2015, ജൂലൈ 19, ഞായറാഴ്‌ച

എന്റെ പള്ളിക്കൂട സ്മരണകൾ

മൂന്നാറിൽ നിന്ന് നാട്ടിലേക്ക് ഒരു മടക്ക യാത്ര.  സുഹ്യത്തും സഹപ്രവർത്തകനുമായ മൂന്നാർ  ഗവന്മേന്റ്റ് കോളേജ് അദ്ധ്യാപകൻ മനേഷ് മാഷും ഒപ്പം ഉണ്ട്. വിദ്യാർഥികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് സംസാര വിഷയം. സമൂഹത്തിൽ മാറ്റത്തിനു നിധാനമാകാൻ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ഞങ്ങൾ ഒന്നിച്ച് ആഗ്രഹിച്ചത്. പച്ച പുതച്ച് തേയില തോട്ടങ്ങൾക്കിടയിലൂടെ പതിയെ അടിവാരത്തോടു സമീപിച്ചപ്പൊൾ ചർച്ച  തികച്ചും  വ്യക്തി കേന്ദ്രികൃതം ആയിരുന്നു. ബാല്യകാലത്ത്‌ ഞങ്ങൾ  നേരിടേണ്ടി വന്ന അവഗണനയുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല എന്ന വേദനിപ്പിക്കുന്ന   യഥാര്ത്യത്തിനു മുന്നിൽ ഒരു നിമിഷം എൻറെ കണ്ഠം ഇടറി, മിഴികൾ നിറഞ്ഞു ! ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി നിശബ്ദരായി പോയ വിസ്മരിക്കാനവത്ത ഒരു ഇടവേള.............

നവോദയിൽ പഠിക്കുന്ന സമയം. മുതിർന്ന ഒരു അദ്ധ്യാപകൻ മോക്ക് പർലമെന്റ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എറ്റവും മിടുക്കരായ വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. പാർലമെന്റിലെ അംഗബലത്തിനൊത്തവണ്ണം  കുട്ടികൾ തിരഞ്ഞെടുക്കപ്പെടുന്നു. ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, മൂന്നാം ഘട്ടം.......... കാത്തിരിപ്പ്‌ തുടരുകയാണ്. മൂന്നിൽ രണ്ട്  ഭാഗം കുട്ടികളും  തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. ദിവസവും ഒഴിഞ്ഞുകൊണ്ടിരിക്കുന്ന  ക്ലാസിൽ തന്റെ ഊഴം കാത്തിരിക്കുകയാണ് ഈ കുട്ടി. അങ്ങനെ അവസാന ദിനങ്ങൾ അടുത്തു. ഇപ്പോൾ ക്ലാസിൽ ശേഷിക്കുന്നത് കേവലം ഏഴ് പേര് മാത്രം. മോക്ക് പർലമെന്റിന്റെ   തലേന്നു അദ്ധ്യാപകൻ വീണ്ടും എത്തി,  ഏഴു പേർ  ഇരിക്കുന്ന ക്ലാസിൽ ഒന്ന് ചുഴുന്നു നോക്കി, തുടർന്നു അഞ്ച് പേരെ മുന്നോട്ട് വിളിച്ചു.  ശേഷം  പ്രഖ്യാപിച്ചു; "ഈ വർഷത്തെ  മോക്ക് പർലമെന്റ് സെലക്ഷൻ അവസാനിച്ചിരിക്കുന്നു." നിഷ്കളങ്കമായ മുഖത്തോടെ ആ രണ്ടു  പിഞ്ചു മുഖങ്ങൾ പരസ്പരം നോക്കി..........

മാഷ്‌ വികാരാധീനനായി തുടർന്നു 

പിറ്റേന്നു മോക്ക് പാർലമെന്റ്  നടക്കുക്കയാണ്‌ . കുട്ടികൾ വലിയ ആഘോഷത്തിലാണ്. എല്ലാവർക്കും  നിരവധി ജോലികൾ. പ്രധാനമന്ത്രി മുതൽ പാർലമെന്റ് ജോലിക്കാർ വരെ വിവിധ വേഷത്തിൽ വിഭൂഷിതരായിരിക്കുന്നു. അതാ ഏറ്റവും പിന്നിൽ  പാവം രണ്ടു കുട്ടികൾ എല്ലാം അത്ഭുത പൂർവ്വം  നോക്കി  നിന്നു

 ഓർമ്മകൾ എന്നെ എന്റെ ഗ്രാമീണ സ്കൂളിൻറെ  വന്യതയിലേക്ക്  നയിച്ചു. പൂത്യക്ക ഗവന്മേന്റ്റ് സ്കൂൾ വരാന്ത. ദുരിതപൂർണമായ  എൻറെ അപ്പർ പ്രൈമറി ക്ലാസ് ദിനങ്ങൾ . അഞ്ചാം  ക്ലാസ് മുതലാണ്‌ ഞാൻ ഒരു പ്രശനക്കാരനാകുന്നത്.  കുട്ടികളുടെ നിസ്സഹായത മറന്നു അക്രമമം അഴിച്ച് വിടുന്ന ഭാരതി ടിച്ചറും പക്ഷപാതപരമായി ഇടപെടുന്നു എന്ന് ഞാൻ ചിന്തിച്ച ഗിരിജ ടീച്ചറും തലമാത്രം ലക്ഷ്യംമാക്കി അടിക്കുന്ന അന്ത്രയോസും എല്ലാം എനിക്ക് കയ്പിന്റെ ഓർമ്മകൾ മാത്രമാണ്. എല്ലാവർക്ക് പേടിസ്വപ്നമായിരുന്ന 'താടി  പൗലൊൻ ' ഇവരിൽ അഗ്രഗണ്യനായിരുന്നു.  എല്ലാവരും ശപിച്ചു പോയ അയാളെ  പോലെ ഒരു അദ്ധ്യാപകൻ ഇനി ഉണ്ടാകരുതേ എന്നാണു എൻറെ  മാത്രമെങ്കിലും ആത്മാര്തമായ പ്രാര്ത്ഥന. 'താടി  പൗലൊൻറെ' കാൽ  ഒടിയാനും വണ്ടി ഇടിക്കാനും കുട്ടികൾ നേർച്ച  നേർന്നതും  അപ്രകാരം സംഭവിച്ചതുമെല്ലം ഇന്നെന്നപോലെ ഞാൻ ഓര്ക്കുന്നു. അയാളുടെ ക്രൂര മർദ്ദനം  നിരന്തരം ഉറപ്പാക്കുന്നതിന് പ്രാകൃതമായി പോയ എന്റെ മനസ്സ് പ്രയത്നിച്ചിരുന്നു  എന്ന് വേണം പറയാൻ.  പൊട്ടിയ തുടയുമായി  നിരാശ മുറ്റി  അപഹാസ്യ പാത്രമായി തള്ളിനീക്കിയ ഒരു ബാല്യകാലം. അന്ന് മാർക്ക്  പൂജ്യം അല്ലെങ്കിൽ രണ്ട് . ബുദ്ധി തീരെ ഇല്ലായിരുന്നു എന്നുവേണം കരുതാൻ. അതോ പെട്ടെന്ന് ഒരു ദിവസം  അഞ്ചാം ക്ലാസ്സ്‌ മുതൽ  ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാൻ എത്തിയ ഞാൻ തളർന്ന്  പോയോ . ഇന്നും എനിക്ക് വ്യക്തമല്ല. 

എങ്കിലും നന്മയുടെ മുഖങ്ങൾ  ഇന്നും നന്നായി ഓർമയിലുണ്ട് . ശാരിക ടീച്ചർ , ജോണ്‍ സാർ എന്നിവരുടെ മുഖം എൻറെ  മനസ്സിൽ അന്നേ മുഖ്യസ്ഥാനം നേടിയിരുന്നു. എല്ലാ മേഖലയിലും പരാജയം എന്ന് തെളിയിച്ചു കഴിഞ്ഞവനെപ്പോലെ ആയിരുന്നു ഞാൻ അന്ന്.  ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് മലയാളത്തിലേക്ക് തിരിച്ചു പോകാൻ സന്നദ്ധനായി ആണ് പ്രിൻസിപ്പൽ തങ്കമ്മ ടീച്ചറെ കാണാൻ ചെന്നത്.  പതിവുപോലെ ഞാൻ വെറുക്കപ്പെട്ടവൻ ആയിരിക്കും എന്ന് മനസ്സിൽ കുറിച്ചെങ്കിലും ടീച്ചർ വളരെ സ്നേഹത്തോടെ ഉപദേശം നൽകി. ഞാൻ ഇനി വേറൊരു വ്യക്തി ആയിരിക്കും എന്ന നിശ്ചയ ദാർഢ്യത്തോടെയാണ് അന്ന് ആ മുറി വിട്ട് ഇറങ്ങിയത്. പിന്നീട് ഡിസ്റ്റിങ്ഷനോടെ പാസായി. 

പ്ലസ്ടു പഠിക്കുന്ന സമയം , ക്ലാസിൽ കാര്യമായ എന്തോ വികൃതി ഒപ്പിച്ചു.  ക്ലാസ് ടീച്ചറായ അമ്പിളി ടീച്ചർ  (സ്കൂൾ പ്രിൻസിപൽ തങ്കമ്മ ടീച്ചറുടെ  മകൾ ) വിളിപ്പിച്ചു. അമ്മയെപ്പോലെ മകളും നിർണ്ണായകമാകുന്നത് തീർച്ചയായും ഒരു ദൈവനിയോഗം ആണ് എന്ന് പറയാതെ വയ്യ. വളരെ ആശങ്കയോടെയാണ് ടീച്ചറെ കാണാൻ ചെന്നത്. എന്നാൽ എല്ലാ ഭയങ്ങളും കാറ്റിൽ പറന്നുപോയി. ഞാൻ ചെയ്ത ക്ര്യത്യത്തേക്കുറിച്ച് ഒന്നും പരാമർശിക്കാതെ എന്നെ ആത്മവിശ്വാസത്തിൽ എടുത്ത ആ സമീപനം എന്നെ മികച്ച ഒരു വിദ്യാർത്ഥി ആകാൻ സഹായിച്ചു എന്ന് വേണം പറയാൻ. ആ പ്രാവശ്യം സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്കും എനിക്കായിരുന്നു. ഒരു മാത്യക അദ്ധ്യാപകൻ എങ്ങിനെ ആയിരിക്കണം എന്ന് ചോദിച്ചാൽ ഞാൻ ആദ്യം പറയുന്നത് അമ്പിളി ടീച്ചറുടെ പേരായിരിക്കും. സ്നേഹത്തോടെയുള്ള ഉപദേശവും  ഒപ്പം നന്നായി പഠിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകർ വിരളമായിരുന്നോ  എന്ന്  ആശങ്കപെട്ടു പോകുന്നു. 

അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട മനേഷ് മാഷ്‌ പറഞ്ഞ ആശയം ചിന്തനീയം ആയിരുന്നു.  വിശിഷ്ടാതിഥിക്ക് പുഷ്പം കൊടുക്കാൻ നാം പൊതുവെ സൌന്ദര്യം ഉള്ളവരെ  പരിഗണിക്കാറുണ്ട് . പക്ഷെ ഞാൻ  കണ്ടെത്തുന്നവർ അങ്ങനെ ആകാറില്ല. ഒഴിവാക്കലല്ല, ഒഴിവാക്കപ്പെടുന്നവരെ ഉൾപ്പെടുത്തൽ ആണ് മികച്ച അദ്ധ്യാപകന്റെ ഗുണം. അദ്ദേഹം പറഞ്ഞു. അദ്ധ്യാപകനായ താൻ കുട്ടികളെ ഫോണ്‍ ചെയ്തപ്പോൾ ഉണ്ടായ കുട്ടികളുടെ അമ്പരപ്പ് മാഷ്‌  ഓര്ത്തു . 

നടന്നു വന്ന പാതകളിലേക്ക്  ഒരു തിരിഞ്ഞു നോട്ടം നടത്തിയാൽ ഞാൻ  ഒരിക്കലും ഒരു മികച്ച വിദ്യാർത്ഥി അല്ലായിരുന്നു എന്ന കുറ്റബോധം എന്നെ നന്നായി വേട്ടയാടുന്നുണ്ട്. നിരവധി കുട്ടികളുമായി സംവദിക്കുമ്പോൾ മനസ്സിലാകുന്നത് സ്നേഹത്തേക്കാൾ കുട്ടികളെ കീഴടക്കാൻ പറ്റിയ ആയുധം മറ്റൊന്നില്ല എന്നാണ്. 
എന്റെ പ്രിയ ഗുരുനാഥരെ......  അഹങ്കാരം കൊണ്ടല്ല അറിവില്ലയ്മകൊണ്ടായിരുന്നു എല്ലാം. പ്രായത്തിന്റെ അപക്വത !  ജീവിതത്തിൽ വേദനിപ്പിച്ച എല്ലാ ഗുരുക്കന്മാരോടും മാപ്പ്. ഒപ്പം എൻറെ  വളരുന്ന കൂട്ടുകാരോട്.......  'ദ്ധ്യാപകർ ആരായിരുന്നായാലും എങ്ങെനെ ആയിരുന്നാലും  വിനയത്തോടെ കീഴടങ്ങുന്നവരാണ് മികച്ച  ഭാവി കരുപ്പിടുപ്പിക്കുന്നവർ'. 


നമുക്ക് സ്നേഹിക്കാം എല്ലാവരെയും. കരുതാം എല്ലാത്തിനെയും ..മുൻവിധികളില്ലാതെ  ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ