സർക്കാർ ദാദയുടെ ഓലപ്പീപ്പി...
സർക്കാർ ഉദ്യോഗസ്ഥർ രാജ്യത്തിൻറെ ഉരുക്ക് നട്ടെല്ല് ആണെന്നാണ് വിവരം ഉള്ളവർ പണ്ട് പറഞ്ഞത് . രാഷ്ട്രീയക്കാർ 5 വര്ഷം ഭരിക്കുമ്പോൾ അവർ 30 -40 വര്ഷം വരെ രാജ്യത്തെ സേവിക്കും. കേരളത്തിന്റെ വരുമാനത്തിന്റെ മുക്കാൽ ഭാഗവും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പെൻഷൻ കൊടുക്കാനാണെന്നത് നമ്മെ ചിന്തിപ്പിക്കും. 80:20 റൂൾ എല്ലാവര്ക്കും ബാധകമാണ്. രാജ്യത്തിൻറെ 80 ശതമാനം സ്വത്തും 20 ശതമാനം ആളുകളുടെ കയ്യിൽ . സംസഥാനത്തെ വരുമാനത്തിൻറെ 80 ശതമാനവും അഞ്ച് ശതമാനം ആളുകൾക്ക് വേണ്ടി . ഈ രീതിക്കെതിരെ ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും അസഹിഷ്‌ണത നുരഞ്ഞു പൊങ്ങാറുണ്ട് . വൺ ഇന്ത്യ വൺ പെൻഷൻ (OIOP) എന്ന വിഷയവും ഇങ്ങനെയാണ് ഉയർന്നു വന്നത് .
OIOP ആശയത്തിനെതിരെ സ്വാഭാവികമായും ശബ്ദം ഉയർത്തുന്നത് സർക്കാർ ഉദ്യോഗസ്ഥർ ആണെന്നുള്ളതിൽ അതിശയോക്തിയില്ല. സർക്കാർ ഉദ്യോഗസ്ഥരിൽ പകുതിയോളം വരുന്ന അദ്ധ്യാപക സമൂഹം കൂടുതൽ പ്രകോപിതരാകുകയും ചെയ്‌യുന്നു. ഒത്തിരി നല്ല ആളുകൾ ഉള്ള സർക്കാർ വിഭാഗത്തെ മോശമാക്കുന്നത് ചുരുക്കം ചില ആളുകളുടെ പ്രവർത്തനമാണ് . ഇവരുടെ പ്രവർത്തനങ്ങൾ നല്ല ആളുകളെക്കൂടി മോശമാക്കാനും സർക്കാർ സംവിധാനത്തെ മോശമായി ചിത്രീകരിക്കാനും ഇടയാക്കുന്നു. ഒരു സർക്കാർ കോളേജ് അദ്ധ്യാപകൻ കുട്ടികളോട് പറയുന്നത് കേട്ടതാണ്. 'നിങ്ങൾ സർക്കാർ ജോലി നേടിയാൽ പിന്നെ ഒരുത്തനെയും വകവെക്കേണ്ട, ആരുടെയും മുൻപിൽ തലകുനിക്കണ്ട' (ചിലർ പറയും ഒരു പട്ടിയുടെയും മുൻപിൽ). ഇവർ അറിയപ്പെടുന്നത് government servant /public service എന്നാണ് എന്ന് കൂടി ഓർക്കണം. നമ്മുടെ ഓരോരുത്തരുടേയും സർക്കാർ ഓഫിസുകളിൽ അനുഭവം മാത്രം മതിയാകും പൊതുജനം എത്ര ശ്വാസംമട്ട് അനുഭവിക്കുന്നു എന്ന് വിളിച്ചു പറയാൻ. സേവിക്കേണ്ടവർ ഉപദ്രവിക്കുന്ന പ്രവണത അസഹനീയമാകാൻ അനുവദിച്ചു കൂടാ.
1.ഒരു ദിവസം KSRTC ബസിൽ കയറാൻ കൈ കാട്ടി. ഒറ്റവണ്ടിയും നിർത്തുന്നില്ല. പലതും ആളില്ലാതെയാണ് സുഖ യാത്ര, അവസാനം ഒരു വണ്ടിയുടെ മുൻപിൽ കയറി നിന്ന്, ഓടി കയറി. കാര്യം ചോദിച്ചപ്പോൾ കണ്ടുക്ടറുടെ മറുപടി - "എന്റെ റേഷൻ കാർഡ് നിന്റെ കയ്യിൽ അല്ലെ -പോയി എന്നാണെന്ന് വച്ചാൽ ചെയ്യ്". ഞാൻ എന്നാ ചെയ്യാൻ? എന്ന് ഈ ആന വണ്ടി ഒരു വെള്ളാന അല്ലേ. ഇതിനു കാരണം ഇത്തരം ഉദ്യോഗസ്ഥരാണ്. തച്ചങ്കരി ഒരു വിധത്തിൽ ശരിയാക്കാൻ ശ്രമിച്ചു (ബിസിനസ് അറിയാവുന്ന ആളാണല്ലോ ), പക്ഷെ ഇവന്മാർ അയാളെ തല്ലി ഓടിച്ചു. ഇന്ന് കോടികൾ ദിവസവും നഷ്ടത്തിൽ, പണം കൊടുക്കുന്നത് ഖജനാവിൽ നിന്നും. സർക്കാരും തൊഴിലാളി യൂണിയനും ചേർന്നാൽ പൊതുജനം പമ്പര വിഡ്ഢികൾ. പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കൂ. ലാഭത്തിൽ ഉള്ളത് മഷി ഇട്ട് നോക്കിയാൽ പോലും കാണില്ല. കാരണം ഇത്തരം അഴിമതിയും കെടുകാര്യസ്ഥതയും ആണ്. ബിസിനസ് ചെയ്യാൻ അറിയാത്തവർ എങ്ങനെ ആണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ പാസായാൽ അത് ചെയ്യാൻ പറ്റുമോ? അവർക്ക് നിയമത്തിന്റെ പുസ്തകം പറയുന്ന ചട്ടങ്ങൾ നോക്കിയാൽ മതി. ലാഭം വന്നാലും നഷ്ടം വന്നാലും ആർക്കു ചേതം.എന്തായാലും ഇങ്ങനെയുള്ള ധൂർത്തും കെടുകാര്യസ്ഥതഹും ചെയ്ത ചെയ്തു സർക്കാരിന്റെ അല്ല ജനങളുടെ കടം മൂന്നര ലക്ഷം കോടിയിൽ വരെ എത്തി. ആര് ചോദിയ്ക്കാൻ ആര് പറയാൻ .
2. ലാഭകരമായ ബിസിനസ് നടത്താനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കുക. അത് അറിയാവുന്നവർ ചെയ്യട്ടെ. നിയത്രണവും മേൽനോട്ടവും മാത്രം സർക്കാർ മതി.
3. സർക്കാരിന്റെ ഒട്ടു മിക്ക സേവങ്ങളും മികച്ച രീതിയിൽ ചെയ്യാൻ Public Private Partnership (PPP ) മോഡലുകൾക്ക് സാധിക്കുന്നു. ഉദാഹരണം പാസ്പോര്ട്ട്. ഇപ്പോൾ ഒരു പ്രൈവറ്റ് ഏജൻസി ആണ് ചെയ്യുന്നത്. കൃത്യസമയത് ഒരു മെനക്കേടുമില്ലാതെ കാര്യം നടക്കും. പണ്ട് എന്തായിരുന്നു അവസ്ഥ . എത്രപ്രാവശ്യം ഓഫിസുകൾ കയറി ഇറങ്ങണമായിരുന്നു . പോലീസുകാരന് എത്ര കൂടുതലാ. എന്നാൽ ഒരു സർക്കാർ ഓഫീസിലോ ? ശമ്പളവും കഴിവും ഇല്ലാഞ്ഞിട്ടാണോ ജനങ്ങളെ ഇങ്ങനെ വലയ്ക്കുന്നത് . അതുകൊണ്ട് കഴിയുന്ന സേവനങ്ങൾ ഇത്തരത്തിൽ (PPP ) ആക്കുക. എല്ലാം സർക്കാർ മേഖലയിൽ വേണം എന്ന് നിർബന്ധം പിടിക്കരുത്. ഇത് ഖജനാവ് കുളം തോണ്ടാനും ജനങ്ങളെ കൊള്ള അടിക്കാനും മാത്രമേ ഉപകരിക്കൂ.
4. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം നോക്കൂ. ചില്ലറ സീറ്റ് ഒന്നും അല്ല ഉള്ളത്. ഏറ്റവും കൂടുതൽ നോട്ട് കൊടുക്കാൻ പറ്റുന്നവന് അല്ലേ അത് കിട്ടുകയുള്ളൂ. പിൻവാതിൽ, ആശ്രിത/ബന്ധു, PSU നിയമനങ്ങൾ വേറെ. ശമ്പളം കൊടുക്കുന്നത് സർക്കാർ, നിയമനം നടത്തുന്നത് മാനേജമെന്റ്. ഒരാളിൽ നിന്നും 50 ലക്ഷം മേടിച്ചാൽ 20 പേരുണ്ടെങ്കിൽ എത്ര ആയി. ഇതിന്റെ ഓഹരി ആര്ക്കെല്ലാമാണ്? അതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും പോസ്റ്റും സ്‌കൂളും സ്ഥാപനങ്ങളും എല്ലാം അനുവദിക്കും. കഴിവും യോഗ്യതയും ഉള്ളവർ പുറത്ത്. ശമ്പളം കൊടുക്കുന്നതോ ജനങ്ങൾ കൊടുത്ത നികുതിയിൽ നിന്ന്. അപ്ലിക്കേഷൻ കൊടുത്താൽ കാശ് പോയത് മാത്രം മെച്ചം. ആരുടെയൊക്കെ അമ്മാച്ചനും അന്തരവനുമാണ് ഇവിടെ നിയമിക്കപ്പെടുന്നത് ചോദിയ്ക്കാൻ പോലും ആരുമില്ല. ഇനി ചോദിച്ചാലും അറിഞ്ഞാലും ഒന്നും ചെയ്യാനും പറ്റില്ല.
5. ഒരു പാവം മനുഷ്യൻ ഒരു എയ്ഡഡ് കോളേജിൽ കോൺട്രാക്ട് ആയി പഠിപ്പിക്കാൻ പോയി. രണ്ട് വർഷം പഠിപ്പിച്ചു. മാസം 4000 രൂപ . ഇന്ന് 16 വർഷം കഴിഞ്ഞു. ചില്ലിക്കാശ് കൊടുത്തില്ല. ചോദിച്ചപ്പോൾ രേഖയില്ല തെളിവില്ല പ്രോസസ്സിംഗ് ആണ് എന്നെല്ലാം. കൂടുതൽ ചോദിച്ചപ്പോൾ മേടിക്കാമെങ്കിൽ മേടിച്ചോ എന്ന്? പാവം സാധു ! ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് മേടിച്ച ജോലിയിലൂടെ മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ആ വമ്പന്മാരോട് എന്ത് പറയാൻ?
6. വയസ്സ് അറുപത്തി രണ്ടായ രോഗിയായൊരു സ്ത്രീ. ഒരു കമ്പനിയിൽ ജോലി ചെയ്തതിന്റെ ശേഷം പെൻഷൻ അപേക്ഷിച്ചു. നട്ടം തിരിഞ്ഞാണ് അപ്പ്ലിക്കേഷന് വേണ്ട രേഖകൾ സംഘടിപ്പിച്ചത്. ഒറിജിനൽ എല്ലാം പെൻഷൻ ആഫീസിൽ സമർപ്പിച്ചു. നാലുമാസം ആയിട്ടും ഒരു അനക്കവും ഇല്ല അന്വേഷിച്ചു ചെന്നപ്പോൾ അങ്ങനെ ഒരു അപേക്ഷ കാണാനില്ല. പിന്നെയും അലച്ചിൽ. അവസാനം അത് സ്വന്തം കയ്യിൽ നിന്ന് നഷ്ട്ടപ്പെട്ടുപോയി എന്ന രേഖയും മറ്റ് പല രേഖകളും സംഘടിപ്പിക്കാൻ മെനെക്കെടൽ. കാശ് ചെലവ്, ഓഫീസുകൾ കയറി വീണ്ടും നടക്കൽ. എന്തെങ്കിലും ചോദിച്ചാൽ എന്തോ ഔദാര്യം പോലെ.
നമ്മുടെ സർക്കാർ ആഫീസുകളുടെ അവസ്ഥ പറഞ്ഞു എന്നേയുള്ളൂ. വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് സർക്കാർ ഓഫിസുകളും സർക്കാർ ഉദ്യോഗസ്ഥരും ബാലികേറാ മല ആണെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ലല്ലോ .
OIIP എന്ന ആശയം പരക്കെ ചർച്ച ചെയ്യപ്പെടുന്ന നിലക്ക് ചില കാര്യങ്ങൾ കൂടി OIOP ചിന്തിക്കേണ്ടി ഇരിക്കുന്നു. അതിനായി പൊതുജങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുക. അങ്ങനെ ഒരു മെമ്മോറാണ്ടം തയ്യാറാകുക. പിന്നീട് ഒരു മാനിഫെസ്റ്റോ തയ്യാറാക്കാവുന്നതാണ്. സർക്കാർ ഓഫീസും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക നികുതി പണം ഉത്തരവാദിത്വത്തോടെ വിനയോഗിക്കുക എന്നതാകണം ലക്ഷ്യം. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും യൂണിയനും ചേർന്ന് ജനങ്ങളെ നോക്ക് കുത്തികൾ ആക്കുന്ന പ്രവണത അവസാനിപ്പിക്കണം.ഇത് സർക്കാരിന്റെ അട്ടിമറിക്കാനാണെന്നുള്ള വാദത്തെ ശേഖരിച്ച വിവരങ്ങൾ കൊണ്ട് നേരിടണം. മാറ്റ് രാജ്യങ്ങളിലെ മുതിർന്ന പൗരന്മാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻ രീതികൾ പഠിക്കണം . എതിർപ്പ് കൂടുന്തോറും അംഗീകാരം കൂടുന്നു എന്നാണല്ലോ മനസ്സിലാക്കേണ്ടത്.
1. വാർധ്യക്യത്തിൽ എല്ലാവര്ക്കും പെന്ഷന് അര്ഹതയുണ്ടാകണം. മാന്യമായി ജീവിക്കാൻ അതുകൊണ്ട് കഴിയണം. കള്ള് കുടിയനോടും റോഡരികിൽ കുത്തി ഇരിക്കുന്നവനോടും വിവേചനം വേണ്ട. എല്ലാവര്ക്കും സർക്കാർ ഉദ്യോഗസ്ഥർ ആകാനുള്ള കഴിവ് ഇല്ല എന്ന് വിനയപൂർവ്വാം അംഗീകരിക്കുക. എല്ലാവരും ജീവിക്കട്ടെ. ഒന്നുമല്ലെങ്കിലും കള്ള് കുടിയന്റെ പണം കൊണ്ടാണല്ലോ ഖജനാവിൽ കാശ് ഉണ്ടാകുന്നത്.
2. സർക്കാർ ഉദ്യോഗസ്ഥർ ആയാലും ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക മാത്രം അല്ലെങ്കിൽ ജോലി ചെയ്ത സമയത്തു അടക്കുന്ന തുക മാത്രം പെൻഷൻ ആയി നൽകുക. പകുതി ശമ്പളം എന്ന അശാസ്ത്രീയ രീതി അവസാനിപ്പിച്ചു ഇപ്പോൾ അങ്ങനെ ലഭിക്കുന്നവർക്ക് ജീവിക്കാൻ ആവശ്യമായത് നൽകുക. ഇത്തരം പെൺസണുകൾക്ക് പരിധി വക്കുക . പങ്കാളിത്ത പെൻഷൻ മുഴുവനായി നടപ്പിലാക്കുക.
3. രാഷ്‌ടീയക്കാരുടെ/ജനപ്രതിനിധികളുടെ ശമ്പളം അവർ തന്നെ നിശ്ചയിക്കുന്നത് നിർത്തുക. അതിനു ജനകീയ കമ്മിറ്റികൾ ഉണ്ടകണം.
6. എല്ലാ നിയമങ്ങളും (കോൺട്രാക്ട് ഉൾപ്പടെ ) PSC വഴി ആക്കുക. PSC മെമ്പർ മാരുടെ എണ്ണം നിജപ്പെടുത്തുക. അവരെ തിരഞ്ഞെടുക്കുന്നത് സുതാര്യമാക്കുക. യൂണിവേഴ്സിറ്റി, എയ്ഡഡ് നിയമനകളും PSC വഴി ആക്കുക. നിരവധി നിയമന സ്ഥാപനങ്ങൾ എന്തിനാണ് ?. എല്ലാ പരീക്ഷയും ഒരു സുതാര്യമായ സ്ഥാപനത്തിന്റെ കുടക്കീഴിൽ വരട്ടെ.
7. സേവനങ്ങൾ ലഭിക്കുവാൻ സമയക്രമം /നിശ്ചിത സമയം വക്കുക. വൈകിയാൽ അപേക്ഷകന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് നഷ്ട പരിഹാരം നൽകുക.
8. അദ്ധ്യാപകർക്ക് ഉള്ള അവധി നിജപ്പെടുത്തുക. നീണ്ട അവധികൾ അവരുടെ വ്യക്തി വികസനം, അറിവ് ഇവ മെച്ചപ്പെടുത്താൻ ഉപയോക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുക. ചില അദ്ധ്യാപകർ ആഴ്ചയിൽ ഒരിക്കൽ വന്നു പഠിപ്പിക്കും, ബാക്കി ദിവസം മറ്റുപല ഉദ്യോഗം ആണ്. പിന്നെ തങ്ങൾക്ക് തോന്നുന്ന സമയത്ത് പിള്ളേരെ കഷ്ടപ്പെടുത്താൻ സ്പെഷ്യൽ ക്ലാസ്സ്. സ്പെഷ്യൽ ക്ലാസിനു പ്രത്യേക അനുമതി വേണം എന്ന് ആക്കുക. ഇനി അനുവദിച്ച സമയത്ത് പാഠ്യഭാഗം തീരുന്നില്ല എങ്കിൽ പാഠ്യ ക്രമം പരിഷ്കരിക്കുക. അധ്യാപകരുടെ സൗകര്യത്തിനു കുട്ടികളെ ചുറ്റിക്കരുത്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയ സമിതികൾ രൂപീകരിക്കുക. ഒരു വിദ്യാർഥിയുടെ അവകാശം അവരെ ബോധ്യപ്പെടുത്തുക. അത് ലംഘിക്കപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് അവർ പഠിക്കട്ടെ. ഈ നിർദ്ദേശം അദ്ധ്യാപകർക്ക് എതിരല്ല. അദ്ധ്യാപകർ മോശം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല. എന്നാൽ ഓരോ പൗരനും ഉത്തരവാദിത്വം ഉള്ളവരായി വളരാൻ അധ്യാപകരുടെ പങ്ക് നിർണ്ണായകമാണ്. കാരണം ആരും അധ്യാപരുടെ കീഴിൽ പഠിക്കാതെ വളരുന്നില്ല.സമൂഹത്തിൽ വലിയ ഉത്തരവാദിത്വം ആണ് അധ്യാപകർ നിറവേറ്റേണ്ടത്.
9. പല ഓഫിസുകളിലും അത്രയും ഉദ്യോഗസ്ഥരുടെ ആവശ്യം ഇല്ല.പല നിയമനങ്ങളും ആശ്രിതരെയും ബന്ധുക്കളെയും യൂണിയൻകരേയും തൃപ്തിപ്പെടുത്താനാണ് . അതുകൊണ്ട് തന്നെ എത്രപേർ വേണം എന്ന് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പഠിപ്പിക്കണം. പല ഓഫിസിലും ചെന്നാൽ ചെരുപ്പ് മാത്രമാണ് . ആളൊഴിഞ്ഞ കസേര . അത് അവസാനിപ്പിക്കണം
10 . എന്തിനും ഏതിനും കൺസൾട്ടൻസി ആണ് 4 -5 ലക്ഷം മാസം ശമ്പളം കൊടുക്കും . എന്നിട്ട് എന്തെങ്കിലും സിദ്ധാന്തം അവതരിപ്പിക്കും . അത് ഒരിക്കലും ആരും വായിക്കുകയോ നടപ്പിലാക്കുകയോ ചെയ്യില്ല. (മനസ്സിലാകാത്ത കൊണ്ട് ആണോ ആവൊ ). പക്ഷെ ഇതിന്റെ ആവശ്യം ഉണ്ടോ ?. ഇല്ല. ഇത്തരം കരാറുകൾ നിർത്തണം . സ്വതന്ത്ര കമ്മിറ്റികൾ പരിശോധിച്ച ശേഷം ആവശ്യം എങ്കിൽ മാത്രം പരിഗണിക്കുക. അതല്ലെങ്കിൽ ഇത് ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുക എന്നത് പരിഗണിക്കുക. ഉദ്യോഗസ്ഥർക്ക് ഇതിനു പ്രാഗൽഫ്യാ0 ഉണ്ടാകണം .
11 . ജോലി സ്ഥിരത ഉണ്ട് എന്നതാണ് സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളെ വക വെക്കാത്തതിന്റെ പ്രധാന കാരണം.ജോലി ചെയ്താലും ചെയ്തില്ലെങ്കിലും കാശ് കിട്ടും. ആരും ഒന്നും ചോദിക്കില്ല . ഇനി ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ യൂണിയൻ ഇടപെടും. അതുകൊണ്ട് സ്ഥിരനിയമങ്ങൾ കഴിവതും ഒഴിവാക്കുക.
12 . പ്യൂണായി ജോലിയിൽ പ്രവേശിക്കുന്നവർ പിരിയുമ്പോൾ ലഭിക്കുന്ന ശമ്പളം പലപ്പോഴും ന്യായീകരിക്കാൻ കഴിയാത്തത് ആണ് . ശമ്പള വർധനവും പ്രമോഷനും വിദ്യാഭ്യാസവും കഴിവും മുൻനിർത്തി മാത്രം നൽകുക
13 സർക്കാർ എന്തിനും ഏതിനും കമ്മിഷൻ രൂപീകരിച്ചു പാർട്ടിക്കാരെ തിരുകി കയറ്റി പണം നഷ്ടപ്പെടുത്തുന്നത് തികച്ചും നിരാശാജനകമാണ്. PSC കമ്മീഷൻ അംഗങ്ങൾ , യൂത്തു കമ്മീഷൻ , ഭരണ പരിഷകര കമ്മീഷൻ ഇങ്ങനെ നിരവധി.
14 . ഇനി ടാക്സ് നന്നായി പിരിച്ചാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല എന്നാണല്ലോ ഒരു പക്ഷം. സർക്കാർ ഉദ്യോഗസ്ഥരല്ല , രാഷ്ട്രീയക്കാരാണ് അഴിമതിക്കാർ എന്നും പറയുന്നുണ്ടല്ലോ. എന്നാൽ ടാക്സ് പിരിക്കേണ്ടത് ആരാണ് . സർക്കാർ ശമ്പളം കൊടുക്കുന്ന അവർ പിരിക്കാത്തത് കൊണ്ടല്ലേ ഈ പ്രതിസന്ധി . ഇനി ചില ആളുകൾ രാഷ്ട്രീയക്കാരുടെ പാവയായി നിന്ന് പല നിയ വിരുദ്ധ പ്രവർത്തനങ്ങളും നടത്തി പണം ഉണ്ടാകും . ഓരോ നിയമവും സംരക്ഷിക്കാൻ ചുമതലപ്പെട്ട അവർ അതിനെതിരെ പ്രവർത്തിക്കും . നിയമങ്ങൾ കാറ്റിൽ പറത്തും . മണ്ണ് എടുക്കൽ , കൃഷി നിലം നികത്തൽ, അനധികൃത നിർമ്മാണം , പറ ഘനനം , പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ ഇവയോട് കണ്ണടക്കൽ , പാവപ്പെട്ടവന് എന്തെങ്കിലും കുടിൽ വ്യവസായം ചെയ്താൽ ഉപദ്രവിക്കാൽ ഇതെല്ലം ചെയ്യുന്നത് ആരാണെന്ന് പൊതുജനനത്തിനു അറിയാം . രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് തടയാൻ ഒറ്റകെട്ടായി ജനം തീരുമാനിക്കാൻ കഴിയുന്ന സംവിധാനങ്ങൾ OIOP നിർദ്ദേശിക്കണം
എന്റെ ചില അഭിപ്രായങ്ങൾ ഇവിടെ കുറിച്ച് എന്നെ ഉള്ളൂ . സർക്കാർ ശമ്പളം വാങ്ങുന്ന ആളാണെങ്കിലും പല കാര്യങ്ങളിലും മാറ്റം വേണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ . നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തിയാൽ ആ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ മാർഗ്ഗ രേഖ തയ്യാറാക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. നന്ദി . OIOP മാനിഫെസ്റോയിൽ ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കമന്റ് ചെയ്യുമല്ലോ .
രാജ്യത്തിന്റെ നന്മ ആഗ്രഹിച്ചുകൊണ്ട്
(ഡോ . പോൾ വി മാത്യു )