2019, ഏപ്രിൽ 15, തിങ്കളാഴ്‌ച

ലിഫ്റ്റ് കൊടുത്തു വെട്ടിലാകരുത്


വഴിയിൽ കാണുന്ന പലർക്കും വണ്ടിയിൽ ലിഫ്റ്റ് കൊടുക്കാൻ മഹാമനസ്കത കാണിക്കാൻ മടിക്കാത്തവരാണ് നമ്മിൽ പലരും. ഏതാനും നാളുകൾക്കു മുംബൈയിൽ ഒരു യുവാവ് പെട്ടന്ന് വന്ന മഴയിൽ നിസ്സഹായരായ ചിലർക്ക് ലിഫ്റ്റ് കൊടുത്തു പെട്ടുപോയ സംഭവം നാം വായിച്ചിരിക്കും. പുറകെ വന്ന പോലീസ് 2000 രൂപ ഫൈൻ ഇട്ടു എന്ന് മാത്രമല്ല ലൈസൻസ് കൂടി കൈപ്പറ്റി. ലൈസൻസ് തിരികെ ലഭിക്കാൻ സ്റ്റേഷനിൽ എത്തിയ യുവാവിന് പിന്നീട് കോടതി  വരാന്ത നിരങ്ങേണ്ട ഗതിയും വന്നു. പ്രൈവറ്റ് വാഹനം കൊമേർഷ്യൽ ആവശ്യത്തിന് ഉപയോഗിച്ചു എന്നായിരുന്നു വകുപ്പ്. 

ഇനി നോക്കാം. ഇന്നു വായിച്ച വാർത്തയാണ്. സ്ഥിരമായി കഞ്ചാവ് കടത്തുന്ന ഒരാൾ ഒന്നരകിലോ കഞ്ചാവുമായി അറിയാതെ കയറിയത് എക്സ്സൈസിസിന്റെ  വാഹനത്തിൽ. രൂക്ഷ ഗന്ധം മണത്ത ഉദ്യോഗസ്ഥർ കയ്യോടെ പൊക്കി. ഇയാൾക്ക് ഇത് സ്ഥിരം പതിവായിരുന്നത്രേ. അറിയില്ലാത്ത ആളുകളുടെ വണ്ടിയിൽ കയറും. പിടിക്കപ്പെട്ടാൽ വണ്ടിയിൽ (ബൈക്കിലുൾപ്പടെ )കഞ്ചാവ് കൊളുത്തിയിട്ട് /ഉപേക്ഷിച്ച് താനറിഞ്ഞില്ല രാമനാരായണ എന്ന് പറഞ്ഞു കടന്നു കളയും. രാത്രിയിൽ ലിഫ്റ്റ് ചോദിച്ചു കൂടെ കൂടി പിന്നീട് കൊള്ളയടിക്കപ്പെട്ട നിരവധി സംഭവങ്ങൾ നാം കേട്ടിട്ടെങ്കിലും ഉണ്ടാകും. വിജനമായ വഴികളിൽ അവശരായി കിടന്നും, വഴിചോദിച്ചും, പെണ്ണിന്റെ വശീകരണ വേഷം കെട്ടിയും, ഗ്ലാസിൽ മുട്ടിയും നമ്മെ ആകർഷിക്കാൻ ചിലർ ശ്രമിച്ചേക്കാം. വണ്ടി നിർത്താതെയും ഗ്ലാസ് ഉയർത്താതെയും ഇരിക്കുന്നതാവും ബുദ്ധി. ഇതിനർത്ഥം എല്ലാം ചതിക്കിഴികളാണ് എന്നല്ല.യാത്രകളിൽ അപരിചിതർക്ക് മുഖം കൊടുക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കുക.

മറ്റൊരു സംഭവം കൂടെ പറയാം. ലിഫ്റ്റ് ചോദിച്ചുക്കുന്ന സ്കൂൾ കുട്ടികളെ നാം വഴിനീളെ കാണാറുണ്ട്. അപ്രകാരം വഴി ചോദിച്ച ഒരു കുട്ടി പാഠം പഠിച്ചതെങ്ങനെയെന്നോ? ഒരിക്കൽ ലിഫ്റ്റ് നൽകിയ വണ്ടിക്കാരൻ നിർത്താതെ പോയി. ചെന്ന് നിന്നതോ പോലീസ് സ്റ്റേഷനിൽ. സ്ഥലത്തെ എസ് ഐ ആയിരുന്നു തരാം. പിന്നീട് രക്ഷിതാക്കളെ വിളിച്ചു ഈ പ്രവണത അവസാനിപ്പിക്കണം എന്ന് താക്കീത് നൽകി കുട്ടിയെ വിട്ടയച്ചു. ഭിക്ഷാടന, അവയവ മാഫിയകൾ വിരിച്ച വലയിൽ നാം അറിയാതെ പോലും പെടാതിരിക്കുക. അപരിചിതരുടെ വാഹങ്ങളിൽ കയറുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഇനി ആർക്കെങ്കിലും ലിഫ്റ്റ് കൊടുക്കുമ്പോഴും അല്ല വഴിയെ പോകുന്ന വണ്ടിയിൽ കൈ കാണിച്ച് ചാടി കയറുമ്പോഴും ഈ എഴുത്തു മറക്കരുത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ