട്ടില്ല. പരിശോധനയുടെ പുരോഗതി അറിയാനുളള യാത്രയിലാണ് മാധ്യമപ്പട. മൈക്കും ക്യാമറയും ലാപ്‌ടോപ്പും വീഡിയോ ക്യാമറയും ഉള്‍പ്പടെയുള്ള സര്‍വസന്നാഹങ്ങളുമുണ്ട്. ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക മറിയയും ദേശീയമാധ്യമപ്രതിനിധികളും ബോട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.


ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍: ബോട്ട് പോര്‍ട്ട്ട്രസ്റ്റിന്റെ ബര്‍ത്തിലേക്ക് അടുക്കുമ്പോള്‍ എന്റിക ലെക്‌സിയില്‍ എഴുതിയിരിക്കുന്നത് കണ്ണില്‍പെട്ടു. സേഫ്റ്റി ഫസ്റ്റ്. കപ്പലിലുള്ളവരുടെ സുരക്ഷിതത്വം പ്രതീക്ഷിച്ചായിരുന്നുവോ മീന്‍ തേടി പോയവരുടെ മാറിലേക്ക് നിറയൊഴിച്ചത്? പന്ത്രണ്ടരയോടെ ബോട്ട് ബര്‍ത്തിലെത്തി. ഇവിടെ പോലീസ് സേനാംഗങ്ങളുമായി ചെറുബോട്ടുകള്‍. കപ്പലിനടുത്തുനിന്നും ടെലിവിഷന്‍ ചാനല്‍ സംഘത്തിന്റെ ലൈവ് റിപ്പോര്‍ട്ടിങ്. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്. ഇറ്റാലിയന്‍ കപ്പിലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു, പരിശോധന ഏറെക്കുറെ പൂര്‍ത്തിയായി. . . .


കപ്പലിലെ ഇററലിക്കാരെ കാണാന്‍ മറിയയ്ക്ക് തിടുക്കം. അവര്‍ കപ്പലിന് മുകളിലുള്ള ജീവനക്കാരെ നോക്കി ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.


കപ്പലില്‍ ഇപ്പോള്‍ എന്താവും സംഭവിക്കുന്നത് ? വന്‍ ആയുധശേഖരം ഉണ്ടാവുമോ? വെടിവെപ്പിന് ഉപയോഗിച്ച തോക്ക് തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ ? അഭ്യൂഹങ്ങള്‍, ചോദ്യങ്ങള്‍ നിരവധിയാണ്.


മാധ്യമസംഘത്തിലെ മൂന്നുപേര്‍ വീതം ഗോവണി കയറി കപ്പലിന്റെ ഡക്കിലെത്താനാണ് പോലീസ് അനുമതി. കപ്പലിലേക്ക് കയറാന്‍ വന്‍ തിരക്ക്. അവരെ നിയന്ത്രിക്കാന്‍ പോലീസിന് പെടാപ്പാട്. ഇതിനിടെ സ്ഥിരീകരിക്കാനാവാത്ത ഒരു വാര്‍ത്ത പിറന്നു: കപ്പലില്‍ നിന്നും നാല്‍പതോളം തോക്കുകള്‍ കണ്ടെടുത്തു. ഇതില്‍ അഞ്ച് റൈഫിളുകളും ഒരു മെഷീന്‍ഗണ്ണും ഉണ്ട്. വാര്‍ത്ത ശരിയെന്ന് ഉറപ്പുവരുത്താനാകാത്തതിനാല്‍ നേരേ മനസ്സിന്റെ ചവറ്റുകുട്ടയിലേക്ക്.


പെട്ടികളുമായി ഉദ്യോഗസ്ഥര്‍: സമയം 1. 45. കപ്പലില്‍ നിന്നും ഒരു സംഘം ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പെട്ടികളുമായി ബര്‍ത്തിലേക്കിറങ്ങി. ഗോവണി വഴി കയറുന്നതിലും പ്രയാസകരമാണ് ഇറങ്ങാനെന്നതിനാല്‍ ഏറെ സൂക്ഷിച്ചാണ് ഇറക്കം. രാവിലെ 11 മണിക്ക് പരിശോധനയ്ക്കായി കപ്പലില്‍ കയറിയതാണ്. ഇവരുടെ മുഖത്ത് പന്ത്രണ്ട് മണിക്കൂറിലേറെ അധ്വാനിച്ചതിന്റെ ക്ഷീണം വ്യക്തം. കാത്തുകിടന്ന ബോട്ടില്‍ കയറി അവര്‍ തിടുക്കത്തില്‍ കരയിലേക്ക്. തുടര്‍ന്ന് ബാലിസ്റ്റിക് , വിരലടയാള വിദഗ്ദ്ധരുടെ വരവ്.


2. 00 . ഒരു സംഘം ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പടിയിറങ്ങി ബോട്ടിലേക്ക്. പുറമെ അന്തരീക്ഷം ശാന്തമാണെങ്കിലും കപ്പലിനുള്ളിലും ബര്‍ത്തിലും തിരക്കിട്ട ജോലികള്‍. ഡെഡ് ലൈനിന് മുമ്പ് വാര്‍ത്ത നല്‍കാനാവുമോ? മാധ്യമപ്രവര്‍ത്തകരുടെ ആശങ്ക ഇരട്ടിക്കുകയാണ്. തുടര്‍ന്ന് വീണ്ടും ഇറ്റലിയില്‍ നിന്നുള്ള സംഘം ഗോവണികടന്ന് ബോട്ടിലേക്ക്. അവരുടെ മുഖത്ത് തികഞ്ഞ ഗൗരവം.


രണ്ടരയായതോടെ കൊല്ലം സിററി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയും സംഘവും എത്തി. ഇതിനിടെ മാധ്യമ സംഘത്തിലെ മൂന്ന് പ്രതിനിധികള്‍ വീതം കപ്പലിന്റെ ഡക്കില്‍ കയറുകയും ചിത്രങ്ങള്‍ പകര്‍ത്തി താഴെയെത്തുകയും ചെയ്തു.


തോക്കുകള്‍ താഴേക്ക്: 2.40. ഏറെ നേരമായി കാത്തിരുന്ന ആ ദൃശ്യം കണ്‍മുന്‍പില്‍. കപ്പലില്‍ നിന്നും ക്രയിന്‍ ഉപയോഗിച്ച് സീല്‍ ചെയ്ത് നാലുപെട്ടികള്‍ നിലത്തിറക്കി. ആയുധങ്ങളും കണ്ടെടുത്ത വസ്തുക്കളുമാണിത്. എന്തെല്ലാം ആയുധങ്ങളാവും പെട്ടിയില്‍? വീണ്ടും ആശങ്ക. വലുതും ചെറുതുമായ രണ്ട് അലുമിനിയം പെട്ടികളും കറുത്ത നീളം കൂടിയ പെട്ടിയും ഒരു നീല പെട്ടിയും .


2.42. ബ്രേക്കിങ് ന്യൂസുമായി കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍ എത്തുമോ? ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കമ്മീഷണര്‍ വേഗത്തില്‍ ഗോവണി ഇറങ്ങി അതാ വരുന്നു. പിടിച്ചെടുത്ത പെട്ടികള്‍ക്ക് പിന്നിലായി അദ്ദേഹം നിന്നു. ഒപ്പം കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ദേബേഷ് കുമാര്‍ ബഹ്‌റ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും. പിന്നെ കപ്പലില്‍ നടന്ന പരിശോധനകളുടെ ബ്രീഫിങ്. കേസന്വേഷണത്തിനു വേണ്ട തെളിവുകളെല്ലാം ശേഖരിച്ചെന്നും എന്നാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിലത്തെ വാര്‍ത്തകള്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും മൈക്കുകളില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നും മാധ്യമസ്ഥാപനങ്ങളിലേക്ക് ഒഴുകി. ഡെഡ് ലൈന്‍ കഴിഞ്ഞവര്‍ക്ക് നിരാശ.


മൂന്നുമണിയോടെ പിടിച്ചെടുത്ത പെട്ടികള്‍ ബോട്ടിലേക്ക് മാറ്റി. മാധ്യമസംഘവും കമ്മീഷണര്‍ അടക്കമുള്ള പോലീസ് സംഘവും ബര്‍ത്തില്‍ നിന്നും മറ്റു ബോട്ടുകളിലേക്ക്. മറൈന്‍ഡ്രൈവിലെ ബോട്ട്‌ജെട്ടിയിലെത്തുമ്പോള്‍ സമയം മൂന്നരയായി. വഴിയോര തട്ടുകടയില്‍ പതിവിലേറെ തിരക്ക് . ചായകുടിക്കാനെത്തിയവരുടെ കൈയില്‍ പത്രം. പ്രധാന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങിനെയായിരുന്നു: 'തോക്കുകള്‍ പിടിച്ചെടുത്തു'. ഒന്നര ദിവസത്തെ അധ്വാനം സാഫല്യമായതിന്റെ സംതൃപ്തി മാധ്യമസുഹ്യത്തുക്കളുടെ മനസ്സിനെ തഴുകി കടന്നുപോയി. 



Mathrubhumi  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ