2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഇന്ത്യയുമായി സഖ്യത്തിന് നാറ്റോയുടെ ശ്രമം


ഇന്ത്യയുമായി സഖ്യത്തിന് നാറ്റോയുടെ ശ്രമം
Posted on: 03 Sep 2011


ബ്രസ്സല്‍സ്: അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിലേക്ക് ഇന്ത്യയെ ആകര്‍ഷിക്കാന്‍ ശ്രമം തുടങ്ങി. ഇന്ത്യയുമായുള്ള സഹകരണം സുപ്രധാനമാണെന്നും ഇതിനായി ചര്‍ച്ചകള്‍ തുടരുമെന്നും അമേരിക്കയുടെ സ്ഥിരം നാറ്റോ പ്രതിനിധി ഇവോ എച്ച്. ഡാല്‍ഡര്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സോവിയറ്റു യൂണിയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളെ നേരിടുന്നതിനായി 1949 ലാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) നിലവില്‍ വന്നത്. പിന്നീടാണിതൊരു സൈനിക സഖ്യത്തിന്റെ രൂപമാര്‍ജിച്ചപ്പോള്‍ സോവിയറ്റ് യൂണിയനും സഖ്യരാജ്യങ്ങളും ചേര്‍ന്ന് 1955 ല്‍ വാഴ്‌സാ ഉടമ്പടിയെന്ന പേരില്‍ സൈനിക സഖ്യമുണ്ടാക്കി. ഇരു പക്ഷത്തും നിലകൊള്ളാതെ ചേരിചേരാ സഖ്യമുണ്ടാക്കുകയാണ് ഇന്ത്യ ചെയ്തത്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളും തകരുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തതോടെ നാറ്റോയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ത്തന്നെ മാറ്റം വന്നു. സോവിയറ്റ് പക്ഷത്തും ചേരിചേരാ കൂട്ടായ്മയിലും പങ്കാളികളായിരുന്ന പല രാജ്യങ്ങളും അമേരിക്കന്‍ പക്ഷത്തേക്കു ചാഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യയെക്കൂടി സഖ്യകക്ഷിയായി ക്കിട്ടാന്‍ നാറ്റോ ശ്രമിക്കുന്നത്.

ഇറാനിലും അഫ്ഗാനിസ്താനിലും അമേരിക്കയ്ക്കുവേണ്ടി നടത്തിയ അധിനിവേശത്തിനു പിന്തുണ തേടിയാണ് നാറ്റോ ഇന്ത്യയുമായി ചര്‍ച്ച തുടങ്ങിയത്. ഏതാനും വര്‍ഷങ്ങളായി നാറ്റോ സെക്രട്ടറി ജനറല്‍ ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിവരുന്നുണ്ട്. നാറ്റോ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. ദേശരക്ഷയുടെയും ലോക സുരക്ഷയുടെയും കാര്യത്തില്‍ ഇന്ത്യയ്ക്കും നാറ്റോയ്ക്കും സമാന നിലപാടുകളാണുള്ളതെന്നും അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള സഹകരണത്തിന് വലിയ പ്രാധാന്യമാണ് നാറ്റോ കല്പിക്കുന്നതെന്നും ഡാല്‍ഡര്‍ പറഞ്ഞു. നാറ്റോയുമായുള്ള ചര്‍ച്ചയ്ക്ക് ദിശാബോധം നല്‍കണമെന്ന് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

നാറ്റോയുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ തുടരുന്ന അഫ്ഗാനിസ്താന്റെ പുനരുദ്ധാരണത്തിനായി ഇന്ത്യ 200 കോടി മുതല്‍മുടക്കുന്ന കാര്യവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പല്‍ ഗതാഗത സുരക്ഷയ്ക്കായി നാറ്റോയും ഇന്ത്യയും പ്രവര്‍ത്തിക്കുന്ന കാര്യവും ചൂണ്ടിക്കാട്ടിയ ഡാല്‍ഡര്‍ ഇരുപക്ഷത്തിന്റെയും താത്പര്യങ്ങള്‍ സമാനമാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ നാറ്റോയില്‍ ഇന്ത്യയുടെ പങ്ക് എന്തായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യ തന്നെയാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടു തന്നെയായിരിക്കും അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

Courtesy:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam