2019, ഏപ്രിൽ 7, ഞായറാഴ്‌ച

ജനാധിപത്യം ഇല്ലാത്ത (ഞാൻ കണ്ട) ദില്ലി

ജനാധിപത്യം ഇല്ലാത്ത ദില്ലി (ഞാൻ കണ്ട ദില്ലി )

ആയുധം ഇല്ലാത്ത വേട്ടക്കാരൻ പോലെയാണ് ദില്ലി സർക്കാർ. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതെ വന്നാൽ വെട്ടിലാവുന്നത് ജനങ്ങൾ തന്നെയാണ് ഒപ്പം ജനങ്ങൾ വിശ്വാസം അർപ്പിച്ച പാർട്ടിയും. അത്തരം ഒരു പണിയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കിട്ടിയത്. 

ബി ജെ പി അധികാരത്തിൽ വരാൻ ഇദ്ദേഹത്തിന്റെ സംഭാവന നിർണ്ണായകമായിരിന്നിട്ടും മോദി ദയ കാണിച്ചില്ല എന്ന് വേണം പറയാൻ. മൃഗീയ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ ഭരണത്തിൽ വന്ന സാഹചര്യത്തിൽ  മുഴുവൻ സന്നാഹങ്ങൾ ഇറക്കിയിട്ടും  ദില്ലിയിൽ നിഷ്പ്രഭമായി പോയ മോദിക്ക്,  പിന്നീട് കോൺഗ്രസ്‌ സഹായത്തോടെയും തുടർന്ന് തനിച്ചും അധികാരത്തിൽ  വന്ന  കെജ്‌രിവാൾ സർക്കാരിന് ഇതിനപ്പുറം ഒരു മധുര പ്രതികാരം ചെയ്യാൻ ഇല്ല. ഒരു വിധത്തിൽ പറഞ്ഞാൽ ദില്ലിയിൽ ആപ്പ് സർക്കാർ ആപ്പിൽ ആയി എന്ന് പറഞ്ഞാലും അത്ഭുതമില്ല. എല്ലാം അറിഞ്ഞു കൊണ്ട് വാഗ്ദാനങ്ങൾ നൽകി എന്നാൽ പലതും നടപ്പാക്കാനാവാതെ നിരന്തര ശീത സമരങ്ങളിലൂടെ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും  കണ്ണിൽ കരടാകേണ്ടി വരുന്ന ദയനീയത.

 ഒരു വശത്ത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കണം മറുവശത്തു പാർട്ടിയെ വളർത്തണം, ഒരു പക്ഷെ നിലനിൽപ്പിന്റെ രാഷ്ട്രീയമാണ് ആപ്പിന് ഡൽഹി. ദില്ലിക്ക് പുറമേ ഏതെങ്കിലും സംസ്ഥാനത്തു ആയിരുന്നു ആപ് പാർട്ടിക്ക് ഭരണം ലഭിച്ചിരുന്നെതെങ്കിൽ കെജ്‌രിവാൾ ഇന്ത്യയുടെ മാന്ത്രിക മനുഷ്യൻ ആകുമായിരുന്നു എന്ന  കാര്യം നിസ്സംശയം പറയാം.

ഫൈറ്റർ എന്ന വിശേഷണം ആയിരിക്കും കെജ്‌രിവാളിന് കൂടുതൽ ചേരുക. അഴിമതിക്കെതിരെ പോരാടിയാണ് കെജ്‌രിവാൾ 2014 ൽ ആദ്യമായി ദില്ലിയിൽ അധികാരത്തിൽ വന്നത്. ദിവസങ്ങൾക്കകം അഴിമതിക്കാരെ തുറങ്കലിൽ അടക്കാൻ നടപടി എടുത്ത അദ്ദേഹത്തിന്  ഒരു ദേശീയ  നേതാവ് എന്ന പരിവേഷം ലഭിച്ചു. എന്നാൽ തുടർന്ന് അങ്ങോട്ട്‌ കേന്ദ്ര സർക്കാർ ദില്ലി ഭരണത്തിന് ആമം വയ്ക്കുന്ന കാഴ്ച ആണ് ജനം കണ്ടത്. അഴിമതി റിപ്പോർട്ട്‌ ചെയ്യാൻ ആരംഭിച്ച ടോൾ ഫ്രീ നമ്പർ വൻ  വിജയം ആയപ്പോൾ ആന്റി കറപ്‌ഷൻ ബ്യൂറോ എന്ന തുറപ്പ് ഗുലാനിൽ കൈവച്ചാണ് മോദി തുടങ്ങിയത്. പിന്നെയങ്ങോട്ട് കെട്ടിയിട്ട് നീന്താൻ വിട്ടവന്റെ അവസ്ഥയായിരുന്ന കെജ്‌രിവാളിന്. 

ഉദ്യോഗസ്ഥരുടെ മേൽ ജനം തിരഞ്ഞെടുത്ത മന്ത്രി സഭയ്ക്കുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റി, പോലീസ് സമൂലമായി കേന്ദ്രം ഏറ്റെടുത്തു, എന്തിനും ഏതിനും എൽ ജിയും കേന്ദ്രവും കനിയേണ്ട ഗതികേടിലായി ദില്ലി സർക്കാർ. ഇത് കെജ്‌രിവാളിനെ കൂടുതൽ രോഷാകുലനാക്കി എന്ന് വേണം പറയാൻ. തുടർന്ന് കാര്യങ്ങൾ എല്ലാ നിലയിലും ആരോഗ്യകരമല്ലാത്ത നിലയിൽ വളർന്നു എന്നതാണ്  ശരി. പരസ്പരം വെല്ലുവിളികൾ,  നിയമപോരാട്ടം,  പട്ടിണി സമരങ്ങൾ തുടങ്ങി കയ്യാങ്കളിയിൽ വരെ കാര്യങ്ങൾ എത്തി. എവിടെയും കെജ്‌രിവാളിന് ജയിക്കാനായില്ല എന്നതാണ് സത്യം. ആപ്പ് ജനപ്രതിനിധികളെ വെട്ടിലാക്കാൻ മോദി നിരവധി റെയ്ഡുകൾ നടത്തിയെങ്കിലും വേണ്ട ഫലം കണ്ടില്ല താനും.

ഇതിനിടയിൽ വിദ്യഭ്യാസം, വെള്ളം, ആരോഗ്യം എന്നീ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ കെജ്‌രിവാളിന് കഴിഞ്ഞു എന്ന് തന്നെ പറയാം. വെള്ളം സൗജന്യമാക്കി, വൈദ്യുതി നിരക്ക് പകുതി ആക്കി, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ മുക്കിലും മൂലയിലും സ്ഥാപിച്ചു,  ടാക്സ് പിരിയ്ക്കൽ ഇരട്ടിച്ചു, എല്ലാത്തിനും അപ്പുറം വിദ്യാഭ്യാസ മേഖലയിൽ വൻ  കുത്തിച്ചി ചാട്ടം നടത്തി, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു, ബഡ്ജറ്റ് അടങ്ങൽ തുക ഇരട്ടി ആക്കി, പാർക്ക് പുനരുദ്ധാരണം,  CCTV സ്ഥാപിക്കൽ തുടങ്ങി നിരവധി ഇടത്തു പറയേണ്ട നേട്ടങ്ങൾ അവകാശപ്പെടാൻ ആപ് സർക്കാരിന് ഉണ്ട്‌. ഒരു പക്ഷെ ലോകത്തിൽ  തന്നെ ഏറ്റവും കൂടുതൽ തുക (ശതമാനം ) വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവക്കുന്നത് ആപ് സർക്കാരായിരിക്കും. അസ്ഥിപഞ്ജരമായിരുന്ന ദില്ലി സ്‌കൂളുകളെ ആകര്ഷകമാക്കി ദില്ലി സർക്കാർ രാജ്യത്തിനു മാതൃകയായി. മൊഹല്ല സഭ മെഗാ പി ടി  ഏ എന്നിങ്ങനെ ജനപങ്കാളിത്തം ഉറപ്പിക്കാനും ആപ് സർക്കാരിനായിട്ടുണ്ട്. 

ദില്ലിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് കെജ്‌രിവാളല്ല. 1952 മുതൽ 1956 വരെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ കീഴിൽ ഭരണം നടന്ന ദില്ലി തുടർന്ന്  കേന്ദ്ര ഭരണ പ്രദേശം എന്ന പദവിയിലേക്ക്‌ മാറുകയും 1966 മുതൽ മുഖ്യമന്ത്രിക്ക് പകരം ഡൽഹി മെട്രാപോലിറ്റൻ കൗണ്സിലിന്റെ ഭരണത്തിലായി. 1993 ൽ നാഷണൽ ക്യാപിറ്റൽ ടെറിറ്റോറി ആയ നാൾ മുതൽ എല്ലാ പാർട്ടികളും ആവശ്യപ്പെടുകയും ഒപ്പം വാഗ്ദാനം ചെയ്യുകയും ചെയ്തുവരുന്ന സംഗതിയാണ് സമ്പൂർണ്ണ സംസ്ഥാന പദവി. എന്നാൽ നാളിതുവരെ ഒരു സർക്കാരിനും അത് നടപ്പിലാക്കാനോ നേടിയെടുക്കാനോ ആയിട്ടില്ല. അവസാനമായി,  ഇത് നടപ്പാക്കാമെന്ന് ഉറപ്പ് നൽകുന്ന ഏതു സർക്കാരിന് ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാം എന്ന നിലയിൽ വരെ എത്തിയിരിക്കുകയാണ് കെജ്‌രിവാൾ. 

എന്തായിരിക്കാം ഇത് സാധ്യമാകാത്തത്? സാധ്യമാകാത്തത് ആണെങ്കിൽ എന്തിനാണ് വിവിധ പാർട്ടികൾ വാഗ്ദാനങ്ങൾ  ചെയ്യുന്നത്? ഇത് തന്നെയാണ് ദില്ലി ജനതയുടെ നിസ്സഹായത. കേവലം 7 അംഗങ്ങൾ മാത്രം ഉള്ള  ഇവരുടെ ശബ്ദത്തെ പാർലമെന്റിൽ പ്രതിനിധീകരിക്കാൻ ആർക്കും ആകുന്നില്ല എന്ന് തന്നെയാണ് ഒരു കാരണം.

രണ്ടു കോടിയോളം ആളുകൾ അധിവസിക്കുന്ന പ്രദേശമാണ് ദില്ലി എൻ സി ടി. രാജ്യത്തിന്റെ മൊത്തം ജിഡിപി യുടെ 4 ശതമാനം വരും. എന്നാൽ ഭരണ നിർവഹണം അതി സങ്കീർണ്ണവുമാണ്. പോലീസ്, സിവിക് ബോഡീസ്, ലോ ആൻഡ് ഓർഡർ, ലാൻഡ്, PWD, ഡ്രൈനസ്, സീവേജ്, വാട്ടർ പൈപ്പ് ലൈൻസ് ഇവയെല്ലാം കേന്ദ്ര സർക്കാരിന്റെ കീഴിൽ വരും (1, 2, 18 സ്റ്റേറ്റ് ലിസ്റ്റ് സെവൻത് ഷെഡ്യൂൾ). ഉദ്യോഗസ്ഥ സമൂഹം മുഴുവൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾക്കു കീഴിലും എൽ ജിയുടെ ഭരണത്തിലുമാണ്. എൽ ജി പൊതുവെ കേന്ദ്ര സർക്കാർ  നയം നടപ്പുലാക്കാൻ ബാധ്യസ്ഥനുമാണ്. ഒരു വിധത്തിൽ സർക്കാരിന് ചെറുവിരൽ അനക്കണമെങ്കിൽ എൽ ജി കനിയണം എന്ന് ചുരുക്കം. 

ഒട്ടു മിക്ക സ്ഥലങ്ങളും കേന്ദ്ര സർക്കാരിന് കീഴിലുള്ള DDA യുടെ അധീനതയിലാണ്. അതുകൊണ്ട് തന്നെയാണ് കെജ്‌രിവാളിന് പുതിയ സ്‌കൂളുകളും ആശുപത്രികളും അധികം സ്ഥാപിക്കാൻ കഴിയാത്തത്. പകരം ഉള്ള സ്ഥലങ്ങൾ വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുനിസിപ്പൽ കോര്പറേഷനുകൾ ഒരു വിധത്തിൽ സ്വയം ഭരണവും കേന്ദ്ര സർക്കാരിന്റെ നിഴലിലുമാണ്. ലോ ആൻഡ് ഓർഡർ കയ്യിലില്ലാതെ ജനങ്ങളുടെയും സ്ത്രീകളുടെയും  സുരക്ഷയ്ക്ക് കാര്യമായി എന്ത് ചെയ്യാൻ കഴിയും? ഭരണ നിർവഹണത്തിന്റെ കുരുക്ക് കൂടുതൽ മുറുകുകയാണ് ചെയ്തത്. .

അപ്പോൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു  സർക്കാരിനോടും ആ ജനതയോടും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വിധേയത്വം എത്ര. മാത്രം ഉണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ജനഹിതം നടപ്പിലാക്കാനും ഇവർക്ക് ആവുകയില്ല. എന്നാൽ  ഈ വിഷമ സാഹചര്യത്തിൽ  നയപരമായി ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വസത്തിൽ എടുക്കുകയും സഹകരണം ഉറപ്പിക്കാനും കെജ്‌രിവാൾ സർക്കാർ  വേണ്ടത്ര വിജയിച്ചില്ല എന്നുകൂടി പറയാം. 

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിന് ഭരണ നിർവഹണം സാധ്യമാക്കുക എന്നത് ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെ അവകാശമാണ്. നികുതി ദായകർ എന്നതിലപ്പുറം തങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം,  സുരക്ഷ, വികസനം എന്നിവ കണക്കിലെടുത്തുകൊണ്ടാണ് രണ്ടു കോടിയോളം വരുന്ന ജനങ്ങൾ തങ്ങളുടെ സംവിദായകാവകാശം രേഖപ്പെടുത്തുന്നത്. അത് നിഷേധിക്കാൻ ആർക്കും ആവില്ല. അതിനാൽ തന്നെ സമ്പൂർണ്ണ സംസ്ഥാന പദവി എന്ന ആവശ്യം നിഷേധിക്കാൻ നിരത്തുന്ന കാരണങ്ങൾക്ക് ന്യായീകരണവും ഇല്ല.

പ്രധാനമായും രണ്ട് കാരണങ്ങളാണ് സമ്പൂർണ്ണ സംസ്ഥാന ആവശ്യത്തിന്  അപവാദം. എന്നാൽ അവയെ മറികടക്കുന്നതാണ് കെജ്‌രിവാളിന്റെ പുതിയ ആവശ്യം. ഒന്നാമതായി രാജ്യത്തിന്റെ തലസ്ഥാനമാണ് ദില്ലി.രാജ്യസുരക്ഷ കണക്കിലെടുത്തു ലോകത്തിലെ ഒട്ടു മിക്ക ഫെഡറൽ രാജ്യതലസ്ഥാനങ്ങളും കേന്ദ്ര ഗവണ്മെന്റുകളുടെ കീഴിലാണ് എന്നതാണ്. എന്നാൽ ഇന്ത്യയുടെ തലസ്ഥാനം ന്യൂ ഡൽഹി ആണ്. അതിൽ ഭൂരിഭാഗവും ന്യൂ ഡൽഹി മുനിസിപ്പൽ കോര്പറേഷൻ (NDMC) ഭാഗമാണ്. ദില്ലി സ്റ്റേറ്റ്ന്റെ കേവലം അഞ്ച് ശതമാനം മാത്രമാണ് NDMC ഏരിയ വരുന്നത്.  മറ്റ്  രാജ്യങ്ങളെപ്പോലെയല്ല,  ഇന്ത്യയുടെ രാജ്യം തലസ്ഥാ പ്രദേശം വലിയ ജനസാന്ദ്രമാണ്. അതുകൊണ്ട് തന്നെ NDMC ഏരിയ വേണ്ട ഡിമാർകേഷൻ നടത്തി കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാം. ഇതിൽ പെടാത്ത ഏതേലും അതീവ  സുരക്ഷ മേഖല ഉണ്ടെങ്കിൽ വത്തിക്കാനോ  ന്യൂയോർക്കോ പോലെ സ്പെഷ്യൽ പോലീസിനെ നിയമിക്കുകയും ആകാം. 

രണ്ടാമതായി ദില്ലിക്ക് വികസനത്തിനു ആവശ്യമായ വരുമാനം ലഭ്യമാവുകയില്ല എന്നാണ്. എന്നാൽ കണക്കുകൾ അനുസരിച്ച് ഇത് തികച്ചും വാസ്തവം വിരുദ്ധം ആണ്. ഏകദേശം അൻപതിനായിരം കോടി രൂപയാണ് ദില്ലി സർക്കാരിന്റെ വരുമാനം, വാർഷിക ബഡ്ജറ്റ് അറുപതിനായിരം  കോടി വരും. ഏകദേശം ഒരു ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതി ഇനത്തിൽ ആയി കേന്ദ്ര സർക്കാരിന് ലഭ്യമാകുന്നുമുണ്ട്,  പതിനഞ്ച് ശതമാനത്തോളം സംഭാവന . ഫിനാൻസ് കമ്മീഷൻ നിർദ്ദേശം പ്രകാരം
ഡൽഹിക്ക് നാലായിരത്തിൽ അധികം കോടി രൂപ കേന്ദ്ര ബഡ്ജറ്റിൽ വകയിരുത്തേണ്ടതാണെങ്കിലും ലഭിക്കുന്നത് ആയിരം കോടിയോളവും. പൂർണ്ണ സംസ്ഥാനം പദവി ലഭിക്കുമ്പോൾ സബ്‌സിഡി ഇനത്തിൽ ലഭിക്കുന്ന ഇളവ് നഷ്ടമാകുമെങ്കിലും പ്രത്യക്ഷ നികുതിയിൽ ഉണ്ടാകുന്ന നേട്ടം കൊണ്ട് സർപ്ലസ് നിലനിർത്താൻ ആകും. അത് ദില്ലിയുടെ വികസനത്തിന്‌ മുതൽക്കൂട്ടാണ്. 

ഇനി ദില്ലിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകാൻ ആകില്ലെങ്കിലും കൂടുതൽ സ്വയംഭരണാവകാശം (ഗ്രെയ്റ്റർ ഓട്ടോണോമി )  നൽകിയേ മതിയാവൂ. ഇത് ജനാധിപതിപത്യത്തിൻറെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.  തീർച്ചയായും കെജ്‌രിവാൾ കഴിവുറ്റ ഭരണാധികാരിയാണ്, അത് നാം വിസ്മരിച്ചു കൂടാ. ഒപ്പം തന്നിൽ  ജനങ്ങൾ അർപ്പിച്ച വിശ്വാസവും നൽകിയ അവസരവും  അദ്ദേഹം നഷ്ടപ്പെടുത്തരുത്.  പ്രായോഗിക സമീപനങ്ങളിലൂടെ ജനഹിതം നടപ്പിലാക്കാനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കേണ്ടത്. ഒരു പക്ഷെ ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്. ഒപ്പം  സമ്പൂർണ്ണ സംസ്ഥാന പദവിയുള്ള പ്രദേശങ്ങളിൽ ഭരണം പിടിച്ചെടുത്തു വികസനത്തിന്റെ മാതൃക ലോകത്തിനു കാണിക്കാനുള്ള ശ്രമവും. 

( ഡോ. പോൾ വി മാത്യു, രാഷ്ട്രീയ നിരീക്ഷകനും, പോളിസി അനലിസ്റ്റുമാണ്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നു )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ