എന്ഡോസള്ഫാന് ഇരകളെ ഡോക്ടര്‍മാര്‍ ഏറ്റെടുക്കുന്നു
ഡോ. മുഹമ്മദ് അഷീല്‍ / മനില സി.മോഹന്‍
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യത്തെപ്പറ്റി ഇനിയൊരു വിവരണത്തിന്റെയോ പുതിയൊരു അറിവിന്റെയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്രയുമധികം നമ്മള്‍ ഇരകളെപ്പറ്റിയും വേട്ടക്കാരെപ്പറ്റിയും പറഞ്ഞുകഴിഞ്ഞു. ഇനി പറയേണ്ടത്, 1. കാസര്‍കോട്ടെ രോഗികളും എന്‍ഡോസള്‍ഫാന്‍ കീടനാശിനിയും തമ്മിലുള്ള കാര്യ-കാരണ ശാസ്ത്രീയബന്ധമാണ്, 2. ഇരകളുടെ സാമൂഹിക-ആരോഗ്യ പുനരധിവാസമാണ്, 3. എന്‍ഡോസള്‍ഫാന്‍ കീടനാശിനി രാജ്യത്തും ലോകത്തുതന്നെയും നിരോധിക്കുന്നതിനുള്ള പ്രായോഗികപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്.
കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ആരോഗ്യ മിഷന്റെയും സാമൂഹിക സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന സ്‌നേഹസാന്ത്വനം പദ്ധതിയുടെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായ മുഹമ്മദ് അഷീല്‍ എന്ന യുവഡോക്ടര്‍, ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാനും രോഗങ്ങളും തമ്മിലുള്ള ബന്ധത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്നവരോട്, ലോകത്തെമ്പാടും നടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുകയാണ് ഇദ്ദേഹം. ഒരു രജിസ്‌ട്രേഡ് ഡോക്ടര്‍ എന്നനിലയില്‍ ഇത് തന്റെ കടമയും നൈതികതയുമാണ് എന്നു വിശ്വസിക്കുന്ന ഈ ഡോക്ടര്‍, ഇക്കാലമത്രയും ഡോക്ടര്‍സമൂഹം തുടര്‍ന്നുവന്ന കുറ്റകരമായ നിശ്ശബ്ദതയെ ആത്മവിമര്‍ശനമായിത്തന്നെ ചോദ്യംചെയ്യുന്നതോടൊപ്പം ഈ നിശ്ശബ്ദതയ്ക്ക് പൊതുസമൂഹത്തോടും എന്‍ഡോസള്‍ഫാന്‍ ഇരകളോടും മാപ്പുചോദിക്കുകയും ചെയ്യുന്നു. ഒപ്പം കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച്, എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍തന്നെ നിരോധിക്കണം എന്ന ലക്ഷ്യത്തോടെ പ്രചാരണപരിപാടികള്‍ക്ക് തുടക്കംകുറിക്കാനുള്ള ശ്രമത്തിലുമാണ് ഇദ്ദേഹം. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട, പതിറ്റാണ്ടുകള്‍ നീണ്ട സമരത്തെ, പ്രായോഗികമായ ഫലപ്രാപ്തിയിലേക്കെത്തിച്ചതിന്റെ ക്രെഡിറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥിയും കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന ഈ പയ്യന്നൂര്‍ക്കാരന്‍ ഡോക്ടര്‍ക്ക് അവകാശപ്പെട്ടതാണ്. ഒരു ശാസ്ത്രവിദ്യാര്‍ഥി ശാസ്ത്രീയ തെളിവുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം വസ്തുതകളെ വിശദീകരിക്കേണ്ടതും നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടതും എന്ന് ഇദ്ദേഹം വാദിക്കുന്നു.
മനില: ഒരു പ്രദേശത്തെ ജനങ്ങളുടെ രോഗാതുരതയെ, അസ്വാഭാവികമായ ആരോഗ്യ വ്യതിയാനങ്ങളെ ആദ്യം തിരിച്ചറിയേണ്ടത് ആ പ്രദേശത്തെ മെഡിക്കല്‍ സമൂഹമാണ്. പക്ഷേ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരു ഡോക്ടര്‍ വൈ.എസ്. മോഹന്‍കുമാര്‍ മാത്രമാണുണ്ടായത് (പട്ടിക-1). ഇത് ആരോഗ്യരംഗത്ത് ഉന്നതിയില്‍ നില്ക്കുന്ന ഒരു സംസ്ഥാനത്ത് നടക്കാന്‍പാടുള്ളതാണോ?
ഡോ. മുഹമ്മദ് അഷീല്‍: കഴിഞ്ഞ നവംബര്‍ മാസംവരെ ഞാന്‍ ചിന്തിച്ചിരുന്നത്, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം മീഡിയ ഹൈപ്പ് ആണെന്നാണ്. അത് തുറന്നുപറയാന്‍ ഞാനാഗ്രഹിക്കുന്നു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി പോസ്റ്റിങ് കിട്ടി, അതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും പഠിക്കാനും തുടങ്ങിയപ്പോഴാണ് ഇതിന്റെ യാഥാര്‍ഥ്യം മനസ്സിലായത്. ഇത് മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്ന ഒന്നാണ് എന്ന് തോന്നാനുണ്ടായ കാരണം എന്താണെന്നുവെച്ചാല്‍, ഇതില്‍ ഇത്രയും വലിയ ഒരു വസ്തുതയുണ്ടായിരുന്നു എന്നുണ്ടെങ്കില്‍ ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും ചെയ്യില്ലേ? ഡോ. മോഹന്‍കുമാര്‍ മാത്രമേ ഇത് കണ്ടിട്ടുള്ളൂ? അതിനുശേഷം ഇഷ്ടംപോലെ ആള്‍ക്കാര്‍ ഉണ്ടായിട്ടില്ലേ? ഏതെങ്കിലും ഒരു ഡോക്ടര്‍, മെഡിക്കല്‍ പേഴ്‌സണ്‍ ഇതിനെക്കുറിച്ച് സംസാരിച്ചുതുടങ്ങില്ലേ? എന്നുള്ള ഒരു സാമാന്യചിന്തയായിരുന്നു ഉണ്ടായിരുന്നത്. ആ സാമാന്യബോധം, ചിന്ത, അസ്ഥാനത്തായിരുന്നു എന്ന് പിന്നെ മനസ്സിലായി. കാരണം, അത്രയധികം തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. കാസര്‍കോട്ടുള്ള ഒരു ഡോക്ടര്‍ ഈയിടെ പറഞ്ഞത്, ഇതൊക്കെ വെറുതെ പറയുന്നതാണ് എന്നാണ്. ഈ വിഷയത്തില്‍ മെഡിക്കല്‍ സമൂഹത്തിനു മുന്നില്‍ രണ്ട് ഉത്തരമേ ഉള്ളൂ. ഒന്ന്, ഇതൊക്കെ സത്യമായിരുന്നു, കുറേക്കാലമായി ഇവിടെ ഇങ്ങനെ പ്രശ്‌നങ്ങളുണ്ട്. ഒരുവശത്ത് ഇങ്ങനെ വംശഹത്യ നടക്കുമ്പോള്‍ മറുവശത്ത് ഞങ്ങള്‍ ആധുനിക നീറോയെപ്പോലെ അനങ്ങാതിരിക്കുകയായിരുന്നു, ഇതൊന്നും ശ്രദ്ധിച്ചില്ല, ഇതിലൊന്നും കാര്യമില്ല, ആളുകളൊക്കെ മരിച്ചോട്ടെ, ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല എന്നു പറയണം. രണ്ടാമത്തെ ഉത്തരം ഇതൊക്കെ ആരൊക്കെയോ വെറുതെ പറയുന്നതാണ് എന്ന് സ്ഥാപിക്കുകയാണ്. ആദ്യത്തെ ഉത്തരം പറഞ്ഞാല്‍ ആള്‍ക്കാര് തല്ലും. രണ്ടാമത്തെ ഉത്തരം പറയുന്നതാണ് സുരക്ഷിതം. അതുകൊണ്ട് അങ്ങനെ പറയാനേ പറ്റൂ.
ഞാനുള്‍പ്പെടുന്ന, മെഡിക്കല്‍ ഫീല്‍ഡിലുള്ള എല്ലാവരുടെയും ഇതുവരെയുണ്ടായിട്ടുള്ള എല്ലാ തെറ്റുകള്‍ക്കും മെഡിക്കല്‍ ഫീല്‍ഡിനുവേണ്ടി ഞാന്‍ മാപ്പുചോദിക്കുന്നു. മെഡിക്കല്‍ സമൂഹത്തിനു പുറത്തുള്ള ആള്‍ക്കാര്‍ ഈ വിഷയത്തെക്കുറിച്ച് പഠിക്കുകയും ഇതിലിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ മിണ്ടാതിരുന്നു. ഒരുഭാഗത്ത് കമ്പനികളും വലിയവലിയ ലോബികളും അവര്‍ പണം കൊടുത്തുണ്ടാക്കിയ കുറെ ശാസ്ത്രജ്ഞരും. മറുഭാഗത്ത് ദുരന്തത്തിന് ഇരയായവര്‍. ഇവര്‍ക്കിടയില്‍ ഒരു തടയായി നില്ക്കാന്‍ നമ്മുടെ സംവിധാനത്തിന് പറ്റിയില്ല എന്നുള്ള ഒരു തെറ്റ് അതിനകത്തുണ്ട്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തി. എന്നാലും എന്‍ഡോസള്‍ഫാനാണ് പ്രശ്‌നങ്ങളുണ്ടാക്കിയത് എന്നതിനെക്കുറിച്ച് ആധികാരികമായ തെളിവ് നല്കാന്‍ നമുക്കു പറ്റിയിട്ടില്ല. അതിനെതിരെ സംസാരിക്കുന്നവരൊക്കെ ഹൈപ്പ്‌ചെയ്യുകയാണ് എന്നുള്ള ഒരു തോന്നലുണ്ടായി.
'എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇനിയും കമ്മിറ്റിയെ വെച്ച് വിഷയം ശാസ്ത്രീയമായി പഠിക്കണം എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കാസര്‍കോട്ടെ ദുരന്തത്തിനു കാരണം എന്‍ഡോസള്‍ഫാന്‍ തളിച്ചതല്ല എന്ന് വാദിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തില്‍ത്തന്നെയുണ്ട്. ഇതില്‍ കൃഷി ശാസ്ത്രജ്ഞരുമുണ്ട്. ശാസ്ത്രീയമായ കാര്യകാരണബന്ധം എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിക്കും ഇവിടത്തെ ദുരന്തത്തിനും തമ്മിലുണ്ട് എന്ന് എങ്ങനെ കൃത്യമായി പറയാന്‍ കഴിയും?
എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട് എന്നു തെളിയിക്കുന്ന 148-ലേറെ പഠനങ്ങള്‍ എന്റെ കൈവശമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നത്. ഇതില്‍ മനുഷ്യരില്‍ നടത്തിയ പഠനങ്ങളുണ്ട്, മൃഗങ്ങളിലും ജൈവപ്രകൃതിയിലും നടത്തിയ പഠനങ്ങളുണ്ട്. ലാബുകളില്‍ നടത്തിയ പഠനങ്ങളുമുണ്ട്. യഥാര്‍ഥത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ചോദ്യംതന്നെ പ്രസക്തിയില്ലാത്തതാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ എന്നു മാത്രമല്ല തെളിയിക്കപ്പെട്ടിട്ടുള്ളത്. അത് എങ്ങനെ രോഗങ്ങളുണ്ടാക്കുന്നു എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ശാസ്ത്രവിദ്യാര്‍ഥിയുടെ അടിസ്ഥാനപരമായ ചോദ്യത്തിന് ഉത്തരം കിട്ടിക്കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ബുദ്ധിമാന്ദ്യം കൂടുതലായി കാണുന്നു. കീടനാശിനി തളിക്കാത്ത പ്രദേശങ്ങളിലുള്ള ബുദ്ധിമാന്ദ്യത്തിന്റെ തോതുമായി താരതമ്യം ചെയ്ത്, പരിഗണിക്കേണ്ടതായ മറ്റു ഘടകങ്ങളെ മാറ്റിനിര്‍ത്തി പരിശോധിച്ചാല്‍ ഈ മേഖലയില്‍ ബുദ്ധിമാന്ദ്യമുള്ളവരുടെ നിരക്ക് വളരെ കൂടുതലാണ് എന്നു മനസ്സിലാവും. ഒരു ഉദാഹരണം പറയാം. സയനൈഡ് അകത്തുചെന്ന് അമേരിക്കയില്‍ കുറേ ആളുകള്‍ മരിച്ചു. സയനൈഡ് എങ്ങനെയാണ് ഒരാളെ കൊല്ലുന്നത് എന്നു മനസ്സിലായി. ഇനി സയനൈഡിനെക്കുറിച്ചും അത് മനുഷ്യനെ കൊല്ലുന്നതിനെക്കുറിച്ചും പഠിക്കേണ്ടത് കാസര്‍കോട് ജില്ലയിലെ ഒരാള്‍ക്ക് സയനൈഡ് കൊടുത്ത്, അയാള്‍ മരിക്കുന്നുണ്ടോ എന്നു നോക്കിയിട്ടല്ല. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച 70-ഓളം രാഷ്ട്രങ്ങള്‍ കാസര്‍കോടിനെ കണ്ട് നിരോധിച്ചതല്ല. അവരുടെ നാട്ടിലെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധിച്ചതാണ്. ഈ പഠനങ്ങള്‍, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമാണ്, രോഗങ്ങളുണ്ടാക്കുന്നു, മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതിനു കാരണം ഇന്നതൊക്കെയാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ യുക്തി കാസര്‍കോട്ട് പ്രയോഗിക്കേണ്ടതാണ്.
'എന്‍ഡോസള്‍ഫാന്‍ തളിച്ച ലോകത്തെ മറ്റു സ്ഥലങ്ങളില്‍നിന്ന് വ്യത്യസ്തമായി കാസര്‍കോട്ട് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ 'ഏരിയല്‍ സ്‌പ്രേയിങ്' നടത്തിയതാണെന്നും അവിടത്തെ ഒരേ കുടുംബത്തിനകത്തു തന്നെ നടക്കുന്ന വിവാഹബന്ധങ്ങളാണ് എന്നൊക്കെയുമുള്ള എതിര്‍വാദങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്.
ശാസ്ത്രലോകത്ത്, എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന പഠനങ്ങള്‍ മാത്രമേ ഫോക്കസ് ചെയ്യപ്പെട്ടിട്ടുള്ളു എന്നതാണ് അതിന്റെ ദുരന്തം. എല്ലാവരും സി.ഡി. മായി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെപ്പറ്റി പറയും. സി.ഡി. മായി എന്നുള്ള ഒരു അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റിന്റെ റിപ്പോര്‍ട്ട് വെച്ചാണോ ആരോഗ്യവിദഗ്ധര്‍ ഇത്തരമൊരു വിഷയത്തില്‍ അഭിപ്രായം പറയേണ്ടത്? അല്ല. ആരോഗ്യരംഗത്ത് നടത്തിയിട്ടുള്ള പഠനങ്ങള്‍ നോക്കണമായിരുന്നു. പക്ഷേ, അത്തരം പഠനത്തെ മുന്‍നിര്‍ത്തിയല്ല അഭിപ്രായങ്ങള്‍ വന്നിട്ടുള്ളത്. ലോകത്തു നടന്നിട്ടുള്ള എല്ലാ പഠനങ്ങളും ഏരിയല്‍ സ്‌പ്രേ മാത്രം നടന്നിട്ടുള്ള സ്ഥലങ്ങളില്‍ നടത്തിയിട്ടുള്ള പഠനങ്ങളൊന്നുമല്ല. കാസര്‍കോട്ട്, ശാസ്ത്രലോകം പ്രശ്‌നങ്ങള്‍ കാണുകയും ഇടപെടുകയും പരിഹാരങ്ങള്‍ തേടുകയും ചെയ്യേണ്ട ഘട്ടത്തില്‍ അത് നടന്നില്ല. പകരം പ്രശ്‌നങ്ങള്‍ ഏറെ മുന്നോട്ടുപോയി ഗുരുതരമായ അവസ്ഥയിലാണ് മാധ്യമശ്രദ്ധ ഇവിടേക്ക് തിരിഞ്ഞത്. അപ്പോഴും ശാസ്ത്രലോകവും മെഡിക്കല്‍ ലോകവും കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. ആര്‍ക്ക് നോക്കിയാലും മനസ്സിലാകുന്ന രീതിയില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി എന്നതിലാണ് ഏരിയല്‍ സ്‌പ്രേയുടെ പങ്കുള്ളത്.
ഉദാഹരണത്തിന് ഒരു മുറിക്കകത്ത് ഇരിക്കുന്ന കുറേ ആള്‍ക്കാരില്‍ ഒരാള്‍ക്ക് അപസ്മാരം വന്നു എന്നിരിക്കട്ടെ. സയന്‍സ് ലോജിക് അനുസരിച്ച്, അപസ്മാരം വന്ന ഒരു കേസുണ്ടെങ്കില്‍ അവിടെ എന്തായിരിക്കാം കാരണം എന്ന് അന്വേഷിക്കും. മുറിക്കകത്ത് ഒരു വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നു, അതാണ് പ്രശ്‌നം എന്ന് മനസ്സിലാവുന്നു. ആ ഒറ്റ കേസ്തന്നെ ധാരാളമാണ്, ഇനി ഇവിടെ വരുന്ന ആര്‍ക്കും ഈ പ്രശ്‌നങ്ങളുണ്ടാവാം എന്നു മനസ്സിലാവാന്‍. അപ്പോള്‍ ചോദ്യം വരിക ബാക്കിയുള്ളവര്‍ക്ക് എന്തുകൊണ്ട് വന്നില്ല എന്നാണ്. ആ വിഷവാതകം കൂടുതലായി അവിടെ ഉണ്ടായിരുന്നു എന്ന് കരുതുക. ആ അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് അസുഖം ഉണ്ടാകുമ്പോള്‍ എല്ലാവരും ബോധവാന്മാരാകും. പക്ഷേ, ഇതിലെ ഏറ്റവും വീക്കായ ഒരാള്‍ക്ക് അസുഖമുണ്ടായപ്പോള്‍തന്നെ മനസ്സിലാക്കേണ്ടിയിരുന്നു, പ്രശ്‌നം ഇതാണ് എന്ന്. അത് നടന്നില്ല. കാസര്‍കോട്ട് കാണുന്ന അസുഖങ്ങളൊക്കെ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടതാണ് എന്ന് തെളിയിക്കപ്പെടണമെങ്കില്‍ രക്തത്തില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തണം എന്ന വാദം ഉന്നയിക്കപ്പെട്ടിരുന്നു. അതും കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നു പറയുന്ന എല്ലാ സ്ഥലങ്ങളിലും രോഗികളുടെ രക്തത്തില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയിട്ടുണ്ട്. 2003-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഒത്താശയോടെ നടത്തിയ പഠനത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ രക്തത്തില്‍ കണ്ടെത്താത്തത് ഒരു ശാസ്ത്രവിദ്യാര്‍ഥിക്ക് ഒരിക്കലും കമ്മിറ്റി ശുപാര്‍ശകളുടെ പിന്നാലെ പോകാന്‍ സാധിക്കില്ല. അതൊരു ലോജിക് ആണ്. ദുബെ കമ്മിറ്റി എന്തുപറഞ്ഞാലും മായി കമ്മിറ്റി എന്തുപറഞ്ഞാലും അത് ശാസ്ത്രീയനിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലെങ്കില്‍ ഒരു ശാസ്ത്രവിദ്യാര്‍ഥിക്ക് അതംഗീകരിക്കാനാവില്ല.
ഒരേ കുടുംബത്തില്‍ നിന്നുള്ള വിവാഹമാണ് കാരണം എന്നുള്ള വസ്തുതകളൊക്കെ പഠനവിധേയമായിട്ടുണ്ട് (NIOH). അതല്ല കാരണം എന്നും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്ടുനിന്ന് വ്യത്യസ്തമായി, മറ്റു പല രാജ്യങ്ങളിലും ആ സമയത്ത് ശാസ്ത്രലോകം സെന്‍സിറ്റീവായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാജ്യങ്ങളിലെല്ലാം ഏരിയല്‍ സ്‌പ്രേ ചെയ്തിട്ടാണോ? അല്ല. അക്യൂട്ട് ടോക്‌സിസിറ്റിയും ഇന്റര്‍മീഡിയറ്റ് ടോക്‌സിസിറ്റിയും അധികമായി എന്നതാണ് ഏരിയല്‍ സ്‌പ്രേകൊണ്ട് ഉണ്ടായത്. ക്രോണിക് ടോക്‌സിസിറ്റി എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. ഒരിക്കലും കാസര്‍കോടിനെ കണ്ടിട്ടല്ല, അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറഞ്ഞിട്ടുള്ളത്. അതിന് ചില മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്. അതനുസരിച്ചാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
'കാസര്‍കോട്ടെ പ്രശ്‌നം എത്രത്തോളം രൂക്ഷമാണ് എന്ന് മനസ്സിലാക്കണമെങ്കില്‍ അവിടത്തെ രോഗാവസ്ഥയുടെ കണക്കുകള്‍ മുന്നില്‍വെക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം, രോഗാവസ്ഥ തുടങ്ങിയ കാര്യങ്ങളിലെ യഥാര്‍ഥ കണക്കുകള്‍ ലഭ്യമാണോ?
കണക്കുകളില്‍ വ്യക്തത വരുത്തുന്നതിനും രോഗികള്‍ക്ക് അവരുടെ ആരോഗ്യ പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2010 പകുതിയോടെയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നത് എന്നു പറയാം. സാമൂഹികക്ഷേമ വകുപ്പ് നടത്തിയ സാമൂഹിക-സാമ്പത്തിക സര്‍വേയും ആരോഗ്യവകുപ്പ് ഫീല്‍ഡ് സ്റ്റാഫിനെ ഉപയോഗിച്ച് നടത്തിയ ആരോഗ്യസര്‍വേയും അവിടെ നടന്നിരുന്നു. ഇതില്‍ പക്ഷേ, വ്യക്തമായ നിഗമനങ്ങളോ വിശദാംശങ്ങളോ ഉണ്ടായിരുന്നില്ല. തല വലുതായിരിക്കുന്നു, നാക്ക് തള്ളിയിരിക്കുന്നു തുടങ്ങിയ കാര്യങ്ങളേ ഉള്ളൂ. നിഗമനങ്ങള്‍ ഇല്ല. തുടര്‍ന്നാണ് ഓരോ പഞ്ചായത്തിലും സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിക്കുന്നത്. കേരളത്തിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള 125 സ്‌പെഷലിസ്റ്റുകളും ആരോഗ്യവകുപ്പില്‍ നിന്നുള്ള 175 ഡോക്ടര്‍മാരും 11 പഞ്ചായത്തുകളിലായി നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. 2010 ഡിസംബര്‍ 16 മുതല്‍ 2011 ജനവരി 17 വരെയായിരുന്നു ക്യാമ്പുകള്‍. ദുരന്തബാധിതമെന്ന് പ്രഖ്യാപിക്കപ്പെട്ട 11 പഞ്ചായത്തിലും നടത്തിയ ഓരോ ക്യാമ്പുകള്‍ക്കു പുറമെ രണ്ടു പഞ്ചായത്തുകളെ വീതം ഉള്‍പ്പെടുത്തിയുള്ള 6 തുടര്‍ക്യാമ്പുകളും നടത്തിയിരുന്നു. മൊത്തം 17 ക്യാമ്പുകള്‍. ജനറല്‍ മെഡിസിന്‍, ന്യൂറോളജി, ഗൈനക്കോളജി, ഇ.എന്‍.ടി., സൈക്യാട്രി, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്, ഒഫ്താല്‍മോളജി, ഓങ്കോളജി, സര്‍ജറി, പീഡിയാട്രിക്‌സ്, ചെസ്റ്റ് ഡിസീസസ് എന്നിവയായിരുന്നു ക്യാമ്പുകളിലെ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍.
ഈ പതിനേഴ് ക്യാമ്പുകളില്‍ 15698 പേര്‍ പങ്കെടുത്തു. ഇതില്‍നിന്നും 3435 പേര്‍ കൃത്യമായും എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായവരാണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ ഈ രോഗികളുടെ ആരോഗ്യ-സാമൂഹിക പുനരധിവാസം ലക്ഷ്യമാക്കി, ഡോ. ദിനേഷ് അറോറ ഐ.എ.എസ്സിനെ നോഡല്‍ ഓഫീസറാക്കി, സ്‌നേഹസാന്ത്വനം എന്ന പേരില്‍ ഒരു സമഗ്രപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
'3435 രോഗികള്‍ എന്നത് ഒരു സമ്പൂര്‍ണമായ കണക്കാണോ? ഇതില്‍ നിശ്ചയമായും മാറ്റം വരില്ലേ? ക്യാമ്പുകളില്‍ എത്തിയിട്ടില്ലാത്തവര്‍ എന്തുചെയ്യും?
ക്യാമ്പുകളില്‍ പങ്കെടുത്ത 15698 പേര്‍ എന്നു പറയുന്നത് 11 പഞ്ചായത്തുകളില്‍ നിന്നല്ല എന്നതാണ് വാസ്തവം. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കണക്കാക്കി നമുക്ക് രോഗവ്യാപനത്തെ തടയാനോ എണ്ണം തിട്ടപ്പെടുത്താനോ കഴിയില്ലല്ലോ? രോഗികള്‍ ഏതു പഞ്ചായത്തില്‍ പെട്ടവരാണെങ്കിലും വരാം എന്നായിരുന്നു നമ്മള്‍ പറഞ്ഞത്. അവസാനം നമ്മള്‍ കണക്കുകൂട്ടിനോക്കിയപ്പോള്‍ 26 പഞ്ചായത്തില്‍ നിന്നാണ് രോഗികള്‍ അങ്ങോട്ട് വന്നിട്ടുള്ളത്. ഈ ക്യാമ്പുകളില്‍നിന്നും 3435 രോഗികളെയാണ് കണ്ടെത്തിയത്. മാത്രമല്ല, ക്യാമ്പുകളില്‍ വരാന്‍പറ്റാത്ത ആളുകളുണ്ട്, ക്യാമ്പുകളെപ്പറ്റി അറിയാത്ത ആളുകളുണ്ട്. യോഗ്യത നേടാന്‍ പറ്റാത്ത ആളുകളുണ്ട്. കാറ്റഗറി വ്യത്യാസം വന്ന ആളുകളുണ്ട്. ഇത് പരിഹരിക്കാന്‍വേണ്ടി രണ്ട് രീതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍, അല്ലെങ്കില്‍ ഡോക്ടറെ കാണണമെന്നുണ്ടെങ്കില്‍ സ്‌നേഹസാന്ത്വനം സെല്‍ വഴി ഡി.എം.ഒ.യ്ക്ക് പരാതി നല്കാം. ഡി.എം.ഒ. പരാതി വിദഗ്ധ കമ്മിറ്റിക്ക് വിടണമോ എന്നു തീരുമാനിക്കും. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് ആദ്യ ആറുമാസത്തേക്ക് രണ്ടു മാസത്തിലൊരിക്കല്‍ എന്ന രീതിയില്‍ ക്യാമ്പുകള്‍ നടത്തും. അതിനുശേഷം വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയില്‍ ക്യാമ്പ് സംഘടിപ്പിക്കും. പുതിയതായി, എന്‍ഡോസള്‍ഫാന്‍ രോഗികളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇത്. നമ്മള്‍ ആദ്യം നടത്തിയ 17 ക്യാമ്പുകള്‍ക്കു ശേഷം 1097 പരാതികള്‍ ഇതുപോലെ കിട്ടിയിരുന്നു. അതില്‍ 258 രോഗികളെ കണ്ടെത്തുകയും ചെയ്തു. ഇവരുടെ ലിസ്റ്റ് തയ്യാറായിവരുന്നു. ക്യാമ്പുകളില്‍നിന്ന് കണ്ടെത്തിയ 3435 പേരെയും ക്യാമ്പുകള്‍ നടത്തുന്നതിന് മുന്‍പ് പട്ടികയിലുണ്ടായിരുന്ന രോഗികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ദുരന്തബാധിത പ്രദേശങ്ങളിലെ 4273 രോഗികളുടെ രോഗവിവരം നമുക്ക് ലഭ്യമാണ്. എന്നാല്‍ ഇതില്‍ എല്ലാവരുടെയും കൃത്യമായ രോഗനിഗമനങ്ങള്‍ നമ്മുടെ കൈയിലില്ല. കാരണം, പല കേസുകളിലും കുറച്ചുകൂടി ഉയര്‍ന്ന തലത്തില്‍ പരിശോധനയും രോഗനിര്‍ണയവും ആവശ്യമാണ്.
'പുതിയ എന്‍ഡോസള്‍ഫാന്‍ രോഗികളെ കണ്ടെത്തുക എന്ന് പറഞ്ഞു. അതൊന്ന് വിശദമാക്കാമോ?
നമുക്കൊരിക്കലും എന്‍ഡോസള്‍ഫാന്റെ പൂര്‍ണമായ പട്ടിക തയ്യാറാക്കാനോ പട്ടിക ഫ്രീസ് ചെയ്യാനോ പറ്റില്ല. ഇതങ്ങനെ നീണ്ടുനീണ്ടുപോകും എന്നാണ് ആരോപണം. ശരിയാണ്, നീണ്ടുപോവുക തന്നെ ചെയ്യും. കാരണം, എന്‍ഡോസള്‍ഫാന്‍ ശരീരത്തില്‍, രക്തത്തില്‍ ഉള്ളിടത്തോളം കാലം, മുലപ്പാലില്‍ ഉള്ളിടത്തോളം കാലം, മറുപിള്ള വഴി ഗര്‍ഭസ്ഥശിശുവില്‍ എത്തുന്നിടത്തോളം കാലം ജനിക്കുന്ന കുഞ്ഞിനതുണ്ടാവാം. അതുകൊണ്ടുതന്നെ ഇരകളുടെ പട്ടിക നമുക്ക് ഫ്രീസുചെയ്യാന്‍ പറ്റില്ല. എന്‍ഡോസള്‍ഫാന്‍ തളിച്ചുകഴിഞ്ഞ് 30-35 കൊല്ലം കഴിയണം. അതായത് ഇനിയും ഒരു 20 വര്‍ഷക്കാലത്തേക്കുകൂടി നമുക്കീ ഇരകളുടെ പട്ടിക പുതുക്കിക്കൊണ്ടിരുന്നേ പറ്റൂ. ഒരു തലമുറ കഴിയണം. മരുന്ന് തളിച്ചത് നേരിട്ട് കൊണ്ട ആള്‍ക്കാര്‍, അതുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍ക്കാര്‍ എല്ലാം തീരണം. ആ സമയത്ത് ജനിച്ച ഒരു കുട്ടി തൊട്ട് എല്ലാവരും അതിന് ഇരകളാണ്. അതിനിടയില്‍ ജനിതക വ്യതിയാനങ്ങള്‍ വന്നവരുണ്ടാവാം. അവര്‍ക്ക് മക്കളുണ്ടാവുകയാണെങ്കില്‍ അതിലും തുടര്‍ന്നേക്കാം.
'ആ പ്രദേശത്തെ ആകെ ജനസംഖ്യയുടെ എത്ര ശതമാനം പേര്‍ രോഗികളാണ് എന്നുള്ള ഒരു കണക്ക് നമുക്ക് പറയാന്‍ പറ്റുമോ?
ഇപ്പോള്‍ അങ്ങനെ കൃത്യമായ ഒരു കണക്ക് പറയാന്‍ പറ്റുന്ന അവസ്ഥയിലല്ല ഉള്ളത്. ഒരിക്കല്‍ നമ്മള്‍ മുഴുവന്‍ രോഗികളെയും കണ്ടെത്തിക്കഴിഞ്ഞാല്‍ എത്രശതമാനം എന്നു പറയാന്‍ കഴിയും. അത്തരത്തിലുള്ള ഒരു കണക്കെടുപ്പ് പൂര്‍ണമായി നടന്നു എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
'എന്‍ഡോസള്‍ഫാന്‍ കീടനാശിനി എന്തൊക്കെ രോഗങ്ങള്‍ക്കാണ് കാരണമാവുന്നത്? എത്രത്തോളം അളവ് കീടനാശിനി ശരീരത്തിലുണ്ടെങ്കില്‍ പ്രകടമായ രോഗങ്ങളുണ്ടാവും?
അത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ജനിതകവ്യതിയാനമൊക്കെ വരാന്‍, വളരെ ചെറിയ അളവ് എന്‍ഡോസള്‍ഫാന്റെ സാന്നിധ്യംതന്നെ മതി. അടുത്ത തലമുറയിലേക്ക് പകര്‍ത്തപ്പെടാനും വളരെ കുറഞ്ഞ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ മതി. ഇത് കുറച്ച് കുറച്ചായി ശരീരത്തില്‍ അടിഞ്ഞുകൂടിക്കിടക്കും. ചകഛഃന്റെ പഠനത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്ന ഒരു കാര്യം ഇതാണ്. ഇത്രയും എന്‍ഡോസള്‍ഫാന്‍ ഒന്നിച്ച് ഒരാളുടെ ശരീരത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അയാള്‍ മരിച്ചുപോകും. അതുകൊണ്ട് പഠനം ശരിയല്ല എന്നാണ്. ഒറ്റയടിക്ക് ഒരാള്‍ അത്രയും എന്‍ഡോസള്‍ഫാന്‍ കഴിക്കുകയാണെങ്കില്‍ ഉടന്‍ മരിച്ചുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരുപക്ഷേ, അങ്ങനെയല്ല. അതിന്റെ അളവ്, സമയം, ബാധിച്ച രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇതിനെ ബാധിക്കുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ വിഷബാധയെ മൂന്നുവിധത്തിലാണ് തരംതിരിച്ചിരിക്കുന്നത്. ഒന്ന്: Acute toxictiy (കടുത്ത വിഷബാധ), പെട്ടെന്നുണ്ടാകുന്ന വിഷബാധ. 100 mg/kg body weight അളവില്‍ എന്‍ഡോസള്‍ഫാന്‍ ശരീരത്തിലുണ്ടാവുന്ന അവസ്ഥയാണിത്. ലോകത്തിലുടനീളം പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍ മനഃപൂര്‍വമല്ലാത്ത വിഷബാധയ്ക്ക് പ്രധാന കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് എന്‍ഡോസള്‍ഫാനെയാണ്. തലച്ചോറിലെ നീര്‍ക്കെട്ട്, അപസ്മാരം, ശ്വാസകോശത്തില്‍ രക്തം കെട്ടിനില്ക്കുന്ന അവസ്ഥ, ശ്വാസോച്ഛാസം സാധ്യമാവാത്ത അവസ്ഥ തുടങ്ങി മരണത്തിനുവരെ കാരണമാകുന്നതാണ് Acute toxictiy . ഇതിന്റെ വലിയ ഉദാഹരണമാണ് ശീലാബതി. ശീലാബതി സ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്ന ഹെലികോപ്ടറിനു പിന്നാലെ പോവുകയും ദേഹത്ത് കീടനാശിനി വീഴുകയും ചെയ്തു. അവള്‍ വീട്ടിലെത്തുന്നതിനു മുന്‍പുതന്നെ തളര്‍ന്നു വീണു. പിന്നെ ഒറ്റക്കിടപ്പാണ്. ഇപ്പോള്‍ 41 വയസ്സുള്ള ശീലാബതിയെ നോക്കുന്നത് 60 വയസ്സിന് മുകളിലുള്ള അവരുടെ അമ്മയാണ്.
രണ്ടാമത്തെ അവസ്ഥയാണ് Intermediate Toxicity. 25 mg/kg body weight അളവില്‍ എന്‍ഡോസള്‍ഫാന്‍ ശരീരത്തിലുണ്ടാവുന്ന അവസ്ഥയാണിത്. കരളിലെ രക്തസ്രാവം, രക്തത്തില്‍ പഞ്ചസാരയുടെ അളവുകൂടി ഡയബറ്റിസിന് തുല്യമായ അവസ്ഥ, വൃക്കയില്‍ രക്തം കെട്ടിനില്ക്കുന്ന അവസ്ഥ, നാഡീവ്യൂഹത്തിലുണ്ടാകുന്ന വിഷബാധ, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കൊക്കെ ഈയവസ്ഥ കാരണമാവും. മൂന്നാമത്തേതാണ് Chronic toxicity. ഇത്തരം വിഷബാധയാണ് എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്നത്. കുറേ നാളുകളായുള്ള എക്‌സ്‌പോഷര്‍ കൊണ്ട് വരുന്നതാണിത്. വെള്ളം, വായു തുടങ്ങിയവയിലൂടെയൊക്കെ ശരീരത്തില്‍ വിഷാംശം എത്തിച്ചേരുന്ന അവസ്ഥ. ഇത് നമ്മുടെ ശരീരത്തിലെ അഞ്ച് പ്രധാന സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഇത് തകര്‍ക്കുന്നതായി തെളിഞ്ഞിട്ടുള്ള നിരവധി പഠനങ്ങളുണ്ട്. രക്തത്തിലെ പ്രതിരോധഘടകങ്ങളായ ഇമ്യൂണോ ഗ്ലോബുലന്‍സിന്റെയും (കഷം) ആന്റി ബോഡികളുടെയും തോത് കുറയ്ക്കുന്നു. ടെറ്റനസ് വാക്‌സിനൊക്കെ എടുത്തുകഴിഞ്ഞ് ആന്റിബോഡി പരിശോധിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ശരീരത്തിലുള്ള ആളുകളുടെ രക്തത്തില്‍ ആവശ്യത്തിനുള്ള ആന്റിബോഡി ഉണ്ടാക്കപ്പെടുന്നില്ല എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ രക്തത്തിലെ പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അലര്‍ജി, ആസ്തമ തുടങ്ങിയ അവസ്ഥകളും വര്‍ധിക്കുന്നു.
പക്ഷേ, നമ്മള്‍ ഏറ്റവുമധികം കാണുന്നത് (ലോകത്തിന്റെ പലഭാഗത്തും നടന്നിട്ടുള്ള പഠനങ്ങള്‍ കാണിക്കുന്നതും) നാഡീസംബന്ധമായ അസുഖങ്ങളുള്ളവരെയാണ്. സ്വഭാവ വൈകല്യങ്ങള്‍, ബുദ്ധിവികാസം കുറഞ്ഞ അവസ്ഥ, തല വലുതാവുന്ന അവസ്ഥ, (സൈനബയുടെ കേസ് ഇതാണ്), ബുദ്ധിമാന്ദ്യം, നാഡീ വ്യവസ്ഥയിലെ- തലച്ചോറിലെ തകരാറുമൂലമുള്ള അന്ധത, അപസ്മാരവും അനുബന്ധ രോഗങ്ങളും, പാര്‍ക്കിന്‍സന്‍സ് രോഗം തുടങ്ങിയ അവസ്ഥകളുള്ളവരാണ് കൂടുതല്‍. ഇതിനൊരു കാരണമുണ്ട്. എന്‍ഡോസള്‍ഫാന്‍ തലച്ചോറിലെ GABA ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. എന്നു പറഞ്ഞാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിലെ Pre frontal cortex എന്നു പറയുന്ന ഒരു ഭാഗമുണ്ട്. ഇതിന്റെ വികാസത്തിന് GABA ന്യൂറോട്രാന്‍സ്മിറ്റര്‍ വളരെ ആവശ്യമാണ്. അതാണ് ഇല്ലാതാവുന്നത്. അതുകൊണ്ട് മസ്തിഷ്‌ക വികാസം വേണ്ടതുപോലെ നടക്കില്ല. എന്‍ഡോസള്‍ഫാന്‍ അടിച്ചതിനുശേഷം ജനിച്ച കുഞ്ഞുങ്ങളിലും നാഡീസംബന്ധമായ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അതെന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നുവന്നത്. ന്യൂറോ ട്രാന്‍സ്മിറ്ററുകളായ ഡോപോമിന്‍, സെറോടോണിന്‍ തുടങ്ങിയവയുടെ അളവിലും എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം വ്യതിയാനം വരുത്തുന്നു. ഇതുമൂലമുണ്ടാകുന്ന പ്രവര്‍ത്തന വൈകല്യങ്ങളാണ് പാര്‍ക്കിന്‍സണ്‍, വൈകാരിക ക്ഷമതാ വ്യതിയാനം. ഓട്ടിസം, ഹൈപ്പര്‍ ആക്ടിവിസം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാക്കുന്നത്. പുരുഷന്മാരിലെ പ്രത്യുത്പാദന വ്യവസ്ഥയെയും എന്‍ഡോസള്‍ഫാന്‍ അട്ടിമറിക്കുന്നുണ്ട്. സ്ത്രീഹോര്‍മോണായ ഈസ്ട്രജനെപ്പോലെ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്‍ഡോസള്‍ഫാനുണ്ട്. അത് പുരുഷ ഹോര്‍മോണിന് വിരുദ്ധമായി പ്രവര്‍ത്തിക്കും. ബീജോത്പാദനത്തെ അത് തകരാറിലാക്കും. ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരിക, അസ്വാഭാവികമായ ബീജങ്ങളുണ്ടാവുക തുടങ്ങിയ അവസ്ഥകളും ഉണ്ടാവും. സ്ത്രീകളുടേതുപോലെ സ്തനവളര്‍ച്ചയ്ക്കും ഇത് കാരണമാകും.
'എന്‍ഡോസള്‍ഫാന്‍ അര്‍ബുദ രോഗങ്ങള്‍ക്ക് കാരണമാകുന്നതെങ്ങനെയാണ്?
സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള അര്‍ബുദങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ കാരണമാകുന്നതെങ്ങനെയാണ് എന്നുവെച്ചാല്‍ മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലുള്ള അര്‍ബുദത്തെ പ്രതിരോധിക്കുന്ന Killer T Cells-നെ എന്‍ഡോസള്‍ഫാന്‍ കൊന്നുകളയുന്നു. കോശങ്ങളുടെ ഭ്രാന്തമായ പെരുകലാണല്ലോ അര്‍ബുദമെന്ന അവസ്ഥ. ഈ പെരുകലിനെ നിയന്ത്രിക്കുന്ന കോശങ്ങളെയാണ് എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും അര്‍ബുദമുണ്ടാവാനുള്ള സാധ്യതയും കൂടുന്നു. കൂടാതെ സ്ത്രീ ഹോര്‍മോണുകളില്‍ ഉണ്ടാക്കുന്ന വ്യതിയാനവും പലതരം അര്‍ബുദത്തിലേക്ക് നയിക്കുന്നു. കൂടാതെ ഫൈബ്രോയ്ഡ്, കൂടെക്കൂടെയുള്ള ഗര്‍ഭഛിദ്രം തുടങ്ങിയവയും ഉണ്ടാക്കും. അവിടുത്തെ ആള്‍ക്കാര്‍ക്ക് പ്രസവിക്കാന്‍ പേടിയാണ്. തുടര്‍ച്ചയായ ഗര്‍ഭഛിദ്രമുണ്ടാവുന്ന സ്ത്രീകള്‍, ന്യൂറോളജി വിഭാഗത്തിലെത്തുന്ന കുട്ടികളെ നോക്കി പറയുന്നത്, പ്രസവിക്കുന്നില്ല എന്നല്ലേയുള്ളൂ, ഇതുപോലെയുള്ള കുട്ടികളുണ്ടാവുന്നില്ലല്ലോ? എന്നാണ്.
ഒരൊറ്റ കീടനാശിനികൊണ്ട് എങ്ങനെയാണ് 14 തരം രോഗങ്ങളുണ്ടാവുന്നത് എന്നുള്ള ചോദ്യം ചോദിക്കുന്ന കൃഷിശാസ്ത്രജ്ഞരുടെ നാടാണ് കാസര്‍കോട്. 14 അല്ല, 248 തരം രോഗങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ കാരണമാകും എന്നാണ് മെഡിക്കല്‍ ക്യാമ്പുകളില്‍നിന്ന് ലഭ്യമായ കണക്കുകള്‍വഴി നമുക്ക് ബോധ്യപ്പെട്ടത്. ഈ രോഗികളില്‍ 38% ആളുകള്‍ക്കും Neuro Behavioural and Cognitive disorders ആണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
'കാസര്‍കോട്ടെ മെഡിക്കല്‍ ക്യാമ്പുകള്‍ നല്കിയ അനുഭവങ്ങള്‍ എന്തായിരുന്നു എന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ താങ്കള്‍ക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നത്? ക്യാമ്പിലെ മറ്റ് ഡോക്ടര്‍മാരുടെ മനോഭാവം എന്താണ്?
നമ്മള്‍ ശാസ്ത്രീയമായി വളരെവളരെ ശക്തരാണിപ്പോള്‍. തെളിവുകളുണ്ട് അത്രയും. എന്‍ഡോസള്‍ഫാനല്ല പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്ന ഒരു ധാരണയിലൂടെ ഇവിടെ എത്തിയ വ്യക്തിയാണ് ഞാന്‍. ഒരു നിര്‍ബന്ധ ബുദ്ധിയുള്ള ഒരാളായിരുന്നു ഞാനെങ്കില്‍ ഇപ്പോഴും പറഞ്ഞേനെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല എന്ന്. ഇവിടെ വന്ന് ഞാനത് തിരിച്ചറിയുകയായിരുന്നു. ആസ്തമ എന്‍ഡോസള്‍ഫാന്‍ മൂലമാവില്ല എന്നാണ് കരുതിയിരുന്നത്. പക്ഷേ, അതങ്ങനെയാണ് എന്നതിന് തെളിവുണ്ട്. ജന്മനാലുള്ള ഹൃദയവൈകല്യം. നമ്മള്‍ പഠിച്ച പുസ്തകത്തിലൊന്നും ജന്മനാ ഉള്ള ഹൃദയവൈകല്യത്തിന് കാരണമായി എന്‍ഡോസള്‍ഫാന്‍ പറയുന്നില്ല. പഠിച്ചതനുസരിച്ച് എന്‍ഡോസള്‍ഫാനാവില്ല. പക്ഷേ, പിന്നീടുള്ള പഠനങ്ങള്‍ പറയുന്നത് Congenital heart disease എന്‍ഡോസള്‍ഫാന്‍ കൊണ്ടുണ്ടാകാം. ഒരു ശാസ്ത്രവിദ്യാര്‍ഥി എന്ന നിലയില്‍ നമ്മള്‍ എപ്പോഴും തെളിവ് തിരയേണ്ടത്, പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണപഠനങ്ങളിലാണ്. കാരണം അത്തരം പഠനങ്ങള്‍ എപ്പോഴും റിവ്യൂ ചെയ്യപ്പെടുന്നതാണ്. കുറേ ശാസ്ത്രജ്ഞര്‍ പരിശോധിക്കും. അതിന്റെ മെക്കാനിസം ശരിയാണോ, ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കും. ശാസ്ത്രീയമായി വിശദീകരിക്കാന്‍ പറ്റുന്ന കാര്യങ്ങളേ പ്രസിദ്ധീകരിക്കപ്പെടുകയുള്ളൂ. ഏതൊക്കെ അസുഖങ്ങള്‍ ഇതില്‍ വരാം എന്നറിയാനായി അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നോക്കിയിരുന്നു. എന്റെ അതുവരെയുണ്ടായിരുന്ന ഒരു ധാരണ അതോടെ മാറി. ക്യാമ്പ് നടക്കുമ്പോള്‍ത്തന്നെ ഒരുപാട് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടാവാമോ എന്നുള്ള സംശയങ്ങള്‍ക്ക് പഠനങ്ങള്‍ തെളിവായുണ്ട് എന്ന് മനസ്സിലായപ്പോള്‍ ഇത്രയും ശാസ്ത്രീയ തെളിവുകള്‍ ലഭ്യമായിട്ടും എങ്ങനെയാണ് അതല്ല എന്നു പറയുന്നത് എന്ന സംശയമുണ്ടായി. പിന്നെയും പുതിയ കാര്യങ്ങള്‍ വരുമ്പോഴാണ് പുതിയ പഠനങ്ങളുടെ ആവശ്യം ഉണ്ടാവുന്നത്. പക്ഷേ, അപ്പോഴും സംശയത്തിന്റെ ആനുകൂല്യം രോഗിക്ക് കൊടുക്കണം. ഇവിടെ അതുപോലും കൊടുത്തിട്ടില്ല. ഒരു മുറിയില്‍ ഒരാള്‍ തലകറങ്ങി വീണാല്‍ അതിനുകാരണം വിഷവാതകമായിരിക്കുമോ എന്നു സംശയിച്ചാല്‍പോലും എ.സി. ഓഫ് ചെയ്യും. സംശയത്തിന്റെ ആനുകൂല്യം എപ്പോഴും കൊടുക്കുന്നത് ഇരകള്‍ക്കാണ്.
രണ്ട് ക്യാമ്പുകള്‍ക്കുശേഷം അവിടെ വന്ന വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു, ഇത് ഒരു വംശഹത്യക്കു തുല്യമായ ഒരു സംഭവമാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഇത് നടക്കുന്നു. നമ്മളെല്ലാവരും ഇതിന് ഉത്തരവാദികളാണ്. ഇത് ഒരു പഠനമായിട്ടുപോലും അവതരിപ്പിക്കാന്‍ പറ്റില്ല. കാരണം, ഒരു ജനതയെ മുഴുവന്‍ വലിയൊരു ദുരന്തത്തിന് വിട്ടുകൊടുത്തുകൊണ്ട് പത്തു വര്‍ഷത്തിനുശേഷം ഒരു പഠനം നടത്തുക എന്നുപറഞ്ഞാല്‍ അത് മെഡിക്കല്‍ എത്തിക്‌സിന് നിരക്കുന്നതല്ല. കാരണം, ഇത് നമ്മള്‍ വളരെ നേരത്തെ പഠിക്കേണ്ടതായിരുന്നു.
ടൗണില്‍ താമസിക്കുന്ന ഒരാള്‍ക്ക് ബ്രോങ്കൈല്‍ ആസ്തമ വരുന്നുണ്ടെങ്കില്‍ നമ്മള്‍ ആദ്യം പറയുന്നത് വണ്ടിയുടെ പുക എന്നാണ്. അതുകൊണ്ട് ഈ പ്രദേശത്ത് ബ്രോങ്കൈല്‍ ആസ്തമ കാണുന്നുണ്ടെങ്കില്‍ ആദ്യം പറയേണ്ടത് എന്‍ഡോസള്‍ഫാന്‍ എന്നുതന്നെയാണ്. വണ്ടിയുടെ പുകയേക്കാള്‍ എത്രയോ ഇരട്ടിയാണ് എന്‍ഡോസള്‍ഫാന്‍ ബ്രോങ്കൈല്‍ ആസ്തമ ഉണ്ടാക്കുന്നതിന്റെ തോതും കാരണവും.
'രോഗികളെ കാറ്റഗറി തിരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ നിലനിന്നിരുന്നു. അര്‍ഹരായവര്‍ക്ക് വേണ്ടരീതിയില്‍ ഇതുകാരണം നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. ശിവപ്രസാദിനെ കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ആഴ്ചപ്പതിപ്പില്‍ മധുരാജ് എഴുതി. അതുപോലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരില്ല എന്ന പരാതിയും ഉയര്‍ന്നിരുന്നു. രോഗികളെ കാറ്റഗറിയായി തിരിക്കുന്ന രീതി ഈ ക്യാമ്പുകള്‍ വരുന്നതിനു മുന്‍പുള്ളതായിരുന്നു. ഇപ്പോഴും അതുതന്നെയാണ് പിന്തുടരുന്നത്. കാറ്റഗറി ഒന്നില്‍ കിടപ്പിലായ രോഗികള്‍. കാറ്റഗറി രണ്ടില്‍ പരസഹായം വേണ്ട രോഗികള്‍. കാറ്റഗറി മൂന്നില്‍ പരസഹായം വേണ്ടാത്ത രോഗികള്‍. ഇങ്ങനെ കാറ്റഗറി തിരിക്കുമ്പോള്‍ നമുക്കുണ്ടായിരുന്ന മാനസികപ്രശ്‌നം എന്തായിരുന്നു എന്നുപറഞ്ഞാല്‍, രണ്ടു കണ്ണും കാണാത്ത ഒരാള്‍ കാറ്റഗറി രണ്ടിലേ പെടുന്നുള്ളൂ എന്നതാണ്. പക്ഷേ, അയാള്‍ കിടപ്പിലായ രോഗികളെപ്പോലെത്തന്നെ കഷ്ടതയനുഭവിക്കുന്നുണ്ട്. സാന്ദര്‍ഭികമായാണ് മധുരാജിന്റെ ലേഖനം വന്നത്. ഉടന്‍തന്നെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി വിഷയം ചര്‍ച്ച ചെയ്ത് ആ പ്രശ്‌നം പരിഹരിച്ചു. ഇപ്പോള്‍ കാറ്റഗറി ഒന്നില്‍പെട്ടവര്‍ക്കും കാറ്റഗറി രണ്ടില്‍പെട്ടവര്‍ക്കും ഒരേ നഷ്ടപരിഹാരത്തുക (മാസം 2000 രൂപ) യാണ് കൊടുക്കുന്നത്. തീര്‍ച്ചയായും ശിവപ്രസാദും ഇതിന്റെ ഗുണഭോക്താവാണ്. കാറ്റഗറി മൂന്നില്‍ പെട്ടവര്‍ക്ക് 1000 രൂപയും കിട്ടും. പിന്നെ എല്ലാ രോഗികള്‍ക്കും സൗജന്യ ചികിത്സയ്ക്കായുള്ള സ്മാര്‍ട്ട്കാര്‍ഡ് കൊടുക്കുന്നുണ്ട്. ഇതനുസരിച്ച് ചികിത്സ മാത്രമല്ല, രോഗികളുടെ യാത്രയും സൗജന്യമായിരിക്കും.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നു. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മാത്രമല്ല, എം.ബി.ബി.എസ്. ഡോക്ടര്‍മാരെത്തന്നെ കിട്ടാന്‍ എന്തൊരു പാടാണ്. മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ അവിടെ വേണ്ടിവരും.
'ഈ വിഷയത്തില്‍ ഡോക്ടര്‍സമൂഹത്തിന്റെ കുറ്റകരമായ അനാസ്ഥ നിലനില്ക്കുന്നുണ്ട്. അതുപോലെത്തന്നെയാണ് സര്‍വീസ് സംഘടനകളുടെ പ്രശ്‌നവും. ഐ.എം.എ., ഐ.പി.എച്ച്.എ., കെ.ജി.എം.ഒ.എ. തുടങ്ങിയ ഡോക്ടര്‍സംഘടനകളൊന്നും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പരസ്യമായ പ്രചാരണ പരിപാടികള്‍ക്ക് തയ്യാറായിട്ടില്ല. ഐ.എം.എ., ഐ.വി.എച്ച്.എ. എന്നിവയൊക്കെ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കുള്‍പ്പെടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കും, പരസ്യപ്രചാരണത്തിന് കൂട്ടുനില്ക്കുകയും ചെയ്യും.
എന്‍ഡോസള്‍ഫാന്‍ ദോഷകരമാണ് എന്നുകാണിച്ച് ഒരു പ്രൊപ്പഗാന്‍ഡ ചെയ്യാന്‍ സര്‍വീസ് സംഘടനകള്‍ തയ്യാറാവുന്നില്ല എന്നുള്ളതാണ് കഷ്ടം. ഇതില്‍നിന്ന് ഒരു ഇന്‍സെന്റീവും കിട്ടാനില്ല എന്നതാവാം കാരണം. അടിസ്ഥാനപരമായി മെഡിക്കല്‍ സമൂഹത്തിന്റെ സെറ്റപ്പില്‍ത്തന്നെ പ്രശ്‌നമുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ നല്കി, ഇന്ന ഇന്ന പരിപാടികളാണ് ചെയ്യേണ്ടത് എന്നു പറഞ്ഞാല്‍ ചെയ്യും. ഇപ്പോള്‍ ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്യണം എന്നുപറഞ്ഞാല്‍, ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ടുചെയ്യും. അവിടെ വേറെ എന്തെങ്കിലും മാറ്റം ഉണ്ട് എന്നു കണ്ടാല്‍ അത് വളരെ കുറച്ചുപേര്‍ മാത്രമേ റിപ്പോര്‍ട്ടുചെയ്യുന്നുള്ളു. അത് ഞാന്‍ ആലോചിക്കേണ്ട എന്നുള്ള തോന്നലാണ്. ആലോചിക്കേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്. അല്ലാതെ മറ്റൊരു സാധനം കണ്ടുപിടിച്ചു കൊടുക്കണം എന്നൊന്നും ഒരിക്കലും കരുതുന്നില്ല. അതൊന്നും അപ്രീഷ്യേറ്റ് ചെയ്യപ്പെടുന്നുമില്ല. ഇപ്പോ എനിക്ക് തന്നിരിക്കുന്ന ജോലി പുനരധിവാസ പ്രവര്‍ത്തനമാണ്. എന്‍ഡോസള്‍ഫാനെതിരെ പ്രചാരണം നടത്തുന്നതൊക്കെ സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ്. സമാനഹൃദയരായ കുറച്ച് ഡോക്ടര്‍സുഹൃത്തുക്കളും ഇതിന് കൂടെയുണ്ട്. ആരുപറഞ്ഞു ഇതെല്ലാം ചെയ്യാന്‍ എന്നു ചോദിച്ചാല്‍ ആരും പറഞ്ഞില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഗവണ്‍മെന്റ് പേഴ്‌സണായി നിന്നുകൊണ്ട് ചെയ്യാന്‍ പറ്റൂ. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം മീഡിയ ഹൈപ്പ് ആണെന്ന് കരുതാനുള്ള കാരണം, ഈ സെറ്റ്പാറ്റേണ്‍ ആയിരിക്കാം.
'ഡോക്ടര്‍മാരുടെ സര്‍വീസ് സംഘടനകളോട് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ?
അത് ആവശ്യപ്പെടണോ എന്നതാണ് എന്റെ ചോദ്യം. ഞാനുള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകളൊക്കെ മുന്നോട്ടു വരേണ്ടതാണ്. വന്നിട്ടില്ല. ഡോക്ടര്‍മാരുടെ സര്‍വീസ് സംഘടനയിലെ ഒരംഗത്തോട് ഞാന്‍ സംസാരിച്ചിരുന്നു. നമുക്കിതില്‍ എന്തെങ്കിലും നിലപാടെടുക്കേണ്ടേ എന്നു ചോദിച്ചു. പഞ്ചായത്തുകള്‍ അവിടെ രോഗികളെ ലിസ്റ്റില്‍ പെടുത്താന്‍ വേണ്ടി ഡോക്ടര്‍മാരില്‍ സമ്മര്‍ദം ചെലുത്തുന്നു. അതിനെതിരായി നിലപാടെടുക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. അതല്ല, എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാടെടുക്കേണ്ടേ എന്നു ചോദിച്ചപ്പോള്‍, അത് നമ്മള്‍ ചര്‍ച്ചചെയ്തിട്ടില്ല എന്ന് പറഞ്ഞു. അതൊരു സര്‍വീസ് സംഘടനയായതുകൊണ്ട് സര്‍വീസിലെ പ്രശ്‌നം മാത്രമേ ചര്‍ച്ചചെയ്യുള്ളൂ. ഇവര്‍ ഡോക്ടര്‍സംഘടനയായിട്ട് മാറണം. അതാവുന്നില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ. മുന്‍ഗണനാവിഷയം തിരഞ്ഞെടുക്കുന്നതിലെ വ്യത്യാസമാണ് പ്രശ്‌നം. അടിസ്ഥാനപരമായി നമ്മള്‍ ഈ വിഷയത്തില്‍ കണ്‍സേണ്‍ഡ് ആവണോ എന്നുള്ളതാണ്.
'കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍നിന്ന് മാറിനിന്നുകൊണ്ട് സംസാരിക്കുമ്പോള്‍ അത് തൊഴില്‍പരമായും അല്ലാതെയും സമ്മര്‍ദങ്ങളുണ്ടാക്കില്ലേ?
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് എന്‍ഡോസള്‍ഫാന് അനുകൂലമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വളരെ വ്യക്തമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസ പദ്ധതി ഇത്രയും കാര്യക്ഷമവും സമയബന്ധിതവുമായി നടന്നതിനു പിന്നില്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ പാര്‍ലമെന്റിലെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് പ്രശ്‌നം വീണ്ടും സജീവമായപ്പോള്‍ ആരോഗ്യമന്ത്രി പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടുകയായിരുന്നു. സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് വിവിധ കക്ഷികളുടെ പ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടു എന്നതും ശ്രദ്ധേയമാണ്. മാധ്യമങ്ങളും ഈ വിഷയത്തെ സജീവമായി നിലനിര്‍ത്തുന്നതില്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ആരോഗ്യപ്രശ്‌നമാണ്. ഞാനൊരു രജിസ്റ്റേഡ് ഡോക്ടറാണ്. എനിക്ക് സ്വാഭാവികമായും ഇത് ചെയ്യാനുള്ള അവകാശമുണ്ട്. ഇത്രയും തെളിവുകളുണ്ടായിട്ടും ഇത് പറയാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം എന്നാണോ? ഒരു പ്രൊജക്ടിന്റെ ഭാഗമായി നിന്നുകൊണ്ട് ഞാന്‍ പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുന്നു. ഒരു ഡോക്ടര്‍ എന്ന നിലയില്‍, എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നമാണ് എന്ന് ഞാന്‍ പറയും. ആരോടായാലും പറയും, ആര് പറയേണ്ട എന്നുപറഞ്ഞാലും പറയും. ഈ വിഷയത്തില്‍ ആരോഗ്യമേഖലയില്‍ നമുക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. പൊതുവെ ആള്‍ക്കാരുടെ കാഴ്ചപ്പാട് എന്താണെന്നുവെച്ചാല്‍, സര്‍ക്കാര്‍ എന്നു പറയുന്നത് വളരെ സങ്കീര്‍ണമായ എന്തോ സംഗതിയാണ് എന്നാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം എന്തോ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ്. ഈ ക്യാമ്പുകളൊക്കെ നടത്തിയപ്പോള്‍ ഒരാള്‍ വന്ന് പറയുകയാണ്, 'നിങ്ങള്‍ ഇപ്പോഴല്ലേ ക്യാമ്പിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത്, ഞങ്ങള്‍ 1999 മുതലേ ചിന്തിക്കുന്നുണ്ട്' എന്ന്. ഞാന്‍ പറഞ്ഞു, സ്റ്റേറ്റ് ഇത് തീരുമാനിച്ചപ്പോള്‍ വെറും അഞ്ചു ദിവസംകൊണ്ട് ഇവിടെ ക്യാമ്പ് നടക്കുന്നു. ഇത്രയും വലിയ ഒരു സമൂഹത്തെ പുനരധിവസിപ്പിക്കാന്‍ സ്റ്റേറ്റിന് മാത്രമേ സാധ്യമാകൂ. ജില്ലാ കളക്ടര്‍, ഡി.എം.ഒ. ഡോ. ഡിക്രൂസ് തുടങ്ങി നിരവധിപേര്‍ ഇതിനു പിന്നില്‍ പ്രര്‍ത്തിക്കുന്നുണ്ട്. സ്‌നേഹസാന്ത്വനം ഒരു പുതിയ പദ്ധതിയാണ്. ഇതിന് ബാലാരിഷ്ടതകളുണ്ട്. പദ്ധതി വിഭാവനം ചെയ്യുന്ന രിതിയില്‍ പുനരധിവാസം ഫലപ്രാപ്തിയിലെത്തിക്കാന്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള സാമൂഹിക പ്രവര്‍ത്തകരടക്കമുള്ളവരുടെ നിര്‍ദേശങ്ങളും സഹകരണവും ആവശ്യമാണ്.
നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടുക എന്നുള്ളതുതന്നെയാണ്. ഈ കീടനാശിനി, മനുഷ്യനു പറ്റിയ വലിയ തെറ്റാണ്. അതിന് ആവശ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാണ്. ഇനി വരേണ്ടത് ആഘാതം എത്രത്തോളമുണ്ട് എന്നുള്ളതിന്റെ തെളിവ് മാത്രമാണ്. അതേ ഇനി വരേണ്ട കാര്യമുള്ളൂ. കാസര്‍കോടിന്റെ ദുരന്തത്തെ കണ്ടുകൊണ്ട്, അവിടത്തെ ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് നിരോധിക്കണം. ഇനിയും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമുണ്ടാക്കുന്നില്ല എന്നു പറയുന്നവര്‍ ഒരുകാര്യം ചെയ്യണം. അവര്‍തന്നെ നിശ്ചയിക്കുന്ന അളവില്‍, എന്‍ഡോസള്‍ഫാന്‍ എല്ലാവര്‍ക്കും മുന്നില്‍ നിന്ന് കുടിക്കാന്‍ തയ്യാറാവണം.'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ