2019, മേയ് 12, ഞായറാഴ്‌ച

പാലം കുലുങ്ങിയാൽ കോരൻ കുലുങ്ങണം


നിയമപരമായി എല്ലാ വ്യവസ്ഥകളും പാലിച്ചാണ് 350 ഓളം ഫ്ലാറ്റുകൾ ലക്ഷങ്ങൾ മുടക്കി പലരും സ്വന്തം ആക്കിയത്. എന്നാൽ  തങ്ങളുടെ ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്നത് നിയമസാധുത ഇല്ലാത്ത  രേഖകൾ പ്രകാരം ആണെന്നും സുപ്രീം കോടതി വിധി പ്രകാരം ഒരു മാസത്തിനകം അവ പൊളിച്ചു നീക്കേണ്ടി വരുമെന്നതും  ഞെട്ടലോടെയാണ് അവർ മനസ്സിലാക്കിയത്.  40 കോടി മുടക്കി പണിത പാലം മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ സഞ്ചാരത്തിന് സുരക്ഷിതം അല്ല എന്ന് മനസിലാക്കി അടച്ചിട്ടിരിക്കുകയാണ്. അത് പണിത ഏജൻസി ഇപ്പോഴും സർക്കാരിന്റെ  ചില വൻ പദ്ധതികൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. ഇത്തരം നിരവധി സംഭവങ്ങളിൽ പൊതുസമൂഹം അറിയുന്ന രണ്ടു പദ്ധതികൾ മാത്രം ആണിത്. ആരാണ് ഇവിടെ തെറ്റുകാർ? നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടവർ എന്ത് നടപടിയാണ് സ്വീകരിച്ചത്? ഇപ്രകാരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുമതി കൊടുത്തത് ആരാണ്? നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകുന്നതിനു പകരം അതിനെതിരായുള്ള പ്രവർത്തനങ്ങൾക്ക്  അനുമതി നൽകിയ ഉദ്യോഗസ്ഥ സമൂഹത്തെ നിയമത്തിനു മുൻപിൽ കൊണ്ട് വരികയും മാതൃക പരമായി ശിക്ഷിക്കുകയും നഷ്ട പരിഹാരം ഈടാക്കുകയും വേണം. രാഷ്‌ടീയ നേതാക്കൾ ഈ വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കും എന്നതാണ് നോക്കി കാണേണ്ടത്.

എന്നിരുന്നാലും നിരവധി സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ശക്തമായി പ്രതിഷേധിച്ച്  ഭരണ കേന്ദ്രങ്ങളെ ഇളക്കിയ കേരളം ഈ വിഷയത്തിൽ അപകടകരമായ മൗനം പാലിച്ചോ എന്നതാണ് ആശങ്ക. പ്രതികരിക്കണം. പ്രതിഷേധിക്കണം.

1 അഭിപ്രായം: