2021 ജൂൺ 18, വെള്ളിയാഴ്‌ച

റിച്ചാർഡ് കോച്ചിന്റെ 80/20 തത്വങ്ങളടെ പുസ്തക ചുരുക്കം


ജീവിതത്തിൽ ധാരാളം അധ്വാനിക്കുന്നവരാണ് നമ്മൾ.പക്ഷെ നാമെടുക്കുന്ന പ്രയത്നത്തിന്റെ ഫലം നമുക്ക് ലഭ്യമാകുന്നണ്ടോ എന്ന് ചോദിച്ചാൽ പലപ്പോഴും ഇല്ല എന്നായിരിക്കും ഉത്തരം. പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ പറയാറുണ്ട്, ഞാനെത്രയോ അധ്വാനിക്കുന്നു പക്ഷെ എന്നെ അംഗീകരിക്കാൻ ഇവിടെ ആരുമില്ല എന്ന്.

പലപ്പോഴും പല ആളുകളെയും നാം കാണാറുണ്ട്. എപ്പോഴും തിരക്കായിരിക്കും. ഒന്നും ചെയ്യാൻ സമയമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? റിച്ചാർഡ്  കോച്ച് എന്ന പ്രശസ്തനായ എഴുത്തുകാരൻ അതിനുത്തരം നമുക്ക് നൽകുകയാണ്.റിച്ചാർഡ് കോച്ച് വാർട്ടൻ സർവകലാശാലയിലും ഓക്സ്ഫോർഡ് സർവകലാശാലയിലും പഠിച്ച അതിപ്രശസ്തനായ ഒരു വ്യക്തിയാണ്.         

                   “80/20 PRINCIPLE THE SECRET TO ACHIEVING MORE WITH LESS" എന്ന പുസ്തകത്തിലൂടെ അദ്ദേഹം വളരെ വിശദമായി ഈ വിഷയത്തെക്കുറിച്ച് പരാമർശിക്കുകയാണ്.


വീഡിയോ കാണാം : https://youtu.be/qormzPmlhGk

അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.”80% results come from 20% inputs". നമ്മുടെ ജീവിതത്തിലെ 80% വിജയങ്ങളും ഉണ്ടാകുന്നത് കേവലം 20% നിക്ഷേപത്തിൽ നിന്നാണ്. ഈ ചിന്ത ആദ്യം മുന്നോട്ടു വച്ചത് വിൽഫ്രഡ് പാരറ്റോ എന്ന സാമ്പത്തിക വിദഗ്ധനാണ്. ഒരു ഇറ്റാലിയൻ എഞ്ചിനീയർ ആണ് വിൽഫ്രഡ് പാരറ്റോ. ഒപ്പം തന്നെ ഒരു സാമ്പത്തിക വിദഗ്ധനും,തത്വചിന്തകനും,സാമൂഹ്യ ശാസ്ത്രജ്ഞനും കൂടിയാണ് അദ്ദേഹം. 1987 കാലഘട്ടങ്ങളിലാണ് അദ്ദേഹം ഒരു നിരീക്ഷണം നടത്തിയത്. ഇറ്റലിയിലെ 80% സമ്പത്തും വെറും 20% ആളുകളുടെ കൈവശമാണ്.ഇതിനെ ചുവടുപിടിച്ചുണ്ടായ തത്വചിന്തയാണ് പാരറ്റോ തത്വം. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഈ പാരറ്റോ തത്വം വളരെയധികം പ്രചാരം നേടുകയായിരുന്നു.”Principle of least effort, principle of imbalance, principle of vital few, principle of factor sparsity തുടങ്ങിയ പേരിലെല്ലാം ഈ ചിന്ത അറിയപ്പെടാറുണ്ട്.

ഒരു സ്ഥാപനത്തിലെ 80% നിക്ഷേപവും കൊണ്ടുവരുന്നത് 20% തൊഴിലാളികളായിരിക്കും. ഒരു വ്യവസായത്തിലെ 80% കച്ചവടവും കൊണ്ടുവരുന്നത് വെറും 20% ഉപഭോക്താക്കളായിരിക്കും. അതുപോലെ തന്നെ 20% ആളുകളുടെ കൈവശമായിരിക്കും 80% ധനവുമുണ്ടായിരിക്കുക. നമ്മുടെ വ്യക്തിജീവിതത്തിലേക്ക് നോക്കാം,നാം 80% സമയങ്ങളിലും ഉപയോഗിക്കുന്ന വസ്ത്രം മിക്കവാറും 20% വസ്ത്രങ്ങളായിരിക്കും. സൗഹൃദവലയങ്ങളിലേക്ക് നോക്കിയാൽ പലപ്പോഴും മദ്യസൽക്കാരങ്ങളിലെല്ലാം 90% മദ്യം കഴിക്കുന്നത് 15% സുഹൃത്തുക്കളായിരിക്കും. ഒപ്പം തന്നെ ജീവിതത്തിലെ 80% സന്തോഷത്തിനും കാരണം 20% കാര്യങ്ങളായിരിക്കും.”Do more on what working well”, “Finding right thing”.ഈ രണ്ടു കാര്യങ്ങളാണ് ജീവിതത്തിൽ വിജയിക്കാനും സന്തോഷമുണ്ടാക്കാനും വിലയേറിയതെന്ന് റിച്ചാർഡ് കോച്ച് നമ്മെ ഓർമിപ്പിക്കുകയാണ്. 

ഒരു ഉദാഹരണം അദ്ദേഹം പറയുകയാണ്. പല കച്ചവട ഇടപാടുകളിലും ആനുകൂല്യം ലഭിക്കുന്നത് അല്ലെങ്കിൽ കച്ചവട ഇടപാടുറപ്പിക്കുന്നത് അവസാനത്തെ 20% സമയത്ത് ആയിരിക്കും. ഇതിനെ “non linearity  thinking” എന്നും  പറയാറുണ്ട്. പലപ്പോഴും നാം ചിന്തിക്കും, ഒരേ പോലെ സമയങ്ങളെല്ലാം പോകട്ടെ അല്ലെങ്കിൽ ചെയ്യുന്നതു പോലെ പോകട്ടെ എന്നും.പക്ഷെ ഏറ്റവും പ്രധാനപ്പെട്ട 20%കാര്യത്തെ കണ്ടെത്തി ആ 20 ശതമാനത്തെ 80% സമയങ്ങളിലും ചിലവഴിക്കുകയും ചെയ്താൽ തീർച്ചയായും ഫലം വ്യത്യസ്തമായിരിക്കും. ”Remove 80% of unimportant thing or deprioritize least important things".അതായിരിക്കണം തത്വ ചിന്ത എന്ന് റിച്ചാർഡ് കോച്ച് ഓർമിപ്പിക്കുകയാണ്. 

നമ്മുടെ നിക്ഷേപങ്ങളിൽ 20% നിക്ഷേപങ്ങൾ മാത്രമായിരിക്കും 80% വരുമാനം നമുക്ക് നൽകുന്നത്.നമ്മുടെ സുഹൃത് വലയങ്ങളിൽ 20% സുഹൃത്തുക്കളായിരിക്കാം  80% സന്തോഷം നമുക്ക് നൽകുന്നത്. ഒരു സ്ഥാപനത്തിൽ പലപ്പോഴും 80% ശമ്പളവും മേടിക്കുന്നത് 20% ആളുകളാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. കാരണം ഈ 20% ആളുകളായിരിക്കും 80% കാര്യക്ഷമത  കൊണ്ടുവരുന്നത്.”80% achievements come from 20% time “. അതാണ് ഈ ചിന്തയുടെ ആകെ തുക. അതുകൊണ്ട് റിച്ചാർഡ് കോച്ച് പറയുകയാണ് ”Internalize your hard work ”. നാമൊത്തിരി സമയം അധ്വാനിക്കുന്നുണ്ടാവാം.പക്ഷെ കൃത്യമായും,സമൃദ്ധമായും ജോലി ചെയ്യുവാൻ സാധിക്കുകയില്ല.80% സമയവും ഏറ്റവും പ്രധാന്യമുളളതും,മുൻഗണന കൊടുക്കേണ്ടതുമായുളള 20% കാര്യങ്ങൾ ചെയ്യുമ്പോൾ തീർച്ചയായും ഫലം വ്യത്യസ്തമായിരിക്കും.

                    ജെയിംസ് പെസ്സസിൻറെ  ഒരു ഉദാഹരണം പുസ്തകത്തിൽ പറയുന്നുണ്ട്. അദ്ദേഹം പറയുകയാണ്, മുഴുവൻ കാര്യങ്ങളും ലഭ്യമാകുന്നതു വരെ ഒരു തീരുമാനമെടുക്കുവാൻ കാത്തിരിക്കേണ്ട ആവശ്യമില്ല.            ”Gather 80% data, analyse 80%analysis, use 20% time, be 100% confident, practice it 100% time". ചില ആളുകൾ എല്ലാ ഫലങ്ങളും എല്ലാ രീതിയിലും വന്നാൽ മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് ചിന്തിക്കുന്നവരാണ്. പക്ഷെ അത് ശരിയല്ലായെന്നും കൂടുതൽ ഫലം വേണമെങ്കിൽ തീർച്ചയായും 80-20 തത്വം ജീവിതത്തിൽ പിന്തുടരണമെന്നും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. വ്യാവസായിക മേഖലയിലും, വ്യക്തിജീവിതത്തിലും, ഉദ്യോഗജീവിതത്തിലുമെല്ലാം എങ്ങനെ ഈ തത്വങ്ങൾ പ്രാവർത്തികമാക്കാമെന്ന് പലയിടങ്ങളിലായി ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 

മുഴുവൻ വിവരിക്കുവാൻ സമയമില്ലാത്തതുകൊണ്ട് തീർച്ചയായും പുസ്തകങ്ങൾ വായിക്കുക. റിച്ചാർഡ് കോച്ച് ഓർമിപ്പിക്കുകയാണ്, മറ്റുള്ളവർ നമ്മോട് ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ പ്രധാനപ്പെട്ടവയല്ലായെങ്കിൽ അത് മാറ്റിവയ്ക്കുക. നമുക്ക് സന്തോഷിക്കാൻ കഴിയാത്തതും മോശമായിപ്പോകുന്നതുമായ ജോലികൾ നമുക്ക് മാറ്റി വയ്ക്കാം. നമുക്കിഷ്ടമുളളതും, നമ്മുടെ ജീവിതത്തിന്  പ്രയോജനപ്രദമാകുന്നതും, നാം തീവ്രമായി ആഗ്രഹിക്കുന്നതുമായുളള കാര്യങ്ങൾ ചെയ്യുക. അങ്ങനെ ഏറ്റവും പ്രധാനപ്പെട്ട 20% കാര്യങ്ങൾ 80% സമയത്ത് ചെയ്യുമ്പോൾ തീർച്ചയായും വിജയം സുനിശ്ചിതമാണ്. നിങ്ങൾക്കത് നേടുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

                                             (ഡോ , പോൾ വി മാത്യു )

2020 ഓഗസ്റ്റ് 15, ശനിയാഴ്‌ച

സർക്കാർ ദാദയുടെ ഓലപ്പീപ്പി...

സർക്കാർ ദാദയുടെ ഓലപ്പീപ്പി...
സർക്കാർ ഉദ്യോഗസ്ഥർ രാജ്യത്തിൻറെ ഉരുക്ക് നട്ടെല്ല് ആണെന്നാണ് വിവരം ഉള്ളവർ പണ്ട് പറഞ്ഞത് . രാഷ്ട്രീയക്കാർ 5 വര്ഷം ഭരിക്കുമ്പോൾ അവർ 30 -40 വര്ഷം വരെ രാജ്യത്തെ സേവിക്കും. കേരളത്തിന്റെ വരുമാനത്തിന്റെ മുക്കാൽ ഭാഗവും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പെൻഷൻ കൊടുക്കാനാണെന്നത് നമ്മെ ചിന്തിപ്പിക്കും. 80:20 റൂൾ എല്ലാവര്ക്കും ബാധകമാണ്. രാജ്യത്തിൻറെ 80 ശതമാനം സ്വത്തും 20 ശതമാനം ആളുകളുടെ കയ്യിൽ . സംസഥാനത്തെ വരുമാനത്തിൻറെ 80 ശതമാനവും അഞ്ച് ശതമാനം ആളുകൾക്ക് വേണ്ടി . ഈ രീതിക്കെതിരെ ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും അസഹിഷ്‌ണത നുരഞ്ഞു പൊങ്ങാറുണ്ട് . വൺ ഇന്ത്യ വൺ പെൻഷൻ (OIOP) എന്ന വിഷയവും ഇങ്ങനെയാണ് ഉയർന്നു വന്നത് .
OIOP ആശയത്തിനെതിരെ സ്വാഭാവികമായും ശബ്ദം ഉയർത്തുന്നത് സർക്കാർ ഉദ്യോഗസ്ഥർ ആണെന്നുള്ളതിൽ അതിശയോക്തിയില്ല. സർക്കാർ ഉദ്യോഗസ്ഥരിൽ പകുതിയോളം വരുന്ന അദ്ധ്യാപക സമൂഹം കൂടുതൽ പ്രകോപിതരാകുകയും ചെയ്‌യുന്നു. ഒത്തിരി നല്ല ആളുകൾ ഉള്ള സർക്കാർ വിഭാഗത്തെ മോശമാക്കുന്നത് ചുരുക്കം ചില ആളുകളുടെ പ്രവർത്തനമാണ് . ഇവരുടെ പ്രവർത്തനങ്ങൾ നല്ല ആളുകളെക്കൂടി മോശമാക്കാനും സർക്കാർ സംവിധാനത്തെ മോശമായി ചിത്രീകരിക്കാനും ഇടയാക്കുന്നു. ഒരു സർക്കാർ കോളേജ് അദ്ധ്യാപകൻ കുട്ടികളോട് പറയുന്നത് കേട്ടതാണ്. 'നിങ്ങൾ സർക്കാർ ജോലി നേടിയാൽ പിന്നെ ഒരുത്തനെയും വകവെക്കേണ്ട, ആരുടെയും മുൻപിൽ തലകുനിക്കണ്ട' (ചിലർ പറയും ഒരു പട്ടിയുടെയും മുൻപിൽ). ഇവർ അറിയപ്പെടുന്നത് government servant /public service എന്നാണ് എന്ന് കൂടി ഓർക്കണം. നമ്മുടെ ഓരോരുത്തരുടേയും സർക്കാർ ഓഫിസുകളിൽ അനുഭവം മാത്രം മതിയാകും പൊതുജനം എത്ര ശ്വാസംമട്ട് അനുഭവിക്കുന്നു എന്ന് വിളിച്ചു പറയാൻ. സേവിക്കേണ്ടവർ ഉപദ്രവിക്കുന്ന പ്രവണത അസഹനീയമാകാൻ അനുവദിച്ചു കൂടാ.

1.ഒരു ദിവസം KSRTC ബസിൽ കയറാൻ കൈ കാട്ടി. ഒറ്റവണ്ടിയും നിർത്തുന്നില്ല. പലതും ആളില്ലാതെയാണ് സുഖ യാത്ര, അവസാനം ഒരു വണ്ടിയുടെ മുൻപിൽ കയറി നിന്ന്, ഓടി കയറി. കാര്യം ചോദിച്ചപ്പോൾ കണ്ടുക്ടറുടെ മറുപടി - "എന്റെ റേഷൻ കാർഡ് നിന്റെ കയ്യിൽ അല്ലെ -പോയി എന്നാണെന്ന് വച്ചാൽ ചെയ്യ്". ഞാൻ എന്നാ ചെയ്യാൻ? എന്ന് ഈ ആന വണ്ടി ഒരു വെള്ളാന അല്ലേ. ഇതിനു കാരണം ഇത്തരം ഉദ്യോഗസ്ഥരാണ്. തച്ചങ്കരി ഒരു വിധത്തിൽ ശരിയാക്കാൻ ശ്രമിച്ചു (ബിസിനസ് അറിയാവുന്ന ആളാണല്ലോ ), പക്ഷെ ഇവന്മാർ അയാളെ തല്ലി ഓടിച്ചു. ഇന്ന് കോടികൾ ദിവസവും നഷ്ടത്തിൽ, പണം കൊടുക്കുന്നത് ഖജനാവിൽ നിന്നും. സർക്കാരും തൊഴിലാളി യൂണിയനും ചേർന്നാൽ പൊതുജനം പമ്പര വിഡ്ഢികൾ. പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കൂ. ലാഭത്തിൽ ഉള്ളത് മഷി ഇട്ട് നോക്കിയാൽ പോലും കാണില്ല. കാരണം ഇത്തരം അഴിമതിയും കെടുകാര്യസ്ഥതയും ആണ്. ബിസിനസ്‌ ചെയ്യാൻ അറിയാത്തവർ എങ്ങനെ ആണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ പാസായാൽ അത് ചെയ്യാൻ പറ്റുമോ? അവർക്ക് നിയമത്തിന്റെ പുസ്തകം പറയുന്ന ചട്ടങ്ങൾ നോക്കിയാൽ മതി. ലാഭം വന്നാലും നഷ്ടം വന്നാലും ആർക്കു ചേതം.എന്തായാലും ഇങ്ങനെയുള്ള ധൂർത്തും കെടുകാര്യസ്ഥതഹും ചെയ്ത ചെയ്തു സർക്കാരിന്റെ അല്ല ജനങളുടെ കടം മൂന്നര ലക്ഷം കോടിയിൽ വരെ എത്തി. ആര് ചോദിയ്ക്കാൻ ആര് പറയാൻ .
2. ലാഭകരമായ ബിസിനസ് നടത്താനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കുക. അത് അറിയാവുന്നവർ ചെയ്യട്ടെ. നിയത്രണവും മേൽനോട്ടവും മാത്രം സർക്കാർ മതി.
3. സർക്കാരിന്റെ ഒട്ടു മിക്ക സേവങ്ങളും മികച്ച രീതിയിൽ ചെയ്യാൻ Public Private Partnership (PPP ) മോഡലുകൾക്ക് സാധിക്കുന്നു. ഉദാഹരണം പാസ്പോര്ട്ട്. ഇപ്പോൾ ഒരു പ്രൈവറ്റ് ഏജൻസി ആണ് ചെയ്യുന്നത്. കൃത്യസമയത് ഒരു മെനക്കേടുമില്ലാതെ കാര്യം നടക്കും. പണ്ട് എന്തായിരുന്നു അവസ്ഥ . എത്രപ്രാവശ്യം ഓഫിസുകൾ കയറി ഇറങ്ങണമായിരുന്നു . പോലീസുകാരന് എത്ര കൂടുതലാ. എന്നാൽ ഒരു സർക്കാർ ഓഫീസിലോ ? ശമ്പളവും കഴിവും ഇല്ലാഞ്ഞിട്ടാണോ ജനങ്ങളെ ഇങ്ങനെ വലയ്ക്കുന്നത് . അതുകൊണ്ട് കഴിയുന്ന സേവനങ്ങൾ ഇത്തരത്തിൽ (PPP ) ആക്കുക. എല്ലാം സർക്കാർ മേഖലയിൽ വേണം എന്ന് നിർബന്ധം പിടിക്കരുത്. ഇത് ഖജനാവ് കുളം തോണ്ടാനും ജനങ്ങളെ കൊള്ള അടിക്കാനും മാത്രമേ ഉപകരിക്കൂ.
4. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം നോക്കൂ. ചില്ലറ സീറ്റ്‌ ഒന്നും അല്ല ഉള്ളത്. ഏറ്റവും കൂടുതൽ നോട്ട് കൊടുക്കാൻ പറ്റുന്നവന് അല്ലേ അത് കിട്ടുകയുള്ളൂ. പിൻവാതിൽ, ആശ്രിത/ബന്ധു, PSU നിയമനങ്ങൾ വേറെ. ശമ്പളം കൊടുക്കുന്നത് സർക്കാർ, നിയമനം നടത്തുന്നത് മാനേജമെന്റ്. ഒരാളിൽ നിന്നും 50 ലക്ഷം മേടിച്ചാൽ 20 പേരുണ്ടെങ്കിൽ എത്ര ആയി. ഇതിന്റെ ഓഹരി ആര്ക്കെല്ലാമാണ്? അതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും പോസ്റ്റും സ്‌കൂളും സ്ഥാപനങ്ങളും എല്ലാം അനുവദിക്കും. കഴിവും യോഗ്യതയും ഉള്ളവർ പുറത്ത്. ശമ്പളം കൊടുക്കുന്നതോ ജനങ്ങൾ കൊടുത്ത നികുതിയിൽ നിന്ന്. അപ്ലിക്കേഷൻ കൊടുത്താൽ കാശ് പോയത് മാത്രം മെച്ചം. ആരുടെയൊക്കെ അമ്മാച്ചനും അന്തരവനുമാണ് ഇവിടെ നിയമിക്കപ്പെടുന്നത് ചോദിയ്ക്കാൻ പോലും ആരുമില്ല. ഇനി ചോദിച്ചാലും അറിഞ്ഞാലും ഒന്നും ചെയ്യാനും പറ്റില്ല.

5. ഒരു പാവം മനുഷ്യൻ ഒരു എയ്ഡഡ് കോളേജിൽ കോൺട്രാക്ട് ആയി പഠിപ്പിക്കാൻ പോയി. രണ്ട് വർഷം പഠിപ്പിച്ചു. മാസം 4000 രൂപ . ഇന്ന് 16 വർഷം കഴിഞ്ഞു. ചില്ലിക്കാശ് കൊടുത്തില്ല. ചോദിച്ചപ്പോൾ രേഖയില്ല തെളിവില്ല പ്രോസസ്സിംഗ് ആണ് എന്നെല്ലാം. കൂടുതൽ ചോദിച്ചപ്പോൾ മേടിക്കാമെങ്കിൽ മേടിച്ചോ എന്ന്? പാവം സാധു ! ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് മേടിച്ച ജോലിയിലൂടെ മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ആ വമ്പന്മാരോട് എന്ത് പറയാൻ?

6. വയസ്സ് അറുപത്തി രണ്ടായ രോഗിയായൊരു സ്ത്രീ. ഒരു കമ്പനിയിൽ ജോലി ചെയ്തതിന്റെ ശേഷം പെൻഷൻ അപേക്ഷിച്ചു. നട്ടം തിരിഞ്ഞാണ് അപ്പ്ലിക്കേഷന് വേണ്ട രേഖകൾ സംഘടിപ്പിച്ചത്. ഒറിജിനൽ എല്ലാം പെൻഷൻ ആഫീസിൽ സമർപ്പിച്ചു. നാലുമാസം ആയിട്ടും ഒരു അനക്കവും ഇല്ല അന്വേഷിച്ചു ചെന്നപ്പോൾ അങ്ങനെ ഒരു അപേക്ഷ കാണാനില്ല. പിന്നെയും അലച്ചിൽ. അവസാനം അത് സ്വന്തം കയ്യിൽ നിന്ന് നഷ്ട്ടപ്പെട്ടുപോയി എന്ന രേഖയും മറ്റ് പല രേഖകളും സംഘടിപ്പിക്കാൻ മെനെക്കെടൽ. കാശ് ചെലവ്, ഓഫീസുകൾ കയറി വീണ്ടും നടക്കൽ. എന്തെങ്കിലും ചോദിച്ചാൽ എന്തോ ഔദാര്യം പോലെ.
നമ്മുടെ സർക്കാർ ആഫീസുകളുടെ അവസ്ഥ പറഞ്ഞു എന്നേയുള്ളൂ. വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് സർക്കാർ ഓഫിസുകളും സർക്കാർ ഉദ്യോഗസ്ഥരും ബാലികേറാ മല ആണെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ലല്ലോ .

OIIP എന്ന ആശയം പരക്കെ ചർച്ച ചെയ്യപ്പെടുന്ന നിലക്ക് ചില കാര്യങ്ങൾ കൂടി OIOP ചിന്തിക്കേണ്ടി ഇരിക്കുന്നു. അതിനായി പൊതുജങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുക. അങ്ങനെ ഒരു മെമ്മോറാണ്ടം തയ്യാറാകുക. പിന്നീട് ഒരു മാനിഫെസ്റ്റോ തയ്യാറാക്കാവുന്നതാണ്. സർക്കാർ ഓഫീസും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക നികുതി പണം ഉത്തരവാദിത്വത്തോടെ വിനയോഗിക്കുക എന്നതാകണം ലക്ഷ്യം. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും യൂണിയനും ചേർന്ന് ജനങ്ങളെ നോക്ക് കുത്തികൾ ആക്കുന്ന പ്രവണത അവസാനിപ്പിക്കണം.ഇത് സർക്കാരിന്റെ അട്ടിമറിക്കാനാണെന്നുള്ള വാദത്തെ ശേഖരിച്ച വിവരങ്ങൾ കൊണ്ട് നേരിടണം. മാറ്റ് രാജ്യങ്ങളിലെ മുതിർന്ന പൗരന്മാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻ രീതികൾ പഠിക്കണം . എതിർപ്പ് കൂടുന്തോറും അംഗീകാരം കൂടുന്നു എന്നാണല്ലോ മനസ്സിലാക്കേണ്ടത്.

1. വാർധ്യക്യത്തിൽ എല്ലാവര്ക്കും പെന്ഷന് അര്ഹതയുണ്ടാകണം. മാന്യമായി ജീവിക്കാൻ അതുകൊണ്ട് കഴിയണം. കള്ള് കുടിയനോടും റോഡരികിൽ കുത്തി ഇരിക്കുന്നവനോടും വിവേചനം വേണ്ട. എല്ലാവര്ക്കും സർക്കാർ ഉദ്യോഗസ്ഥർ ആകാനുള്ള കഴിവ് ഇല്ല എന്ന് വിനയപൂർവ്വാം അംഗീകരിക്കുക. എല്ലാവരും ജീവിക്കട്ടെ. ഒന്നുമല്ലെങ്കിലും കള്ള് കുടിയന്റെ പണം കൊണ്ടാണല്ലോ ഖജനാവിൽ കാശ് ഉണ്ടാകുന്നത്.

2. സർക്കാർ ഉദ്യോഗസ്ഥർ ആയാലും ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക മാത്രം അല്ലെങ്കിൽ ജോലി ചെയ്ത സമയത്തു അടക്കുന്ന തുക മാത്രം പെൻഷൻ ആയി നൽകുക. പകുതി ശമ്പളം എന്ന അശാസ്ത്രീയ രീതി അവസാനിപ്പിച്ചു ഇപ്പോൾ അങ്ങനെ ലഭിക്കുന്നവർക്ക് ജീവിക്കാൻ ആവശ്യമായത് നൽകുക. ഇത്തരം പെൺസണുകൾക്ക് പരിധി വക്കുക . പങ്കാളിത്ത പെൻഷൻ മുഴുവനായി നടപ്പിലാക്കുക.

3. രാഷ്‌ടീയക്കാരുടെ/ജനപ്രതിനിധികളുടെ ശമ്പളം അവർ തന്നെ നിശ്ചയിക്കുന്നത് നിർത്തുക. അതിനു ജനകീയ കമ്മിറ്റികൾ ഉണ്ടകണം.

6. എല്ലാ നിയമങ്ങളും (കോൺട്രാക്ട് ഉൾപ്പടെ ) PSC വഴി ആക്കുക. PSC മെമ്പർ മാരുടെ എണ്ണം നിജപ്പെടുത്തുക. അവരെ തിരഞ്ഞെടുക്കുന്നത് സുതാര്യമാക്കുക. യൂണിവേഴ്സിറ്റി, എയ്ഡഡ് നിയമനകളും PSC വഴി ആക്കുക. നിരവധി നിയമന സ്ഥാപനങ്ങൾ എന്തിനാണ് ?. എല്ലാ പരീക്ഷയും ഒരു സുതാര്യമായ സ്ഥാപനത്തിന്റെ കുടക്കീഴിൽ വരട്ടെ.

7. സേവനങ്ങൾ ലഭിക്കുവാൻ സമയക്രമം /നിശ്ചിത സമയം വക്കുക. വൈകിയാൽ അപേക്ഷകന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് നഷ്ട പരിഹാരം നൽകുക.

8. അദ്ധ്യാപകർക്ക് ഉള്ള അവധി നിജപ്പെടുത്തുക. നീണ്ട അവധികൾ അവരുടെ വ്യക്തി വികസനം, അറിവ് ഇവ മെച്ചപ്പെടുത്താൻ ഉപയോക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുക. ചില അദ്ധ്യാപകർ ആഴ്ചയിൽ ഒരിക്കൽ വന്നു പഠിപ്പിക്കും, ബാക്കി ദിവസം മറ്റുപല ഉദ്യോഗം ആണ്. പിന്നെ തങ്ങൾക്ക് തോന്നുന്ന സമയത്ത് പിള്ളേരെ കഷ്ടപ്പെടുത്താൻ സ്പെഷ്യൽ ക്ലാസ്സ്‌. സ്പെഷ്യൽ ക്ലാസിനു പ്രത്യേക അനുമതി വേണം എന്ന് ആക്കുക. ഇനി അനുവദിച്ച സമയത്ത് പാഠ്യഭാഗം തീരുന്നില്ല എങ്കിൽ പാഠ്യ ക്രമം പരിഷ്കരിക്കുക. അധ്യാപകരുടെ സൗകര്യത്തിനു കുട്ടികളെ ചുറ്റിക്കരുത്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയ സമിതികൾ രൂപീകരിക്കുക. ഒരു വിദ്യാർഥിയുടെ അവകാശം അവരെ ബോധ്യപ്പെടുത്തുക. അത് ലംഘിക്കപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് അവർ പഠിക്കട്ടെ. ഈ നിർദ്ദേശം അദ്ധ്യാപകർക്ക് എതിരല്ല. അദ്ധ്യാപകർ മോശം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല. എന്നാൽ ഓരോ പൗരനും ഉത്തരവാദിത്വം ഉള്ളവരായി വളരാൻ അധ്യാപകരുടെ പങ്ക് നിർണ്ണായകമാണ്. കാരണം ആരും അധ്യാപരുടെ കീഴിൽ പഠിക്കാതെ വളരുന്നില്ല.സമൂഹത്തിൽ വലിയ ഉത്തരവാദിത്വം ആണ് അധ്യാപകർ നിറവേറ്റേണ്ടത്.

9. പല ഓഫിസുകളിലും അത്രയും ഉദ്യോഗസ്ഥരുടെ ആവശ്യം ഇല്ല.പല നിയമനങ്ങളും ആശ്രിതരെയും ബന്ധുക്കളെയും യൂണിയൻകരേയും തൃപ്തിപ്പെടുത്താനാണ് . അതുകൊണ്ട് തന്നെ എത്രപേർ വേണം എന്ന് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പഠിപ്പിക്കണം. പല ഓഫിസിലും ചെന്നാൽ ചെരുപ്പ് മാത്രമാണ് . ആളൊഴിഞ്ഞ കസേര . അത് അവസാനിപ്പിക്കണം
10 . എന്തിനും ഏതിനും കൺസൾട്ടൻസി ആണ് 4 -5 ലക്ഷം മാസം ശമ്പളം കൊടുക്കും . എന്നിട്ട് എന്തെങ്കിലും സിദ്ധാന്തം അവതരിപ്പിക്കും . അത് ഒരിക്കലും ആരും വായിക്കുകയോ നടപ്പിലാക്കുകയോ ചെയ്യില്ല. (മനസ്സിലാകാത്ത കൊണ്ട് ആണോ ആവൊ ). പക്ഷെ ഇതിന്റെ ആവശ്യം ഉണ്ടോ ?. ഇല്ല. ഇത്തരം കരാറുകൾ നിർത്തണം . സ്വതന്ത്ര കമ്മിറ്റികൾ പരിശോധിച്ച ശേഷം ആവശ്യം എങ്കിൽ മാത്രം പരിഗണിക്കുക. അതല്ലെങ്കിൽ ഇത് ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുക എന്നത് പരിഗണിക്കുക. ഉദ്യോഗസ്ഥർക്ക് ഇതിനു പ്രാഗൽഫ്യാ0 ഉണ്ടാകണം .

11 . ജോലി സ്ഥിരത ഉണ്ട് എന്നതാണ് സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളെ വക വെക്കാത്തതിന്റെ പ്രധാന കാരണം.ജോലി ചെയ്താലും ചെയ്തില്ലെങ്കിലും കാശ് കിട്ടും. ആരും ഒന്നും ചോദിക്കില്ല . ഇനി ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ യൂണിയൻ ഇടപെടും. അതുകൊണ്ട് സ്ഥിരനിയമങ്ങൾ കഴിവതും ഒഴിവാക്കുക.

12 . പ്യൂണായി ജോലിയിൽ പ്രവേശിക്കുന്നവർ പിരിയുമ്പോൾ ലഭിക്കുന്ന ശമ്പളം പലപ്പോഴും ന്യായീകരിക്കാൻ കഴിയാത്തത് ആണ് . ശമ്പള വർധനവും പ്രമോഷനും വിദ്യാഭ്യാസവും കഴിവും മുൻനിർത്തി മാത്രം നൽകുക

13 സർക്കാർ എന്തിനും ഏതിനും കമ്മിഷൻ രൂപീകരിച്ചു പാർട്ടിക്കാരെ തിരുകി കയറ്റി പണം നഷ്ടപ്പെടുത്തുന്നത് തികച്ചും നിരാശാജനകമാണ്. PSC കമ്മീഷൻ അംഗങ്ങൾ , യൂത്തു കമ്മീഷൻ , ഭരണ പരിഷകര കമ്മീഷൻ ഇങ്ങനെ നിരവധി.

14 . ഇനി ടാക്സ് നന്നായി പിരിച്ചാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല എന്നാണല്ലോ ഒരു പക്ഷം. സർക്കാർ ഉദ്യോഗസ്ഥരല്ല , രാഷ്ട്രീയക്കാരാണ് അഴിമതിക്കാർ എന്നും പറയുന്നുണ്ടല്ലോ. എന്നാൽ ടാക്സ് പിരിക്കേണ്ടത് ആരാണ് . സർക്കാർ ശമ്പളം കൊടുക്കുന്ന അവർ പിരിക്കാത്തത് കൊണ്ടല്ലേ ഈ പ്രതിസന്ധി . ഇനി ചില ആളുകൾ രാഷ്ട്രീയക്കാരുടെ പാവയായി നിന്ന് പല നിയ വിരുദ്ധ പ്രവർത്തനങ്ങളും നടത്തി പണം ഉണ്ടാകും . ഓരോ നിയമവും സംരക്ഷിക്കാൻ ചുമതലപ്പെട്ട അവർ അതിനെതിരെ പ്രവർത്തിക്കും . നിയമങ്ങൾ കാറ്റിൽ പറത്തും . മണ്ണ് എടുക്കൽ , കൃഷി നിലം നികത്തൽ, അനധികൃത നിർമ്മാണം , പറ ഘനനം , പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ ഇവയോട് കണ്ണടക്കൽ , പാവപ്പെട്ടവന് എന്തെങ്കിലും കുടിൽ വ്യവസായം ചെയ്താൽ ഉപദ്രവിക്കാൽ ഇതെല്ലം ചെയ്യുന്നത് ആരാണെന്ന് പൊതുജനനത്തിനു അറിയാം . രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് തടയാൻ ഒറ്റകെട്ടായി ജനം തീരുമാനിക്കാൻ കഴിയുന്ന സംവിധാനങ്ങൾ OIOP നിർദ്ദേശിക്കണം
എന്റെ ചില അഭിപ്രായങ്ങൾ ഇവിടെ കുറിച്ച് എന്നെ ഉള്ളൂ . സർക്കാർ ശമ്പളം വാങ്ങുന്ന ആളാണെങ്കിലും പല കാര്യങ്ങളിലും മാറ്റം വേണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ . നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തിയാൽ ആ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ മാർഗ്ഗ രേഖ തയ്യാറാക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. നന്ദി . OIOP മാനിഫെസ്റോയിൽ ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കമന്റ് ചെയ്യുമല്ലോ .

രാജ്യത്തിന്റെ നന്മ ആഗ്രഹിച്ചുകൊണ്ട്

(ഡോ . പോൾ വി മാത്യു )

2020 ജൂലൈ 30, വ്യാഴാഴ്‌ച

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്

വോട്ടർമാരുടെ ശ്രദ്ധയ്ക്ക് 
നമ്മൾ വോട്ട് ചെയ്യുന്നത്  ഒരു രാഷ്ട്രീയ പാർട്ടിക്കാണോ  അതോ ഒരു രാഷ്ട്രീയ നേതാവിനാണോ ? ചിലർ ചിഹ്നം നോക്കി വോട്ട് ചെയ്യുന്നു മറ്റുചിലർ  മത്സരാർഥിയുടെ കഴിവും വ്യക്തിപ്രഭാവവും എല്ലാം പരിഗണിക്കുന്നു. എന്നാൽ മത്സരിച്ചു ജയിച്ചു കഴിഞ്ഞാൽ നമ്മൾ തെരെഞ്ഞെടുത്ത പ്രതിനിധി ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്; ജനങ്ങൾക്ക് വേണ്ടിയോ , പാർട്ടിക്ക് വേണ്ടിയോ അതോ സ്വന്തം കാര്യം നേടാനോ ? ജനങ്ങൾക്ക് വേണ്ടി എന്നായിരിക്കും ഭൂരിഭാഗം ആളുകളും ഉത്തരം പറയുക. ഇനിയാണ് നാം ചിന്തിക്കേണ്ടത്  .

വോട്ട് ചെയ്യുമ്പോൾ തീർച്ചയായും നാം വോട്ട് ചെയ്യുന്ന പാർട്ടിയുടെ ആശയവും മുൻകാല പ്രവർത്തനങ്ങളും, ജനങ്ങൾക്ക് നൽകിയ  വാഗ്ദാനങ്ങളും എല്ലാം പരിഗണിക്കാനുള്ള സാധ്യത ഉണ്ട് . എന്നാൽ നാം വോട്ട് ചെയ്തു വിജയിപ്പിച്ച  ഒരു ജനപ്രതിനിധി പിന്നീട് കാലുമാറി മറ്റൊരു പാർട്ടിയിൽ ചേരുന്നത് ന്യായികരിക്കാൻ നമുക്ക് കഴിയുമോ ? കാരണം നാം വോട്ട് ചെയ്തത് ഒരു പാർട്ടിക്ക് കൂടിയാണല്ലോ . അധികാരം , പണം എന്നീ രണ്ടു കാര്യങ്ങൾ മാത്രം കണ്ടുകൊണ്ട് രാഷ്ട്രീയ ജീവിതം നയിക്കുന്ന ഇത്തരം ആളുകൾ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ആണ് കാറ്റിൽ പരത്തുന്നത്. ഈ കഥകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും ഈ അടുത്ത കാലത്തു കൂടിവരുന്ന ഈ പ്രവണത ജനാതിപത്യ വിശ്വസികളെ ചെറുതായിട്ടൊന്നും അല്ല അലോസരപ്പെടുത്തുന്നത് . ചാക്കിട്ടുപിടുത്തവും, പ്രോലോഭനങ്ങളും, ഭീഷണിയും  റിസോർട്ടും എല്ലാം രാഷ്ട്രീയത്തിൽ ഇന്ന്  ഒരു പുതിയ വാർത്ത അല്ലാതായിരിക്കുന്നു. പണവും അധികാരവും ഉണ്ടെങ്കിൽ എല്ലാം നടക്കും എന്ന ചിന്ത ആഴത്തിൽ വേരോടുന്നത് പുരോഗതിയുടെ ലക്ഷണം അല്ലല്ലോ 

കഥ തുടങ്ങുന്നത് ഇവിടെ 
1967 ഹരിയാനയിൽ  അസ്സെംബ്ലി തെരെഞ്ഞെടുപ്പിൽ വിജയിച്ച ഗയ ലാൽ ഒറ്റ രാത്രിയിൽ മൂന്നു പ്രാവശ്യമാണ് പാർട്ടി മാറിയത്. അങ്ങനെ പാർട്ടി മാറുന്ന ഈ പരിപാടിക്ക് ‘ആയ റാം ഗയ റാം’ എന്ന ഓമനപ്പേര് ലഭിക്കുകയും ചെയ്തു. തുടർന്ന് ഈ രാഷ്ട്രീയ കളികൾ ഒരു തുടർകഥ ആയപ്പോൾ നിയമനിർമ്മാണം ആവശ്യമായി വന്നു . നിരവധി ശ്രമങ്ങൾക്കൊടുവിൽ 1985 ൽ രാജീവ് ഗാന്ധിയുടെ സമയത്താണ് ഭരണഘടനയിൽ പത്താം അനുബന്ധം (Schedule ), 52 -)൦ നിയമനിർമ്മാണം ആയി കൂറുമാറ്റ നിരോധന നിയമം (anti defection  law ) നിലവിൽ വരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നോമിനിയായി മൽത്സരിച് ജയിച്ച ശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുക, വിപ്പ് ലംഘിക്കുക , പാർട്ടി മാറുക, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇടപെടുക, തുടങ്ങിയവ ചെയ്താൽ പദവി നഷ്ടപ്പെടുന്ന അല്ലെങ്കിൽ അയോഗ്യരാക്കപ്പെടുന്ന നിയമമാണ് ഇത്. സ്വതന്ത്രരായി മത്സരിച്ചവർ ഒരു പാർട്ടിയിൽ ചേരാനോ , നോമിനേറ്റ്  ചെയ്യപ്പെട്ടവർ തിരഞ്ഞെടുക്കപ്പെട്ടതിനു 6 മാസത്തിനു ശേഷം ഒരു പാർട്ടിയിൽ ചേരാനോ അംഗത്വം എടുത്ത പാർട്ടിയിൽ നിന്ന് രാജിവക്കാനോ സാധ്യമാകില്ല. എന്നാൽ സ്‌പീക്കർക്ക് ഈ നിബന്ധനകൾ ബാധകമല്ല .ഭരണ ഘടന നിർമ്മിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ എന്നത് ഒട്ടും പ്രസക്തം അല്ലാതിരുന്നതുകൊണ്ട് തന്നെ ഈ കാര്യം ഉൾപ്പെടുത്തേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാൽ  ഇത്  വ്യക്ത്തി സ്വതന്ത്രത്തിന്മേലുള്ള കടന്നുകയറ്റം ആണെന്ന് ഒരു വിഭാഗം ആരോപിച്ചു.  എന്നാൽ 1992 കൂറുമാറ്റ നിയമം കോടതി ശരിവയ്ക്കുകയും ചെയ്തു . എന്നാൽ ഒരു പാർട്ടിയുടെ മൂന്നിൽ ഒന്ന് ആളുകൾ കൂറുമാറി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നത് നിയമപരമായി സാധുത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ നിയമത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. എന്നാൽ 2003 ൽ വാജ്പയി സർക്കാർ 91 -)o  ഭരണഘടനാ ഭേദഗതിയിലൂടെ അത്  മൂന്നിൽ രണ്ടായി വർദ്ധിപ്പിച്ചു. കൂറുമാറ്റ നിയമ പ്രകാരം തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണ്. എന്നാൽ 1994 ലെ സുപ്രീം കോടതി വിധി പ്രകാരം സ്‌പീക്കറുടെ തീരുമാനം ജൂഡീഷ്യൽ റിവ്യൂവിന് വിധേയമായി മാറി. 

കൂടുമാറ്റത്തിന്റെ പുതിയ കഥകൾ 
കർണാടക, ഗോവ, മധ്യപ്രദേശ്, മണിപ്പൂർ എന്നിവടങ്ങളിലെ സമീപകാലങ്ങളിലെ കൂറുമാറ്റങ്ങൾക്ക് ശേഷം ഇപ്പോൾ രാജസ്ഥാൻ സർക്കാരാണ് കൂറുമാറ്റത്തിന് ഇര ആയിരിക്കുന്നത് . കൂറുമാറിയവർക്ക് ലാഭകരമായ പദവികൾ ഒന്നും വഹിക്കാൻ കഴിയില്ല എന്ന നിയമ ഭേദഗതി ഉള്ളതുകൊണ്ട് തന്നെ സ്ഥാനം രാജി വച്ച് ശേഷം വീണ്ടും ജനവിധി തേടി ജയിക്കുകയും സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുക എന്നതാണ് പുതിയ തന്ത്രം. ഈ പ്രവണത ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ആവുകയാണ്. കുറഞ്ഞ ഭൂരിപക്ഷത്തിൽ മന്ത്രി സഭ രൂപീകരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം കാലുമാറ്റം വലിയ ഭരണ പ്രതിസന്ധി സ്രഷ്ടിക്കുന്നു. ചെറിയ സംസ്ഥാനങ്ങളിൽ ആണെങ്കിൽ പാർട്ടി മാറുക എന്നത് ഒരു പ്രശ്നമേ അല്ല. കുറച്ച ആളുകളെ വിലയ്‌ക്കെടുക്കാൻ പാർട്ടികൾക്ക് കഴിയുന്നു എന്നതാണ് ഒരു വശം. 

ജനങ്ങൾ പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ പാർട്ടിയെക്കൂടി വിശ്വസത്തിൽ എടുത്താണ് വോട്ട് ചെയ്യുന്നത്. എന്നാൽ പണവും അധികാരവും ലഭിക്കുമ്പോൾ ജനങ്ങളെ മറന്ന് അതിന്റെ പുറകെ പോകുന്നത് ജനാധിപത്യത്തിന്റെ അടിവേര് ഇളക്കുന്ന കുല്സിത പ്രവർത്തനം ആണെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ കൂറുമാറിയ വ്യക്തി ആ കാലയളവിൽ പിന്നീട് മത്സരിക്കാനോ പദവികൾ വഹിക്കാനോ അർഹനല്ല എന്ന നിയമനിർമ്മാണം കാലത്തിന്റെ ആവശ്യം ആയിരിക്കുന്നു. സ്‌പീക്കർ ആണ് അയോഗ്യനാക്കാനുള്ള തീരുമാനം എടുക്കുന്നത് . എന്നാൽ സ്പീക്കർ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ആണെന്നുള്ളതുകൊണ്ട് തന്നെ അതിലെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ പ്രസിഡണ്ട് /ചെയർമാൻ എന്നിവർ എലെക്ഷൻ കമ്മീഷണറുടെ അഭിപ്രായം കൂടി പരിഗണിച്ചു ഈ വിഷയത്തിൽ തീരുമാനം എടുക്കുക എന്നതാണ് അഭികാമ്യം എന്ന് പല നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കപ്പെട്ടു. അയോഗ്യരാക്കാനുള്ള  വിഷയത്തിൽ തീരുമാനം എടുക്കാൻ സ്‌പീക്കർക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല എന്നതാണ് മറ്റൊരു പോരായ്മാ. 

ഭരണ നിർവ്വഹണം സാധ്യമാകുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളിലൂടെയാണ് . ജങ്ങൾക്ക് തങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയിലും അയാൾ പ്രതിനിധീകരിക്കുന്ന പാർട്ടിയിലുമുള്ള  വിശ്വാസം ആണ് ഇതിനു ആധാരം. അങ്ങനെ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒരു രാജ്യത്തെ അല്ലെങ്കിൽ സംസ്ഥാനത്തെ നേതാവിനെക്കൂടി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നേരിട്ടല്ലാതെ പങ്കെടുക്കുകയാണ് ജനങ്ങൾ. എന്നാൽ സ്വാർത്ഥ ലാഭത്തിനുവേണ്ടി പാർട്ടി മാറി ഭരണം അസ്ഥിരപ്പെടുത്തുകയും തുടർന്ന് നടടക്കുന്ന   തിരഞ്ഞെടുപ്പുകളിൽ സർക്കാർ പണം മുടക്കേണ്ടി വരികയും ചെയ്യുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വസം ആണ് നഷ്ടപ്പെടുന്നത് 
(ഡോ ,പോൾ വി മാത്യു , ഗവേഷണ വിഭാഗം മേധാവി,ഇന്ത്യൻ സ്കൂൾ ഓഫ് ഡെമോക്രസി , ഡൽഹി )

2020 ജൂലൈ 28, ചൊവ്വാഴ്ച

പണം പോകാതിരിക്കാൻ 15 കാര്യങ്ങൾ

പണം പോകാതിരിക്കാൻ  15 കാര്യങ്ങൾ
അടുത്ത കാലത്തു തുടരെ തുടരെ ഉന്നതവിദ്യാഭ്യാസം ഉള്ളവർ  വരെ ഓൺലൈൻ തട്ടിപ്പുകാരുടെ  ഇരയാകുന്നത് നമ്മുടെ ശ്രദ്ധയിൽ പെടുന്നുണ്ടാകും. എനിക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അറിവും ആത്മസംയമനവും ഒരു പക്ഷെ നമ്മെ സഹായിച്ചേക്കാം. കോവിഡ് സാമ്പത്തിക പ്രതിസന്ധി ഉള്ളതുകൊണ്ട് ഓൺലൈൻ തട്ടിപ്പുകൾക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. ധാരാളം ആളുകൾ ഓൺലൈനിൽ ഉണ്ട്, ഒട്ടനവധി ആളുകൾ ഓൺലൈൻ പ്രവർത്തനങ്ങൾ  മനസ്സിലാക്കി വരുന്നതേയുള്ളൂ, പുറത്ത് തട്ടിപ്പുകൾ നടത്താൻ സാധിക്കുന്നില്ല, ഈ   സാഹചര്യം നന്നായി ഉപയോഗിക്കുകയാണ് തട്ടിപ്പുകാർ.

1. Olx ൽ ഒരു സാധനം വിൽക്കാൻ ഇടുകയാണ്. ഒരാൾ സാധനം  ഞാൻ എടുക്കാം എന്ന് പറഞ്ഞു വിളിക്കുന്നു. ഫോൺപേ/ഗൂഗിൾപേ നമ്പർ തന്നാൽ ഇപ്പോൾ തന്നെ പണം താരം എന്ന് പറയുന്നു. നാം നമ്പർ കൊടുത്താൽ അവർ നമുക്ക് ഒരു റിക്വസ്റ്റ് അയക്കും. പണം നമ്മുടെ അക്കൗണ്ടിലേക്ക് വരാനുള്ള പെർമിഷൻ ചോദിക്കുന്നതാണ്. അവർ  നമ്മോട്  കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ നമ്മുടെ പാസ്സ്‌വേർഡ്‌ അടിച്ചു പെർമിറ്റ്‌ ചെയ്യുമ്പോൾ  അവർ രേഖപ്പെടുത്തുന്ന അത്രയും തുക നമ്മുടെ അക്കൗണ്ടിൽ നിന്ന് പോകും.

Note:- Olx പോലെയുള്ള പ്ലാറ്റ്ഫോമിൽ സാധനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ നേരിട്ട് മാത്രം കാര്യങ്ങൾ ചെയ്യുക. Phonepay/Google pay എല്ലാം നേരിൽ കണ്ടതിനു ശേഷം മാത്രം. (ഒരാൾ എന്നോട് പറഞ്ഞത് ഞാൻ നിങ്ങളുടെ വീടിന് അടുത്ത് എത്തി, പെർമിഷൻ തന്നാൽ പണം അയക്കാം എന്നാണ്. വഞ്ചിതരാകരുത്). ഒപ്പം ഒരു കാരണവശാലും നാം അറിയാത്ത സ്ഥലങ്ങളിൽ ഇടപാടിന് പോകാതിരിക്കുക. അതിക്രമങ്ങൾക്ക് ഇരയായേക്കാം. 

2. ബാങ്കിൽ നിന്നോ മൊബൈൽ സേവന ദേതാവിൽ നിന്നോ ആണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. KYC ശരിയാക്കണം, മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം, ATM കാർഡ് പുതുക്കണം, വെരിഫിക്കേഷൻ ആണ്, നിങ്ങളുടെ പണം നഷ്ട്ടപ്പെട്ടിട്ടുണ്ട്  ഇങ്ങനെ അങ്ങോട്ട് ബൂലോകത്തിനു ഉള്ളിലുള്ള എന്ത് കാര്യങ്ങളും പറയും. ചില നമ്പറുകൾ ചോദിക്കും. അവർ പറയുന്നത് പോലെ എല്ലാം ചില കാര്യങ്ങൾ ഓൺലൈനിൽ ചെയ്യാൻ പറയും. ചിലപ്പോൾ വർക്ക് ചെയ്യാതെയും വരും. അപ്പോൾ ടീം വ്യൂവർ പോലെ ഏതെങ്കിലും ആപ്ലിക്കേഷൻ  ഇൻസ്റ്റാൾ ചെയ്യാൻ ലിങ്ക് അയക്കും. അത് ഇൻസ്റ്റാൾ ചെയ്താൽ പിന്നെ നമ്മുടെ മൊബൈൽ /സിസ്റ്റം അവരുടെ നിയന്ത്രണത്തിൽ ആകും. അക്കൗണ്ട്‌ കാലിയാകാൻ നിമിഷങ്ങൾ മാത്രം. ഇനി പണം പോയി എന്ന് അറിയുമ്പോൾ നാം അവരെ തിരിച്ചു വിളിക്കും. അവർ ഫോൺ എടുക്കുകയും ചെയ്യും. സാരമില്ല നിങ്ങളുടെ അക്കൗണ്ടിന് എന്തോ കുഴപ്പം ഉണ്ട്, അതുകൊണ്ട് പണം ഇടാൻ സാധിക്കുന്നില്ല, വേറെ അക്കൗണ്ട്‌ തരൂ, അതിലേക്ക് ഇടാം എന്ന് പറയും. അത് വർക്കാകാതെ വരുമ്പോൾ വീണ്ടും അവർ ചില കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടും. അങ്ങനെ ആ അക്കൗണ്ടിലെ പണവും പോകും. ഇത് ഊഹാപോഹമല്ല. ഒത്തിരി ആളുകൾക്ക് സംഭവിച്ചിട്ടുണ്ട്. 

Note: ഒരു കാരണവശാലും ഒരു നമ്പറും പാസ്സ്‌വേർഡും ഫോണിലൂടെ നൽകാതിരിക്കുക. അവർ പറയുന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. നമ്മെ വേവലാതിപ്പെടുത്തി വേഗം കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ തീർച്ചയായും ശ്രദ്ധിക്കുക. 

3. കടയിൽ Phone pay/Google pay വഴി പണം അടക്കാൻ ശ്രമിക്കുകയാണ്. എന്തോ എറർ. വീണ്ടും ശ്രമിച്ചപ്പോൾ പാസ്സ്‌വേർഡ്‌ ആവശ്യപ്പെടുന്നു. പാസ്സ്‌വേർഡ്‌ അടിച്ചപ്പോൾ  , പാസ്സ്‌വേർഡ്‌ എത്രയാണോ അത്രയും തുക ആരുടെയോ അക്കൗണ്ടിലേക്ക് പോകുന്നു. 

Note : പേ ചെയ്യാൻ ശ്രമിക്കുമ്പോൾ എറർ വന്നാൽ തുടരാതിരിക്കുക. പണം അടയ്ക്കുന്നതിന് മുൻപ് മറ്റേ ആളോട് പേരു നമ്പറും ചോദിച്ചു ബോധ്യപ്പെട്ടുത്തുക.  

4. ജോലി കിട്ടി എന്ന് പറഞ്ഞു ഒരു മെയിൽ/ മെസ്സേജ് ലഭിക്കുന്നു. അല്ലെങ്കിൽ ലോട്ടറി അടിച്ചു വിവരങ്ങൾ തന്നാൽ പണം അയച്ചു തരാം  എന്ന് പറയുന്നു. വളരെ ആധികാരികം ആയി തോന്നും.  മറുപടി കൊടുത്താൽ പ്രോസസിങ് ഫീ നല്കാൻ പറയുന്നു. പിന്നെ നാം എത്ര പ്രാവശ്യം പണം നൽകുന്നൂവോ അത്രയും പ്രാവശ്യം അവർ മേടിക്കും. ജോലിയും കിട്ടില്ല പണവും കിട്ടില്ല. നമ്മുടെ വിവരങ്ങൾ അവർ പല തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യും.

Note :   Too Good to be true എന്ന് തോന്നുന്ന ഒന്നിനോടും പ്രതികരിക്കാതിരിക്കുക. ജോലിയും പണവും ഒന്നും ആരും വെറുതെ തരില്ലല്ലോ. നാം ജോലിക്കായി നൽകിയ അപേക്ഷ വിവരങ്ങൾ /ഓൺലൈൻ ജോബ് പോർട്ടൽ രെജിസ്‌ട്രേഷൻ  വിവരങ്ങൾ എന്നിവ അറിയുന്നവർ ധാരാളം ഉണ്ട് 

5. വീട്ടിൽ ഇരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം എന്നതാണ് വാർത്ത. രജിസ്റ്റർ ചെയ്യാൻ 500-2000 ഒക്കെ ആയിരിക്കും. ഇനി ഒരു ബുക്കിനായിരിക്കും കാശ്. അതിന്റ കാശ് കൊടുത്താൽ വേറെ ചില ആവശ്യങ്ങൾ എന്ന് പറഞ്ഞു പണം പിടുങ്ങും. ഒറ്റ ചില്ലിക്കാശ് പോലും നമുക്ക് കിട്ടില്ല. മെഡിക്കൽ ട്രാൻസ്‌ക്രപ്ഷൻ ഡാറ്റ എൻട്രി എന്ന ജോലികളും ഉണ്ട്. ജോലി ചെയ്തു കഴിഞ്ഞാൽ പല ന്യായവും പറഞ്ഞു പണം തരില്ല .

Note : ജോലി അല്ലെങ്കിൽ പണം ലഭിക്കുന്ന കാര്യത്തിന് ആരെങ്കിലും ഇങ്ങോട്ട് ആദ്യം പണം ചോദിച്ചാൽ എത്ര നല്ല കാര്യം ആയാലും നിർത്തുക. അത്യാർത്തി വേണ്ട. പെട്ടന്ന് പണക്കാരൻ ആകുന്നത് എങ്ങനെ എന്ന് നിങ്ങളെ മനസ്സിലാക്കി തരുന്ന ഒരു അനുഭവമാണ് ഈ തട്ടിപ്പുകൾ. നേരായ വഴിയിലൂടെ ഇത് സാധിക്കില്ല തന്നെ.

6. പല ജോലികൾക്കും അപ്ലിക്കേഷൻ അയക്കാൻ പറഞ്ഞു പല വിവരങ്ങളും നാം കാണാറുണ്ട്. 100 മുതൽ 1500 വരെ ആയിരിക്കും അപ്ലിക്കേഷൻ ഫീ. നാം പണം അടയ്ക്കുന്നു. ചിലപ്പോൾ പരീക്ഷയും ഇന്റർവ്യൂ എല്ലാം നടക്കും. ആർക്കും ജോലി കിട്ടില്ല. 

Note : അപ്ലിക്കേഷൻ കൊടുക്കുന്നതിനു മുൻപ് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് ആ കമ്പനിയുടെ ഔദ്യോഗിക സൈറ്റിൽ അല്ലെങ്കിൽ ഇമെയിൽ അയച്ചു /ഫോൺ ചെയ്ത് അന്വേഷിക്കുക. സൈറ്റ് വഴി മാത്രം അപേക്ഷിക്കുക. ഒപ്പം തന്നെ ജോലി താരം എന്നാൽ അതിനു മുൻപ് രെജിസ്ട്രേഷൻ ഫീ നല്കണം എന്ന് പറയുന്ന ഏജൻസികളെ സൂക്ഷിക്കുക (എല്ലാം തട്ടിപ്പ് ആകണം എന്നില്ല )

7. പലപ്പോഴും പല മെസേജസ്/കാൾ നമുക്ക് വരും. അറിയാത്തതത് ആണെങ്കിൽ എടുക്കാതിരിക്കുക. ക്ലിക്ക് ചെയ്യാതിരിക്കുക. നമ്മെ അത് വഴി ഹാക്ക് ചെയ്യുവാൻ സാധിക്കും 

8. പല ഗൂഡ്‌നെറ് ഗുഡ്മോർണിംഗ് ഇമേജുകൾ അപകടം ഉള്ളതാണ്. വെറുതെ അവയെല്ലാം ഡൌൺലോഡ് /ഓപ്പൺ ചെയ്യാതിരിക്കുക.

9. സമ്മാനങ്ങൾ , സൗജന്യം, ജോലി, ഹെല്പ് ലൈൻ നമ്പർ, ബ്ലഡ് ഡോനോർസ് ലിസ്റ്റ്  എന്നെല്ലാം പറഞ്ഞു പല whatsapp ഫോർവെർടുകളും വരും . അതൊന്നും ശ്രമിക്കാതിരിക്കുന്നതെയിരിക്കും നല്ലത് . നമ്മുടെ വിവരങ്ങൾ ലഭിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം 

10. ഹണി ട്രാപ് : പറയേണ്ടത് ഇല്ലല്ലോ. പലരും കള്ളപ്പേരിലും ഫോട്ടയിലും നമ്മുടെ ഫ്രണ്ട് ആകും. പിന്നെ പല പ്രലോഭനങ്ങൾ. അവസാനം ആപ്പിലാക്കും.  അതുകൊണ്ട് അപരിചിതരോട് കഴിവതും സമ്പർക്കം ഒഴിവാക്കുക. ചിലർ ഇടക്ക് കൂട്ടുകാരായി വരും. നമ്മുടെ വിശ്വാസം പിടിച്ചു പറ്റുന്ന പല കാര്യങ്ങളും ചെയ്യും. പിന്നെ പറ്റിച്ചു പാലം കടത്തും. 

11. എല്ലായിടത്തും നമ്മുടെ വ്യക്തി വിവരങ്ങൾ വിളമ്പുന്നത് ഒഴിവാക്കുക. നമ്മുടെ ഇമെയിൽ, അക്കൗണ്ട്‌ വിവരങ്ങൾ, ഫോൺ നമ്പർ ആധാർ ഇവയൊക്കെ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് പലതും ചെയ്യുവാൻ സാധിക്കും. 

12. പണം, ആസ്തി, ആഭരണം ഇവ അധികം പ്രദര്ശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. വില കൂടിയ മൊബൈൽ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കുക, മുന്തിയ ആഭരണങ്ങൾ ധരിക്കുക, പേഴ്സും അതിലെ കാശും മറ്റുള്ളവർ കാണാൻ ഇടയാകുക, പ്രൗഢിയുള്ള വസ്ത്രങ്ങൾ പൊതുസ്ഥലനങ്ങളിൽ ധരിക്കുക ഇത് നമ്മെ കൊള്ളയടിക്കുവാനും പിന്നീട് പിന്തുടർന്ന് കബളിപ്പിക്കുവാനും ഇടയുണ്ട്. ജാഗ്രതൈ. 

13. ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ അത് എങ്ങനെ സംഭവിച്ചു എന്ന് കൂടി വിശദമായി മനസ്സിലാക്കുക . പണം സംബന്ധമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തുക. വേഗം ചെയ്യാനായി വെപ്രാളപ്പെടുത്തുന്നതായി തോന്നിയാൽ ഉടനെ പിന്മാറുക . 

14. സാധാരണ ഗതിയിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ എല്ലാവരും കൈ ഒഴിയുകയാണ് പതിവ് . അതുകൊണ്ട് തന്നെ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടും എന്നത് ഒരു വ്യാമോഹം മാത്രം. തട്ടിപ്പുകാർ ഇതിൽ അഗ്രഗണ്യരാണ് . മഷിയിട്ടു നോക്കിയാൽ പോലും പിടിക്കാൻ കഴിയാത്ത ഒളിത്താവളങ്ങളാണ് അവരുടേത്. അത് കണ്ടു പിടിക്കാൻ സാധാരണ ആരും മെനക്കേടും എന്ന് തോന്നുന്നില്ല. എന്തായാലും ഇങ്ങനെ ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയാകുകകയോ രക്ഷപെടുകയോ ചെയ്താൽ സൈബർ പോലീസിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുക . ബന്ധപ്പെട്ട സ്ഥാപനത്തെ അറിയിക്കുകയും ചെയ്യുക. മറ്റുള്ളവർക്കും അത് സഹായം ആയേക്കാം. ഭാഗ്യം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് പണം ചിലപ്പോൾ തിരിച്ചു കിട്ടിയേക്കാം. 

15. കടം കൊടുക്കുക ശത്രുവാകുക. കൂടുതൽ അറിയാൻ https://youtu.be/0lHc8OBM8Is

സമാനമായ ഏതെങ്കിലും തട്ടിപ്പുകൾ നിങ്ങൾക്ക് അറിയാമോ ? നിങ്ങൾക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടോ ? ദയവായി എഴുതുക . ആർക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ  

(എഴുതിയത് ഡോ. പോൾ വി മാത്യു )

2020 ജൂൺ 15, തിങ്കളാഴ്‌ച

കോവിടിനിടയിൽ കാണാതെ പോകരുത് .


കോവിടിനിടയിൽ രാജ്യത്ത് പലതും സംഭവിക്കുന്നുണ്ട്. അതിർത്തി പ്രശ്നങ്ങളും നുഴഞ്ഞു കയറ്റങ്ങളും ചാക്കിട്ടുപിടുത്തവും എല്ലാം വലിയ കാര്യങ്ങൾ ആണെങ്കിലും കൊറോണ എന്ന വില്ലൻ അതെല്ലാം മറയ്ക്കു കയാണ് . മനസ്സിൽ ഉണ്ടായിരുന്ന പല തൊട്ടുകൂടായ്മയും ഇപ്പോൾ പ്രവർത്തിയിലും കാണിക്കേണ്ടതായി വന്നു എന്ന വസ്തുതയും കാണാതിരിക്കാൻ വയ്യ.
ലോകം ചിന്തിക്കേണ്ട മറ്റൊരു മുന്നേറ്റമാണ് അമേരിക്കയിലും ബ്രിട്ടനിലും എല്ലാം നടക്കുന്നത്. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കുലപാതകത്തിനു ശേഷം വർണ്ണ വെറിക്കെതിരെ വലിയ മുറവിളിയാണ് കേൾക്കുന്നത് . തിരിച്ചു വരുന്ന വർണ്ണ വിവിചനത്തെ എതിർക്കാൻ , കോവിട് ഭീഷണി പോലും വകവയ്ക്കാതെ  ജനം തെരുവിൽ ഇറങ്ങി. കൊളോണിയൽ മനോഭാവം ഇപ്പോഴും വച്ച് പുലർത്തുന്നവർക്ക് ബ്രിട്ടന്റെ പോരാളിയായ ചർച്ചിലിന്റെ പ്രതിമ വരെ മറച്ചു സംരക്ഷിക്കേണ്ട അവസ്ഥ വന്നു.
അടുത്ത കാലത്തായി ഇന്ത്യ ഉൾപ്പെടെ പല  രാജ്യങ്ങളിലും അനാരോഗ്യകരമായ ഒരുവിധത്തിലുള്ള ഏകീകരണം അല്ലെങ്കിൽ  മതം , ജാതി , വർഗ്ഗം, തുടങ്ങി ഭൂരിപക്ഷ - ന്യൂനപക്ഷ പ്രീണനകൾ വിവിധ തരത്തിൽ പ്രകടമാണ്. ഇത് പുരോഗമന സമൂഹത്തിനു ഒരിക്കലും യോജിച്ചതല്ല . അതിനെ തച്ചുടയ്ക്കുവാൻ പുതിയ നേതാക്കന്മാർ ഉണർന്ന് വരേണ്ട സമയം അതിക്രമിച്ചു. ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി കഴിഞ്ഞ ദിവസം എഴുതിയത് ഇങ്ങനെയാണ് .  ''വര്‍ണ്ണ വിവേചനമാണ് അമേരിക്കയുടെ മഹാമാരി. കഴിഞ്ഞ 400 കൊല്ലമായി ഇതിനൊരു വാക്സിന്‍ നമ്മള്‍ കണ്ടുപിടിച്ചിട്ടില്ല.''
ഒരു വിധത്തിലുമുള്ള വിവേചനവും വകവെക്കാത്ത ഒരു സമൂഹമാണ് നമുക്ക് ആവശ്യം. ഗാന്ധിക്കുശേഷം ഇന്ത്യ കണ്ട മഹാന്മാരിൽ ഒന്നാമനാണ് ഡോ. ബി.ആര്‍.അംബദ്കര്‍. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സേവനം വിപ്ലവകരമായ മാറ്റമാണ് രാജ്യത്ത് ഉണ്ടാക്കിയത് . എബ്രഹാം ലിംകനും അബ്ദേക്കറും എല്ലാം തുറന്നു വച്ച പോരാട്ടമുഖം ഫലം കണ്ട് തുടങ്ങാൻ  കാലങ്ങൾ എടുത്തു എന്നതാണ് ഒരു യാഥാർഥ്യം. ആരെല്ലാം അടിച്ചമർത്താൻ ശ്രമിച്ചാലും ഉയർന്നു വരാൻ ശക്തിയുള്ള ധീരനായിരുന്നു അംബ്ദേക്കർ എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് .എല്ലാ  വിവേചനകൾക്കെതിരെയും  പോരാടുന്ന മനുഷ്യനെ മനുഷ്യനായി കാണുന്ന  നേതാക്കന്മാർ നമ്മെ രക്ഷിക്കുവാൻ കടന്നു വരുമെന്ന്  പ്രതീക്ഷിക്കാം 

2020 ജൂൺ 7, ഞായറാഴ്‌ച

കോവിഡ് മാപ്പ് പറയിപ്പിക്കുമോ?

ദുരന്തം നമുക്ക് വരുന്നത് വരെ അതൊന്നും നമുക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്നവർ ആണ് മനുഷ്യർ എന്ന് പറഞ്ഞത് ഖലീൽ ജിബ്രാൻ ആണ്. ഏതാനും നാളുകൾക്കകം തന്നെ ഇന്ത്യ കോവിഡ് വ്യാപനത്തിൽ ലോകത്തിൽ ഒന്നാമത് എത്തും എന്ന ഒരു യാഥാർഥ്യം ആണ് നാം തിരിച്ചറിയുന്നത്. കേവലം ചില നാളുകൾ രാജ്യം അടച്ചിടപ്പെട്ടപ്പോൾ പട്ടിണിയിൽ നട്ടം തിരിഞ്ഞത് ലക്ഷകണക്കിന് ആളുകൾ ആണ്. ഇതിനോടകം തന്നെ ഒട്ടുമിക്ക വ്യവസായങ്ങളുടെയും നട്ടെല്ല് ഒടിഞ്ഞു ബഹുഭൂരിപക്ഷം കടത്തിലേക്ക് കൂപ്പു കുത്തി കഴിഞ്ഞു. സമ്പത് വ്യവസ്ഥ ചിന്തകൾക്കപ്പുറം തകർന്നടിഞ്ഞു. ഇനിയും ലോക്ക് ഡൌൺ തുടർന്നാൽ കോവിഡിനെക്കാൾ അധികം ആളുകൾ പട്ടിണി കൊണ്ട് മരിച്ചു വീഴും. ഗതിയില്ലാതെ ആളുകൾ പരക്കം പായും. സാമൂഹിക അരക്ഷിതാവസ്ഥയും അക്രമങ്ങളും ഉണ്ടായേക്കാം. എന്നാൽ ഈ സ്ഥിതി തുടർന്നാൽ കോവിഡ് എന്ന മഹാമാരി ഇല്ലാതാക്കാൻ പോകുന്നത് നിരവധി ജീവിതങ്ങളാണ്. ഇപ്പോൾ തന്നെ പല നഗരങ്ങളിലും ഹോസ്പിറ്റൽ ഫുൾ ആകുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേൾക്കുന്നത്. എപ്പോൾ  വേണമെങ്കിലും ഞാൻ കോവിഡ് ബാധിതൻ ആകാം എന്ന ചിന്ത ഡെമോക്ലീസിന്റെ വാൾ പോലെ നമ്മുടെ മുകളിൽ ഉണ്ട്. ഇനി എന്ത് എന്ന ചോദ്യത്തിന് ഭരണ പക്ഷത്തിനോ പ്രതി പക്ഷത്തിനോ ശാസ്ത്രത്തിനോ മതങ്ങൾക്കോ ഉത്തരം ഇല്ല എന്നതാണ് ഒരു സത്യം !

സമ്പത് വ്യവസ്ഥയെ പിടിച്ചു നിർത്തണമോ, ജനങ്ങളെ രോഗത്തിൽ നിന്ന് രക്ഷിക്കണമോ? പട്ടിണി വേണോ, രോഗം വേണോ?
എല്ലാവരെയും ഒരേ പോലെ ബാധിച്ച ഒരു മഹാ ബാധ! പബ്ലിക് ട്രാൻസ്‌പോർട് ഇല്ലാതെ സാധാരണക്കാരന് ജോലിക്ക് പോകാൻ സാധിക്കില്ല. പബ്ലിക് ട്രാൻസ്‌പോർട് ഉണ്ടായാൽ രോഗം അതിവേഗം വ്യാപിക്കും. എന്തായാലും കാര്യങ്ങൾ നിയത്രണാതീതം ആണെന്ന് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. എങ്ങനെ ആലോചിച്ചാലും നാം കോവിഡ് ഭയത്തിൽ നിന്ന് വിമുക്തരല്ല.
രാവിലെ വീട്ടിൽ എത്തുന്ന പത്രം? 
വാങ്ങുന്ന പാൽ?
പഴം പച്ചക്കറി? 
ഹോം ഡെലിവറി ഐറ്റംസ്?
ഏതെങ്കിലും സ്റ്റേഷനറി ഐറ്റംസ് കൊണ്ട് വരുന്ന പോളിത്തീൻ കവർ....?

ഇങ്ങനെ നിരവധി. ഇതിൽ ഏതെങ്കിലും ഒന്നിൽ കോവിഡ് വൈറസ് ഇല്ല എന്ന് ഉറപ്പിക്കാൻ നമുക്ക് ആകില്ല.

ഇനിയിപ്പോൾ ഇതിനൊരു മരുന്ന് കണ്ടു പിടിക്കുക എന്നല്ലാതെ വേറെ ഒരു അവസാനം ഇല്ല എന്ന് ഒറ്റവാക്കിൽ പറയാം. അല്ലെങ്കിൽ അപോകലിറ്റി പറയുന്നത് പോലെ നൂറ്റാണ്ടുകൾ കൂടുമ്പോൾ ഉണ്ടാകുന്ന ഇത്തരം വ്യാധികൾ ഒരുപറ്റം ജീവിതങ്ങൾ ഭൂമിയിൽ നിന്ന് തുടച് നീക്കും എന്ന് വിശ്വസിക്കാം. 'Survival of the Fittest".

നഗര ജീവിതം സാധ്യമല്ല എന്ന ഒരു തിരിച്ചറിവ് നന്നാകും. ഇനി ഗ്രാമങ്ങളിലേക്ക് പോവുക. ജോലികൾ വീട്ടിൽ ഇരുന്ന് ചെയ്യുക. നല്ല ബാൻഡ് വിഡ്ത് ഉള്ള വൈഫൈ സ്ഥാപിക്കുക. ജോലിക്കായി നഗരങ്ങളിലേക്ക് ചേക്കേറേണ്ട. വീട് വാടകയ്ക്ക് എടുക്കണ്ട. കെട്ടിടങ്ങൾ പണിയേണ്ട. ട്രാഫിക് കൂട്ടേണ്ട. ഇന്ധനം ചിലവാക്കേണ്ട. മലിനീകരണം കൂട്ടണ്ട. അസ്വസ്ഥം ആകേണ്ട. പതിയെ പതിയെ നഗരങ്ങൾ ഗ്രാമങ്ങളിൽ അപ്രത്യക്ഷo ആകട്ടെ. എന്നാൽ നഗര സ്വഭാവം നാട്ടിൽ തുടർന്നാൽ കാര്യങ്ങൾ പന്തിയല്ല എന്നും ഓർത്തിരിക്കുക. ഒരു പാലിയോ മനുഷ്യൻ ആകാൻ നമുക്ക് ആകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഞാൻ കോവിഡ് ബാധിതൻ ആകും എന്ന് മനസ്സിലാക്കുമ്പോഴും,  ഇതിനു ഒരു മരുന്ന് കണ്ടു പിടിക്കാൻ നമുക്ക് ആയില്ല എന്ന് തിരിച്ചറിയുമ്പോഴും, ഓരോ ദിവസവും പ്രതീക്ഷകൾ കുറഞ്ഞ വരുമ്പോഴും "ഞാൻ പിഴയാളി "എന്ന ചിന്ത നമ്മെ വേട്ടയാടണം. ഞാൻ യുക്തിവാദി ആണെങ്കിൽ മനസ്സിലാക്കണം, "Every action has equal and opposite reaction". വിശ്വസി ആണെകിൽ ഓർക്കണം "നിന്റെ പാപം നിന്നെ കണ്ടെത്തും ", ഒരു ആശയവും ഇല്ലാത്തവൻ അറിയണം "ഞാൻ നിസ്സഹായൻ ".

-പച്ചയായ ഭൂമിയെ പറിച് തിന്നത് ഞാനാണ്.
-ശുദ്ധമായ ഭൂമിയുടെ ശ്വസകോശത്തിലേക്ക് പുക തള്ളിയത് ഞാനാണ്.
-കാട്ടിലും കടലിലും പ്ലാസ്റ്റിക്കും കുപ്പിയും നിറച്ചത് ഞാൻ ആണ്.
-മലയും കുന്നും ഇടിച്ചു നിരത്തി സൗധങ്ങൾ നിർമ്മിച്ചത് ഞാനാണ്.
-വയലും വെള്ളവും മണ്ണും മാലിന്യവും കൊണ്ട് മൂടിയത് ഞാനാണ്.
-വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു കെട്ടിടങ്ങൾ പണിതുയർത്തത് ഞാനാണ്..
-ലാഭക്കൊതി മൂത്ത മായം ചേർത്തത് ഞാനാണ്.
-ഭക്ഷണത്തിലും പാലിലും പൊടിയിലും തുടങ്ങി ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള എല്ലാത്തിലും വിഷം ചേർത്തത് ഞാനാണ്.
-രോഗം ഉണ്ടാകാൻ മരുന്ന് ഉണ്ടാക്കിയതും മനുഷ്യന് നൽകിയതും ഞാനാണ്.
-ചെവിപൊട്ടുന്ന രീതിയിൽ ക്ഷമയില്ലാതെ ഹോൺ മുഴക്കിയത് ഞാനാണ്
-ലാഭം ഉണ്ടാക്കാൻ മത്സരിച്ചതും മനുഷ്യ ജീവന് വില കല്പിക്കാത്തതും ഞാനാണ്.
-കാട് കയറിയതും ജീവനെ വേട്ടയാടിയതും ഞാനാണ്.
-കുഴൽ കിണർ കുത്തി വെള്ളം ചൂഷണം ചെയ്തത് ഞാനാണ്.
-പാവപ്പെട്ടവന്റെ അന്നത്തിൽ കയ്യിട്ട് വാരി അഴിമതിയും ചൂഷണവും നടത്തിയത് ഞാനാണ്.
-നിലക്കാത്ത അഹങ്കാരത്തിൽ എല്ലാം ചെയ്തത് ഞാനാണ്.
-പണമാണ് വലിയത് എന്ന് കരുതിയത് ഞാനാണ്

ഞാൻ ചെയ്തതൊന്നും മാപ്പര്ഹിക്കാത്തതാണ്.

അവനവൻ ചെയ്തത് നല്ലതാകിലും തീയതാകിലും തക്കതായത് പ്രാപിപ്പാൻ ന്യായാസനത്തിന് മുൻപിൽ നിൽക്കുക. 

"ഇനിയും മരിക്കാത്ത ഭൂമിക്ക് ആത്മശാന്തി"
(ഡോ. പോൾ വി മാത്യു )