2019, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

അമൃതസർ

അമൃതസർ ഗോൾഡൻ ടെംപിൾ എന്ന് കേട്ടപ്പോൾ എന്റെ  മനസ്സിലേക്ക് ഓടിവന്നത് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ആണ്. 1984 കാലഘട്ടത്തിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ ഖലിസ്ഥാൻ തീവ്രവാദികളെ കൊന്നൊടുക്കുകയും തുടർന്ന് ഇന്ദിര ഗാന്ധി പ്രതികാര ദാഹികളാൽ ദാരുണമായി  കൊല്ലപ്പെടുകയും ചെയ്തത് ഞാൻ ഓർത്തു.   പാക് സഹായത്തോടെ പരിശീലനം ലഭിച്ച ഖാലിസ്ഥാൻ തീവ്രവാദികൾ  ഗോൾഡൻ ടെംപിളിൽ ഒളിച്ചു  താമസിമിക്കുകയായിരുന്നു. ഇൻഡ്യൻ സൈന്യം നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും അവർ പിന്മാറിയില്ല. സാധുക്കളായ തീർത്ഥാടകരെ കവചമായി നിർത്തിയാണ് അവർ തിരിച്ചടിച്ചത്. നാന്നൂറിൽ പരം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് ലോക സിഖ് സമൂഹം കനത്ത പ്രതിക്ഷേധം അറിയിച്ചുകൊണ്ടിരുന്നു. ഏതാനും മാസങ്ങൾക്കകം തന്നെ ഇന്ദിര ഗാന്ധി സിഖ്കാരായ സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ടു. അതിനെ തുടർന്നുണ്ടായ സിഖ് കൂട്ടക്കൊലയിൽ പതിനായിരങ്ങൾ ആണ് കൊല്ലപ്പെട്ടത്.  ആ രക്തക്കറ ഇന്നും  കോൺഗ്രസും ഗാന്ധി കുടുംബവും പേറുന്നു എന്നതും ഒരു വാസ്തവമാണ്.

എന്നാൽ അമൃത്സറിൽ എത്തിയപ്പോൾ വ്യത്യസ്തമായ നേർക്കാഴ്ചകളാണ്. തീർത്ഥ കുളമാണ് പ്രധാനം. ഒരു ഏക്കറിൽ പരം വിശാലമായ കുളം. നിറയെ അലങ്കാര മത്സ്യങ്ങൾ. ചുറ്റും ചങ്ങലകൾ കെട്ടിയിട്ടുണ്ട്. ആളുകൾക്ക് കുളത്തിൽ സ്നാനം ചെയ്യാൻ അതിൽ പിടിച്ചാണ് ഇറങ്ങുന്നത്. സ്ത്രീകൾക്ക് സ്നാനം ചെയ്യാൻ പ്രത്യേക സംവിധാനം ഉണ്ട്. തീർത്ഥ കുളത്തിന്റെ നടുവിലാണ് ഗുരുദ്വാര. ചുറ്റും അതിവിശാലമായ ഗോപുരങ്ങളാണ്. രാത്രി വെളിച്ചത്തിൽ സ്വർണ ഗോപുരത്തിന്റെ പ്രതിബിംബത്താൽ ജലാശയം തിളങ്ങുകയാണ്. ഗുരുദ്വാരയുടെ ഓരോ വരാന്തകളിലും ആളുകൾ വിശ്രമിക്കുന്നുണ്ട്. ഇവർ താമസിക്കാൻ സ്ഥലം കിട്ടാത്തവർ ആണോ അതോ വല്ല ആചാരങ്ങളുടെ ഭാഗമാണോ എന്ന് എനിക്ക് മനസ്സിലായില്ല.

ഗുരു രാംദാസ് ആണ് കുളം നിർമ്മാണം എന്ന ആശയം വികസിപ്പിച്ചത്. ജാതി മത വിത്യാസം ഇല്ലാതെ എല്ലാവരുടെയും  ഒത്തൊരുമയുടെ ഒരു ഇടമാകണം സ്നാനഘട്ടങ്ങൾ എന്നായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. ഇപ്രകാരം രണ്ട് കുളങ്ങളാണ് ഗോൾഡൻ ടെംപിളിനോട് ചേർന്നുള്ളത്. ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരും ഒരു വെള്ളം ഒഴുകുന്ന തോട്ടിലൂടെ ഇറങ്ങേണ്ടതുണ്ട്. അഴുക്കുകൾ എല്ലാം കഴുകി കളഞ്ഞു അകത്തു പ്രവേശിക്കുക എന്നായിരിക്കാം ഉദ്ദേശിക്കുന്നത്. എല്ലാവരും തലയിൽ ഒരു തുണി കെട്ടണം എന്നാണ് നിയമം. അകത്തു ചെരിപ്പിടാൻ പാടില്ല. എന്നാൽ സൗജന്യമായി ചെരുപ്പ് സൂക്ഷിക്കാൻ ക്രമീകരണം ഉണ്ട്. നാം വരുമ്പോൾ അവർ ചെരുപ്പെല്ലാം വൃത്തിയാക്കി വെക്കും.

സേവനം എന്നത് ഒരു ആവേശം ആണ് എന്ന് നമുക്ക് തോന്നിപ്പോകുന്നത് ഗോൾഡൻ ടെംപിളിൽ ചെല്ലുമ്പോഴാണ്. ചെരുപ്പുകൾ മേടിക്കാൻ ആകാംക്ഷയോടെയാണ് അവരുടെ കാത്ത് നിൽപ്. അധികവും പ്രായമായ ആളുകളാണ് അവിടെ നിക്കുന്നത്. ഷൂ പോളിഷ് ചെയ്യാനും തൂക്കാനും കുറേ പേർ ഉണ്ട്. അവർ കൂട്ടത്തോടെ ഏതോ ഗുരു ഭക്തിഗാനം ആലപിച്ചു കൊണ്ടാണ് ഇത് ചെയ്യുന്നത്. വിശാലമായ ഭക്ഷണ പുരയാണ് എടുത്തു പറയേണ്ടത്. ദിവസവും ഒരു ലക്ഷം പേരോളമാണത്രെ മന്ദിരം സന്ദർശിക്കുന്നത്. ഇവർക്കെല്ലാം ഇരുപത്തി നാലു മണിക്കൂറും ഭക്ഷണം തികച്ചും സൗജന്യമാണ്. ഒരു തിരക്കുമില്ലാതെ എല്ലാം ഏകോപനത്തോടെ നടത്താൻ ആയിരക്കണക്കിനുള്ള  ഗുരു സേവകർ ബദ്ധശ്രദ്ധമാണ്. നേതാവായിട്ടു ആരെയും കാണാനില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു എണ്ണയിട്ട യന്ത്രം പോലെ അത് ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സ്ത്രീകൾ ആരും തന്നെ അവിടെ കണ്ടില്ല എല്ലാം പുരുഷ സേവകർ ആണ്. എല്ലാവരും  നിലത്തു ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. വെള്ളം നൽകുന്നത് ഒരു കോപ്പയിലാണ്. ആദ്യം വെള്ളം ഒഴിച്ച് നൽകുന്നത് ആളുകൾ ആണെങ്കിലും പിന്നീട് ഒരു ഉന്തു വണ്ടിയിൽ ടാങ്കുമായും ആണ് വരുന്നത്. ഒരു ബ്രേക്ക്‌ ഞെക്കുമ്പോൾ താഴെ വച്ചിരിക്കുന്ന പത്രത്തിലേക്ക് വെള്ളം വീഴും. ഭക്ഷണം കഴിച്ചു  കഴിയുമ്പോൾ പത്രങ്ങൾ തിരികെ ഏൽപ്പിക്കണം. ബാക്കി വെള്ളം കളയാൻ അതിനു ചുറ്റും ഒഴുകുന്ന ഒരു തോട്ടിൽ ആണ് ഒഴിക്കേണ്ടത്. പിന്നീട് സ്പൂൺ, പ്ലേറ്റ്, കോപ്പ് എല്ലാം വെവ്വേറെ ആളുകളെ ഏൽപ്പിക്കണം.   സദാസമയം പത്രങ്ങൾ പിടക്കുന്ന ശബ്ദത്തിൽ അവിടെങ്ങും മുഖരിതമാണ്.മുഴുവൻ സ്റ്റീൽ പത്രമാണ്.

എല്ലാ വഴിയിലും വെള്ളം നൽകാൻ പ്രത്യേക ക്രമീകരണമാണ്. ഒരു സ്റ്റീൽ കോപ്പയിൽ ആണ് വെള്ളം ഒഴിച്ച് വച്ചിരിക്കുന്നത്. അത് നൽകാനും തിരികെ മേടിക്കാനും ആളുകൾ ഉണ്ട്. ഈ പത്രങ്ങൾ കഴുകുന്നത് കണ്ടാൽ ആരും നോക്കി നിന്നുപോകും. തന്ത വിരൽകൊണ്ട് ഓരോ ഇഞ്ചും അമർത്തിയാണ് ഇവ വൃത്തി ആക്കുന്നത്. മന്ദിരത്തോട് ചേർന്ന് നിരവധി സന്ദർശക താമസ സൗകര്യങ്ങൾ ഉണ്ട്. അഞ്ച് പേർക്ക് താമസിക്കാനുള്ള AC റൂമിനു അഞ്ഞൂറ് രൂപ മാത്രമാണ് ഈടാക്കുന്നത്. അത്യാവശ്യം വൃത്തിയും വിസ്താരവും ഉള്ള  മുറികൾ ആണ്.

തീർത്ഥ കുളത്തിന്റെ നടുവിലെ മന്ദിരം രാത്രി പതിനൊന്നു വരെ തുറന്നിരിക്കും രാവിലെ രണ്ട് മണിക്കാണ് തുറക്കുക. മന്ദിരം കാണുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നീണ്ട ക്യൂ തന്നെ ഉണ്ട്. മുകളിൽ കൂരയുള്ള ഒരു വഴിയാണ് മന്ദിരത്തിലേക്ക്.  ഇരു വശവും വെള്ളം ആയതിനാൽ ഒരു നല്ല അനുഭൂതിയാണ്. മുകളിൽ നിരവധി ഫാനുകൾ ഘടിപ്പിച്ചിട്ടുണ്ട്. കടുത്ത ചൂടാണെങ്കിലും അത് നമ്മെ ബാധിക്കുന്നില്ല. മന്ദിരം മുഴുവൻ സ്വർണ്ണ നിറമാണ്. സ്വർണ്ണം പൂശിയതാണ് ഇവ എന്ന് പറയുന്നു. എത്രയും സ്വർണ്ണം ഉണ്ടായിട്ടും ഇവ കാത്തു സൂക്ഷിക്കാനും വരുന്ന പതിനായിരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക ക്രമീകരണം ഒന്നും ഇല്ല എന്നതും എന്നെ ചിന്തിപ്പിച്ചു. സദാസമയം ഏതോ പ്രാർത്ഥന ഗീതം കേൾക്കാം. ഓഡിയോ വച്ചിരിക്കുന്നത് ആണെന്നാണ് ഞാൻ വിചാരിച്ചത്. കുറേ സമയങ്ങൾക്ക് ശേഷം മന്ദിരത്തിനു അകത്തു എത്തി. അവിടെ കുറേ പുരോഹിതന്മാരും പാട്ടുകാരെയും കാണാം. അവരാണ് സദാസമയം മനോഹരമായി പാടിക്കൊണ്ടിരിക്കുന്നത്. ആരെല്ലാമോ അവിടെയെല്ലാം ഇരിക്കുന്നത് കാണാം. എല്ലാവരും എല്ലാ ഗോപുര പടിയിലും തൊട്ട് വണങ്ങുന്നുണ്ട്. എനിക്ക് ഒന്നും മനസ്സിലായില്ല. മൂന്ന് നിലയാണ് ഗോപുരം. ഞാൻ മുകളിലേക്ക് കയറി. അവിടെ ഒരു ചെറിയ മുറിയിൽ ഒരു താടിക്കാരൻ ഇരിക്കുന്നു. AC എല്ലാം ഫിറ്റു ചെയ്തിട്ടുണ്ട്. ഒരു ഭീമാകാരൻ പുസ്തകം വിടർത്തി വച്ചു അയാൾ എന്തോ മന്ത്രിക്കുന്നുണ്ട്. അവിടെ എല്ലാം പുക നിറഞ്ഞിരിക്കുമായാണ്. ഏതോ ധൂപം വീശുന്നതാണ് എന്ന് തോന്നുന്നു. ഞാൻ വീണ്ടും മൂന്നാം നിലയിലേക്ക് കയറി. അവിടെയും അപ്രകാരം ഒരാളെ കാണാം ആ വലിയ പുസ്തകവും. സിഖ് മതഗ്രന്ഥമായ ആദി ഗ്രന്ഥ് ആണെന്ന് ഞാൻ കരുതി. ആളുകൾ ആ മുറിയിൽ കയറി നിലത്തു കുമ്പിടുന്നുണ്ട്. പതിയെ ഞാൻ താഴേക്കിറങ്ങി. എല്ലായിടത്തും പണപ്പെട്ടികൾ വച്ചിട്ടുണ്ട്. ഒരാൾ അവിടെ മുട്ടിന്മേൽ ഇഴഞ്ഞു പണം എല്ലാം വരി ചാക്കിലാക്കാനുള്ള തിരക്കിലാണ്. പുറത്തേക് പോകുന്ന വഴിയിലെല്ലാം ആളുകൾ ഇരുന്ന് പ്രാര്ഥിക്കുന്നുണ്ട്. ചിലരെല്ലാം മന്ദിരത്തിന്റ ഭിത്തി തുടക്കുന്നത് കാണാം. ഇറങ്ങി വരുന്നവർക്കെല്ലാം ഹൽവ നൽകും. വളരെ അവശരായ ആളുകളെ ചിലർ ചുമന്നു കൊണ്ട് വരുന്നുണ്ട്. എന്തെല്ലാമോ അത്ഭുതങ്ങൾക്ക്  പ്രതീക്ഷ നൽകുന്നതാണ് ഗുരു മന്ദിരം എന്ന് ഞാൻ മനസ്സിലാക്കി.

മന്ദിരം ഇരിക്കുന്ന വലിയ പ്രദേശം വളരെ വൃത്തിയായാണ് സൂക്ഷിച്ചിരിക്കുന്നത്. മുഴുവൻ വെള്ള മാർബിൾ വിരിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് ഒന്നും വാഹനങ്ങൾ പ്രേവേശിക്കില്ല. ചില ബാറ്ററി വണ്ടികൾ അവിടെ കിടക്കുന്നത് കാണാം. കോകോ കോളയും പെപ്സിയും പകുതി വിലയ്ക്ക് ലഭ്യമാണ്. എന്താണ് കാരണം എന്ന് എനിക്ക് മനസ്സിലായില്ല. മന്ദിരത്തിൽ പോകാനുള്ള പോലെ തന്നെ അവിടെയും തിരക്കാണ്. നാം ഒന്നും ചുമ്മാ നടന്നാൽ വാഗാ ബോർഡർ പോകണമോ എന്ന് ചോദിച്ചുകൊണ്ട് ആളുകൾ തുടരെ തുടരെ വന്നു കൊണ്ടിരിക്കും. ഇവിടെ തന്നെയാണ് ജാലിയൻ  വാലാബാഗും. ഞങ്ങൾ പതിയെ ഒരു ജ്യൂസ്‌ കുടിക്കാൻ ഇറങ്ങിയതാണ്. അപ്പോൾ ഒരു സാധുവായ അമ്മൂമ്മ ഞങ്ങളെ സമീപിച്ചു. ഭിക്ഷക്കാരിയാണ് എന്ന് തോന്നുന്നു. അവർക്ക് നൂറു രൂപയാണ് ആവശ്യം. പിന്നീട് അൻപത് രൂപ ആയി ആവശ്യം. ഞങ്ങൾ നടന്ന് നീങ്ങി. അപ്പോഴാണ് അമൃത്സർ ലസ്സി കണ്ടത്. അത് വാങ്ങി കുടിക്കുന്ന സമയത്ത് ഒരു വൃദ്ധ സ്ത്രീ ഞങ്ങളെ സമീപിച്ചു. അവർക്കും ലസ്സി വേണം പോലും. ഏതാനും സമയം മുൻപാണ് ഒരു ഭിക്ഷ ചോദിച്ചു വന്ന കുട്ടിയോട് ജ്യൂസ്‌ വേണോ എന്ന് ചോദിച്ചത്. പക്ഷ ആ കുട്ടിക്ക് പണം മതിയായിരുന്നു. എന്നാൽ ഈ വൃദ്ധ എനിക്ക് കൗതുകം ആയി. അതുകൊണ്ട് തന്നെ ഞങ്ങൾ ഒരു ലസ്സി വാങ്ങി നൽകി. എന്നാൽ അല്പനിമിഷങ്ങൾക്കകം കുറേ വൃദ്ധ സ്ത്രീകൾ ലസ്സി വേണം എന്ന് പറഞ്ഞു ഞങ്ങൾക്ക് ചുറ്റും കൂടി. എന്നാൽ അവരെ കട ഉടമ ആട്ടിപ്പായിച്ചു.

ഓട്ടോക്കാർ നിരവധിയാണ് എവിടെ. എപ്പോഴും അധിക തുക പറയും. ഹോട്ടലിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകാൻ പല റേറ്റ് ആണ്. നൂറു മുതൽ അൻപത് വരെ റേറ്റ് പറഞ്ഞു. മന്ദിരം സന്ദർശനം കഴിഞ്ഞു സണ്ണി എന്ന ഒരാളുടെ ഓട്ടോയിൽ ആണ് പോന്നത്. ഞങ്ങൾ വേറൊരു ഓട്ടോക്കാരനോട്  തുക ചോദിച്ചു എൺപതു രൂപ ഉറപ്പിച്ച ശേഷമാണ് ഇയാൾ ബഹളമുണ്ടാക്കി വന്നത്. എൺപത് മതി എന്ന് പറഞ്ഞു മറ്റയാളെ ഓടിച്ചു വിട്ട് അയാൾ ഞങ്ങളെ കയറ്റി. ഏതെല്ലാമോ ഇട വഴികളിലൂടെ സഞ്ചരിച്ചു അയാൾ ഞങ്ങൾക്ക് പോകേണ്ട സ്ഥലത്ത് എത്തി. നൂറുരൂപ കൊടുത്തെങ്കിലും അയാൾ ബാക്കി നൽകാൻ തയ്യാറായില്ല എന്ന് മാത്രമല്ല ഞാൻ നൂറു രൂപയാണ് പറഞ്ഞത് എന്നും പറഞ്ഞു. താടിക്കാരനോട് വഴക്കുണ്ടാക്കാൻ വയ്യാത്തതുകൊണ്ട് ഞങ്ങൾ പല്ലിറുമ്മി നടന്നകന്നു.



2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

വാഗാബോർഡർ എന്ന ആവേശം

വാഗ ബോർഡർ - ജീവിതത്തിൽ ഒരിക്കലെങ്കിലും ഓരോ ഭാരതീയനും സന്ദർശിച്ചിരിക്കേണ്ട സ്ഥലം. അവിസ്മരണീയ കാഴ്ചകളും അമ്പരപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യൻ  ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ ബീറ്റിങ് റിട്രീറ് മനസ്സിൽ എന്നും മായാത്ത ഓർമ്മകളായിരിക്കും. തലയ്ക്ക് മുകളിൽ കാലുയർത്തി കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൂട്ട് നിലത്തടിച്ചു ഗൂസ് മാർച്ച്‌ നടത്തുന്ന ഇന്ത്യൻ സൈനികരുടെ ശൗര്യം നമ്മെ വർദ്ധിത അഭിമാനം ഉള്ളവരാക്കും.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി രേഖയാണ് 1947 ൽ നിർണ്ണയിച്ച റാഡ്ക്ലിഫ് ലൈൻ. ഇത് കടന്നു പോകുന്ന സ്ഥലമാണ് പഞ്ചാബിലെ അറ്റാരിക്കും ലാഹോറിലെ വാഗായ്ക്കും  ഇടയിലുള്ള ബോർഡർ. അമൃതസറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരം ഉണ്ട്. അമൃതസർ ലാഹോർ ഗ്രാൻഡ് ട്രങ്ക് റോഡ് ചരിത്ര പ്രസിദ്ധമാണ്.

ഞങ്ങൾ ഏകദേശം 4 മണിയോടെ വാഗാ ബോർഡറിൽ എത്തി. നീണ്ട ക്യൂ കടന്നു സെക്യൂരിറ്റി ചെക്കിന് ശേഷമാണ് അകത്തു പ്രവേശനം. പതിനായിരങ്ങൾ ആണ് അങ്ങോട്ട് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി വിദേശികളെയും കാണാം. ഞങ്ങൾ ഗാലറിയുടെ ഒരു വശത്ത് ഇരിപ്പ് ഉറപ്പിച്ചു. അവിടെ ഇരുന്നാൽ ബോർഡർ ഗേറ്റ് കാണാം. രണ്ട് വലിയ കൂറ്റൻ ഇരുമ്പ് ഗേറ്റുകൾക് ഇരുവശവും ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും പാക്കിസ്ഥാൻ റേഞ്ച്ഴ്‌സും നില ഉറപ്പിച്ചിരിക്കുകയാണ്.   രണ്ട് ഗേറ്റുകൾക്ക് ഇടയിലാണ് പതാകകൾ ഉയർത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഗാലറി നിറഞ്ഞുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാൻ ഗാലറിയിൽ മൂന്നോ നാലോ പേർ മാത്രമാണ് ഉള്ളത്. സൂര്യാസ്തമനത്തോട് ചേർന്നാണ് സെർമോണി നടക്കുന്നത്. കുറച്ചു സമയങ്ങൾക്കുള്ളിൽ ഉച്ചഭാഷണിയിൽ നിന്ന് ഗാന ശബ്ദങ്ങൾ പുറത്തേക്ക് വന്നു തുടങ്ങി. ചലച്ചിത്ര ഗാനങ്ങളാണ്. ജനം ആവേശരാവാം മുഴക്കി. ഇതിനിടയിൽ പരേഡ് ഗ്രൗണ്ടിൽ ആരെല്ലാമോ ഓടി നടക്കുന്നുണ്ട്. കുറേ ആളുകൾ ക്യാമറയുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. വലിയ ലെഗ്ഗ്യ്ജ് ട്രോള്ളിയുമായി രണ്ടു മൂന്ന് പേർ ഈ സമയം ബോർഡർ ഗേറ്റ് കടന്നു പോകുന്നത് കാണാം.

പാകിസ്ഥാന്റെ ഗാലറി ചെറുതാണ്. ഇന്ത്യയുടെ നാലിലൊന്ന് വലിപ്പമേ ഉള്ളു. ഇപ്പോൾ അവിടെയും ആളുകൾ നിറഞ്ഞു. സമാനമായ എന്തെല്ലാമോ അവിടെയും നടക്കുന്നത് കാണാം. എന്നാൽ ശബ്ദം ഒന്നും കേൾക്കുവാൻ സാധിക്കില്ല.

കുറച്ചു സമയങ്ങൾക്ക് ശേഷം ഒരു ജവാൻ ആ വീഥിയിലേക്ക് കടന്നു വന്നു. ഗാലറിയിൽ ഇരിക്കുന്നവരെ ആവേശത്തിൽ ആഴ്ത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ബോർഡർ സെർമോണിക്ക് മാത്രമായി ഒരു വിഭാഗം ബി എസ് എഫ് സേന ഉണ്ട്.

ഗാനത്തിനൊപ്പം ചുവടുവയ്ക്കാൻ അയാൾ സ്ത്രീകളെ ക്ഷണിക്കുകയാണ്. ഏതു റിയാലിറ്റി ഷോ അവതാരകരെയും വെല്ലുന്ന പ്രകടനമാണ് അദ്ദേഹം. അന്നത്തെ മുഖ്യാതിഥി കപിൽ ശർമ ഷോയിലെ (ഹിന്ദി റിയാലിറ്റി ഷോ) തരാം  ബർട്ടീ സിങ്ങും കൂട്ടരുമാണ്.  അവർ ആളുകളെ കൈവീശി കാണിച്ചുകൊണ്ട് ഒന്ന് രണ്ട് പ്രാവശ്യം നടന്നു. ഒരു റിയാലിറ്റി ഷോയിലെ താരത്തിന് ഇത്രമാത്രം സ്വീകാര്യതക ലഭിക്കുന്നത് തികച്ചും കൗതുകകരമാണ്. ഇതിനിടയിൽ പരേഡ് ട്രാക്കിൽ നൃത്തം വച്ചുകൊണ്ട്  സ്ത്രീകൾ നിറഞ്ഞു കഴിഞ്ഞു. എല്ലാം രംഗങ്ങളും രണ്ട് കൂറ്റൻ എൽ ഇ ഡി ടിവിയിൽ കാണാം.  പിന്നീടാണ് മനസിലായത് ഇവർ ഒരു പുതിയ ഷോയുടെ പരസ്യത്തിനായി വന്നതാണെന്ന്. അവർ എന്തെല്ലാമോ മൈക്കിലൂടെ പറഞ്ഞു. ജവാന്മാർ സുന്ദരന്മാർ ആണെന്നും അവരെ കണ്ടിട്ട് എനിക്ക് കല്യാണം കഴിക്കാൻ തോന്നുന്നു എന്നും ഭാര്യമാർ ക്ഷമിക്കണം എന്നും എല്ലാമാണ് പറയുന്നത്. ആളുകൾ ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്.  ഇതിനിടയിൽ നൃത്തം ചെയ്ത് തളർന്നു മടങ്ങി പോകാൻ ശ്രമിക്കുന്ന ചില സ്ത്രീകളെ എന്തെല്ലാമോ പറഞ്ഞു ആ ജവാൻ വീണ്ടും നൃത്തം ചെയ്യിപ്പിക്കുന്നത് കാണാം. ഏകദേശം അര മുക്കാൽ മണിക്കൂർ ഈ നൃത്തവും പാട്ടും തുടർന്നു.

കൃത്യം 6.30 നു പരേഡ് ആരംഭിച്ചു. പിന്നീട് അങ്ങോട്ട് ത്രസിപ്പിക്കുന്ന രാംഗങ്ങളായിരുന്നു. രണ്ട് ജവാന്മാർ അതിവേഗത്തിൽ പാക്സിതാണ് സൈന്യത്തിനു നേരെ പാഞ്ഞു ചെല്ലുകയാണ്. എന്നാൽ അടഞ്ഞു കിടക്കുന്ന ഗേറ്റിൻറ്റെ സമീപം എത്തുമ്പോൾ വശങ്ങളിക്കോ തിരികെയോ പോരുന്നു. വനിതകളും ഈ വിങ്ങിൽ  ഉണ്ട്പി. പിന്നീട് രണ്ട് കമാണ്ടോകൾ ഗണ്ണുകളുമായി കുതിച്ചു പോകുന്ന കാഴ്ചയാണ്.ഓരോ രംഗവും കടന്നു പോകുമ്പോൾ ഗാല്ലറി ആവേശത്തിൽ നിറയുകയാണ്.  സൈന്യത്തെ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആ ജവാൻ നിരന്തരം ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്. എതിർ സൈന്യത്തിനെതിരെ കൈ ചൂണ്ടിയും ആകാശത്തേക്ക് മുഷ്ടി ചുരുട്ടിയുമെല്ലാം അയാൾ ചെയ്യുന്ന ഓരോ പ്രവർത്തിയും നമ്മെ തികച്ചും ആവേശഭരിതർ ആക്കും.

ഇതിനിടയിൽ രണ്ട് സൈനികർ നായ്ക്കളുമായി പരേഡ് ചെയ്യുകയാണ്. ഗേറ്റിനു സമീപം എത്തിയ ശേഷം അവ തിരിഞ്ഞു കൈകൾ രണ്ടു മുന്നോട്ട് വച്ച് താടി നിലത്തു മുട്ടിക്കുന്നു. ഇത് കാണുമ്പോൾ ആളുകൾ വലിയ ആർപ്പ് വിളിയാണ്. തുടർന്ന് ബി എസ് എഫ് പരേഡാണ്. പക്സിതാണ് സേനയും എന്തെല്ലാമോ വീര പരാക്രമങ്ങൾ കാണിക്കുന്നത് കാണാം. ഒറ്റ കാലുള്ള ഒരാൾ പാക് പതാക ഉയർത്തി വീശിക്കൊണ്ട് നൃത്തം ചെയ്തുകൊണ്ടേ ഇരിക്കുന്നു. പാട്ടും മേളവും എല്ലാം അവിടെയും ഉണ്ട്.

ബി എസ് എഫ് സേന ഗാലറിയിൽ നിന്നാണ് ഇറങ്ങി വരുന്നത്. ഒരാൾ പരേഡ് എന്ന് നീട്ടി വിളിച്ചുകൊണ്ടാണ് തുടക്കം.അത് കുറച്ചു അധികം സമയം നീണ്ടു നില്കും. നീളം കൂടുന്തോറും ജവാൻ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെടുകയും ആളുകൾ ഇളകി മറിയുകയും ചെയ്യുകയാണ്. അപ്പോഴേക്കും ബോർഡർ ഗേറ്റുകൾ തുറന്നു. രണ്ട് ജവാന്മാർ ആഞ്ഞു ചവിട്ടി കൊണ്ട് ബോർഡറിലേക്ക് കുതിക്കുകയാണ്. നോക്കുമ്പോൾ രണ്ട് പേർ തോക്കുമായി പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് എങ്ങോട്ടും വരുന്നു. പരസ്പരം ആക്രമിക്കാൻ എന്ന് തോന്നിപ്പിക്കുമെങ്കിലും അവർ കൈ കൊടുത്തു പിരിയുകയാണ്. തുടർന്ന് അങ്ങോട്ടും ഇങ്ങോട്ടും വീറോടെ ബൂട് ചവിട്ടി അടുക്കുന്ന ജവാന്മാരുടെ രംഗങ്ങളാണ്. ഗേറ്ററിനു സമീപം എത്തുമ്പോൾ നെഞ്ച് വിരിച്ചു കാണിക്കുക, മീശ പിരിക്കുക, കാലുയർത്തി ചവിട്ടുക , കടക്ക് പുറത്ത് എന്ന് ആക്രോശിക്കുക എങ്ങനെ രസകരമായ രാംഗങ്ങൾ അവർ അവതരിപ്പിക്കുന്നത് അത്ഭുതത്തോടെ മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുളൂ. സിംഹത്തിന്റെ ശൗര്യവും പുലിയുടെ പോരാട്ട വീര്യവുമെല്ലാം അവരുടെ ഭാവത്തിൽ ദൃശ്യമാണ്. അതിനിടയിലൂടെ വലിയ ഒരു ത്രിവർണ്ണ പതാക ഒഴുകി നീങ്ങുന്നത് കാണാം. ഇന്ത്യൻ സൈന്യം കാക്കിയും പാക് സൈന്യം കറുപ്പും നിറമാണ് ധരിച്ചിരിക്കുന്നത്. തലയിൽ വർണ്ണാഭമായ കിരീടവുമുണ്ട്.

കുറച്ചു സമയം കഴിയുമ്പോൾ രണ്ട് ജവാൻമാർ കൊടിമരത്തിന്റെ സമീപത്തേക്ക് പാഞ്ഞു പോവുകയാണ്. ശരവേഗത്തിൽ കൊടിയേ ബന്ധിച്ചിരിക്കുന്നു കയർ അഴിച് ഇരു വശങ്ങളിലേക്കും എറിയുന്നു. പിന്നീട് ഏതാനും നിമിഷങ്ങൾ ശൗര്യ പ്രകടങ്ങൾ ആണ്. ഒടുവിൽ പതാകകൾ ഒരുമയോട് താഴ്ത്തുന്നു. വശങ്ങളിലേക്കാണ് പതാക താഴ്ത്തുന്നത് എന്നും ശ്രദ്ധേയമാണ്.

രാജ്യങ്ങൾ തമ്മിൽ സൗഹൃദം ഊട്ടി ഉറപ്പിക്കാനാണ് ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടും ഇന്ത്യയിൽ മറ്റ് രണ്ടിടത്തും ഇത്തരം ചടങ്ങുകൾ ഉണ്ട്.

ഒരു അതിർത്തിക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് ജനത. ആശയപരമായി ശത്രുക്കൾ ആണെങ്കിലും ഒരു പക്ഷെ അതിർത്തിയിൽ അവർ തമ്മിൽ  സൊറ പറയുന്നുണ്ടാകാം, വിശേഷങ്ങൾ പങ്ക് വാക്കുമായിരിക്കും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നുണ്ടായിരിക്കും. ഒരിക്കൽ നാം എല്ലാം ഒന്നായിരുന്നു എന്ന തോന്നലാണ് ആ ഗാലറിയിൽ ഇരിക്കുമ്പോൾ തോന്നുന്നത്. ജാതിയും മതവും മനുഷ്യനെ രണ്ട് ആക്കാൻ ശ്രമിക്കുമെങ്കിലും മനുഷ്യൻ എന്നും ഒന്നാണെന്നുള്ള സന്ദേശമാണ് അവിടെങ്ങും ദൃശ്യമാകുന്നത്. അവിടുന്ന് യാത്ര തിരിക്കുമ്പോൾ പകിസ്താൻ ഇന്ത്യയുടെ ഭാഗം ആണെന്ന തോന്നലാണ് എന്റെ മനസ്സിൽ