വോട്ടർമാരുടെ ശ്രദ്ധയ്ക്ക്
നമ്മൾ വോട്ട് ചെയ്യുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കാണോ അതോ ഒരു രാഷ്ട്രീയ നേതാവിനാണോ ? ചിലർ ചിഹ്നം നോക്കി വോട്ട് ചെയ്യുന്നു മറ്റുചിലർ മത്സരാർഥിയുടെ കഴിവും വ്യക്തിപ്രഭാവവും എല്ലാം പരിഗണിക്കുന്നു. എന്നാൽ മത്സരിച്ചു ജയിച്ചു കഴിഞ്ഞാൽ നമ്മൾ തെരെഞ്ഞെടുത്ത പ്രതിനിധി ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്; ജനങ്ങൾക്ക് വേണ്ടിയോ , പാർട്ടിക്ക് വേണ്ടിയോ അതോ സ്വന്തം കാര്യം നേടാനോ ? ജനങ്ങൾക്ക് വേണ്ടി എന്നായിരിക്കും ഭൂരിഭാഗം ആളുകളും ഉത്തരം പറയുക. ഇനിയാണ് നാം ചിന്തിക്കേണ്ടത് .
വോട്ട് ചെയ്യുമ്പോൾ തീർച്ചയായും നാം വോട്ട് ചെയ്യുന്ന പാർട്ടിയുടെ ആശയവും മുൻകാല പ്രവർത്തനങ്ങളും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും എല്ലാം പരിഗണിക്കാനുള്ള സാധ്യത ഉണ്ട് . എന്നാൽ നാം വോട്ട് ചെയ്തു വിജയിപ്പിച്ച ഒരു ജനപ്രതിനിധി പിന്നീട് കാലുമാറി മറ്റൊരു പാർട്ടിയിൽ ചേരുന്നത് ന്യായികരിക്കാൻ നമുക്ക് കഴിയുമോ ? കാരണം നാം വോട്ട് ചെയ്തത് ഒരു പാർട്ടിക്ക് കൂടിയാണല്ലോ . അധികാരം , പണം എന്നീ രണ്ടു കാര്യങ്ങൾ മാത്രം കണ്ടുകൊണ്ട് രാഷ്ട്രീയ ജീവിതം നയിക്കുന്ന ഇത്തരം ആളുകൾ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ആണ് കാറ്റിൽ പരത്തുന്നത്. ഈ കഥകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും ഈ അടുത്ത കാലത്തു കൂടിവരുന്ന ഈ പ്രവണത ജനാതിപത്യ വിശ്വസികളെ ചെറുതായിട്ടൊന്നും അല്ല അലോസരപ്പെടുത്തുന്നത് . ചാക്കിട്ടുപിടുത്തവും, പ്രോലോഭനങ്ങളും, ഭീഷണിയും റിസോർട്ടും എല്ലാം രാഷ്ട്രീയത്തിൽ ഇന്ന് ഒരു പുതിയ വാർത്ത അല്ലാതായിരിക്കുന്നു. പണവും അധികാരവും ഉണ്ടെങ്കിൽ എല്ലാം നടക്കും എന്ന ചിന്ത ആഴത്തിൽ വേരോടുന്നത് പുരോഗതിയുടെ ലക്ഷണം അല്ലല്ലോ
കഥ തുടങ്ങുന്നത് ഇവിടെ
1967 ഹരിയാനയിൽ അസ്സെംബ്ലി തെരെഞ്ഞെടുപ്പിൽ വിജയിച്ച ഗയ ലാൽ ഒറ്റ രാത്രിയിൽ മൂന്നു പ്രാവശ്യമാണ് പാർട്ടി മാറിയത്. അങ്ങനെ പാർട്ടി മാറുന്ന ഈ പരിപാടിക്ക് ‘ആയ റാം ഗയ റാം’ എന്ന ഓമനപ്പേര് ലഭിക്കുകയും ചെയ്തു. തുടർന്ന് ഈ രാഷ്ട്രീയ കളികൾ ഒരു തുടർകഥ ആയപ്പോൾ നിയമനിർമ്മാണം ആവശ്യമായി വന്നു . നിരവധി ശ്രമങ്ങൾക്കൊടുവിൽ 1985 ൽ രാജീവ് ഗാന്ധിയുടെ സമയത്താണ് ഭരണഘടനയിൽ പത്താം അനുബന്ധം (Schedule ), 52 -)൦ നിയമനിർമ്മാണം ആയി കൂറുമാറ്റ നിരോധന നിയമം (anti defection law ) നിലവിൽ വരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നോമിനിയായി മൽത്സരിച് ജയിച്ച ശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുക, വിപ്പ് ലംഘിക്കുക , പാർട്ടി മാറുക, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇടപെടുക, തുടങ്ങിയവ ചെയ്താൽ പദവി നഷ്ടപ്പെടുന്ന അല്ലെങ്കിൽ അയോഗ്യരാക്കപ്പെടുന്ന നിയമമാണ് ഇത്. സ്വതന്ത്രരായി മത്സരിച്ചവർ ഒരു പാർട്ടിയിൽ ചേരാനോ , നോമിനേറ്റ് ചെയ്യപ്പെട്ടവർ തിരഞ്ഞെടുക്കപ്പെട്ടതിനു 6 മാസത്തിനു ശേഷം ഒരു പാർട്ടിയിൽ ചേരാനോ അംഗത്വം എടുത്ത പാർട്ടിയിൽ നിന്ന് രാജിവക്കാനോ സാധ്യമാകില്ല. എന്നാൽ സ്‌പീക്കർക്ക് ഈ നിബന്ധനകൾ ബാധകമല്ല .ഭരണ ഘടന നിർമ്മിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ എന്നത് ഒട്ടും പ്രസക്തം അല്ലാതിരുന്നതുകൊണ്ട് തന്നെ ഈ കാര്യം ഉൾപ്പെടുത്തേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാൽ ഇത് വ്യക്ത്തി സ്വതന്ത്രത്തിന്മേലുള്ള കടന്നുകയറ്റം ആണെന്ന് ഒരു വിഭാഗം ആരോപിച്ചു. എന്നാൽ 1992 കൂറുമാറ്റ നിയമം കോടതി ശരിവയ്ക്കുകയും ചെയ്തു . എന്നാൽ ഒരു പാർട്ടിയുടെ മൂന്നിൽ ഒന്ന് ആളുകൾ കൂറുമാറി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നത് നിയമപരമായി സാധുത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ നിയമത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. എന്നാൽ 2003 ൽ വാജ്പയി സർക്കാർ 91 -)o ഭരണഘടനാ ഭേദഗതിയിലൂടെ അത് മൂന്നിൽ രണ്ടായി വർദ്ധിപ്പിച്ചു. കൂറുമാറ്റ നിയമ പ്രകാരം തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണ്. എന്നാൽ 1994 ലെ സുപ്രീം കോടതി വിധി പ്രകാരം സ്‌പീക്കറുടെ തീരുമാനം ജൂഡീഷ്യൽ റിവ്യൂവിന് വിധേയമായി മാറി.
കൂടുമാറ്റത്തിന്റെ പുതിയ കഥകൾ
കർണാടക, ഗോവ, മധ്യപ്രദേശ്, മണിപ്പൂർ എന്നിവടങ്ങളിലെ സമീപകാലങ്ങളിലെ കൂറുമാറ്റങ്ങൾക്ക് ശേഷം ഇപ്പോൾ രാജസ്ഥാൻ സർക്കാരാണ് കൂറുമാറ്റത്തിന് ഇര ആയിരിക്കുന്നത് . കൂറുമാറിയവർക്ക് ലാഭകരമായ പദവികൾ ഒന്നും വഹിക്കാൻ കഴിയില്ല എന്ന നിയമ ഭേദഗതി ഉള്ളതുകൊണ്ട് തന്നെ സ്ഥാനം രാജി വച്ച് ശേഷം വീണ്ടും ജനവിധി തേടി ജയിക്കുകയും സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുക എന്നതാണ് പുതിയ തന്ത്രം. ഈ പ്രവണത ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ആവുകയാണ്. കുറഞ്ഞ ഭൂരിപക്ഷത്തിൽ മന്ത്രി സഭ രൂപീകരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം കാലുമാറ്റം വലിയ ഭരണ പ്രതിസന്ധി സ്രഷ്ടിക്കുന്നു. ചെറിയ സംസ്ഥാനങ്ങളിൽ ആണെങ്കിൽ പാർട്ടി മാറുക എന്നത് ഒരു പ്രശ്നമേ അല്ല. കുറച്ച ആളുകളെ വിലയ്‌ക്കെടുക്കാൻ പാർട്ടികൾക്ക് കഴിയുന്നു എന്നതാണ് ഒരു വശം.
ജനങ്ങൾ പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ പാർട്ടിയെക്കൂടി വിശ്വസത്തിൽ എടുത്താണ് വോട്ട് ചെയ്യുന്നത്. എന്നാൽ പണവും അധികാരവും ലഭിക്കുമ്പോൾ ജനങ്ങളെ മറന്ന് അതിന്റെ പുറകെ പോകുന്നത് ജനാധിപത്യത്തിന്റെ അടിവേര് ഇളക്കുന്ന കുല്സിത പ്രവർത്തനം ആണെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ കൂറുമാറിയ വ്യക്തി ആ കാലയളവിൽ പിന്നീട് മത്സരിക്കാനോ പദവികൾ വഹിക്കാനോ അർഹനല്ല എന്ന നിയമനിർമ്മാണം കാലത്തിന്റെ ആവശ്യം ആയിരിക്കുന്നു. സ്‌പീക്കർ ആണ് അയോഗ്യനാക്കാനുള്ള തീരുമാനം എടുക്കുന്നത് . എന്നാൽ സ്പീക്കർ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ആണെന്നുള്ളതുകൊണ്ട് തന്നെ അതിലെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ പ്രസിഡണ്ട് /ചെയർമാൻ എന്നിവർ എലെക്ഷൻ കമ്മീഷണറുടെ അഭിപ്രായം കൂടി പരിഗണിച്ചു ഈ വിഷയത്തിൽ തീരുമാനം എടുക്കുക എന്നതാണ് അഭികാമ്യം എന്ന് പല നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കപ്പെട്ടു. അയോഗ്യരാക്കാനുള്ള വിഷയത്തിൽ തീരുമാനം എടുക്കാൻ സ്‌പീക്കർക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല എന്നതാണ് മറ്റൊരു പോരായ്മാ.
ഭരണ നിർവ്വഹണം സാധ്യമാകുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളിലൂടെയാണ് . ജങ്ങൾക്ക് തങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയിലും അയാൾ പ്രതിനിധീകരിക്കുന്ന പാർട്ടിയിലുമുള്ള വിശ്വാസം ആണ് ഇതിനു ആധാരം. അങ്ങനെ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒരു രാജ്യത്തെ അല്ലെങ്കിൽ സംസ്ഥാനത്തെ നേതാവിനെക്കൂടി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നേരിട്ടല്ലാതെ പങ്കെടുക്കുകയാണ് ജനങ്ങൾ. എന്നാൽ സ്വാർത്ഥ ലാഭത്തിനുവേണ്ടി പാർട്ടി മാറി ഭരണം അസ്ഥിരപ്പെടുത്തുകയും തുടർന്ന് നടടക്കുന്ന തിരഞ്ഞെടുപ്പുകളിൽ സർക്കാർ പണം മുടക്കേണ്ടി വരികയും ചെയ്യുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വസം ആണ് നഷ്ടപ്പെടുന്നത്
(ഡോ ,പോൾ വി മാത്യു , ഗവേഷണ വിഭാഗം മേധാവി,ഇന്ത്യൻ സ്കൂൾ ഓഫ് ഡെമോക്രസി , ഡൽഹി )