*ജീവിതം തന്നെയെയാണ് ജോലി : ഡോ. വി. പി. ജോയ്*
ജീവിക്കാനാണ് ജോലി ചെയ്യുന്നത് എങ്കിൽ ജീവിതം മറ്റെന്തോ ആണ് . ജീവിതം എന്താണ് എന്ന് നിർവ്വചിക്കപ്പെടേണ്ടതുണ്ട് . ഉണർന്നിരിക്കുന്ന ഭൂരിഭാഗം സമയവും നാം ചെയ്യുന്ന ഒരു കാര്യം ജീവിതത്തിന്റെ ഭാഗം അല്ല എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല . ജോലി എന്നത് ജീവിതം തന്നെയാണ് എന്ന് നാം മനസ്സിലാക്കേണ്ടിട്ടിരിക്കുന്നു . ജോലി ജീവിക്കാൻ വേണ്ടി ചെയ്യുന്ന കാര്യമല്ല . കുട്ടികൾ ആദ്യമായി മനസ്സിലാക്കേണ്ട ഒരു തിരിച്ചറിവാണിത്. രാമമംഗലം ആവേ സ്റ്റെല്ല മേരിസ് കോളജും കോലഞ്ചേരി നിയോ ടെക് ലേർണിംഗും സംയുക്തമായി സെയിന്റ് പോൾസ് ബഥനി സ്കൂളിൽ വച്ച് സംഘടിപ്പിച്ച കരിയർ ഫെസ്റ്റ് 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായായിരുന്നു കേരള ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് .
കരിയർ എന്നത് ജോലി എന്നതിനേക്കാൾ അർത്ഥവ്യാപ്തിയുള്ള ഒന്നാണ്. ജോലി ജീവിതം ആണെങ്കിൽ അതിലൂടെ വ്യക്തികൾക്കും സമൂഹത്തിനും സന്തോഷം നൽകുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം . അങ്ങനെയുള്ള ജോലി കൊണ്ടാണ് ജീവിതത്തിനു അർഥം ഉണ്ടാകുന്നത് . ഒരു ജോലി ചെയ്യുമ്പോൾ യഥാർത്ഥത്തിൽ രണ്ടു ശമ്പളം ലഭിക്കുന്നുണ്ട് . ഒന്ന് സാമ്പത്തികമായതാണ് , രണ്ടാമത്തേത് ജോലിയിൽ നിന്ന് ലഭിക്കുന്ന മാനസികവും വൈകാരികവുമായ സംതൃപ്തിയും സന്തോഷവും ആണ് . പലപ്പോഴും ആളുകൾ രണ്ടാമത്തെ ശമ്പളം കാണാതെ പോകുന്നു എന്നത് ദുഖകരമാണ് . ഇരുട്ടിൽ നമുക്ക് കാണാൻ കഴിയാത്തതുകൊണ്ട് അവിടെ ഒന്നും ഇല്ല എന്ന് പറയാൻ സാധിക്കാത്തതുപോലെ ജോലിയിൽ സന്തോഷം കണ്ടെത്താനുള്ള വിളക്ക് തെളിഞ്ഞു കിട്ടാൻ സാധിക്കണം . ജോലിയിലെ രണ്ടാമത്തെ ശമ്പളം കാണാനുള്ള വിളക്ക് നമ്മുടെ കയ്യിൽ ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ജോലി സന്തോഷകരമായി ചെയ്തില്ലെങ്കിൽ കരിയറിൽ നാം പരാജയപ്പെടാൻ സാധ്യത കൂടുതലാണ് . ഒരു ജോലി തന്നെ പല തലങ്ങളിൽ അർത്ഥമുണ്ടാക്കുന്നതായി കാണാൻ സാധിക്കണം . എല്ലാ ജോലിയും മഹത്വമുള്ളതായി മാറ്റാൻ നമുക്ക് കഴിയും . ഇത്തരം സങ്കൽപ്പങ്ങൾ ഉള്ള സമൂഹത്തിൽ ജോലിയിൽ ഉച്ഛനീചത്വങ്ങൾ ഉണ്ടാകില്ല .
കമ്മ്യൂണിക്കേഷൻ , മെമ്മറി, ഒബ്സർവേഷൻ , അനാലിസിസ് , ഡിസിഷൻ മേക്കിങ് ഇത്തരം വൈദഗ്ദ്യങ്ങൾ ആർജ്ജിക്കാൻ കുട്ടികൾ ശ്രമിക്കേണ്ടതുണ്ട് . ഈ നൈപുണികളിലുള്ള അഭിരുചിക്കനുസരിച്ചാണ് ഓരോരുത്തരും കരിയർ മേഖലകൾ തിരഞ്ഞെടുക്കേണ്ടത് . വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത് ആവശ്യമാണ് . തൊഴിലുകളെ ശമ്പളത്തിനനുസരിച്ച് വർഗീകരിക്കുന്നതു ആരോഗ്യമല്ല . എല്ലാ തൊഴിലിനും അതിന്റെ മഹത്വത്തോടെ പരിഗണിക്കേണ്ടതുണ്ട് . ഡോ. ജോയ് പറഞ്ഞു.
പ്രൊഫ.ഡോ . എം . പി മത്തായി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . കോലഞ്ചേരി സെയിന്റ് പോൾസ് ബഥനി സ്കൂൾ പ്രിൻസിപ്പൽ ടോമിന എസ് ഐ സി , രാമമംഗലം ആവേ സ്റ്റെല്ല മേരിസ് കോളജ് പ്രിൻസിപ്പൽ ഡോ . പോൾ വി മാത്യു , ഡയറക്ടർ അരുൺ പോൾ കുന്നിൽ , കോലഞ്ചേരി നിയോടെക് അക്കാഡമി ഡയറക്ടർ സെൽവരാജ് മാറ്റത്തിൽ , പൂതൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് , വാർഡ് മെമ്പർ സംഗീത ഷൈൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ എന്നിവർ പ്രസംഗിച്ചു .